നിത്യാ ലക്ഷ്മിയുടെ മൂന്നാമത്തെ നോവലാണ് സെഡോറ രചനാ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ വിലാഗ.
എന്താണ് വിലാഗ ? യുദ്ധമോ, തീവ്രവാദമോ, പ്രവാസ ജീവിതത്തിൻ്റെ ദുരിതങ്ങളോ, അതോ പ്രണയത്തിൻ്റെ പൊള്ളുന്ന വേദനയോ? അതെ, ഇതെല്ലാമാണ് വിലാഗ. അല്ലെങ്കിൽ ഇതെല്ലാമാണ് വിലാഗയിൽ.
ഒരു ജോലി തേടി അന്യനാടുകളിൽ പോവുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം സർവ്വസാധാരണമാണ്. അങ്ങനെ ഒരു ജോലി തേടി പോയതാണ് ഈ നോവലിലെ നായിക ഋതു. പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി, നല്ലൊരു കുടുംബം കെട്ടിപ്പടുക്കുന്നതിന് ഇത്തിരി പണം സമ്പാദിക്കാൻ വിലാഗ എന്ന രാജ്യത്തേക്ക് ജോലി തേടിപ്പോയതാണവൾ. പക്ഷേ അവിടെ ഋതുവിനെ കാത്തിരുന്നത് അതിഭീകരമായ അനുഭവങ്ങളായിരുന്നു. പിശാചുക്കൾ നിറഞ്ഞ ആ രാജ്യത്ത് ദേവദുതനെപ്പോലൊരാൾ അവൾക്ക് താങ്ങായി ഉണ്ടായിരുന്നു. അവരുടെ കഥയാണ് വിലാഗ. അല്ലെങ്കിൽ ഒരു പെൺകുട്ടി എന്ന നിലയിൽ സ്വന്തം നാട്ടിൽ നിന്നും നേരിട്ട അപമാനവും അന്യ രാജ്യത്ത് നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളും അതിജീവിയ്ക്കാൻ ശ്രമിക്കുന്ന ഋതുവിന്റെ മാത്രം കഥയാണ്.
വിലാഗ എന്ന സാങ്കൽപ്പിക ദേശത്താണ് ഈ കഥ നടക്കുന്നതെങ്കിലും, യുദ്ധവും, ഭീകരവാദവും, മതഭ്രാന്തും, അന്ധവിശ്വാസങ്ങളുമെല്ലാം ആത്യന്തികമായി ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീ ജീവിതങ്ങളെയായതിനാൽ ഇപ്പോൾ പല രാജ്യങ്ങളിലും നടക്കുന്ന സംഭവങ്ങളുമായി സാമ്യം തോന്നിയാൽ അത്ഭുതമില്ല.
നിത്യാ ലക്ഷ്മിയുടെ മുൻ നോവലുകളേക്കാൾ ഒരു നോവലിൻ്റെ പൂർണ്ണത കൈവരുന്നത് വിലാഗയിലാണ്. ഓരോ രചനകളിലുടേയും എഴുത്തുകാരി കൂടുതൽ കൂടുതൽ മികവിലേക്കുയരുകയാണ്. ഇനിയും നല്ല രചനകൾ നിത്യാലക്ഷ്മിയിൽ നിന്നും വായനക്കാർക്ക് പ്രതീക്ഷിക്കാമെന്ന് ഉറപ്പാണ്.

