അപൂർണമായ കാഴ്ചയുടെ ഞെട്ടലിൽ നിന്നും ഇള വെട്ടിത്തിരിഞ്ഞ് നോക്കി. കാർ പാതയോരത്ത് അരികുചേർത്ത് ഒതുക്കി നിർത്തി. പിറകിൽ, അലറി കരയുന്ന വാഹനങ്ങളുടെ ഹോൺ മുഴക്കവും ഹുങ്കാരവും അവൾ അവഗണിച്ചു.
അതെ, അത് ആ സ്ത്രീ തന്നെയാണ്, റിയർ വ്യൂ മിററിലൂടെ കണ്ട രൂപം, ഒരാവൃത്തി കൂടി സ്ഫുടം ചെയ്ത് ഓർത്തെടുക്കാൻ ശ്രമിച്ചു.
കഴിഞ്ഞയാഴ്ച ആശുപത്രിയിൽ, നീളൻ ഇടനാഴിയുടെ കൈവരിയിൽ പിടിച്ച് പുറത്തെ കാഴ്ചകൾ നോക്കി നിന്നിരുന്ന സ്ത്രീ. അലസമായി ധരിച്ച ദുപ്പട്ട തോളിൽ നിന്നും ഊർന്നിറങ്ങി തറയിൽ ഉരുമി കിടന്നിരുന്നത് കണ്ടാണ് അവരെ ശ്രദ്ധിച്ചത്. കണ്ണുകൾ തമ്മിലുടക്കിയപ്പോൾ, കൂസലില്ലാത്ത നോട്ടം പെട്ടെന്ന് മുനയൊടിഞ്ഞ് കാഴ്ചയിൽ നിന്നും മറയുവാൻ ബദ്ധപ്പെട്ടിരുന്ന സ്ത്രീ ഇവർ തന്നെയായിരുന്നില്ലെ? അവൾ ഒന്നുകൂടി വാഹനത്തിലെ കണ്ണാടിയിലേക്ക് നോക്കി.
ആ സ്ത്രീക്ക് തന്റെ മുഖസാമ്യമുണ്ടോയെന്ന് ചോദ്യം, നേർത്ത വലയിൽ കിടന്നു പിടയുന്ന ചെറുപ്രാണി പോലെ, പ്രാണവേദനയിൽ മലർന്ന് കൈക്കാലുകൾ ഇളക്കി അവളെ അലോസരപ്പെടുത്തി. ഉറക്കം വിഴുങ്ങിയ രാത്രികൾ, അവളുടെ വീർത്ത കൺപ്പോളകളിലും കൺത്തടങ്ങളിലും കെട്ടികിടന്നു.
രാവിലെ നടക്കാൻ ഇറങ്ങിയ അച്ഛൻ, മോഷ്ടാവിന്റെ പിടിവലിയിൽ തലയടിച്ചു വീണെന്നും അതുവഴി വന്ന സ്ത്രീയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും വിവരമറിഞ്ഞ് ഓടിയെത്തിയ ഇളയെ അധികൃതർ അറിയിച്ചിരുന്നു.
ആ സ്ത്രീക്ക് തന്റെ മുഖസാമ്യമുണ്ടായിരുവെന്ന സംശയത്തിന്റെ നൂൽ ചുറ്റ് തന്റെ മുന്നിലേക്ക് എറിഞ്ഞിട്ടത് അത്യാഹിതവിഭാഗത്തിലെ ഒരു ജോലിക്കാരിയായിരുന്നു.
അതിനു ശേഷം, ഉരുണ്ടഴിയുന്ന നൂലിൽ കുരുങ്ങി ആ സ്ത്രീയിലൂടെ യാത്ര ചെയ്യുകയായിരുന്നു അവൾ. ആ സ്ത്രീ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയിൽ നിന്നും ആയിരം രൂപ കടം ചോദിച്ചതും തന്നാണെന്ന ധാരണയിൽ അവർ നൽകിയതും അറിഞ്ഞ നിമിഷം മുതൽ എന്തു വികാരമാണ് അവരോടു തോന്നിയിരുന്നത്? ഈർഷ്യയോ, ഭയമോ, അപമാനമോ? അവരെ കണ്ടുപിടിക്കണമെന്ന ആഗ്രഹം വാശിയിലേക്ക് ചേക്കേറിയത് തലകുനിഞ്ഞു പോയ ആ വേളയിലാണ്. ഇനിയും തന്റെ അപര ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ, നടുക്കമായി ഉള്ളിലൂടെ പാഞ്ഞുപോയിരുന്നു.
അച്ഛന്റെ പ്രജ്ഞയുടെ ഒളിച്ചുകളിയിലും ശ്വാസത്തിന്റെ ഉയർച്ചതാഴ്ചകളിലും മിടിച്ചു കൊണ്ടിരുന്ന ദിവസങ്ങളിൽ പലതും അവൾ മറന്നു പോയിരുന്നു. പക്ഷെ ആ സ്ത്രീയുടെ മുഖം, ഓർമ്മകളിൽ നിന്നും മാഞ്ഞുപോകാൻ വിസമ്മതിച്ചിരുന്നു.
തിരക്കു കുറഞ്ഞ നഗരത്തിലെ ചെറിയ കൂൾ ബാറിലേക്ക് കയറിയ സ്ത്രീയുടെ പിറകെ ഇളയും കയറിച്ചെന്നു. അറ്റം അടർന്നു തുടങ്ങിയ നീളൻ മരമേശയുടെ അടുത്തിരിക്കുന്ന സ്ത്രീയുടെ മുഖം കണ്ണാടിയിൽ പ്രതിഫലിച്ച തന്റെ രൂപമെന്ന് തിരിച്ചറിവിൽ, പെരുവിരലിലൂടെ തരിപ്പ് ഊർന്നു കയറി.
‘ഐഡിന്റിക്കൽ ട്വിൻസ്’, ഇള പിറുപിറുത്തു.
തന്റെ അച്ഛനുമമ്മയും പറഞ്ഞിരുന്ന ഇരട്ട സഹോദരിയെ കണ്ടെത്താൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും തന്നെ പേടിപ്പെടുത്തുന്ന അപരവ്യക്തിയായി മുന്നിൽ നിൽക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.
അവർക്കിടയിലെ മൗനത്തിന്റെ കനം കുറഞ്ഞ തോടു മുട്ടിയുടച്ച ശബ്ദം.
“ഹായ്”, ആ സ്ത്രീ ഇളയുടെ മുന്നിലേക്ക് നീങ്ങി നിന്നു. തന്നെ കൊത്തിവലിക്കുന്ന ഇളയുടെ നോട്ടം അവളെ തളർത്തിയില്ല.
“ഞാൻ അദിതി, ഇള എന്നെ തിരഞ്ഞായിരിക്കും ഇവിടെ വന്നതല്ലെ? എന്നോട് പലതും ചോദിക്കാൻ കാണുമല്ലോ, വരൂ നമുക്കങ്ങോട്ടിരിക്കാം.” അവൾ ഒഴിഞ്ഞ കോണിലേക്ക് വിരൽ ചൂണ്ടി.
മഹിഷാസുരവധത്തിന് തങ്ങളുടെ ദൈവീകശക്തി ദുർഗ്ഗാദേവിയിലേക്ക് ഒഴുക്കി, നിശ്ചലരായി നിന്ന ദേവഗണങ്ങളെ പോലെ ഇളയും തറഞ്ഞു നിന്നു. അവളുടെ ബുദ്ധിയും വിവേകവും അദിതിയിലേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു.
ആരേയും കീഴടക്കുന്ന മാസ്മരിക പ്രഭാവം അദിതിയിൽ ഉറവയെടുക്കുന്നത് ഇളയറിഞ്ഞു.
“നിങ്ങളല്ലെ എന്റെ അച്ഛനെ ആശുപത്രിയിൽ എത്തിച്ചത്?”
ഉം… തണുപ്പു കുറഞ്ഞ ജ്യൂസ് രണ്ടുപേർക്കും ഓർഡർ ചെയ്യുന്നതിനടയിൽ അദിതി മൂളി.
“റൂറൽ ഡെവലെപ്പ്മെന്റ് ഓഫീസർ ഇള ജയശങ്കറിന്റെ പേരിൽ ആയിരം രൂപ വാങ്ങിയ അപരയും ഞാൻ തന്നെ “, കുറ്റസമ്മതം നിഴലിക്കാത്ത വാക്കുകളിൽ പറഞ്ഞു നിർത്തി.
തടുത്തു നിർത്തിയ രോഷം, തടയണ തകർത്ത് പുറത്തേക്ക് കുതിച്ചു.
“നാണമില്ലെ നിങ്ങൾക്ക്, ഇത്തരം തട്ടിപ്പുകൾ ചെയ്യുന്നതെന്തിന്? ചോദിച്ചാൽ ഞാൻ തരുമായിരുന്നല്ലോ, അച്ഛനെ ആശുപത്രിയിൽ എത്തിച്ചതിനുള്ള പ്രതിഫലം.”
“എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. കൈയിൽ കരുതിയ പണം തീർന്നിരുന്നു. പ്രതിഫലമായി ഞാനതിനെ കണ്ടിട്ടില്ല “, വിശ്വസിക്കണമെന്ന് ശാഠ്യമില്ലാത്ത സ്വരം അലസമായിരുന്നു.
“ഇളയുടെ മുന്നിലെത്താൻ കുറച്ചു കൂടി സമയം വേണമെന്ന് കരുതിയാണ് അച്ഛനെ പിന്തുടർന്നത്, ഞാൻ എന്നെ തന്നെ ഒരുക്കുകയായിരുന്നു. നിങ്ങളുടെ പാസ്റ്റ് എത്രത്തോളം നിങ്ങളറിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയില്ലല്ലോ.”
“സാമൂഹ്യബോധത്തിന്റെ അതിരുകൾ വരയാത്ത എന്നെപോലുള്ളവരുടെ ജീവിതമല്ലല്ലോ ഇളയുടേത് “, അദിതിയുടെ നോട്ടത്തിന് മൂർച്ചയേറുന്നുവെന്ന് ഇളയ്ക്കു തോന്നി.
“അറിയാം… എന്നെ അനാഥാലയത്തിൽ നിന്നും ദത്തെടുത്തതാണെന്നും എനിക്ക് ഒരു ഇരട്ട സഹോദരിയുണ്ടെന്നും ഞാനറിയണമെന്ന് അച്ഛന് നിർബ്ബന്ധമായിരുന്നു.”, ഇള
സന്തോഷവും സന്താപവും കൂടിക്കലർന്ന
തുരുമ്പെടുത്ത കാലത്തിന്റെ അവശിഷ്ടം പുറത്തെടുത്തിട്ടു.
“ആദ്യം അവർ ദത്തെടുക്കാൻ തീരുമാനിച്ചിരുന്നത് എന്നെയായിരുന്നു എന്നറിയാമോ?”
അദിതി നിർനിമേഷയായി പുറത്തേക്ക് നോക്കിയിരുന്നു.
“ഇല്ല, എനിക്കറിയില്ല”, ചില വാക്കുകളുടെ ഭാരം ഇരുമ്പിനേക്കാൾ കനപ്പെട്ടതെന്ന മട്ടിൽ ഇളയുടെ തലകുനിഞ്ഞു.
രണ്ടു ഇരട്ടപെൺകുട്ടികളിൽ മിടുക്കിയായ അദിതി, ഇളയേക്കാൾ എളുപ്പത്തിൽ ലോകത്തിൽ ജീവിച്ചു പോകുമെന്നും അതിനാൽ മാറി ചിന്തിച്ചു കൂടെയെന്ന കെയർ ടെയ്ക്കറുടെ ചോദ്യമായിരുന്നു അവർ ഇരുവരുടെയും ജീവിതത്തിന്റെ ദിശമാറ്റിയത്.
നിസ്സഹായതയുടെ മുനമ്പിലേക്ക് ഇളയെ കൊണ്ടെത്തിച്ച സത്യം. തനിക്കതിൽ പങ്കില്ലെങ്കിലും ഇളയുടെ രോഷം പറിച്ചെറിയുവാൻ, ശക്തിയുള്ള അറിവ്.
“സോറി… നിങ്ങൾ ഇപ്പോൾ ഇവിടെ?”
അദിതി പുഞ്ചിരിച്ചു.
“നേരം വൈകി, നാളെ പറയാം. പറ്റുമെങ്കിൽ ഒരു ഡ്രൈവിന് പോകാം, ഹൈറേഞ്ച് ഓഫ് റോഡ് ഡ്രൈവ് എനിക്കിഷ്ടമാണ്, നാളെ അതിരാവിലെ ഞാൻ നിങ്ങളുടെ വീടിനു മുന്നിൽ വരാം. ഹൈറേഞ്ചിലെ നിങ്ങളുടെ കാപ്പിത്തോട്ടങ്ങൾ കാണണമെന്നുണ്ട്. ബാക്കി നാളെ പറയാം.” അദിതി പുറത്തിറങ്ങാൻ ഒരുങ്ങി.
ഇള തലയിളക്കി, സമ്മതം അറിയിച്ചു.
‘ഞാൻ ഈ സ്ത്രീയുടെ കളിപ്പാവയാകുന്നത് എത്രയെളുപ്പത്തിലാണ്. എന്നെ കുറിച്ച് പലതും അവർ അറിഞ്ഞു വെച്ചിരിക്കുന്നു.’ ഇളയുടെ ആത്മഗതം കുറച്ചുറക്കെ ആയിരുന്നു. ആകാംക്ഷയും അസ്വസ്ഥതയും അവളിൽ പടർന്നു കയറി.
പുലരിയുടെ ഇളം തണുപ്പിൽ ഫോർ വീൽ ഡ്രൈവ് എസ് യു വി (SUV) റോഡിലിറങ്ങി. പത്രക്കാരും പാൽക്കാരും ധൃതിവെച്ചു പായുന്ന നിരത്തിൽ അവർ തിരക്കില്ലാതെ നീങ്ങി.
അമ്പലങ്ങളും പള്ളികളും ഭക്തരെ കാത്ത് വെളിച്ചം തെളിയിച്ചു കാത്തു നിന്നിരുന്നു. മിന്നുന്ന താഴികക്കുടങ്ങളും ആകാശം തുളക്കുന്ന ഭീമൻ കുരിശുകളും ചെറിയ കുഞ്ഞിന്റെ കൗതുകത്തോടെ നോക്കിയിരിക്കുന്ന അദിതിയെ ഇള ഒളിക്കണ്ണിട്ടു നോക്കി.
വാഹനം മെയിൽ റോഡിൽ നിന്നും ഇടറോഡുകളിലേക്കു തിരിഞ്ഞു. അവിടെ നിന്ന് കുത്തനെ കയറുന്ന ചുരം റോഡിലൂടെ മുരണ്ടു കയറി.
അവരുടെ നീണ്ട യാത്ര അവസാനിച്ചത് വിശാലമായ കാപ്പിത്തോട്ടത്തിനു മുന്നിലായിരുന്നു. തോട്ടത്തിനു ചുറ്റും കമ്പിവേലി കെട്ടിയുറപ്പിച്ചിരുന്നു. ഗേറ്റു കടന്നാൽ തോട്ടം പകുക്കുന്ന ഇരുവശവും കരിങ്കൽ ഭിത്തി കെട്ടിയ നടപ്പാത. നടവഴി ചെന്നുമുട്ടുന്ന ചെറിയ ബംഗ്ലാവും കാവൽപ്പുരയും സ്റ്റോർ മുറികളും. കണ്ണെത്താദൂരം പരന്നു കിടക്കുന്ന തോട്ടത്തിന്റെ പച്ചപ്പും ശാന്തതയും അതീന്ദ്രീയ രാഗഭാവങ്ങളോടെ അദിതിയെ മോഹിപ്പിച്ചു.
മുളങ്കൊട്ടകൾ കൊണ്ടു തീർത്ത ഇരിപ്പടങ്ങളിൽ, ഏലക്കായും ചുക്കും ചതച്ചിട്ട കാപ്പിയുടെ രുചി നുണഞ്ഞ് അവർ ഇരുന്നു.
അദിതി, മൂക്കുവിടർത്തി കാപ്പിപ്പൂക്കളുടെ സുഗന്ധം വലിച്ചെടുത്തു, മൗനമായി ചെടികളോടു സംവദിച്ചു. ‘നിങ്ങളോടു ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നെ ലക്ഷ്യത്തിലെത്തിച്ചത് നിങ്ങളാണല്ലോ.’
“ഇനി പറയൂ, നിങ്ങൾ ഓർഫനേജിൽ നിന്നും എന്നാണ് പുറത്തിറങ്ങിയത്?”
“ഇളയ്ക്ക് കേൾക്കണമെന്ന് നിർബ്ബന്ധമാണോ? എല്ലാം പ്ലാൻ ചെയ്തു ജീവിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാകും.”
യാത്രകൾ, കാഴ്ചകൾ ഏറെ മോഹിച്ചിരുന്ന പെൺകുട്ടി, അദിതി. ഓർഫനേജിന്റെ കനത്ത മതിലുകൾ അവളുടെ കാഴ്ച മറച്ചു. ചെറിയ കുറ്റത്തിനു പോലും കടുത്ത ശിക്ഷകൾ, അവളെ തളർത്തിയില്ല പകരം നിഷേധിയാക്കി. പകരം വീട്ടാൻ ഫണം വിടർത്തുന്ന സർപ്പം എന്നും ഉള്ളിൽ പുളഞ്ഞു.
അത്താഴസമയത്ത് പച്ചരിച്ചോറിൽ ചത്തുമലച്ച പുഴുക്കളെ പെറുക്കി കാണിച്ചതിന് സ്റ്റോർ റൂമിന്റെ ഇരുട്ടിൽ പൂട്ടിയിട്ട രാത്രി. ഇരുട്ടും തണുപ്പും വിശപ്പും ശരീരത്തിൽ പതിഞ്ഞ ചൂരൽപ്പാടുകളിലെ പുകച്ചിലും ജ്വലിപ്പിച്ച പ്രതിരോധം. പിറ്റേന്ന് രാവിലെ സ്റ്റോർ റൂം തുറക്കാനെത്തിയ വാർഡനെ തള്ളിയകറ്റി, മുറിയിൽ പൂട്ടി അവൾ പുറത്തുകടന്നു.
പിന്നീട് യാത്രയായിരുന്നു. തീവണ്ടികൾ മാറി കയറി. ജീവിതകഥ പലരോടും മാററി പറഞ്ഞു, പല പേരുകളും തനിക്കിട്ടു.
സ്റ്റേഷനുകളിൽ ഇറങ്ങി, യാത്രക്കാർ ആവശ്യപ്പെടുന്ന ഭക്ഷണവും വെള്ളവും വാങ്ങി നൽകി. ചെറിയ കുട്ടികളുമായി യാത്രചെയ്യുന്ന അമ്മമാരെ സഹായിച്ചു. അവരുടെ ഭക്ഷണത്തിൽ പങ്കുപ്പറ്റി. വിശപ്പു മൂക്കുമ്പോൾ ഭക്ഷണവും ചെറിയ തുകകളും മോഷ്ടിച്ചു. ചിലർ സഹതപിച്ചു, ചിലർ തെറി വിളിച്ചു. എങ്കിലും പല ഭാഷകൾ പഠിച്ചു, പരിചയങ്ങൾ ചെറിയ ജോലികൾക്ക് അവസരം നൽകി.
ശ്വാസമടക്കി പിടിച്ചിരിക്കുന്ന ഇളയെ തോണ്ടി അദിതി ചിരിച്ചു.
“അതിനിടയിൽ ഞാൻ ഏറെ കാഴ്ചകൾ കണ്ടു. കന്യാകുമാരിയിലെ അസ്തമയം മുതൽ ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികൾ വരെ. ഈ രാജ്യത്ത് മനോഹരമായ കാഴ്ചകൾ ഏറെയുണ്ട്.”
“കാശ്മീരിലെ തടാകങ്ങളും ഗംഗാനദിയിലെ ആരതിയും കുടജാദ്രിയിലെ കോടമഞ്ഞും വീണ്ടും അവിടെയെത്താൻ നമ്മളെ മാടിവിളിക്കും”
ഒഹോ…, ഇള നല്ല കേൾവിക്കാരിയായി.
“മൂകാംബികയിൽ ഞാൻ ത്രിപുരസുന്ദരി, ഡൽഹിയിലെ ജമാ മസ്ജിദിൽ ഷഹനാസ് ബീഗം, ശ്രീനഗറിലെ ദർഗയിലേക്കുള്ള യാത്രയിൽ മെഹർ, കാളീഘട്ടിൽ ദുർഗ, ഞാൻ ഒരാളല്ല, പലയിടത്തും പലരായിരുന്നു.”
അദിതി കാഴ്ചകളുടെ മായികവലയത്തിൽ കറങ്ങുന്നതായി ഇളയ്ക്കു തോന്നി. ദേശത്തിന്റെ ഭൂപടം മനോഹര ദൃശ്യങ്ങളായി അവൾ അടയാളപ്പെടുത്തി.
“ഈ നാട്ടിൽ, ഒരു യുവതി, ഒറ്റയ്ക്ക് ഇത്ര കാലം സഞ്ചരിച്ചു, ജീവിച്ചു എന്നെല്ലാം കേൾക്കുമ്പോൾ… “, ഇള വാചകം മുഴുമിപ്പിച്ചില്ല.
“എളുപ്പമായിരുന്നില്ല, രാവും പകലും പോലെ വ്യത്യസ്തരായ മനുഷ്യർക്കിടയിലെ എന്റെ ജീവിതം. ഒരാൾ വിശന്നു തളർന്ന എനിക്ക് ഭക്ഷണം തന്നു മയക്കി കിടത്തി. പാതിമയക്കത്തിൽ, അയാളുടേയും കൂട്ടുകാരന്റേയും സംസാരത്തിൽനിന്ന് വേശ്യാലയത്തിലേക്കാണ് യാത്രയെന്ന് മനസ്സിലായത്. ഞാൻ ട്രക്കിൽ നിന്നും എടുത്തുചാടി. അന്ന് വീഴ്ചയിൽ തിരിഞ്ഞു പോയതാണ് ഈ കൈപ്പത്തി.” അദിതി ഉടുപ്പിന്റെ നീളൻകൈ മുകളിലേക്ക് വലിച്ചു തെറുത്തു. അല്പം ചെരിഞ്ഞ് ഉയർന്നിരിക്കുന്ന രണ്ടു വിരലുകൾ തൊട്ടു കാണിച്ചു.
ഇള നടുങ്ങുന്നതും അവളുടെ ഉടൽ വിറകൊള്ളുന്നതും അദിതി ശ്രദ്ധിച്ചു.
അടുത്തുണ്ടായിരുന്ന ആശുപത്രിയിലേക്ക് അദിതി എത്തിപ്പെട്ടു. അവിടെ പരിചയപ്പെട്ട ആഗ്നസ് എന്ന ഗോവൻ സ്ത്രീ. ആഗ്നസ് അഗതികളായ രോഗികളെ പരിചരിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. അവിടെ കഴിഞ്ഞ കുറച്ചു മാസങ്ങളിലാണ് അവൾ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചതും അവൾക്ക് ഡ്രൈവിംഗ് പരിശീലനം ലഭിച്ചതും . അദിതി തനിക്കിട്ട പേര് ക്രിസ്റ്റൽ എന്നായിരുന്നു.
അവളറിഞ്ഞ അദിതിയുടെ ജീവിതം തന്നിൽ നിന്നും എത്ര വ്യത്യസ്തമായിരുന്നു എന്നു കണക്കുകൂട്ടുകയായിരുന്നു ഇള.
“അവരെ എന്തിനാണ് വിട്ടു പോന്നത്?”, ഇള ചോദിച്ചു.
“ആഗ്നസിന്റെ ദിവസങ്ങൾ എന്നിലേക്ക് മാത്രം ചുരുങ്ങാൻ തുടങ്ങി. അവർ പലർക്കും ഉപകാരപ്പെടേണ്ട ആളാണ്. എന്റെ സ്വാർത്ഥതയാകും ഇനിയും അവിടെ തുടരുന്നത് എന്ന് തോന്നി. ഞാൻ ടൂർ ഓപ്പറേറ്റിംഗ് കമ്പനിയിൽ ജോലി ചെയ്യാനും തുടങ്ങിയിരുന്നു. അങ്ങനെയാണ് ഇത്രയും യാത്രകൾ ചെയ്യാൻ സാധിച്ചത്. എന്റെ ഇരട്ടസഹോദരിയെ തേടലും യാത്രയുടെ ഉദ്ദേശങ്ങളിൽ ഒന്നായിരുന്നു. എന്നെങ്കിലും ഞാൻ നിന്നെ കണ്ടെത്തുമെന്ന് കരുതിയിരുന്നു. മികച്ച കാപ്പി കർഷകനുള്ള അവാർഡ് സ്വീകരിക്കുന്ന അച്ഛനോടൊപ്പം നിൽക്കുന്ന ഇളയെ ചിത്രത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞതും നിയോഗമാകാം.”
“അദിതി നീ ഓരോ നിമിഷവും എന്നെ അത്ഭുതപ്പെടുത്തുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നല്ലോ.”
അദിതി പൊട്ടിച്ചിരിച്ചു. യാത്രകളുടെ സൗന്ദര്യം അതിന്റെ അനിശ്ചിത്വമല്ലെ, നമ്മുടെ ജീവിതയാത്ര പോലെ, അടുത്ത നിമിഷം നമ്മളുണ്ടാകുമെന്ന് എന്താണുറപ്പ്?
ഇള മൗനിയായി. അവൾ ആഴമുള്ള ആലോചനയിലേക്ക് നൂണ്ടുപോയിരുന്നു.
മടക്കയാത്രയിൽ, സന്ധ്യ കനത്തു, തോട്ടത്തിനു മുന്നിലുള്ള റോഡിൽ, ആകാശത്തിൽ നിന്നും കോടമഞ്ഞ് താണിറങ്ങുവാൻ തുടങ്ങിയിരുന്നു. വാഹനം മെല്ലെ ചുരമിറങ്ങി.
ശീതകാലത്ത് ഇലപൊഴിക്കുന്ന മരച്ചില്ലയിൽ കരിഞ്ഞുണങ്ങാൻ മടിച്ച ഒററയില. ഒറ്റമുളയിലെ ജീവന്റെ പച്ചപ്പിനെ ഊട്ടിവളർത്തി, ശീതക്കാറ്റിൽ ഉലഞ്ഞ് ഇല ചില്ലയിൽ ചേർന്നുനിന്നു.
“തിരിച്ചു പോകണമെന്ന് അദിതിക്ക് നിർബ്ബന്ധമാണോ?”
“പോണം… നാളെ രാവിലെ ഞാൻ തിരിച്ചുപോകും. ഒന്നു കാണണം, പരിചയപ്പെടണം എന്നുണ്ടായിരുന്നു, എനിക്ക് വാഗ്ദാനങ്ങൾ നൽകിയ ശീലമില്ല, എങ്കിലും ഞാൻ വരും, കാണണം എന്ന് ഇളയ്ക്കു മനസ്സിൽ തോന്നുമ്പോൾ വന്നിരിക്കും.”
ഈറൻ പേറുന്ന ഇരുണ്ട മേഘങ്ങൾ പെയ്തൊഴിയാൻ വെമ്പി. ഇടി മുഴക്കി, ആകാശം മുരണ്ടു. പിണർ പായുന്ന ആകാശത്തേക്കു നോക്കി അദിതി പറഞ്ഞു.
‘മിന്നൽ വള, സീതാദേവിക്ക് പ്രകൃതിദേവി നൽകിയ കൈവള.’
ഇള പുഞ്ചിരിച്ചു.
” ഇള…ആകാശത്തിന്റെ ആകൃതിയെന്താണ്?”, അദിതിയുടെ ചോദ്യത്തിന്റെ പൊരുളറിയാതെ അവൾ കുഴഞ്ഞു.
“ആകാശത്തിന്റെ ആകൃതി? ആകാശം, ഭൂമിയെ പൊതിയുന്നത്… പിന്നെയെന്ത്?”
“അതെ, നമ്മളെ പോലെ ഭൂമിയും ആകാശവും.” അദിതി ഇളയെ കരവലയത്തിൽ പൊതിഞ്ഞു പിടിച്ചു.
“അദിതി എന്ന പേരും സ്വയം വിളിച്ചതാണോ?”
“ഉം… എനിക്കെപ്പോഴും ഭൂമിയെ പൊതിഞ്ഞ് ചേർന്നിരിക്കാൻ “, അദിതിയുടെ കൺപീലികളിൽ പുരട്ടിയ മഷി നനഞ്ഞു, കൺത്തടത്തിനു ചുറ്റും നിറം പടർന്നു.
“യാത്ര പറയുന്നില്ല, ഇനിയും ഏറെ കാഴ്ചകൾ, ഈ അതിരില്ലാത്തവൾക്ക് കാണാനുണ്ട്. തന്നു തീർക്കാൻ ഒരു കടം ബാക്കി വെച്ചാണ് ഞാൻ പോകുന്നത്. ഇളയുടെ അപരയുടെ കടം.” അദിതി നടന്നു തുടങ്ങിയിരുന്നു.
ഒരായുസിന്റെ കടക്കാരിയായി, വഴിയിൽ നട്ട മിഴികളോടെ ഇള, നേർത്ത ഇരുട്ടിലേക്ക് നടന്നകലുന്ന രൂപത്തെ നോക്കി നിന്നു.
********
#നിങ്ങളുടെ പേരിലൊരാൾ.
Reference:
ഇള – ഭൂമി (Sanskrit origin )
അദിതി – ആകാശം, അതിരില്ലാത്തവൾ.
രഘുവംശം – പ്രകൃതിദേവി സീതാദേവിക്ക് മിന്നൽ കൈവളകൾ അണിയിച്ചുവെന്ന സങ്കല്പം.

