1989 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമാണ് വന്ദനം. മോഹൻലാൽ അവതരിപ്പിച്ച ഉണ്ണികൃഷ്ണനും ജഗദീഷിന്റെ പി കെ നായരും ബാഗ്ലൂരിൽ എത്തി മുകേഷിന്റെ കർണാടക പോലീസിലെ പീറ്ററുമായി ചേർന്ന് നെടുമുടി വേണു അവതരിപ്പിച്ച ഫെർണാണ്ടസ് എന്ന കൊലപാതകിയായ പ്രൊഫസറെ പിടിക്കാൻ ശ്രമിക്കുന്നതും അയാളുടെ മകളായ ഗാഥയുമായി ഉണ്ണികൃഷ്ണൻ പ്രണയത്തിലാകുന്നതും ഒടുവിൽ ഗാഥകും ഉണ്ണികൃഷ്ണനും ഒരുമിക്കാനാവാതെ രണ്ട് വഴിക്ക് പിരിയേണ്ടി വരുന്നതുമാണ് നർമ്മവും, സെന്റിമെൻസും, സസ്പെൻസും എല്ലാം സമം ചേർത്ത് ഒരുക്കിയ ചിത്രത്തിന്റെ കഥ.
1987 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമായ സ്റ്റേക്ക്ഔട്ടിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഈ കഥ എഴുതിയ ശ്രീ ജഗദീഷിനോട് മാപ്പ് ചോദിച്ചുകൊണ്ട് ആ കഥയുടെ ബാക്കി എന്താവും സംഭവിച്ചു എന്നൊരു ഭാവന….……..
വന്ദനം 2
കാറിൽ ഇരുന്ന് ഗാഥ നടന്നതെല്ലാം സുകുമാരൻ മാരാരോട് പറഞ്ഞു. ബാംഗ്ലൂർ എയർപോർട്ടിലേക്ക് പോയ കാർ സുകുമാരൻ മാരാരുടെ നിർദേശപ്രകാരം മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. ആ വണ്ടി സർജാപ്പുര വഴി ഹൊസൂര് ലക്ഷ്യമാക്കി ഓടാൻ തുടങ്ങി. ഗാഥ സംശയത്തോടെ സുകുമാരൻ നായരെ നോക്കി. അയാൾ ചിരിച്ചു.
“പേടിക്കണ്ട നിനക്ക് പാസ്പോർട്ട് വിസയും ഒന്നും ഇല്ലല്ലോ. അതൊക്കെ ശരിയാകുന്നതുവരെ പാലക്കാടുള്ള എന്റെ തറവാട്ടിൽ നിൽക്കാം. ഇനി ബാംഗ്ലൂരിൽ തുടരുന്ന ഓരോ നിമിഷവും നിനക്ക് ആപത്താണ്”. ഇനി എപ്പോഴെങ്കിലും തനിക്ക് ഉണ്ണിയെ കാണാനാകുമോ എന്ന സങ്കടത്തോടെ അവൾ സീറ്റിലേക്ക് ചാരി കണ്ണടച്ചു.
ഉണ്ണി അയാളുടെ അമ്മയുമായി തന്നെ കാണാൻ വന്ന ദിവസം അവൾ ഓർത്തു. അന്ന് സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ എന്നറിയാതെ നിറഞ്ഞ കണ്ണീർ ഒഴുകിനനഞ്ഞ കവിൾത്തടം അവന്റെ കയ്യിൽ ചേർത്തുവച്ച് നിന്നതോർത്ത് ശബ്ദമില്ലാതെ അവൾ കരഞ്ഞു. കരഞ്ഞ് തളർന്ന് ഉറങ്ങിപ്പോയ ഗാഥ കണ്ണു തുറക്കുമ്പോൾ കാർ നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള ഒരു വഴിയിലൂടെ ഓടുകയായിരുന്നു. അടുത്തിരുന്ന മാരാർ അവളെ നോക്കി പുഞ്ചിരിച്ചു.
“മോൾക്ക് നല്ല ക്ഷീണം ഉണ്ടാവുമല്ലോ, ഉറങ്ങിക്കോട്ടെ എന്ന് കരുതി. നമ്മൾ എത്താറായി.”
പാടങ്ങളുടെ അടുത്തു നിന്നും മാറി വിശാലമായ പറമ്പിൽ ഒരു വലിയ വീട്. അവിടെയാണ് മാരാരുടെ അനുജനും കുടുംബവും താമസിച്ചിരുന്നത്. അവരെ കാര്യങ്ങളൊക്കെ പറഞ്ഞേൽപ്പിച്ച് രണ്ടുദിവസം കഴിഞ്ഞ് സുകുമാരൻ മാരാർ തിരിച്ചു പോയി. ഉണ്ണിയെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് മാരാർ പറഞ്ഞെങ്കിലും അയാൾക്ക് തന്നെ വിദേശത്തേക്ക് കൊണ്ടുപോകാനാണ് താത്പര്യമെന്ന് ഗാഥക്ക് മനസ്സിലായി. ഇനിയൊരിക്കലും ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയ മനുഷ്യനെ കാണാൻ പറ്റില്ലല്ലോ എന്ന തിരിച്ചറിവിൽ അവൾ തകർന്നു.
നാട്ടിൽ തിരിച്ചെത്തിയ ഉണ്ണി ആകെ ദുഖിതനായിരുന്നു. ഒരാഴ്ച അവധിയെടുത്ത് അയാൾ വീണ്ടും ബാംഗ്ലൂരിലേക്ക് പോയി. എന്നാൽ ഗാഥയെക്കുറിച്ച് ഒരു വിവരവും ആർക്കും ഉണ്ടായിരുന്നില്ല. ഒരുവേള അവൾ വീണ്ടും കമ്മീഷണറുടെ പിടിയിൽ അകപ്പെട്ടോ എന്ന് പോലും ഉണ്ണി ഭയപ്പെട്ടു എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് പീറ്ററിന്റെ ഉറപ്പിൽ അവൻ ആശ്വാസം കൊണ്ടു.
നിരാശനായി തിരികെയെത്തിയ ഉണ്ണി കുഴൽമന്ദം സ്റ്റേഷനിൽ ജോലിക്ക് കയറി. കമ്മീഷണറുടെ നീക്കങ്ങൾക്കു മുകളിൽ ഒരു കണ്ണ് വേണം എന്ന് പീറ്ററിനോട് പറഞ്ഞേൽപ്പിച്ചിട്ടാണ് അവൻ തിരികെ പോന്നത്.
കമ്മീഷണർ ആവട്ടെ ഗാഥയെ കയ്യിൽ കിട്ടാത്തതിനുള്ള ദേഷ്യത്തിൽ ആയിരുന്നു. അയാൾക്ക് ഗാഥ എങ്ങനെ രക്ഷപ്പെട്ടു എന്നാലോചിച്ച് ഉറക്കം പോലും നഷ്ടപ്പെട്ടു. തന്റെ മകനെ കൊന്ന ഫെർണാണ്ടസിനോട് പകരംവീട്ടണമെങ്കിൽ അയാളുടെ മകളെ കയ്യിൽ കിട്ടിയേ മതിയാവൂ. അവസാന ശ്രമം എന്ന നിലയിൽ അയാൾ ആ സംഭവ ദിവസവും അതിനടുത്ത ദിവസവും ബാംഗ്ലൂരിൽ നിന്നും പുറത്തേക്ക് പോയ വണ്ടികളുടെ വിവരങ്ങൾ ചെക്ക്പോസ്റ്റിൽ നിന്നും ശേഖരിച്ചു. അതിൽ നിന്നും സംശയം തോന്നിയ ടാക്സി കാറുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മാരാരേയും ഗാഥയെയും പാലക്കാട് കൊണ്ടുപോയ ടാക്സി ഡ്രൈവറെ അയാൾ കണ്ടെത്തി. അപ്പോഴേക്കും മൂന്നു മാസം കഴിഞ്ഞിരുന്നു.
സുകുമാരൻമാരാരുടെ അനുജൻ ഗംഗാധരൻ മാരാരുടെ മകൾ രേഖ ഗാഥയുടെ പ്രായം ആയിരുന്നു. അവർ പെട്ടെന്ന് സുഹൃത്തുക്കളായി. രേഖ യോടൊപ്പം ഗാഥ അവൾ ഇതുവരെ കാണാത്ത നാട്ടിലെ ഇടവഴികളിലൂടെ നടന്നു. തൊടിയിലെ പശുക്ടാവും, വൈകുന്നേരങ്ങളിലെ കിളികളുടെ ബഹളവും, ഗ്രാമച്ചന്തയും, പാവം നാട്ടുകാരും എല്ലാം ചേർന്ന ആ നാടും, അവിടുത്തെ ശാന്തമായ അന്തരീക്ഷവും ഗാഥയുടെ മനസ്സിന് ആശ്വാസം കൊടുത്തു. ഇടയ്ക്കിടയ്ക്ക് അച്ഛനെയും ഉണ്ണിയെയും കുറിച്ചുള്ള ഓർമ്മകൾ അവളെ സങ്കടത്തിന്റെ ആഴക്കടലിലേക്ക് തള്ളിയിട്ടിരുന്നു.
കമ്മീഷണറുടെ നീക്കം ചോർത്തിയെടുത്ത പീറ്റർ ഉണ്ണിയെ വിവരം അറിയിച്ചു എങ്കിലും അയാൾ കേരളത്തിലേക്ക് പോകുന്നു എന്നല്ലാതെ കൂടുതൽ കാര്യങ്ങൾ ഒന്നും പീറ്ററിന് മനസ്സിലായിരുന്നില്ല. ഉണ്ണിയുടെ അപേക്ഷ പ്രകാരം പീറ്റർ രഹസ്യമായി കേരളത്തിലേക്ക് കമ്മീഷണറുമായി പോന്ന ടാക്സിക്കാറിനെ പിന്തുടർന്നു. ഗാഥയെ തേടി മാരാരുടെ തറവാട്ടിലെത്തിയ കമ്മീഷണർ വീട്ടിലുള്ളവരോട് സംസാരിക്കുന്നതും നിരാശയോടെയും ദേഷ്യത്തോടെയും തിരിച്ചുവന്നു കാറിൽ കയറുന്നതും പീറ്റർ കണ്ടു. എന്താണ് കാര്യം എന്ന് മനസ്സിലാകാതെ പീറ്റർ ഒന്ന് അമ്പരന്നു നിന്നു എങ്കിലും വീണ്ടും കമ്മീഷണറെ പിന്തുടർന്നു. അയാളുടെ വണ്ടി തിരിച്ച് ബാംഗ്ലൂരിലേക്കുള്ള നാഷണൽ ഹൈവേയിൽ കയറിയതോടെ അടുത്ത് കണ്ട് ടെലിഫോൺ ബൂത്തിൽ വണ്ടി ഒതുക്കി പീറ്റർ ഉണ്ണിയുടെ സ്റ്റേഷനിലേക്ക് വിളിച്ചു.
“അളിയാ ഞാനിപ്പോൾ കുഴൽമന്ദം ടൗണിന്റെ അടുത്തുണ്ട്. കമ്മീഷണർ ഇവിടെ കാളികാവ് എന്ന സ്ഥലത്ത് ഒരു വീട്ടിൽ പോയി എന്തോ ചോദിച്ചു. അവർ എന്താണ് പറഞ്ഞത് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. ഗാഥ അവിടെ ഉണ്ടായിരുന്നിരിക്കണം. പക്ഷേ അയാൾ തിരിച്ചുവന്നത് വളരെ ദേഷ്യത്തോടെയും നിരാശയോടെയുമാണ്. ഗാഥ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. അയാൾ ബാംഗ്ലൂരിലേക്ക് തിരിച്ചുപോയി.”
ഉണ്ണി ജീപ്പുമായി പീറ്റർ നിന്ന സ്ഥലത്തേക്ക് ചെന്നു. അവർ രണ്ടുപേരും കൂടി മാരാരുടെ വീട്ടിലേക്ക് പോയി. തന്റെ കയ്യെത്തുന്ന ദൂരത്തിൽ അവളുണ്ടായിട്ടും താനറിഞ്ഞില്ലല്ലോ എന്ന ദുഃഖത്തോടെ ആ വീട്ടിലേക്ക് ഉണ്ണി പീറ്ററിനെയും കൂട്ടി വണ്ടിയോടിച്ചു.
“കുറച്ചു മുൻപേ കർണാടക പോലീസിലെ കമ്മീഷണർ എന്ന് പറഞ്ഞ് ഒരാൾ ചേട്ടന്റെ നമ്പർ ഒക്കെ വാങ്ങി പോയല്ലോ അപ്പോൾ കേരള പോലീസും എന്താണ് കാര്യം? “
ഗംഗാധരൻ മാരാർ തന്റെ നീരസം മറച്ചുവെക്കാതെ ചോദിച്ചു.
“ശല്യപ്പെടുത്തിയതിന് ക്ഷമിക്കണം ചേട്ടാ. കാര്യങ്ങൾ വിശദമായി ഞങ്ങൾ പറഞ്ഞു തരാം”
ഉണ്ണി നടന്ന സംഭവങ്ങളെല്ലാം അയാളോട് പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് രേഖ അങ്ങോട്ട് കയറി വന്നത്. ഉണ്ണി കഥ പറഞ്ഞു നിർത്തിയതും അവൾ അച്ഛനോട് പറഞ്ഞു
“അച്ഛാ ഈ സർ പറഞ്ഞതെല്ലാം സത്യമാണ്. ഗാഥ ചേച്ചി എന്നോട് പറഞ്ഞത് തന്നെയാണ് ഇദ്ദേഹവും പറയുന്നത്”
“ഗാഥയുടെ നമ്പർ കുട്ടിയുടെ കയ്യിലുണ്ടോ?” ആകാംക്ഷ അടക്കാൻ വയ്യാതെ ഉണ്ണി ചോദിച്ചു.
“ഇല്ല സാർ. ചേച്ചി അവിടെ എത്തിയിട്ട് ഒരു ദിവസമേ ആയുള്ളൂ. നമ്പർ ഒക്കെ ആകാൻ സമയം ആവും. വല്യച്ഛന്റെ നമ്പർ തരാം”.
തിരിച്ചു പോകുന്നവഴി ഒരു ബൂത്തിൽ നിന്നും ഉണ്ണി മാരാരുടെ നമ്പർ ഡയൽ ചെയ്തു. മറുവശത്ത് ബെല്ലടിക്കുന്നത് പെരുമ്പറ പോലെ മുഴങ്ങുന്ന ഹൃദയമിടിപ്പോടെ അവൻ കേട്ട് നിന്നു. ഒടുവിൽ മാരാരുടെ ശബ്ദം അവന്റെ ചെവിയിലേക്ക് എത്തി. ഗാഥയോട് സംസാരിക്കണം എന്ന് ആവശ്യത്തിന് തികച്ചും നിരാശജനകമായിരുന്നു മറുപടി.
“നോക്കൂ സർ, നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ അവൾക്കു നൽകാൻ പോകുന്നത് ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ചുമതലയാണ്. ഒരു എസ്ഐയുടെ ഭാര്യയായി അടുക്കളയിൽ തീരേണ്ടതല്ല ഗാഥയുടെ കഴിവുകൾ. താങ്കൾ അത് മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. താങ്കൾക്ക് സ്നേഹമുണ്ടെങ്കിൽ അവളുടെ വളർച്ച തടയാതിരിക്കുക എന്നതല്ലേ ഏറ്റവും നല്ല കാര്യം.”
ഉണ്ണി ഒന്നും മിണ്ടാതെ ഫോൺ വെച്ചു. ശരിയാണ് തങ്ങൾ രണ്ടുപേരുടെയും സങ്കടങ്ങൾ കുറച്ചുകാലം കഴിയുമ്പോൾ ഇല്ലാണ്ടാവും. തനിക്ക് നൽകാവുന്നതിലും വളരെ മികച്ച ഒരു ജീവിതം താൻ കാരണം ഇല്ലാണ്ടാവുന്നത് ക്രൂരത തന്നെയാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഉണ്ണി ജീപ്പിലേക്ക് കയറി. സ്റ്റിയറിങ്ങ് വീലിൽ മുഖം ചേർത്ത് അവൻ ശബ്ദമുണ്ടാക്കാതെ കരഞ്ഞു. പീറ്റർ പുറത്തിറങ്ങി ഇടംകൈ കൊണ്ട് അവനെ ചേർത്ത് പിടിച്ചു………
മൂന്നു വർഷങ്ങൾ കടന്നു പോയി. ഉണ്ണിയിപ്പോൾ പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ ആണ്. ഒരു ദിവസം അയാളെ കാണാൻ ഒരാളെത്തി.
“ഞാൻ സുകുമാരൻ മാരാർ” അയാൾ സ്വയം പരിചയപ്പെടുത്തി.
ഉള്ളിലൊരാന്തലോടെ ഉണ്ണി അറിയാതെ കസേരയിൽ നിന്ന് എഴുന്നേറ്റു. അയാളുടെ നോട്ടം മുറിയുടെ ഹാഫ് ഡോർ കടന്ന് അപ്പുറത്തേക്ക് ആരെയോ അന്വേഷിച്ച് പോയി.
“നോക്കണ്ട. ഇപ്പോൾ എന്റെ കൂടെ ഗാഥയില്ല. ഒറ്റയ്ക്ക് വന്ന് കണ്ടതിനു ശേഷം സാറിനെ ഗാഥയുടെ അടുത്തേക്ക് കൊണ്ടു പോകാം എന്ന് കരുതിയാണ് ഞാൻ വന്നത്. “
ഒന്ന് നിർത്തിയ ശേഷം മാരാർ തുടർന്നു,
“ഗാഥയെ ലണ്ടനിൽ തന്നെ നിർത്തിയതിന് പുറകിൽ എന്റെ സ്വാർത്ഥതയും ഉണ്ടായിരുന്നു എന്റെ കാലശേഷം ഞാൻ ഉണ്ടാക്കിയ ബിസിനസുകൾ മര്യാദയ്ക്ക് നോക്കി നടത്താൻ എന്റെ മകന് കഴിവില്ല എന്ന കാര്യം എനിക്ക് വളരെ വ്യക്തമായി അറിയാം. ഗാഥയുടെ ചുറുചുറുക്കും കഴിവും കണ്ടപ്പോൾ അവളെ എന്റെ മകന്റെ ഭാര്യയാക്കാനും ബിസിനസുകളെല്ലാം അവളെ ഏൽപ്പിക്കാനുമാണ് ഞാൻ ശ്രമിച്ചത്. എന്നാൽ ഞാൻ വച്ച് നീട്ടിയ ഒരു വലിയ സാമ്രാജ്യത്തേക്കാൾ അവൾക്ക് വിലപ്പെട്ടത് സാറിനോടുള്ള സ്നേഹമായിരുന്നു. അത് മാറ്റിയെടുക്കാൻ ഞാൻ പലരീതിയിലും ശ്രമിച്ചു നോക്കി. പക്ഷേ നടന്നില്ല.
ഒടുവിൽ സാറിന്റെ കല്യാണം കഴിഞ്ഞു എന്ന് ഞാൻ രേഖയെ കൊണ്ട് ഗാഥയോട് പറയിച്ചു. അതോടെ അവൾ സാറിനെ വെറുത്ത് എന്റെ കൂടെ തുടരും എന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ അവൾ ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. എന്തോ ഭാഗ്യവശാൽ മരിച്ചില്ല എങ്കിലും ഒരു വശം തളർന്ന് കിടപ്പിലായിപ്പോയി പാവം. നിരന്തരമായ ചികിത്സയിലൂടെ ഇപ്പോൾ അവൾ പതുക്കെ നടക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. തളർന്നുകിടന്നപ്പോൾ പോലും സാറ് മാത്രമായിരുന്നു അവളുടെ ഉള്ളിൽ. ഒടുവിൽ എനിക്ക് മനസ്സിലായി, ഞാൻ കൂട്ടിവെക്കുന്ന സ്വത്തുക്കളോ ബിസിനസോ ഒന്നുമല്ല ഗാഥയ്ക്ക് വേണ്ടത് സാറിനെയാണ്. എന്റെ സ്വാർത്ഥതയ്ക്ക്, ഞാൻ ചെയ്തു പോയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. ഗാഥയെ സാറിനെ ഏൽപ്പിച്ചു തിരിച്ചുപോകാനാണ് ഞാനിവിടെ വന്നത്.”
അയാൾ പറഞ്ഞതെല്ലാം കേട്ട് ഉണ്ണികൃഷ്ണൻ തരിച്ചിരുന്നു പോയി. മാരാരുടെ കൂടെ ഉണ്ണികൃഷ്ണൻ അയാളുടെ തറവാട്ട് വീട്ടിലേക്ക് തിരിച്ചു. വീടിന്റെ മുറ്റത്തുതന്നെ രേഖയുടെ കൈപിടിച്ച് ഗാഥ നിൽപ്പുണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉണ്ണിയെ കണ്ടതും അവൾ ഓടി വരാൻ ശ്രമിച്ചു. ബലമില്ലാത്ത കാലുകൾ മൂലം വേച്ചു വീഴാൻ പോയ അവളെ ഉണ്ണി താങ്ങി നിർത്തി.
അവളവന്റെ നെഞ്ചിൽ മുഖമമർത്തി കരയുവാൻ തുടങ്ങി. അവളുടെ മൂർദ്ധാവിൽ ഉമ്മവെച്ച ഉണ്ണിയുടെ കണ്ണുകളും നിറഞ്ഞൊഴുകി. മൂന്ന് വർഷത്തെ കാത്തിരിപ്പിന്റെ വേദന അവരുടെ കണ്ണുനീരിൽ ഒഴുകിത്തീർന്നു.
“ ഇനി നിന്നെ ഞാനാർക്കും വിട്ടുകൊടുക്കില്ല.” അവളുടെ നിറുകയിൽ ചുംബിച്ചുകൊണ്ട് ഉണ്ണി പറഞ്ഞു.
“എങ്കിലേ എന്നോട് പറ” അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ച് കുസൃതിയോടെ പറഞ്ഞു…..
“എന്ത് പറയാൻ”? ഉണ്ണിക്ക് ഒന്നും മനസ്സിലായില്ല.
“ പണ്ട് എന്റെ പുറകേ നടന്നു പറഞ്ഞതൊക്കെ അപ്പൊ മറന്നല്ലേ?” അവൾ കപട ദേഷ്യത്തോടെ അവന്റെ കൈയിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
“എന്നെ ഇങ്ങനെ മുറുക്കെ കെട്ടിപ്പിടിച്ചിട്ട് പറ ഐ ലവ്വ് യൂ…. ന്ന്”
അവരുടെ ചിരിയലകൾ കാറ്റിലലിഞ്ഞ് ഇല്ലാതാകുമ്പോൾ ദൂരെ ബാംഗ്ലൂരിലെ പരപ്പന ആഗ്രഹാര ജയിലിൽ ഇപ്പൊ ഡി ഐ ജി ആയ പഴയ കമ്മീഷണറെ കൊല്ലാനുള്ള പ്ലാൻ തയ്യാറാക്കുകയായിരുന്നു പ്രഫസർ ഫെർണാണ്ടസ്.
#എന്റെരചന
#സിനിമ തുടരുന്നു


4 Comments
ഈ സിനിമ ഇങ്ങനെ തന്നെ അവസാനിക്കണം എന്ന് ആഗ്രഹിച്ച എത്രയോ പേരുണ്ടായിരുന്നു വളരെ നന്നായി എഴുതി
ക്ളൈമാക്സ് സൂപ്പർ ❤️❤️❤️
അത്യാവശ്യം സിനിമക്ക് വേണ്ടാ ചേരുവകൾ എല്ലാം ഉണ്ട്. രണ്ട് പാട്ടും കുറച്ചു തമാശയും ആഡ് ചെയ്താൽ മതി. ❤️❤️
നല്ല കഥ, ഉണ്ണിയും ഗാഥയും ഒന്നിക്കുവാൻ ആഗ്രഹിച്ച പ്രേക്ഷകർക്ക് മധുരമായി രണ്ടാം ഭാഗം. 👌