രാമായണത്തെയും മഹാഭാരതത്തെയും കേവലം കഥകളായല്ല ഇന്ത്യക്കാർ കാണുന്നത്. നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ് ഇതിലെ കഥാപാത്രങ്ങളും കല്പനകളുമൊക്കെ. സങ്കീർണ്ണമായ ഹൈപ്പർലിങ്കുകൾ ഉള്ള ഈ കഥകൾക്ക് ഒരു ദൃശ്യരൂപം ഉണ്ടാക്കിയെടുക്കുക എന്നത് നല്ല അദ്ധ്വാനം വേണ്ടി വരുന്ന ഒരു ജോലിയാണ്. രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണവും ബി ആർ ചോപ്ഡായും രവി ചോപ്ഡായും സംവിധാനം ചെയ്ത മഹാഭാരതവും ആണ് ഈ കഥകളെ ആസ്പദമാക്കി വന്ന ആദ്യത്തെ പാൻ ഇന്ത്യൻ ശ്രമങ്ങൾ എന്ന് പറയാം. അക്ഷരാർത്ഥത്തിൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ സീരിയലുകളായിരുന്നു ഇത് രണ്ടും. അത്ഭുതകരമായ കഥകളുടെയും വിശ്വാസങ്ങളുടെയും മന്ത്രവാദത്തിന്റെയും ഒക്കെ നല്ല വളക്കൂറുള്ള ഇന്ത്യൻ സമൂഹത്തിൽ അതെല്ലാം വേണ്ടുവോളമുള്ള രണ്ടു കഥകൾ ചരിത്രം സൃഷ്ടിച്ചതിൽ അതിശയമില്ല. ഞായറാഴ്ച രാവിലെ ടി വിയുടെ മുന്നിൽ ദീപം തെളിയിച്ചു പ്രാർത്ഥനാ ഭാവത്തോടെ അത് ആസ്വദിച്ചിരുന്ന കോടിക്കണക്കിനു പ്രേക്ഷകർ ഇന്ത്യയിലുണ്ടായിരുന്നു. ജാതി മത ഭേദമെന്യേ ജനം അത് ആഘോഷിച്ചു. ദൂരദർശൻ മാത്രം നിലവിലുണ്ടായിരുന്ന അക്കാലത്തെ മൊത്തം ടി വി പ്രേക്ഷകരിൽ ഏകദേശം എൺപതു ശതമാനവും കണ്ടിരുന്ന സീരിയലുകളാണ് ഇവ രണ്ടും എന്ന് കണക്കുകൾ തെളിയിച്ചിട്ടുണ്ട്.
ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തെപ്പോലും സാഗറിന്റെ രാമായണം സ്വാധീനിച്ചു എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒൻപതര മണി മുതൽ പത്തു മണി വരെ ഭാരതത്തിലെ തെരുവുകൾ വിജനമായി. എല്ലാ വീട്ടിലും ടി വി ഇല്ലാതിരുന്ന അക്കാലത്ത് ഈ സീരിയൽ കാണാൻ വേണ്ടി ടി വി ഉള്ള വീടുകളിൽ അയൽക്കാർ ഒത്തുകൂടുന്നത് പതിവായി. രാമായണത്തിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കാണാൻ വേണ്ടി മാത്രം കറുപ്പും വെളുപ്പും മാത്രമുള്ള ടെലിവിഷനുകളിൽ നിന്ന് കളർ ടിവികളിലേക്ക് മാറിയവർ ഒരുപാടുണ്ടായിരുന്നു. സംപ്രേഷണ സമയത്ത് കറന്റ് പോയതിന്റെ പേരിൽ ജനങ്ങളും ഇലക്ട്രിസിറ്റി വകുപ്പിലെ ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾ സാധാരണമായിരുന്നു. ബാലീ സുഗ്രീവ യുദ്ധം പോലുള്ള പ്രധാനപ്പെട്ട സംഭവങ്ങൾ വരുന്ന എപ്പിസോഡുകൾ തടസ്സമില്ലാതെ കാണാൻ ജനറേറ്റർ വാടകയ്ക്കെടുത്തു പോലും ജനങ്ങൾ കാത്തിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിരൽത്തുമ്പിൽ ഇഷ്ടമുള്ള എന്തും കാണാൻ സൗകര്യമുള്ള ഇക്കാലത്ത് അതൊന്നും സങ്കൽപ്പിക്കാൻ പോലുമാവില്ല. ഇതിൽ അഭിനയിച്ച താരങ്ങളുടെ ജീവിതവും അതോടെ മാറിമറിഞ്ഞു. മറ്റ് വേഷങ്ങളൊന്നും അഭിനയിക്കാൻ ജനം സമ്മതിക്കാത്ത രീതിയിൽ അവർ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. രാമായണത്തിന് പുറകെ വന്ന ഒരു സീരിയലിൽ മിഡിയും ടോപ്പും അണിഞ്ഞു പ്രത്യക്ഷപ്പെട്ട ദീപിക ചിക്ലിയയ്ക്ക് വലിയ വിമർശനം നേരിടേണ്ടി വന്നത് വലിയ വാർത്തയായിരുന്നു. രാമന്റെ വേഷം ചെയ്തത് കാരണം പുറത്തിറങ്ങി ഒരു സിഗരറ്റ് വലിക്കാൻ പോലും ജനം അനുവദിക്കുന്നില്ല എന്ന് ശ്രീരാമനെ അവതരിപ്പിച്ച അരുൺ ഗോവിൽ തമാശ പറഞ്ഞതും ഓർമ വരുന്നു. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഈ സീരിയൽ വി സി ആറിൽ റെക്കോർഡ് ചെയ്തു പുറത്തു കൊണ്ട് പോയി വിദേശികൾക്ക് വിൽക്കുന്ന സംഘങ്ങൾ അന്നുണ്ടായിരുന്നു. അത്തരം പൈറേറ്റഡ് കോപ്പികൾ കണ്ടു ഇന്ത്യൻ മിത്തോളജിയുടെ ആരാധകരായി മാറിയ പാശ്ചാത്യരെക്കുറിച്ചുള്ള വാർത്തകൾ ചിലയിടത്തൊക്കെ വായിച്ചിട്ടുണ്ട്.
ഈ സീരിയലുകളുടെ വമ്പിച്ച വിജയം സ്വാഭാവികമായും പല നിർമ്മാതാക്കളെയും ആകർഷിച്ചു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഫോർമുല പിന്തുടർന്ന സീരിയലുകൾ ദൂരദർശനിൽ തന്നെ തുരുതുരാ വരാൻ തുടങ്ങി. എന്നാൽ അതിൽ വളരെ ചുരുക്കം സീരിയലുകൾക്ക് മാത്രമാണ് വിജയിക്കാനായത്. വർഷങ്ങൾക്ക് ശേഷം സ്വകാര്യ ചാനലുകൾ പ്രചാരത്തിലായപ്പോളും ഇതേ ട്രെൻഡ് ആവർത്തിക്കപ്പെട്ടു. പക്ഷെ കോർപറേറ്റ് രീതിയിൽ നിർമിക്കപ്പെട്ട അത്തരം “ഭക്തി” സീരിയലുകളിൽ ഇല്ലാതിരുന്നത് ഒന്ന് മാത്രമായിരുന്നു, ഭക്തി. സോണി, സീ ടി വി തുടങ്ങിയ ചാനലുകളിലെ അത്തരം സീരിയലുകൾക്ക് പലപ്പോഴും ഒരു ബോളിവുഡ് സിനിമയുടെ കെട്ടുമാറാപ്പായിരുന്നു ഉണ്ടായിരുന്നത്. സിക്സ് പാക്ക് ബെല്ലി ഉള്ള ശിവൻ, ഡിസൈനർ ടാറ്റൂ അടിച്ചു നടക്കുന്ന ഫ്രീക്കൻ കിഷൻ, റാമ്പ് വോക്ക് മോഡലുകളെ പോലുള്ള അപ്സരസ്സുകൾ തുടങ്ങി വെറും ബോളിവുഡ് കെട്ടുകാഴ്ചകൾ മാത്രമായി അതിൽ പലതും അവസാനിച്ചു. ഇന്ത്യയിലെ പല ഭാഷകളിലും രാമായണത്തെ അടിസ്ഥാനമാക്കി സിനിമകളുണ്ടായി. എൻ ടി രാമറാവുവിനെയും ബാലകൃഷ്ണയെയും പോലുള്ളവർ രാമന്റെ അവതാരങ്ങളായി സ്ക്രീനിൽ നിറഞ്ഞാടി. എന്നാൽ ഇത്തരം സിനിമകളേക്കാൾ കാലത്തെ അതിജീവിച്ചത് കുമ്മായവും സ്നോസവും ഒക്കെ അടിച്ചു ഭംഗി വരുത്തിയ സെറ്റുകളിൽ, പരിമിതമായ സൗകര്യങ്ങളിൽ സൃഷ്ടിക്കപ്പെട്ട രാമായണവും ഭാരതവുമാണ്. ഒരു സംസ്കൃത പണ്ഡിതൻ കൂടിയായിരുന്ന രാമാനന്ദ് സാഗർ എഴുതിയ തിരക്കഥയും സംഭാഷണങ്ങളുമാണ് രാമായണത്തിന് പിൻബലമായതെങ്കിൽ ഒരു ഉറുദു പണ്ഡിതൻ ആയിരുന്ന ഡോക്ടർ റാഹി മഹൂം റാസാ എഴുതിയ ബൃഹത്തായ തിരക്കഥയും സംഭാഷണങ്ങളും മഹാഭാരതത്തിനും അടിത്തറ നൽകി.
നമിത് മൽഹോത്രയുടെ രാമായണം ഇന്നലെയാണ് കണ്ടത്. Dangal , Chhichhore , Chillar Party തുടങ്ങിയ വിനോദ ചിത്രങ്ങളുടെ രചയിതാവും മുംബൈ ഐഐടിയിലെ എഞ്ചിനീയറിംഗ് ബിരുദധാരിയുമായ നിതേഷ് തിവാരിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാമായണം എന്ന ഇതിഹാസത്തിന്റെ മൂലകൃതിയായ വാല്മീകി രാമായണമാണ് നിതേഷ് തന്റെ സിനിമയ്ക്ക് അടിസ്ഥാനമാക്കിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യഭാഗത്തിലുള്ളത് സീതാപഹരണം വരെയുള്ള കഥയാണ് . ബാഹുബലി പോലുള്ള സാങ്കല്പിക കഥകളിൽ നിന്ന് വ്യത്യസ്തമായി നൂറ്റാണ്ടുകളോളം പറഞ്ഞും കേട്ടും ഭാരതീയരുടെ മനസ്സിൽ പതിഞ്ഞ ഒരു ഇതിഹാസം അതർഹിക്കുന്ന ഗാംഭീര്യത്തോടു കൂടി വീണ്ടും അവതരിപ്പിക്കുക എന്നത് ഏതൊരു കലാകാരനേയും അല്പം ഭയപ്പെടുത്തുന്ന ഒരു വെല്ലുവിളിയാണ്. അതിൽ നിതേഷ് തീർച്ചയായും വിജയിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല മേൽപ്പറഞ്ഞ മസാല പുരാണ കോക്ക്ടെയിലുകളിൽ നിന്ന് വ്യത്യസ്തമായി രാമായണം മുന്നോട്ട് വയ്ക്കുന്ന ധാർമികതയുടെ സന്ദേശത്തിലാണ് അണിയറക്കാർ ഊന്നൽ കൊടുത്തിരിക്കുന്നത്. ശ്രീറാം രാഘവന്റെ സഹോദരനും ധൂം, വാർ, പത്താൻ, ടൈഗർ തുടങ്ങിയ സിനിമകളുടെ രചയിതാവുമായ ശ്രീധർ രാഘവനും നിതേഷും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രേയസ് ജയിനൊപ്പം സംഭാഷണങ്ങൾ എഴുതിയിരിക്കുന്നതും നിതേഷ് ആണ്. രാമായണത്തെ അടിസ്ഥാനമാക്കി ഇന്ത്യയിൽ നിന്നിറങ്ങിയിട്ടുള്ള ഏതൊരു സിനിമയെയും കാതങ്ങൾ ദൂരെ നിർത്തുന്ന സാങ്കേതികത്തികവും നിർമാണത്തിലെ ഗുണനിലവാരവും ഒക്കെ ചേർന്ന് ഒരു visual grandeur ആണ് ഈ ചിത്രം. DNEG സൃഷ്ടിച്ച VFX ദൃശ്യങ്ങൾ, അതിമനോഹരമായ സെറ്റുകൾ, കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങൾ, ആഭരണങ്ങൾ തുടങ്ങി വർഷങ്ങൾ നീണ്ട അദ്ധ്വാനം ഈ സിനിമയിൽ ഓരോ സീനിലും തെളിഞ്ഞു കാണാനുണ്ട്. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ചേർന്ന് സൃഷ്ടിച്ച മനോഹരമായ സംഗീതം ഒരു മുഴപ്പും തോന്നിപ്പിക്കാതെ ഇടകലർന്നു കിടപ്പുണ്ട്. ലോർഡ് ഓഫ് ദി റിങ്സ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനർ ആയ Ramsey Avery യും ഗോഡ്സില്ല, അലാദിൻ തുടങ്ങിയ വമ്പൻ സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനർ ആയ രവി ബൻസാലും ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. മാഡ് മാക്സ്, അവതാർ, avengers തുടങ്ങിയ സിനിമകളിൽ ജോലി ചെയ്തിട്ടുള്ള Guy Norris , Terry Notary എന്നിവരാണ് ഇതിലെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ. പറയാനാണെങ്കിൽ കുറെയുണ്ട്. ഛായാഗ്രഹണം, സൗണ്ട് ഒക്കെ ഒന്നാംതരം. തീയറ്ററിൽ , അതും IMAX പോലുള്ള വലിയ സ്ക്രീനുകളിൽ കണ്ടാസ്വദിക്കേണ്ട ഒരു സിനിമയാണിത്. അണിയറക്കാർക്ക് അഭിനന്ദനങ്ങൾ.
നമ്മൾ കണ്ടും കേട്ടും പഴകിയ പല ഭാവനകളെയും പടിക്ക് പുറത്ത് നിർത്താൻ ഈ സിനിമയിൽ അണിയറക്കാർ കാണിച്ച ഔചിത്യം എടുത്തുപറയേണ്ടതുണ്ട്. രാവണൻ തന്നെ ഉദാഹരണം. ഇതുവരെ വന്ന പല ചിത്രങ്ങളിലും രാവണനെ കറുത്ത ഷേഡിലുള്ള ഒരു വില്ലനായിട്ടു മാത്രമാണ് കാണിച്ചിരുന്നത്. ഒരു അസുര രാജാവ് എന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ വരുന്ന ഒരു ഭീകര രൂപത്തിൽ നിന്നും വ്യത്യസ്തനായി രാമായണത്തിൽ പരാമർശിക്കുന്ന അതേ രീതിയിലാണ് ഈ സിനിമയിലെ രാവണനുള്ളത്. സംഗീതത്തിലും സാഹിത്യത്തിലും ആയുധവിദ്യയിലും ജ്യോതിശാസ്ത്രത്തിലും ഒക്കെ നിപുണനായിരുന്നു രാവണൻ. കടുത്ത ശിവഭക്തൻ. കർമം കൊണ്ട് ക്ഷത്രിയനും ജൻമം കൊണ്ട് ബ്രാഹ്മണനുമായിരുന്ന രാവണന്റെ പത്തു തലകൾ സൂചിപ്പിയ്ക്കുന്നത് അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന ഇത്തരം കഴിവുകളെയാണ്. പത്തു മനുഷ്യരുടെ അത്ര അറിവും ബുദ്ധിയുള്ള ഒരാളെന്ന അർത്ഥത്തിലാണ് ആ പ്രയോഗം. എന്നാൽ ഇത്രയും ബുദ്ധിയും അറിവും ഉള്ള ആളായിട്ടും എന്തുകൊണ്ടാണ് രാവണൻ ഒടുവിൽ പരാജയപ്പെടുന്നത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരവും ഈ ചിത്രത്തിലുണ്ട്. അതുപോലെ തന്നെയാണ് രാമനും. ഭഗവാൻ വിഷ്ണുവിന്റെ മനുഷ്യാവതാരമാണല്ലോ ശ്രീരാമൻ. മര്യാദ പുരുഷോത്തമൻ എന്ന വിശേഷണത്തോടു നീതി പുലർത്തുന്ന രീതിയിലാണ് ഈ സിനിമയിൽ രാമനെ അവതരിപ്പിച്ചിരിക്കുന്നത്. ഭൂമിയിൽ ഒരു മാതൃകാ ഭരണാധികാരി എങ്ങനെയായിരിക്കണം എന്ന് കാണിച്ചുതരികയാണ് രാമന്റെ അവതാരോദ്ദേശ്യം എന്നാണ് എന്റെ പരിമിതമായ അറിവ്. സീതയുടെ ചാരിത്രശുദ്ധിയിൽ ഒരു പ്രജയ്ക്ക് സംശയം തോന്നിയതുകൊണ്ടാണ് അഗ്നിശുദ്ധി വരുത്തി വരാൻ രാമൻ ആവശ്യപ്പെടുന്നത്. രാമൻ എന്ന ഭർത്താവല്ല, മറിച്ച് രാമൻ എന്ന ഭരണാധികാരിയാണ് അത് ചെയ്യുന്നത്. ഈശ്വരന്റെ അവതാരമാണെങ്കിൽ എന്തുകൊണ്ടാണ് മാനായി വന്ന മാരീചനെ രാമന് തിരിച്ചറിയാനാവാത്തത് എന്നുള്ള ചോദ്യങ്ങൾക്ക് മറുപടി ഇല്ലാത്തതും അതുകൊണ്ടാണ്. ഒരു നിസ്സാരനായ മനുഷ്യന്റെ എല്ലാ ദൗർബല്യങ്ങളുമുള്ള ആളായിരുന്നു രാമൻ. വാല്മീകി രാമായണത്തിലുള്ള ഇത്തരം സങ്കല്പങ്ങളിലൊന്നും വെള്ളം ചേർക്കാതെയാണ് കഥ പറഞ്ഞു പോയിരിക്കുന്നത്.
കഥാപാത്രത്തിന്റെ പ്രത്യേകതകൾ കാരണം യാഷ് അവതരിപ്പിച്ച രാവണനാണ് കൂടുതൽ ജനപ്രീതി കിട്ടിയത്. എന്നാൽ വളരെ ശാന്തമായി കൈകാര്യം ചെയ്യേണ്ട ഒരു വേഷമാണ് രാമന്റേത്. രാവണനെ വച്ച് നോക്കുമ്പോൾ പല സന്ദർഭങ്ങളിലും ശാന്തനായി നിൽക്കുന്ന, ചിലപ്പോളൊക്കെ പിന്തിരിഞ്ഞു നടക്കുന്ന ഒരാളാണ് രാമൻ. രാവണനുമായി തട്ടിച്ചു നോക്കുമ്പോൾ ക്രൗര്യ ഭാവം തീരെയില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അത്ര എളുപ്പമൊന്നുമല്ല. അതുകൊണ്ടുതന്നെ രൺബീർ കപൂറിന്റെ അഭിനയത്തിൽ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല. മാത്രമല്ല സാത്വികനായ രാമനിൽ നിന്ന് വ്യത്യസ്തമായി ഒരു പോരാളിയായ രാമൻ വരുന്നത് അടുത്ത ഭാഗത്തിലാണ്. യാഷും രൺബീറുമായുള്ള താരതമ്യ പഠനങ്ങൾ അതോടെ അവസാനിക്കുമെന്നാണ് ഞാൻ കരുതുന്നത്. സായി പല്ലവിയും നന്നായിട്ടുണ്ട്. മറ്റു മിക്ക അഭിനേതാക്കളും അതുപോലെ തന്നെ. ലക്ഷ്മണൻ ഒഴികെ. രവി ദുബൈയുടെ ലക്ഷ്മണൻ ആയുള്ള അഭിനയം അടിമുടി കൃത്രിമത്വം നിറഞ്ഞതായിരുന്നു. എങ്ങനെ നടക്കണം, ചിരിക്കണം, ഇരിക്കണം തുടങ്ങി കഥാപാത്രങ്ങളുടെ പൂർണ്ണമായ ശരീര ഭാഷ പഠിപ്പിക്കാൻ മാത്രം പരിശീലകരെ ഈ സിനിമയിൽ നിയോഗിച്ചിരുന്നു എന്നാണ് വാർത്തകളിൽ കണ്ടിട്ടുളളത്. രവി ആ ക്ലാസ്സിലൊന്നും പോയിട്ടില്ല എന്നാണ് തോന്നുന്നത്. കൈകെസിയുടെ വേഷം ചെയ്ത ശോഭനയെക്കുറിച്ചും വിമർശനങ്ങൾ കേട്ടിരുന്നു. പക്ഷെ ആ കഥാപാത്രം അങ്ങനെയാണ്. അതിൽ കൂടുതൽ ശോഭന എന്താണ് ചെയ്യേണ്ടിയിരുന്നത് എന്ന് പിടികിട്ടുന്നില്ല. ഗംഭീരമായ ഒരു തീയറ്റർ എക്സ്പീരിയൻസ് തരുന്ന ചിത്രമാണ് രാമായണം. കിട്ടുന്നതിൽ ഏറ്റവും വലിയ സ്ക്രീനിൽ ഈ സിനിമ കാണാൻ ശ്രമിക്കുക.
ഒന്ന് രണ്ടു കാര്യങ്ങൾ കൂടി പറയാനുണ്ട്. എല്ലാവരും പറയുന്ന പോലെ രാമായണത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം രാമനോ രാവണനോ അല്ല. മറിച്ച് സീതയാണ് എന്നാണ് എന്റെ അഭിപ്രായം. രാവണനോടൊപ്പം കഴിഞ്ഞതിന്റെ പേരിൽ അവളുടെ ചാരിത്ര ശുദ്ധി ചോദ്യം ചെയ്യുമ്പോൾ അതിൽ ഒരു തെറ്റും കാണാതെ അവളോട് അഗ്നിശുദ്ധി വരുത്താൻ ആവശ്യപ്പെടുകയാണ് രാമൻ എന്ന ഭരണാധികാരി. അഗ്നിശുദ്ധി വരുത്തിയ ശേഷവും സീതയ്ക്ക് മോചനമില്ല. ഒരു അലക്കുകാരനും ഭാര്യയും തമ്മിലുള്ള സംഭാഷണം കേൾക്കാനിടയായ രാമൻ നിശ്ചയിക്കുന്നത് പ്രജകളുടെ സംശയങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ്. അതിന് രാമൻ നിർദ്ദേശിക്കുന്ന പരിഹാരമോ, സീതയ്ക്ക് വീണ്ടും ഒരു വനവാസവും. കാട്ടിലേയ്ക്ക് അയക്കപ്പെടുന്ന സീതയ്ക്ക് പക്ഷെ ലക്ഷ്മണൻ അകമ്പടി സേവിക്കുന്നുണ്ട്. വാല്മീകിയുടെ ആശ്രമത്തിൽ അഭയം പ്രാപിക്കുന്ന സീത അവിടെ വച്ചാണ് ലവനും കുശനും ജന്മം നൽകുന്നത്. വർഷങ്ങൾക്ക് ശേഷം അശ്വമേധ സമയത്ത് തന്റെ കുതിരയെ പിടിച്ചുകെട്ടിയ ധൈര്യശാലികളായ കുമാരന്മാർ സ്വന്തം മക്കളാണെന്ന് തിരിച്ചറിയുന്ന രാമൻ സീതയെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. പക്ഷെ അതിനും രാമൻ ഒരു നിബന്ധന വയ്ക്കുകയാണ്. പ്രജകൾക്ക് വേണ്ടി അവൾ വീണ്ടും സ്വതം പരിശുദ്ധി തെളിയിക്കണമെന്ന്. ആദ്യം വനവാസം, പിന്നെ തട്ടിക്കൊണ്ടുപോകൽ, വീണ്ടും വനവാസം തുടങ്ങി എല്ലാം അനുഭവിച്ചയാളാണ് സീത. മക്കളെ പ്രസവിക്കുന്നതും വീരന്മാരായി അവരെ വളർത്തിയെടുക്കുന്നതും സീത ഒറ്റയ്ക്കാണ്. രാജാവായ രാമൻ അവളോട് കാണിച്ചത് എന്തായാലും ഒരു ഭർത്താവ് എന്ന നിലയിൽ ഭാര്യയോട് കാണിക്കാവുന്ന ഏറ്റവും വലിയ വിശ്വാസ വഞ്ചനയായാണ് സീത അതിനെ കാണുന്നത്. സർവംസഹയായ സീത അതെല്ലാം ക്ഷമിക്കുന്നുണ്ടെങ്കിലും ഈ സന്ദർഭത്തിലാണ് അവൾ അതിനെതിരെ നിവർന്നു നിൽക്കുന്നത്. ആവർത്തിച്ചാവർത്തിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ നിന്നുകൊടുക്കാതെ സ്വന്തം മാതാവായ ഭൂമിദേവിയോട് പ്രാർത്ഥിച്ചിട്ട് ഭൂമി പിളർന്നു അമ്മയുടെ മാറിലേക്ക് മടങ്ങുകയാണ് സീത. രാമായണത്തിന്റെ ഉത്തരകാണ്ഡം യഥാർത്ഥത്തിൽ സീതയുടെ ഈ ഗ്ലോറിയുടെ കഥയാണ്. സകലഗുണങ്ങളും ഒത്തിണങ്ങിയ, ഈശ്വരാവതാരമായ രാമനെ തകർത്തെറിഞ്ഞു കൊണ്ട് അഗ്നി പോലെ ജ്വലിക്കുകയാണ് സീത. മുകളിൽ സൂചിപ്പിച്ചതുപോലെ ആരായാലും സ്വന്തം കർമ്മഫലം അനുഭവിച്ചു തന്നെയേ പിൻവാങ്ങാനാവൂ എന്നത് വീണ്ടും ഓർമിപ്പിച്ചുകൊണ്ടാണ് രാമന്റെ ബാക്കിയുള്ള ജീവിതം വാല്മീകി അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും സീതയുടെ ഈ ഒരു ആംഗിൾ അടുത്ത ഭാഗത്തിൽ എങ്ങനെയാവും അവർ അവതരിപ്പിക്കുക എന്ന് കൗതുകത്തോടെ കാത്തിരിക്കുന്നു.
രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങൾ ഭാരതത്തിൽ മാത്രമല്ല ഉള്ളത്. ഗ്രീസ്, മെസപ്പൊട്ടോമിയ , ഇറാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങൾക്കും ഇതുപോലുള്ള ഇതിഹാസങ്ങൾ സ്വന്തമായുണ്ട്. ക്രിസ്തുവിനും വളരെക്കാലം മുമ്പേ ‘എഴുത’പ്പെട്ട ഇത്തരം കഥകൾക്കെല്ലാം പൊതുവായ ചില പ്രത്യേകതകളുണ്ടായിരുന്നു. പ്രകൃതി പ്രതിഭാസങ്ങൾ, അതായത് മഴ, കൊടുങ്കാറ്റ് , കാട്ടു തീ, വന്യ മൃഗങ്ങൾ, മാരകമായ വിഷം വഹിക്കുന്ന ഇഴ ജന്തുക്കൾ തുടങ്ങി അന്ന് മനുഷ്യനെ ഭയപ്പെടുത്തിയിരുന്ന പല സംഗതികളും ഇത്തരം കഥകളിലെ പൊതുവായ ഒരു ഘടകമായിരുന്നു. മനുഷ്യൻ ഗോത്രങ്ങളായി വികസിച്ചു വന്നിരുന്ന അക്കാലത്തെ അധികാര കിടമത്സരങ്ങൾ, യുദ്ധങ്ങൾ , രക്തച്ചൊരിച്ചിലുകൾ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ തുടങ്ങി രാജ്യത്തെയും രാജാവിനെയും കേന്ദ്രീകരിച്ചുകൊണ്ടിരുന്ന ഒരു കഥപറച്ചിലാണ് ഇവയിലെല്ലാമുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മെസപ്പൊട്ടോമിയൻ ഇതിഹാസമായ Epic of Gilgamesh , ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി തുടങ്ങി എല്ലാത്തിലും ഇത് കാണാം. രാമായണത്തിലും മഹാഭാരതത്തിലും ഉൾപ്പെടെ. എന്നാൽ നമ്മുടെ ഇതിഹാസങ്ങളും സമകാലികമായ മറ്റ് ഇതിഹാസങ്ങളും തമ്മിൽ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്. അത് രാമായണവും ഭാരതവും മുന്നോട്ട് വയ്ക്കുന്ന ധാർമിക ചിന്തകളിലാണ്. ഭൗതികമായ തലത്തിൽ നിന്ന് മാറി ഗാഢമായ രീതിയിൽ ആത്മീയതയും ധർമവും കർമവും ഒക്കെ ചർച്ച ചെയ്യുന്ന വേറൊരു ഇതിഹാസം ഈ ലോകത്തില്ല. ഇതിൽ രണ്ടിലുമുള്ള പ്രധാന കഥകളും ഉപകഥകളുമെല്ലാം പറഞ്ഞു വയ്ക്കുന്നത് ധർമത്തെപ്പറ്റിയും കർമ്മ ഫലത്തെപ്പറ്റിയുമാണ്. ഇതിൽ ആർക്കും ഒരു ആനുകൂല്യവുമില്ല. ദൈവത്തിന്റെ അവതാരമായാലും മനുഷ്യനായാലും, ഇനി ഈശ്വരൻ തന്നെയായാലും സ്വന്തം കർമ്മത്തിന്റെ ഫലം, അത് ഗുണമായാലും ദോഷമായാലും അനുഭവിക്കുക തന്നെ വേണം. മറ്റ് സംസ്കാരങ്ങൾ ഭൗതിക ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ ഇന്ത്യൻ ഇതിഹാസങ്ങൾ ആ ഘട്ടമൊക്കെ വളരെ നേരത്തെ തന്നെ മറികടന്നിരുന്നു എന്നാണ് നമ്മുടെ പുരാണങ്ങളിലെയും മറ്റും തത്വചിന്താപരമായ അധ്യായങ്ങൾ സൂചിപ്പിക്കുന്നത്. തീർച്ചയായും ഇത്തരം കഥകൾ നമ്മുടെ അഭിമാനമാണ്.
വാൽക്കഷ്ണം :
അന്നത്തെ ആൾക്കാർക്ക് ഇത്തരം മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളും ഉണ്ടായിരുന്നോ എന്നും രാമൻ എന്തുകൊണ്ടാണ് വെളുത്തിരിക്കുന്നത് ?, ഇതൊക്കെ ആര്യന്മാരുടെയും ബ്രാഹ്മണന്മാരുടെയും പ്ലാൻ അല്ലേ എന്നൊക്കെയുള്ള വിമർശനങ്ങൾ കണ്ടിരുന്നു. ജന്മം കൊണ്ട് കാട്ടാളനും കർമ്മം കൊണ്ട് കൊള്ളക്കാരനുമായിരുന്ന ഒരാളാണ് ഇത് എഴുതിയത് എന്ന് പോലും ശ്രദ്ധിക്കാതെയാണ് ബാലിശമായ ഇത്തരം വിമർശനങ്ങൾ പലരും നടത്തുന്നത്. സീതയെ വഴിയിലുപേക്ഷിച്ച രാമനെ പാടിപുകഴ്ത്തുന്ന രാമായണം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ് എന്ന് ചില സ്ത്രീപക്ഷക്കാരും പറഞ്ഞു നടക്കുന്നത് കേട്ടു. ഉത്തരകാണ്ഡത്തിൽ സീതയെ എത്ര മനോഹരമായാണ് വാല്മീകി അവതരിപ്പിച്ചിരിക്കുനന്ത് എന്ന് ചിലപ്പോൾ അവർ വായിച്ചുനോക്കിയിട്ടുകൂടിയുണ്ടാവില്ല. രാമായണത്തെ യുക്തിപരമായി വിലയിരുത്തുന്നത് നമ്മൾ ഇപ്പോൾ ശരി എന്ന് കരുതി ചെയ്തുകൊണ്ടിരിക്കുന്ന പലതിനെയും ഒരു നൂറു വർഷം കഴിഞ്ഞ് കീറിമുറിക്കുന്നത് പോലെ വ്യർത്ഥമാണ്. രാമായണം നൽകുന്ന സന്ദേശമാണ് മുഖ്യം

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

2 Comments
രാമായണം Part 1 കണ്ടിരുന്നു. ഇഷ്ടപ്പെട്ടു. രാമായണത്തിന് തന്നെ പല വ്യാഖ്യാനങ്ങളുമുണ്ടല്ലോ. അതുകൊണ്ടായിരിക്കാം ഓരോ കഥാപാത്രവും ഇങ്ങനെ തന്നെ ചെയ്യണമെന്ന് ആളുകൾ ആവശ്യപ്പെടുന്നത്.
വിശദമായ review.👍
അതെ . പക്ഷെ ഈ സിനിമയ്ക്ക് ആധാരം വാല്മീകി എഴുതിയ രാമായണമാണ്. അതിനോട് സിനിമ നീതി പുലർത്തിയിട്ടുണ്ട്.