ആഗ്നസ് (കെല്ലി മക്ഡൊണാൾഡ്) ഒരു സാധാരണ അമേരിക്കകാരി വീട്ടമ്മയാണ്. ഭർത്താവ് ലൂയിസിനും (ഡേവിഡ് ഡെൻമാൻ) രണ്ട് ആൺമക്കൾക്കുമൊപ്പം അവൾ ജീവിക്കുന്നു.
കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ആഗ്നസാണ്. ഭക്ഷണം പാകം ചെയ്തും, വീട് വൃത്തിയാക്കിയും, കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയും അവളുടെ ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു.
പുറമേ നിന്ന് നോക്കുമ്പോൾ ആഗ്നസിൻ്റേത് നല്ലൊരു കുടുംബജീവിതമാണ്. എന്നാൽ ആഗ്നസിനെ ഒരു വ്യക്തിയായി വീട്ടിൽ ആരും പരിഗണിച്ചതേയില്ല.
അവളുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ,കഴിവുകൾ ഇതൊന്നും കുടുംബത്തിലുള്ളവർ ചിന്തിക്കുന്നേയില്ല. എല്ലാവരുടെയും സന്തോഷങ്ങൾക്കിടയിൽ അവൾ സ്വന്തം വ്യക്തിത്വം മറന്നു പോയിരുന്നു.
ആഗ്നസിൻ്റെ ജന്മദിന പാർട്ടിക്ക് ലഭിച്ച എല്ലാ സമ്മാനങ്ങളും അവൾ രാത്രിയിൽ തുറന്ന് നോക്കി. അതിൽ 1000 പീസ് ജിഗ്സോ പസിൽ അവൾക്കു ഏറെ ഇഷ്ടപ്പെട്ടു.അവൾ പസിൽ പരിഹരിക്കാൻ തുടങ്ങി. ചിത്രത്തിലെ ചെറിയ കഷണങ്ങൾ ഓരോന്നായി യോജിപ്പിക്കുമ്പോൾ അവൾക്ക് സന്തോഷം അനുഭവപ്പെട്ടു.
പസിൽ പൂർത്തിയാക്കുന്നതിൽ അവൾക്ക് അസാധാരണമായ കഴിവുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുള്ള പസിലുകൾ അവൾ വളരെ വേഗത്തിൽ പരിഹരിക്കുന്നു.
ഇത് ആഗ്നസിന് പുതിയ തിരിച്ചറിവ് നൽകി.
ഇത്രയും കാലം മറ്റുള്ളവർക്കുവേണ്ടി മാത്രം ജീവിച്ചിരുന്ന അവൾക്ക്, തനിക്കുവേണ്ടിയും എന്തെങ്കിലും ചെയ്യാൻ കഴിവുണ്ടെന്ന് ആദ്യമായി തോന്നി.
പസിൽ അവൾക്ക് ഒരു വിനോദം മാത്രമായിരുന്നില്ല, അവളുടെ ഉള്ളിൽ ഇത്രയും കാലം ഉറങ്ങിക്കിടന്നിരുന്ന കഴിവിനെ കണ്ടെത്തിയ വാതായനമാണ്.
പസിലുകൾ വാങ്ങാൻ ആഗ്നസ് ന്യൂയോർക്ക് സിറ്റിയിലേക്ക് പോകുന്നു. കടയിൽ വെച്ച് ആഗ്നസ് ഒരു പരസ്യം കാണ്ടു. അടുത്ത മാസം നടക്കുന്ന ചാമ്പ്യൻഷിപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ പുതിയ പങ്കാളിയെ അന്വേഷിക്കുന്ന മുൻ പസിൽ ടൂർണമെന്റ് ചാമ്പ്യനായ റോബർട്ടിൻ്റെ (ഇർഫാൻ ഖാൻ) പരസ്യമായിരുന്നു.
റോബർട്ട് ധനികനും ഏകനുമായിരുന്നു. മുൻ ഭാര്യ, അദ്ദേഹത്തിന്റെ പസിൽ പങ്കാളി കൂടിയായിരുന്നു, അവർ അടുത്തിടെ അദ്ദേഹത്തെ ഉപേക്ഷിച്ച് പോയിരുന്നു. അങ്ങനെ ആഗ്നസ്, റോബർട്ടിൻ്റെ പസിൽ പങ്കാളിയായി.
റോബർട്ടിനൊപ്പം പസിലുകൾ പരിശീലിച്ചപ്പോൾ ആഗ്നസിന് മുന്നിൽ പുതിയൊരു ലോകം തുറക്കപ്പെട്ടു. അവൾക്ക് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സ്വന്തം തീരുമാനങ്ങളെക്കുറിച്ച് ചിന്തിക്കാനും അവസരം ലഭിച്ചു.
അവരുടെ ബന്ധം ആഗ്നസിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടൊരു വഴിത്തിരിവായി മാറി.
അതിൽ സൗഹൃദവും പരസ്പരആകർഷണവും ഉണ്ടായിരുന്നു. ആഗ്നസ് ഇതുവരെ അനുഭവിക്കാത്ത സ്വാതന്ത്ര്യം എന്തെന്ന് അവൾ അറിഞ്ഞു തുടങ്ങി.
അവൾ സ്വന്തം കഴിവുകൾ വികസിപ്പിക്കാൻ ശ്രമിയ്ക്കുന്നു. പുതിയ കാര്യങ്ങൾ പഠിക്കുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുന്നു.
ഈ മാറ്റങ്ങൾ കുടുംബത്തിന്റെ പതിവ് ക്രമത്തെ മാറ്റി മറിയ്ക്കുന്നു.
പരിശീലനത്തിന്റെ അവസാന ദിവസം, ആഗ്നസും റോബർട്ടും ഒരുമിയ്ക്കുന്നു. അതിനാൽ അവൾ വീട്ടിലേക്ക് മടങ്ങാൻ വൈകുന്നു. ഭർത്താവ് ലൂയി അവളോട്, അവൾക്ക് മറ്റൊരു ബന്ധമുണ്ടോ എന്ന് ചോദിക്കുന്നു. ആഗ്നസ് റോബർട്ടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി സമ്മതിക്കുന്നു.
ആഗ്നസും റോബർട്ടും ദേശീയ ടൂർണമെന്റിൽ വിജയിക്കുന്നു. തന്റെ വിജയവാർത്ത ആഗ്നസ് മക്കളോട് പറയുന്നു, പക്ഷേ വേൾഡ് ജിഗ്സോ പസിൽ ടൂർണമെന്റിൽ മത്സരിക്കാൻ ഉടൻ ബ്രസ്സൽസിലേക്ക് പോകണമെന്ന കാര്യം അവൾ ആരോടും പറയുന്നില്ല.
ഒരു സ്ത്രീ നല്ല ഭാര്യയും അമ്മയും ആയിരിക്കാൻ, അവൾക്ക് സ്വന്തം ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ടി വരുമോ?
കുടുംബത്തെ സ്നേഹിക്കുന്നതും സ്വന്തം വ്യക്തിത്വം നിലനിർത്തുന്നതും പരസ്പരവിരുദ്ധമായ കാര്യങ്ങളാണോ?
ആഗ്നസിന്റെ ജീവിതത്തിലൂടെ സിനിമ ഈ ചോദ്യങ്ങൾ പ്രേക്ഷകരോട് ചോദിക്കുന്നു.
തന്റെ ഭർത്താവ് ലൂയി, മക്കളായ ഗേബ്, സിഗി, ഗേബിന്റെ കാമുകി നിക്കിയോടും ഒപ്പം ആഗ്നസ് പഴയ അവധിക്കാല വീട്ടിലേക്ക് പോകുന്നു, ആൺകുട്ടികളുടെ സ്വപ്ന സാക്ഷാത്കാരത്തിന് പണം കണ്ടെത്താൻ വേണ്ടി ലൂയി ആ വീട് വിൽക്കാൻ സമ്മതിച്ചിട്ടുണ്ട്.
വേനൽക്കാല വസതിയിൽ വച്ച് ആഗ്നസ് റോബർട്ടിനെ വിളിക്കുന്നു. ബ്രസ്സൽസിലേക്കുള്ള വിമാന യാത്രയെക്കുറിച്ച് റോബർട്ട് അവളെ ഓർമ്മിപ്പിക്കുന്നു. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിന് താൻ വരുന്നില്ലെന്ന് ആഗ്നസ് റോബർട്ടിനെ അറിയിക്കുന്നു.
ജീവിത അനുഭവങ്ങൾ അവളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
അതേസമയം റോബർട്ടുമായുള്ള ബന്ധവും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും അവളുടെ ജീവിതം കൂടുതൽ സങ്കീർണമാക്കുന്നു. അവൾക്ക് പഴയ ജീവിതത്തിലേക്ക് പൂർണമായി മടങ്ങിപ്പോകാൻ കഴിയുന്നില്ല; പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് അത്ര എളുപ്പവുമല്ല.
അവളുടെ യഥാർഥ പോരാട്ടം മറ്റൊരാളെ സ്വന്തമാക്കുന്നതല്ല. മറിച്ച്, ഇത്രയും കാലം മറ്റുള്ളവർക്കുവേണ്ടി മാറ്റിവെച്ച സ്വന്തം ജീവിതത്തെ തിരിച്ചുപിടിക്കുന്നതാണ്.
ആഗ്നസ് മറ്റൊരാളുടെ ഭാര്യയോ അമ്മയോ എന്നതിലുപരി, സ്വന്തമായ ആഗ്രഹങ്ങളും കഴിവുകളും ഉള്ള ഒരു വ്യക്തിയാണെന്ന് തിരിച്ചറിയുന്നു. വേൾഡ് ജിഗ്സോ പസിൽ മൽസരത്തിന് പോകുന്നതിന് പകരം ആഗ്നസ് മോൺട്രിയലിലേക്കുള്ള ട്രെയിനിൽ കയറുന്നു.
(ഇവിടെ സിനിമ തുടരുന്നു.)
ആഗ്നസ് മോൺട്രിയലിൽ ഒരു ജോലിക്കായുള്ള അന്വേഷണം തുടർന്നു. അവളുടെ യോഗ്യതയ്ക്ക് അനുസരിച്ച് അവൾക്ക് ഒരു കഫേയിൽ ജോലി ലഭിച്ചു.
അവളുടെ ക്ഷമാ ശീലവും പാചക നൈപുണ്യവും എല്ലാവരേയും വിസ്മയിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മെട്രോയിൽ വച്ച് ആഗ്നസ് ഒരു പരസ്യം കണ്ടത്.
“പസിൽ സോൾവിംഗ് കുട്ടികളെ പരിശീലിപ്പിക്കാൻ ആളിനെ ആവശ്യമുണ്ട്.”
കഫേയിലെ ജോലിയേക്കാൾ നല്ല ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. പിറ്റേന്ന് ജോലി കഴിഞ്ഞ് അവൾ ആ വിലാസം തിരക്കി ചെന്നു. ആറേഴ് കുട്ടികൾ ജിഗ്സോ പസിൽ മൽസരത്തിൽ ഏർപ്പെട്ടു.അവിടെ നിന്ന മാനേജർ അവളെ ജോലിയിൽ ചേർത്തു.
പുതിയ ജോലി ആഗ്നസ് വളരെ ഇഷ്ടപ്പെട്ടു. നിഷ്കളങ്കരായ കുട്ടികൾ, ആഗ്നസിൻ്റെ കഴിവ് കണ്ട് അത്ഭുതപ്പെട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ കുട്ടികൾ നല്ല വേഗത്തിൽ പസിൽ സോൾവ് ചെയ്യാൻ തുടങ്ങി.കുട്ടികൾക്ക് അവരുടെ പുതിയ പരിശീലകയെ ഇഷ്ടമായി.
അവിടെ വച്ച് അവൾ റോബർട്ടിനെ കണ്ട് മുട്ടി. ഈ സ്ഥാപനം റോബർട്ടിൻ്റെ സുഹൃത്തിൻ്റേതാണെന്നും റോബർട്ട് അവളെ പിന്തുടർന്ന് മോൺട്രിയലിൽ എത്തിയതാണ് എന്നും മാനേജറിൽ നിന്നും അവൾ മനസ്സിലാക്കി. റോബർട്ട്, അവൾക്കു വേണ്ടി മാത്രം തയാറാക്കിയ പരസ്യമാണവൾ മെട്രോയിൽ കണ്ടത്.
“ബ്രസൽസ്സിലെ മൽസരം എങ്ങനെയുണ്ടായിരുന്നു.”
“മൂന്നാം സ്ഥാനം കിട്ടി. എനിക്ക് നല്ലൊരു പങ്കാളി ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഒന്നാമത് ആയേനെ. പക്ഷെ എനിക്കതിൽ സങ്കടമില്ല.”
“ജീവിതം ഒരു പസിൽ പോലെയാണ്. ഓരോ പീസുകളും ചേർത്ത് വച്ച് പസിൽ സോൾവ് ചെയ്യുന്നത് പോലെയാണീ ജീവിതം.”
“അതേ ആഗ്നസിൻ്റെ പസിൽ സോൾവ് ചെയ്യാൻ ലൂയിയേക്കാൾ നല്ലത് റോബർട്ട് ആണ്.”
“അതൊന്നും എനിക്കറിയില്ല.”
“എനിക്കറിയാം ആഗ്നസ്, തുല്യ പങ്കാളിത്തം വേണം. അടുക്കളയിലും വേദിയിലും കിടക്കയിലും… ഞാൻ നിന്നെ സ്നേഹിക്കുന്നതിനോടൊപ്പം ബഹുമാനിക്കുന്നു ആഗ്നസ്.”
ആഗ്നസിൻ്റെ കണ്ണുകൾ ഈറനണിഞ്ഞു.
“നിൻ്റെ രഹസ്യാത്മ ജീവിതം ഇനി വേണ്ട. ഒന്നും ഒളിപ്പിച്ചു വയ്ക്കാതെ, നിൻ്റെ ഇഷ്ടപ്രകാരം നിനക്ക് എന്നോടൊപ്പം ജീവിക്കാം.”
“എനിക്ക് കുറച്ച് സാവകാശം വേണം. എനിക്ക് ലൂയിയിൽ നിന്നും വിവാഹമോചനം നേടണം. പഴയ പോലെ ഒരു അടിമയെ പോലെ അയാളുടെ കീഴിൽ ഇനി എനിക്ക് ജീവിക്കാൻ കഴിയില്ല. എൻ്റെ മക്കളോടും എല്ലാം തുറന്ന് പറയണം. എനിക്ക് എന്റെ മക്കളെ നഷ്ടപ്പെടുത്താൻ കഴിയില്ല. അതുപോലെ എന്നെത്തന്നെയും നഷ്ടപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ല. നിങ്ങളെയും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല റോബർട്ട്.”
ആഗ്നസിൻ്റെ കരങ്ങൾ റോബർട്ടിൻ്റെ കഴുത്തിൽ ചുറ്റി പിടിച്ചു. ചുണ്ടുകൾ അയാളുടെ കവിളിൽ മുദ്ര പതിപ്പിച്ചു.
“സ്നേഹമെന്നാൽ സ്വന്തം ആഗ്രഹങ്ങളെല്ലാം ബലികൊടുക്കുക എന്നല്ല.”
ആഗ്നസ് വീട്ടിലേക്ക് മടങ്ങിയെത്തി, ലൂയിയുമായി അവൾ തുറന്ന് സംസാരിച്ചു. അവരുടെ ദാമ്പത്യത്തിൽ അടുപ്പവും സന്തോഷവും നഷ്ടപ്പെട്ടതായി അവർ തിരിച്ചറിഞ്ഞു. പരസ്പരം കുറ്റപ്പെടുത്താതെ, മാന്യമായി വേർപിരിയാൻ അവർ തീരുമാനിച്ചു.
ആൺമക്കൾ അമ്മയുടെ സന്തോഷവും സ്വാതന്ത്ര്യവും അംഗീകരിച്ചു.
ആഗ്നസ് റോബർട്ടിൻ്റെ വീട്ടിലേക്ക് താമസം മാറി. റോബർട്ട്, ആഗ്നസിനായി പസിലുകൾ പരിശീലിക്കാൻ പ്രത്യേകം മുറിയൊരുക്കി. ആഗ്നസും റോബർട്ടും അന്താരാഷ്ട്ര പസിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു .
പരസ്പരം സ്നേഹിക്കുന്ന രണ്ടു ആത്മാക്കൾ മാത്രമായിരുന്നില്ല അവർ, ഒരാളുടെ സ്വപ്നങ്ങൾക്ക് കരുത്തു പകരുന്ന ജീവിതപങ്കാളികളായി അവർ മാറി. ആഗ്നസിന് സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
പുറത്ത് നല്ല നിലാവുള്ളൊരു രാത്രി, വീടിനുള്ളിൽ മക്കളുടെ ചിരിയും സന്തോഷവും കേൾക്കാമായിരുന്നു. മേശപ്പുറത്ത് പുതിയ പസിൽ തുറന്നു വെച്ചിരുന്നു. റോബർട്ട് ആഗ്നസിൻ്റെ അരികിലിരുന്നു.
അവർ പരസ്പരം സ്നേഹത്തോടെ നോക്കി. അവരുടെ ജീവിതം ഒരു പസിൽ പോലെയായിരുന്നു,ചില പീസുകൾ നഷ്ടപ്പെട്ടിരുന്നു, ചില പീസുകൾ അസ്ഥാനത്തായിരുന്നു, ചിലത് കണ്ടെത്താൻ അവർക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നിരുന്നു.
റോബർട്ടിൻ്റെ മടിയിൽ കിടന്ന് ആകാശം കാണുമ്പോൾ, ഈ ലോകമൊരു പസിലായി ആഗ്നസിന് തോന്നി.
✍️✍️നിഷ പിള്ള

