രണ്ടായിരത്തി പതിനാറിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങാം. UAE യിലെ അറിയപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനായിരുന്നു അഹമ്മദ് മൻസൂർ. ഇടപെട്ടുകൊണ്ടിരുന്ന വിഷയങ്ങൾ പലതും തൊട്ടാൽ പൊള്ളുന്നതായതുകൊണ്ടുതന്നെ പലരുടെയും നോട്ടപ്പുള്ളിയായിരുന്നു മൻസൂർ. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അദ്ദേഹത്തിന്റെ ഫോണിലേക്ക് വിചിത്രമായ ചില മെസ്സേജുകൾ വരാൻ തുടങ്ങിയത്. ആകർഷണീയമായ ചില തലവാചകങ്ങളോടെ ചില ലിങ്കുകളായിരുന്നു അതിലുണ്ടായിരുന്നത്. യൂ എ ഈയിലെ ജയിലുകളിൽ ആരുമറിയാതെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക എന്നതായിരുന്നു അതിലൊരെണ്ണം. ഒറ്റ നോട്ടത്തിൽ തന്നെ ഏതൊരു സന്നദ്ധ പ്രവർത്തകനെയും ആകർഷിക്കുന്ന ഒരു വാചകം. സ്വാഭാവികമായും മൻസൂർ അത് തുറന്നു നോക്കേണ്ടതാണ്. എന്നാൽ താൻ പലരുടെയും ഹിറ്റ് ലിസ്റ്റിൽ ഉണ്ടെന്നതുകൊണ്ടും തന്റെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ബോധവാനായിരുന്ന അദ്ദേഹം അത് തുറന്നില്ല. പകരം കാനഡയിലെ ഒരു സൈബർ സെക്യൂരിറ്റി ലാബായ സിറ്റിസൺ ലാബിലേക്ക് അദ്ദേഹം അതയച്ചു. ഈ ലിങ്ക് പരിശോധിച്ച ലാബ് അധികൃതർ അമ്പരന്നു.…
