“ഇത് എത്രാമത്തെയാണ് എന്നോർമ്മയുണ്ടോ നിനക്ക്, നിർത്തിക്കോ. “
മുരളി വിഷ്ണുവിൻ്റെ ഗ്ലാസ് പിടിച്ചു വാങ്ങി.
“എനിക്ക് ഒരാളോട് മാപ്പ് പറയണം. ” ബാറിലിരുന്ന് വിഷ്ണു കരഞ്ഞു.
“ആരോട്. “
“പല്ലവി, ബി എസ് സി ഡാറ്റാ സയൻസിലെ, സെക്കണ്ട് ഇയർ സ്റ്റുഡൻ്റ്. “
“ആ ശ്രീലങ്കക്കാരി പെൺകുട്ടിയല്ലേ. “
അതേയെന്ന് വിഷ്ണു തലയാട്ടി.
എം എസ് സി ഫൈനൽ ഇയർ മാത്തമാറ്റിക്സ് വിദ്യാർഥികളാണ് വിഷ്ണുവും മുരളിയും. കോളേജിലെ മിടുക്കൻമാരായ അവരെ എല്ലാവർക്കും ഇഷ്ടമായിരുന്നു.
“അതേടാ അവളുടെ ക്ലാസിലല്ലായിരുന്നോ എൻ്റെ കസിൻ മാനസി. പല്ലവി ക്ലാസിലെ പുലിയാണ്. ഇതൊന്നും മാനസിക്ക് അത്ര രസിച്ചില്ല. അവളെന്നും വന്ന് എന്നോട് പരാതികൾ പറയാൻ തുടങ്ങി, കേട്ട് കേട്ട് മടുത്തപ്പോൾ…. “
“പല്ലവി നല്ലൊരു കൊച്ചായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ മാനസി, അവൾ കുറ്റം പറയാത്ത ഏതേലും പെൺപിള്ളേര് നമ്മുടെ ക്യാമ്പസിൽ ബാക്കിയുണ്ടോ. കാര്യം നിൻ്റെ മാമൻ്റെ മോളൊക്കെ തന്നെ. അതിസുന്ദരിയാണെന്നാണ് അവളുടെ ഭാവം. നിന്നെ പറഞ്ഞാൽ മതിയല്ലോ. മുറചെറുക്കനാണ് എന്നും പറഞ്ഞു പിറകെ മണപ്പിച്ചു നടക്കുവല്ലേ, നിന്നെയവൾക്ക് പുല്ല് വിലയല്ലേ. അവൾ നിനക്ക് ചേരില്ല വിഷ്ണൂ. “
“അതല്ല മുരളീ പ്രശ്നം, ഞാനൊരു തെറ്റ് ചെയ്തു. “
വിഷ്ണു മുരളിയുടെ ചെവിയിൽ വളരെ ശബ്ദം താഴ്ത്തി എന്തോ പറഞ്ഞു. “
“അയ്യോ കഷ്ടം, അത് വേണ്ടായിരുന്നു. അവളൊരു കൊച്ച് പെണ്ണല്ലേടാ. നിനക്കുമില്ലേ ആ പ്രായത്തിൽ ഒരു പെങ്ങളൂട്ടി, ആ കൊച്ച് എന്തേലും കടുംകൈ ചെയ്തിരുന്നെങ്കിൽ, വെറും പാവപ്പെട്ട വീട്ടിലെ കൊച്ചാണവൾ. “
“എടാ അത് സംഭവിച്ചു പോയി. മാനസി നിർബന്ധിച്ചപ്പോൾ.. “
“ഒരു മ്ലാണസി, ആ പേര് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. “
“ഇനിയിപ്പോൾ എന്താ ചെയ്യുക. “
“നമുക്ക് പ്രൊഫസ്സറോട് തുറന്നു പറയാം. “
“അങ്ങനെ പറഞ്ഞാൽ ഞാൻ കുറ്റവാളി ആകില്ലേ. “
“ആയാലും കുഴപ്പമില്ല. ആ കൊച്ചു ഇന്റർ കൊളീജിയറ്റ് മത്സരത്തിന് പോകണം, വിജയിക്കണം. ചതിയ്ക്ക് ഞാൻ കൂട്ട് നിൽക്കത്തില്ല ബ്രോ. നീ ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കാൻ നീ ബാധ്യസ്ഥനാണ്. “
“ആണ്, പക്ഷെ ഇപ്പോഴെങ്കിലും പോയി പറഞ്ഞാലല്ലേ പറ്റുള്ളൂ. “
“വാ നമുക്ക് പ്രൊഫസ്സർ സുരേഷിന്റെ വീട്ടിൽ പോയി എല്ലാം തുറന്ന് പറയാം. “
“കുടിച്ചു ബോധമില്ലാതെ നിൽക്കുന്ന ഞാൻ എങ്ങനെയാടാ, അങ്ങേരുടെ മുന്നിൽ പോയി. “
“എന്തായാലും പോയേ പറ്റൂ വിഷ്ണു. ഒരു ഐറ്റത്തിനല്ല, രണ്ടു മത്സരത്തിൽ നിന്നാണ് ആ കൊച്ചിനെ ചതിച്ച് പുറത്താക്കിയത്. പല്ലവി പോയില്ലെങ്കിലും അവൾക്കു പകരം മാനസി പോകാൻ പാടില്ല. അതെൻ്റെ വാശിയാണ്. “
മുരളിയുടെ ബൈക്കിന്റെ പിന്നിൽ കയറുമ്പോൾ വിഷ്ണു അസ്വസ്ഥനായിരുന്നു. അവനു സങ്കടം കൊണ്ട് കരച്ചിൽ വന്നു. തലയ്ക്കു പിടിച്ച മദ്യലഹരിയിൽ അവൻ ഉച്ചത്തിൽ കരയാൻ തുടങ്ങി.
“ഒന്ന് നിർത്തെടാ, ആണാണെന്നും പറഞ്ഞു മീശയും വച്ച് നടക്കും. എന്നിട്ടു പെൺപിള്ളേരെ പോലെ കരച്ചിലും ബഹളവും. തെറ്റ് പറ്റിയെന്നു തോന്നിയാൽ മാപ്പു പറഞ്ഞു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. അല്ലാതെ… “
പ്രൊഫസ്സറുടെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം മകളുമായി പുറത്തു പോയെന്നു അദ്ദേഹത്തിന്റെ ഭാര്യ വന്നു പറഞ്ഞു. വിഷ്ണുവിനെയും കൊണ്ട് റോഡിൽ കാത്ത് നിൽക്കുന്നത് ബുദ്ധിമുട്ടായിരുന്നു, അവൻ ആദ്യമായി കഴിച്ചത് കൊണ്ടാകും കൊച്ച് പിള്ളേരെ പോലെ കരയുകയാണ്. ഒരു മണിക്കൂറിനുള്ളിൽ പ്രഫസർ മടങ്ങി വന്നു.
“എന്താ മുരളി, വിഷ്ണു, ലവനും കുശനും രണ്ടു പേരും ഉണ്ടല്ലോ. രാത്രിയിൽ ഇങ്ങനൊരു വരവ് സാധാരണ പതിവില്ലല്ലോ. “
മുരളി മാത്രം മുറിയിൽ കയറി.
“സാറെ ഒരു പ്രശ്നമുണ്ട്, എന്തേലും പരിഹാരം കാണണം. “
“എന്താടോ. “
“സാറെ കോളേജ് കലോത്സവത്തിന് പല്ലവി ആയിരുന്നു നല്ലതു പോലെ ഭരതനാട്യം അവതരിപ്പിച്ചത്. ഭാരതനാട്യത്തിന് ഫസ്റ്റ് കിട്ടേണ്ടത് അവൾക്കായിരുന്നു. പക്ഷെ ഗ്രീൻ റൂമിൽ വച്ച് ഒരു ചതി നടന്നു. പല്ലവിയുടെ ആഭരണപെട്ടി സമയത്ത് കാണാതെ ആയി, ആരുടെയോ മാലയും വളയും വാങ്ങിയിട്ടിട്ട് ആണ് അവൾ സ്റ്റേജിൽ കയറിയത്. മാത്രമല്ല അവളുടെ കോസ്റ്റ്യൂമിൽ മനഃപൂർവം അൽത്താ ഒഴിച്ച് നാശമാക്കി. വസ്ത്രമാകെ കേടായി. പകരം നവ്യ ടീച്ചറിന്റെ ഒരു സാരി ഉടുത്താണ് പല്ലവി നൃത്തം ചെയ്തത്. ആ കുട്ടിയെ മനപ്പൂർവം തോൽപിക്കാൻ വേണ്ടിയുള്ള കളിയായിരുന്നു. “
“നമ്മുടെ കോളജിൽ ഇങ്ങനെ ഒക്കെ മുൻപും സംഭവിച്ചിട്ടുണ്ട്. അവരെയൊക്കെ, ഞങ്ങൾ കയ്യോടെ പൊക്കിയിട്ടുമുണ്ട്. എന്നാലും പല്ലവിയോട് ആർക്കാണ് ഇത്ര വിരോധം നമ്മുടെ കോളേജിൽ. “
“സർ അൽത്താ ഒഴിച്ചയാൾ പുറത്തു നിൽപ്പുണ്ട്, വിഷ്ണു. അവൻ മാനസിയുടെ വാക്ക് കേട്ട് ചെയ്തതാണ്. അതിന്റെ ഗൗരവം മനസിലായപ്പോൾ എല്ലാം എന്നോട് തുറന്നു പറഞ്ഞു. സങ്കടം സഹിക്കാൻ വയ്യാതെ രണ്ടെണ്ണം അടിച്ചിട്ടാണ് വന്നത്. അവനു സാറിനെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല, കരച്ചിലാണ്. “
“നീ അവനെ അകത്തേയ്ക്കു വിളിക്കൂ. “
പ്രൊഫസ്സർ സുരേഷിന്റെ മുന്നിൽ വിഷ്ണു തലയും താഴ്ത്തി ഇരുന്നു.
“വിഷ്ണു, മാനസി നിന്റെ ബന്ധു ആണെങ്കിലും ആ കുട്ടിയുടെ നെറികേടുകൾക്കു നീ കൂട്ടു നിന്നതു വലിയ തെറ്റാണ്. ഇന്റർ കൊളീജിയറ്റ് മത്സരത്തിന് പോകാൻ അർഹതയുള്ളത് പല്ലവി ആണെങ്കിൽ അവൾ തന്നെ പോകണം. നീ ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് കാര്യമായി, ഒരാഴ്ചയല്ലേ ബാക്കിയുള്ളു. പല്ലവിയുടെ പ്രാക്ടീസ് കൃത്യമായി നടക്കണം. അത് രഹസ്യമായി ആ കുട്ടിയെ അറിയിക്കണം. “
“സാറെ പക്ഷെ കോളേജിലെ നോട്ടീസ് ബോർഡിൽ മത്സരഫലം പബ്ലിഷ് ചെയ്തതല്ലേ. എല്ലാവരും അതറിഞ്ഞതല്ലേ, ഫസ്റ്റ് നേടിയ മാനസിയ്ക്കല്ലേ പോകാൻ കഴിയൂ. “
“ഇനി ഒരാഴ്ചയില്ലേ. അക്കാര്യം നിങ്ങൾ എനിക്ക് വിട്ടേക്കൂ. മത്സരത്തിന്റെ അന്ന് കോളേജിൽ നിന്നും പോകുന്ന ബസിൽ മാനസി ഉണ്ടാകരുത്. അക്കാര്യം വിഷ്ണു നോക്കി കൊള്ളണം. ഒരു കലാകാരികളും ചെയ്യാത്ത കാര്യമാണ് മാനസി, സഹപാഠിയായ പല്ലവിയോട് ചെയ്തത്. സ്വയം അനുഭവിക്കുമ്പോഴേ അതിൻ്റെ വേദന മനസിലാകൂ. പിന്നെ ഇക്കാര്യം നമ്മൾ അല്ലാതെ നാലാമതൊരാൾ അറിയാൻ പാടില്ല. ഈ വർഷം എനിക്ക് റിട്ടയർമെന്റ് ആണെന്ന് അറിയാമല്ലോ. എനിക്ക് അഭിമാനത്തോടെ തലയുയർത്തി ആ പടികൾ ഇറങ്ങണം. നിങ്ങളെ പോലെ അനേകം വിദ്യാർത്ഥികളാണ് എന്റെ സമ്പത്ത്. “
“ആരും അറിയില്ല സാർ, അത് ഞാൻ നോക്കി കൊള്ളാം. സാർ ഞങ്ങളുടെ കൂടെ നിന്നാൽ മതി. പല്ലവി തന്നെ കോളേജിനെ പ്രതിനിധീകരിച്ചു മത്സരിക്കണം. ഇംഗ്ലീഷ് സ്റ്റോറി എഴുത്തിലും പല്ലവിയാണ് ഒന്നാം സ്ഥാനത്തിന് അർഹയായത്. അവളുടെ കഥ സാർ ഒന്ന് വായിക്കണം, അത് ഞങ്ങൾ ഇംഗ്ളീഷ് ടീച്ചറായ ആന്മരിയ മിസ്സിന് കൊടുത്തിട്ടുണ്ട്. “
“അതിനും പല്ലവിയ്ക്കാണ് ഒന്നാം സ്ഥാനമെങ്കിൽ അവൾ തന്നെ കോളേജിനെ പ്രതിനിധീകരിക്കും. ഒരു സംശയവും വേണ്ട. “
“സാർ ഞങ്ങൾ പറഞ്ഞത് മനസിലാക്കിയല്ലോ, അത് മതി. “
“എനിക്ക് പല്ലവിയെ നേരത്തെ അറിയാം. ശ്രീലങ്കയിൽ നിന്നും പ്ലാന്റേഷൻ തൊഴിലാളിയായി വന്ന നടേശന്റെ മകളാണ്. തേയില തോട്ടത്തിലെ ലൈൻ കെട്ടിടത്തിൽ നിന്നും തന്റെ മകളെങ്കിലും രക്ഷപെടട്ടെ എന്നോർത്താണ് കൊച്ചിനെ, അയാളിവിടെ കൊണ്ട് വന്നു ചേർത്തത്. പഠിക്കാൻ പല്ലവി അതിസമർത്ഥയാണ്. ഡാറ്റാസയൻസിൽ ജോയിൻ ചെയ്താൽ പെട്ടെന്ന് ജോലി കിട്ടുമെന്ന് പറഞ്ഞത് ഞാനാണ്. എന്റെ സുഹൃത്തായ എസ്റ്റേറ്റ് മാനേജർ മിൽട്ടനാണ് അവളുടെ പഠനം സ്പോൺസർ ചെയ്തിരിക്കുന്നത്. കഷ്ടപ്പാടിനിടയിലും നടേശൻ അവളെ ക്ലാസ്സിക്കൽ ഡാൻസും കരാട്ടെയും പഠിപ്പിച്ചിരുന്നു. മാനസിയ്ക്ക് ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കും, അത് പോലെയാണോ ഈ പാവം കൊച്ചിന്. “
സുരേഷ് സാറിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വിഷ്ണുവിന് നല്ല ആശ്വാസം തോന്നി.
“മുരളി, ഇതെങ്ങനെയാ രഹസ്യമായി നമ്മൾ പല്ലവിയെ അറിയിക്കുന്നത്. “
“ഇപ്പോൾ അവളുടെ ഹോസ്റ്റലിൽ പോകണം, നേരിട്ട് കാര്യം പറയണം. “
“ആര് പറയും അവളോട്. ?”
“നീ പറയും, നീ പറഞ്ഞേ പറ്റൂ, ആ പെണ്ണിന്റെ വാക്കും കേട്ട് ഓരോന്ന് ഒപ്പിച്ചിട്ട്. ഞാൻ അവളെ ഫോണിൽ വിളിക്കാം, നീ നേരിട്ട് കാണണമെന്ന് പറ. “
“എന്റെ തെറ്റല്ലേ ഞാൻ പറയാം, പക്ഷെ ഒരു സംശയം ബ്രോ, നിനക്ക് അവളുടെ കാര്യത്തിൽ എന്താ ഇത്ര താല്പര്യം. “
“നിനക്കെന്നെ സംശയമോ, ദേ നീ എന്നെ കൊണ്ടൊന്നും പറയിക്കരുത്. നിന്നെയെനിക്ക് നാലഞ്ചു വർഷമായിട്ട് അറിയാം. നീ ഒരു പെണ്ണിന് വേണ്ടി കരയുന്നതും വെള്ളമടിക്കുന്നതും ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. നിനക്ക് അത്ര ഇഷ്ടമാണേൽ അങ്ങ് തുറന്നു പറഞ്ഞു കൂടേ. “
“അത് ബ്രോ, സത്യം അറിഞ്ഞാൽ അവളെന്നെ കൊല്ലില്ലേ, പിന്നെ പറഞ്ഞിട്ട് കാര്യമില്ല. “
“ശരി നീയിപ്പോൾ ഒന്നും പറയണ്ട. അവൾ ഫസ്റ്റ് വാങ്ങി തിരികെ കോളേജിൽ മടങ്ങി വരുമ്പോൾ പറഞ്ഞാൽ മതി. എന്തോ അവൾ ജയിക്കുമെന്ന് എന്റെ മനസ് പറയുന്നു. “
“അവൾക്കു എന്നെ ഇഷ്ടമായില്ലെങ്കിലോ?”
“നീ അവളെഴുതിയ ഇംഗ്ലീഷ് സ്റ്റോറി വായിച്ചിരുന്നോ, അതിലെ നായകൻ നീയാണെന്ന് എനിക്ക് വായിച്ചപ്പോൾ തോന്നിയിരുന്നു. നിന്റെ ഫോൺ താ, അവൾ കാൾ എടുത്താൽ, നീ നോക്കിക്കോ, അവൾ നിനക്കുള്ളതാ. ബാക്ക് ഗ്രൗണ്ട് ഇത്തിരി മോശമാണേലും അഭിമാനിയാണ്, നല്ല കാലിബർ ഉള്ള പെൺകൊച്ചാണ്, അവളെ കൈ വിടേണ്ട. “
ഹോസ്റ്റലിന്റെ മുന്നിൽ ബൈക്ക് നിർത്തിയ മുരളി വിഷ്ണുവിന്റെ ഫോണിൽ നിന്നും പല്ലവിയെ വിളിച്ചു. മൂന്നാമത്തെ ബെല്ലിൽ അവൾ ഫോണെടുത്തു.
“എന്താണ് വിഷ്ണു ചേട്ടാ. “
“വിഷ്ണു അല്ല മുരളിയാണ്, ഞങ്ങൾ കോളേജ് ഹോസ്റ്റലിന്റെ മുൻപിലുണ്ട്. താൻ ഒന്ന് പുറത്തേയ്ക്കു വരാമോ. “
“അയ്യോ ചേട്ടാ, പറ്റില്ല. വാർഡൻ അറിഞ്ഞാൽ പ്രശ്നമാകു. “
“വിഷ്ണുവിന് നിന്നോട് എന്തോ അത്യാവശ്യമായി പറയണമെന്ന്, ഒരു അഞ്ചു മിനിട്ടു മതി. വാർഡനോട് പ്രൊഫസ്സർ സുരേഷ് സാർ പറഞ്ഞിട്ട് വന്നു എന്ന് പറഞ്ഞാൽ മതി. “
“വിഷ്ണു ചേട്ടനുണ്ടോ കൂടെ, വാർഡനോട് പറഞ്ഞിട്ട് ഞാൻ വരാം. “
പല്ലവിയെ കാത്ത് അവർ ഗേറ്റിനു മുന്നിൽ നിന്നു.
“വിഷ്ണു ചേട്ടൻ എന്ന് പറഞ്ഞപ്പോൾ പെണ്ണിന് എന്താ ഇളക്കം. “
“ശരിക്കും അവൾക്കെന്നോട് സ്നേഹമുണ്ടല്ലേ. അവളുടെ കോസ്റ്റ്യൂം നശിപ്പിച്ച സാമദ്രോഹി ഞാൻ ആണെന്ന് അവളറിഞ്ഞാൽ, കഥ തീർന്നു. “
“നിർത്തിക്കോ, അവൾ ദേ വരുന്നു. “
പല്ലവി ഗേറ്റു തുറന്നു പുറത്തു വന്നു, ചുരിദാർ ആണ് വേഷം, മെലിഞ്ഞ ശരീരം, നീണ്ട കണ്ണുകൾ, മുടി മെടഞ്ഞിട്ടിരിക്കുന്നു. അവൾ മുരളിയുടെ മുഖത്തേയ്ക്കു നോക്കിയെങ്കിലും വിഷ്ണുവിന്റെ മുഖത്ത് നോക്കാൻ മടിച്ചു. അത് വിഷ്ണുവിന് കുറച്ചു വിഷമം ഉണ്ടാക്കി.
“എന്താ ചേട്ടാ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്. “
“ഞങ്ങൾ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് വന്നത്. അത് സുരേഷ് സാറും നമ്മൾ മൂന്നു പേരും മാത്രമേ ഇപ്പോൾ അറിയാൻ പാടുള്ളു. “
പല്ലവി തല കുലുക്കി.
“ഈ അടുത്ത് വരുന്ന ഇന്റർ കോളേജിയേറ്റ് ഫെസ്റ്റിവലിൽ നമ്മുടെ കോളേജിനെ പ്രതിനിധീകരിച്ചു ഭരതനാട്യം ചെയ്യാൻ പോകുന്നത് പല്ലവിയാണ്. “
“മുടിയാത്, എന്നാലെ മുടിയാത്. “
പല്ലവി നാഗവല്ലിയെ പോലെ തമിഴിൽ എന്തൊക്കെയോ പറഞ്ഞു.
“അപ്പടിയൊന്നും സൊല്ല കൂടാത് നാഗവല്ലി. “
മുരളിയും വിട്ടില്ല. പല്ലവിയ്ക്കു ചിരി വന്നു. അവൾ ചിരിച്ചു കൊണ്ട് വിഷ്ണുവിന്റെ മുഖത്തേയ്ക്കു നോക്കി.
“അതല്ല മുരളി ചേട്ടാ, എന്റെ കോസ്റ്റ്യൂം അൽത്താ വീണു നാശമായി. എനിക്ക് വേറെ ഡ്രസ്സ് ഇല്ല. അത് വാടകയ്ക്ക് എടുക്കാമെന്ന് കരുതാം. പക്ഷെ എന്റെ ഓർണമെന്റ്സെല്ലാം മിസ്സായിടിച്ചു. എന്റെ അപ്പാ പാവം, ഇനി അവരെ വിഷമിപ്പിക്കാൻ വയ്യ ചേട്ടാ. അത് മാത്രമല്ല. ഇവിടെ ഹോസ്റ്റലിൽ പ്രാക്ടീസ്‌ചെയ്യാൻ സ്ഥലമില്ല. “
“ഇതിനൊക്കെ പരിഹാരം കണ്ടാലോ?ഡ്രസ്സ് വാടകയ്ക്ക് എടുക്കാം, ഓർണമെന്റ്സ് പ്രൊഫസ്സർ സുരേഷിന്റെ മകളുടേത് നമുക്ക് തരും. പിന്നെ പ്രാക്ടീസിന് വൈകുന്നേരങ്ങളിൽ ഞങ്ങളുടെ പിജി ക്ലാസ്സിലെ വീണയുടെ വീട്ടിൽ പോകാം. അവളോട് അമ്പലത്തിലെ ഒരു പരിപാടി എന്നാണ് പറഞ്ഞിരിക്കുന്നത്. തല്ക്കാലം അവൾ സത്യം അറിയണ്ട. “
“വീണ ചേച്ചിയോട് പറഞ്ഞില്ലെങ്കിലും… പക്ഷെ മാനസി, അവളല്ലേ ഫസ്റ്റായത്. അവൾ വെറുതെ ഇരിക്കുമോ?”
“അതൊന്നുമോർത്തു നീ വിഷമിക്കേണ്ട. എന്തേലും ഉണ്ടേൽ വിഷ്ണുവിനോട് വിളിച്ചു പറഞ്ഞാൽ മതി. വീണയുടെ അമ്മ ഡാൻസ് ടീച്ചറാണ്, ആന്റി നിനക്ക് ഒരാഴ്ചത്തെ പരിശീലനം തരും. പിന്നെ നിന്റെ ആ ഇംഗ്ലീഷ് സ്റ്റോറി അടിപൊളിയായിരുന്നു. നീ അതിനെ ഒന്ന് മോഡിഫൈ ചെയ്ത് എഴുതണം. കാരണം നായകനും നായികയെ ഇഷ്ടമാണല്ലോ, തുറന്ന് പറയാൻ കൊഞ്ചം ഭയമിരുക്ക്”
മുരളി വിഷ്ണുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു. പല്ലവിയാകട്ടെ ലജ്ജയോടെ ഹോസ്റ്റലിലേക്ക് നടന്നു.
“ഈ കൊച്ച് ഉടുത്തൊരുങ്ങി വരുമ്പോൾ എന്തൊരു ഭംഗിയാണ്. അവളൊരു ലയത്തിൽ നിന്നും വരുന്നതാണെന്ന് ആരെങ്കിലും പറയുമോ?പഠിക്കാനോ, മിടുമിടുക്കി. “
ബൈക്ക് സ്റ്റാർട്ടാക്കിയിട്ടും വിഷ്ണു ബൈക്കിൽ കയറാതെ പല്ലവിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
“വാ ബ്രോ പോകാം. “
“നീയെന്താ ബ്രോ ഇതിനെല്ലാം കാരണം ഞാൻ ആണെന്ന് അവളോട് തുറന്നു പറയാഞ്ഞത്. “
“അതൊക്കെ പിന്നീട് പറയാം. ഒരാഴ്ച കഴിയട്ടെ. അവളൊരു കലാകാരിയല്ലേ, പെട്ടെന്ന് വിഷമിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഇതിനെല്ലാം കാരണം നീയാണെന്നു അറിഞ്ഞാൽ വിഷമം കൂടും. മത്സരം കഴിഞ്ഞു നീ അവളോട് തുറന്നു പറഞ്ഞു മാപ്പ് ചോദിക്കണം. തല്ക്കാലം ഇപ്പോൾ വേണ്ട എന്ന് കരുതി. “
“ഓഹ് ദീർഘവീക്ഷണം. “
“നിന്നെ പോലെ എടുത്ത് ചാടാൻ പറ്റുമോ. “
മത്സരത്തിന് രണ്ടു ദിവസമുള്ളപ്പോൾ വിഷ്ണുവിന്റെ ഫോണിലേക്കു മാനസിയുടെ കാൾ വന്നു.
“വിഷ്ണുവേട്ടാ, എന്തൊക്കെയാണീ നടക്കുന്നത്. ആ പല്ലവി നല്ല സന്തോഷത്തിലാണല്ലോ. മത്സരത്തിന് തോറ്റതൊന്നും അവൾക്കൊരു വിഷയമേയല്ല. പിന്നെ ഇംഗിഷ് സ്റ്റോറി റൈറ്റിങ്ങിനു അവൾ അപ്പീൽ കൊടുത്തിരുന്നു. അവൾക്കു ഒന്നാം സ്ഥാനം കിട്ടി. അപ്പോൾ അവളും നമ്മളോടൊപ്പം ഇന്റർ കോളേജിയേറ്റ് മത്സരത്തിന് വരും. “
“അതിനിപ്പോൾ നിനക്കെന്താ. അവൾ മത്സരിച്ചു പോകട്ടെ. ഭരതനാട്യം ഒന്നാം സ്ഥാനം നിനക്കല്ലേ, പിന്നെന്താ. നീ ഫോൺ വച്ചിട്ട് പോയി പ്രാക്ടീസ് ചെയ്യൂ. “
മത്സരത്തിന് തലേന്ന് വിഷ്ണുവും മുരളിയും മാനസിയുടെ വീട്ടിലെത്തി.
“നാളെ മത്സരത്തിന് പോകണ്ടേ, എന്തായി നിന്റെ പ്രാക്ടീസ്. “
“പ്രാക്ടീസ് ഒക്കെ നടക്കുന്നുണ്ട്. ഞാൻ പതിനഞ്ചു വർഷമായി ചെയ്യുന്നതല്ലേ നൃത്തം. എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്.
പിന്നെ ജയിക്കുന്നത് ഒരു പ്രശ്നമേയല്ലല്ലോ. അവളെ തോല്പിക്കാനാണ് എനിക്ക് താല്പര്യം. നാളെ അവളില്ലല്ലോ മൽസരത്തിന്. “
“ശരി നാളെ നീ പോയി ജയിച്ചു വാ, ആശംസകൾ. “
തിരികെ പോരുമ്പോൾ മുരളിയും വിഷ്ണുവും സന്തോഷവാന്മാരായിരുന്നു.
“നീ ആ നായ്ക്കരുണ പൊടി എവിടെ ഇട്ടു. ഞാൻ ലൂസ് മോഷന്, സിദ്ധവൈദ്യർ തന്ന പൊടി അവളുടെ ബോട്ടിലിൽ കലക്കിയിട്ടുണ്ട്. ഇന്ന് ആ വെള്ളം കുടിക്കുന്നവർക്കൊന്നും തൂറ്റലൊഴിഞ്ഞ സമയം കാണില്ല. “
“ഞാൻ ആ പൊടി അവളുടെ ബെഡിലും, അലമാരയിലും, പാക്ക് ചെയ്ത വച്ച ബാഗിലും വിതറിയിട്ടുണ്ട്. “
“നാളെ രാവിലെ കോളേജിൽ എല്ലാവരും മനസിയെ കാത്ത് നിൽക്കും, അവൾ വന്നില്ലെങ്കിൽ ആ അവസരം പല്ലവിയ്ക്കു കിട്ടുമെന്ന് സുരേഷ് സാർ എല്ലാവരോടും പറയും. യഥാർത്ഥത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് പല്ലവിയുടെ പേര് തന്നെയാണ്. “
മൽസര ദിവസം കോളേജിന്റെ മുറ്റത്ത് കോളേജ് ബസിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും കാത്തിരുന്നു. സമയം കഴിഞ്ഞിട്ടും മാനസി മാത്രം എത്തിയില്ല. കോളേജിന്റെ അഭിമാന പ്രശ്നമാണ്. എന്തെങ്കിലും ചെയ്തേ പറ്റു, സുരേഷ് സാർ നന്നായി അഭിനയിച്ചു. അപ്പോഴേക്കും നവ്യ ടീച്ചർ ഓടിയെത്തി.
“സാർ മാനസി വരില്ല. ആ കുട്ടി ആശുപത്രിയിലാണ്. ഫുഡ് പോയിസൺ ആണെന്ന് പറയുന്നു. വയറിളക്കവും ചർദ്ദിയുമായി ഇന്നലെ രാത്രി ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. “
“സാരമില്ല, ആ കുട്ടി ഒരു ഐറ്റത്തിനല്ലേയുള്ളു, ആ ഐറ്റത്തിന് രണ്ടാമത് എത്തിയ ആളെ നമുക്ക് കൊണ്ട് പോകാം. “
“സർ അത് പല്ലവിയല്ലേ, ആ കുട്ടി നമ്മളുടെ ഒപ്പമുണ്ടല്ലോ. “
“അപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടു. എല്ലാവരും ബസിൽ കയറൂ, സമയം വളരെ വൈകി. “
വിഷ്ണു പല്ലവിയുടെ അടുത്തെത്തി.
“പോയി ബസിൽ കയറൂ, ഞാനും മുരളിയും ട്രെയിനിൽ എത്തിക്കൊള്ളാം. അറിയാല്ലോ, നമ്മുടെ കോളേജിന്റെ അഭിമാന പ്രശ്നമാണ്. ഓവറോൾ ട്രോഫി നമ്മളിങ്ങ് കൊണ്ട് വരും. “
“മാനസിക്ക് എന്താ പറ്റിയത്. “
അറിയില്ല എന്ന് വിഷ്ണു തലയാട്ടി.
കോളേജിന് വേണ്ടി ഓവറോൾ കിരീടം ഏറ്റ് വാങ്ങുമ്പോൾ പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ കണ്ണുകൾ വിഷ്ണുവിന് വേണ്ടി പരതി, കാണികളുടെ ഇടയിലേക്ക് നോട്ടം നീണ്ടു. ഏറ്റവും പിറകിലായി വിഷ്ണുവും മുരളിയും നിൽക്കുന്നു. രണ്ടുപേരുടെയും മുഖത്തു അഭിമാന തിളക്കം. മുരളിക്കു ഒരു ഏട്ടൻ വൈബ് ആണ്. വിഷ്ണുവിന് ഒരു കാമുകൻ വൈബും.
ബസ് പുറപ്പെടുമ്പോൾ സുരേഷ് സാറാണ് പറഞ്ഞത്.
“ലവകുശൻമാരേ, നിങ്ങളിനി ട്രെയിനിൽ ഒന്നും പോകണ്ട. ബസിൽ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം പിള്ളേരെ. കുറച്ചു പേര് വഴിയിൽ ഇറങ്ങും, പിന്നെ സീറ്റ് ഫ്രീയായി ഉണ്ടാകും. “
അവരും അതാണ് ആഗ്രഹിച്ചത്, ഒന്നിച്ചൊരു യാത്ര. വിഷ്ണുവിന് ഈ രാത്രി തന്നെ പല്ലവിയോട് എല്ലാം തുറന്നു പറയണം. അതിനു വേണ്ടിയായിരുന്നു അവൻ ഒരാഴ്ചയായി കാത്തിരുന്നത്.
കോളേജിൽ ബസ് ഇറങ്ങുമ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു.
“ഈ സമയത്ത് പെൺകുട്ടികളെ എങ്ങനെ ഹോസ്റ്റലിൽ കൊണ്ടാകും. രക്ഷകർത്താക്കൾ വിളിക്കാൻ വരാത്ത കുട്ടികളെ സുഹൃത്തുക്കളുടെ വീട്ടിലാക്കിയിട്ടു വേണം നമുക്ക് പോകാൻ. ഓരോ കുട്ടികളുടെയും ഉത്തരവാദിത്വം ഓരോരുത്തർ ഏറ്റെടുത്താൽ മതി. “
“സാറെ ഞങ്ങൾ പോകുന്ന വഴിയാണ് വീണയുടെ വീട്, പല്ലവിയെ അവിടെ ഏല്പിച്ചു ഞങ്ങൾ പൊയ്ക്കോളാം. “
പല്ലവിയുടെ ബാഗും തൂക്കി ഒരു ഏട്ടനെ പോലെ മുരളി മുൻപേ നടന്നു. പിറകെ പല്ലവിയും അതിനു പിറകെ ഒരു കാവൽക്കാരനെ പോലെ വിഷ്ണുവും നടന്നു. പല്ലവി തന്റെ വേഗത കുറച്ച് വിഷ്ണുവിനൊപ്പം എത്തി.
“വിഷ്ണുവേട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ. ?”
ഉണ്ടെന്നു വിഷ്ണു തലയാട്ടി.
“എങ്കിൽ പറ, ഞാൻ കേൾക്കാൻ തയാറാണ്. “
“ഞാൻ തന്നോട് ഒരു ചതി ചെയ്തു. അത് കേൾക്കുമ്പോൾ താൻ എന്നെ വെറുക്കും എന്നുറപ്പാണ്. ഞാൻ ചെയ്ത തെറ്റിന് പരിഹാരം ചെയ്യണമെന്ന എന്റെ ആഗ്രഹം ഇന്ന് നടന്നു. “
“എന്താണെന്നു പറ വിഷ്‌ണുവേട്ടാ, വെറുക്കണോ വേണ്ടയോ എന്നോ കേട്ടിട്ട്, ഞാൻ തീരുമാനിക്കാം. “
വിഷ്ണു എല്ലാം തുറന്ന് പറയുമ്പോൾ പല്ലവി നിറഞ്ഞ കണ്ണുകളോടെ കേൾക്കുകയായിരുന്നു. അവളൊന്നും തിരിച്ചു പറഞ്ഞില്ല.
അവരുടെ ഇടയിലെ മൗനം തിരിച്ചറിഞ്ഞു മുരളി തിരിഞ്ഞു നിന്നു
“പല്ലവി നിനക്കിവനോട് പൊറുക്കാൻ കഴിയില്ല എന്നറിയാം. നിനക്കറിയുമോ മാനസി അവന്റെ അമ്മാവന്റെ മകളാണ്, അവൾ അൾത്തായുടെ ബോട്ടിൽ തുറന്നു നിൻ്റെ ഡ്രസ്സിന് മുകളിൽ വയ്ക്കാൻ പറഞ്ഞപ്പോൾ അവൻ അതിലെ അപകടത്തെക്കുറിച്ച് ഓർത്തില്ല. അതിനൊപ്പം നിന്റെ ആഭരണപെട്ടി നഷ്ടപെട്ടപ്പോഴാണ്, നിന്നെ മാനസി ചതിച്ചതാണെന്നു ഇവന് മനസിലായത്. അപ്പോൾ തന്നെ എന്നോടും സുരേഷ് സാറിനോടും പറഞ്ഞു അവൻ ഈ പ്രശ്നം പരിഹരിച്ചു. “
“സത്യമാ പല്ലവി, നിന്റെ കരിയർ തകർക്കാനൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. ചെയ്ത തെറ്റിനെല്ലാം മാപ്പ്. മാനസി തന്ന പണിക്കു അവൾക്കൊരു മറുപണി ഞാൻ കൊടുത്തിട്ടുണ്ട്. ഇനി എന്റെ ഭാഗത്തു നിന്നും ഒരു ശല്യവും ഉണ്ടാകില്ല. “
“പല്ലവി ഇവന് തന്നോട് അത്ര ഇഷ്ടമാണ്, പക്ഷെ അവനു തന്നെ പേടിയാണ്. താൻ അവനു മാപ്പു നൽകുമോയെന്നാണ് അവന്റെ പേടി. “
പല്ലവി മറുപടി ഒന്നും പറയാതെ മുരളിയുടെ കയ്യിൽ നിന്നും ബാഗും വാങ്ങി നടന്നു. ഒന്നും മിണ്ടാതെ മുരളിയും വിഷ്ണുവും അവളുടെ പിറകെ ഒരടി പിന്നിലായി നടന്നു. വീണയുടെ വീടിന്റെ ഗേറ്റ് തുറന്നു അവൾ മുന്നോട്ടു നടന്നു. അവരോടു യാത്ര പോലും ചോദിക്കാതെ അവൾ ഗേറ്റ് കടന്നു പോയി. തളർന്നു വിഷമത്തോടെ നിന്ന വിഷ്ണുവിനെ മുരളി നോക്കി. വീണയുടെ അമ്മ മുൻവാതിൽ തുറന്നപ്പോൾ അവർ രണ്ടു പേരും തിരിഞ്ഞു നടന്നു.
പല്ലവിയുടെ പ്രതികരണം പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും വിഷ്ണുവിന് അത് താങ്ങാൻ കഴിഞ്ഞില്ല. പാവപെട്ട പെൺകുട്ടിയെ ചതിക്കാൻ കൂട്ട് നിന്ന തന്നെ അവൾ വെറുത്തതിൽ അവനു അത്ഭുതമൊന്നും തോന്നിയില്ല. താൻ ഇത് അർഹിക്കുന്നു. അഞ്ചാറ് മാസം കഴിയുമ്പോൾ കോഴ്സ് തീരും പിന്നെ പല്ലവിയെ കാണേണ്ടി വരില്ല. പതിയെ അവളെല്ലാം മറക്കും, തനിക്ക് അവളെ മറക്കാൻ പറ്റുമോ.
മനസ്സ് കൊണ്ട് ഒരിക്കൽ കൂടി മാപ്പു പറഞ്ഞു അവർ ഹോസ്റ്റലിലേക്ക് നടന്നു. പിറകിൽ നിന്നും ആദ്യം വിളി കേട്ടത് മുരളിയായിരുന്നു. മുരളി തിരിഞ്ഞു നിന്നു. പിന്നിൽ പല്ലവിയും വീണയും. വിഷ്ണു ഏതോ ആലോചനയിൽ മുന്നോട്ടു നടന്നു.
“മുരളിയേട്ടാ, എല്ലാത്തിനും നന്ദിയുണ്ട്. ഞാൻ വീട്ടിൽ വിളിച്ചു എന്റെ അപ്പയോട് എല്ലാം പറഞ്ഞു. ഫസ്റ്റ് കിട്ടിയെന്നറിഞ്ഞപ്പോൾ അപ്പനും അമ്മയ്ക്കും സന്തോഷമായി. അപ്പനാണ് പറഞ്ഞത് വിഷ്ണുവേട്ടൻ അറിയാതെ ചെയ്ത തെറ്റ് പൊറുക്കണമെന്ന്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കോസ്റ്റ്യൂം ആണ് നശിപ്പിച്ചത്. അന്തയാളെ ഞാൻ വിടമാട്ടേൻ. “
“ആ പൊട്ടൻ ഇതൊന്നും അറിയാതെ ദേ നടന്നു പോകുന്നു. “
പല്ലവി പിറകെ ഓടി പോയി, പിന്നിൽ നിന്നും കെട്ടി പിടിച്ചപ്പോഴാണ് വിഷ്ണുവിന് സ്ഥലകാല ബോധം ഉണ്ടായത്.
“തെറ്റ് തെറ്റ് തന്നെയാണ്. അത് എന്നെ വിഷമിപ്പിക്കുകയും ചെയ്തു. പക്ഷെ ആ മുറിവ് തന്നത് വിഷ്ണുവേട്ടൻ ആണെന്നറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അതിനു പരിഹാരവും വിഷ്ണുവേട്ടൻ തന്നെ ചെയ്തില്ലേ. അത് മതി. “
“മാപ്പ്. “
“ഈ മാപ്പ് ആത്മാർത്ഥമായിട്ടാണല്ലോ, ഞാൻ ക്ഷമിച്ചു. എനിക്ക് നല്ലൊരു ഡാൻസ് കോസ്റ്റ്യൂം വിഷ്ണുവേട്ടൻ വാങ്ങി തരണം. “
“നിനക്ക് എത്ര കോസ്റ്റ്യൂം വേണം. ഞാൻ വാങ്ങി തരും. “
മുരളി ഇടപെട്ടു.
“കടിച്ച പാമ്പ് തന്നെ വിഷം ഇറക്കിയില്ലേ, അത് പോരെ. എല്ലാം നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല അവൻ ചെയ്തത്. ഒരു പാവം പെൺകുട്ടി ചതിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ തോന്നിയ വിഷമം കൊണ്ട് കൂടിയാണ്. ഇവൻ പാവമാണ്. “
“അതേയ് ഇപ്പോൾ മനസിക്കു എങ്ങനെയുണ്ട്. അവൾ ഓക്കേ അല്ലേ, അവളോടും എനിക്ക് ദേഷ്യമൊന്നും തോന്നുന്നില്ല. ആര് എന്തൊക്കെ ചെയ്താലും തടഞ്ഞാലും ഞാൻ നേടേണ്ടത് നേടിയിരിക്കും. എന്റെ കഴിവിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. അപ്പാ അമ്മയുടെ പ്രാർത്ഥനയും, ഇപ്പോൾ വിഷ്ണുവേട്ടന്റെ സ്നേഹവും, എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്. “
“അപ്പോൾ എന്റെ സ്നേഹത്തിനു ഒരു വിലയില്ലേ. “
“മുരളിയേട്ടൻ എന്റെ സ്വന്തം അണ്ണൻ. “
“അപ്പോൾ ഇവനോ?”
“അവർ എന്നുടെ ഉയിർ… “
അവരോടു യാത്ര പറഞ്ഞു അവൾ വീട്ടിലേയ്ക്കു മടങ്ങി.
ഇരുട്ടത്ത് വിഷ്ണുവിന്റെ തോളിൽ കയ്യിട്ടു നടക്കുമ്പോൾ BAR എന്ന ബോർഡ് കണ്ടു മുരളി നിന്നു.
“നല്ല സമാധാനം തോന്നുന്നു. ഓരോന്ന് അടിച്ചാലോ ബ്രോ. “
“അതൊക്കെ പല്ലവിക്ക് ഇഷ്ടമാകുമോ?”
“നീ അവളുടെ കാമുകനാണ് അല്ലാതെ അടിമയല്ല, വല്ലപ്പോഴും ആകാമെടോ. “
“ഐ ലവ് യൂ ബ്രോ. “
“എന്നോടാണോ അവളോടാണോ കൂടുതൽ ലവ്. “
“നോ നോ കംപാരിസൺ ബ്രോ. “
മുരളി പൊട്ടിച്ചിരിച്ചു.
“എപ്പോൾ നിനക്ക് അഭിനയിക്കാൻ അറിയാം. “
രണ്ടുപേരും ഒന്നിച്ചു ബാറിൽ കയറുമ്പോൾ വിഷ്ണുവിന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു.
#മാപ്പ്, മുറിവുണക്കുമോ
✍️നിഷ പിള്ള

