അമേലിയ ഓഫീസിൽ നിന്നും പതിവിലും വൈകിയാണ് എത്തിയത്. ആ തണുത്ത മഞ്ഞ് രാത്രിയിൽ, ഉറങ്ങാനായി അവൾ മുറിയിലെ ഹീറ്റർ ഓൺ ചെയ്തു. മഞ്ഞ് തുള്ളികൾ ജനലിനു പുറത്തു വീണു കൊണ്ടിരുന്നു, തെരുവിലെ മഞ്ഞ വെളിച്ചം കാണാനായി അവൾ കർട്ടൻ മാറ്റി നോക്കി. വിജനമായ തെരുവ് നോക്കിയിരുന്നപ്പോൾ അവൾക്ക് ഒരു ശൂന്യത അനുഭവപെട്ടു.
മേശയുടെ മേൽ ഇരുന്ന മമ്മയുടെ ഫോട്ടോയിലേക്ക് അവൾ നോക്കി. അവൾക്കു ജീവിതത്തിൽ ആകെ ഉണ്ടായിരുന്നത് മമ്മയാണ്. മമ്മയുടെ മരണശേഷം അവൾ ഒറ്റപ്പെട്ടു.
മുപ്പത്തിരണ്ട് വയസുള്ള അമേലിയ ഒരു കോളേജ് അദ്ധ്യാപിക ആയിരുന്നു. ഇപ്പോൾ ഫിസിക്സിൽ ഗവേഷണം ചെയ്യുന്നു. ക്വാണ്ടം ഫിസിക്സ് ആണ് അവളുടെ ഇഷ്ട വിഷയം. ഒരു പ്രശസ്ത സർവകലാശാലയിൽ ജോലി ചെയ്തിരുന്ന അമേലിയയുടെ ജീവിതം പുസ്തകങ്ങളും യാത്രകളും നിറഞ്ഞത് ആയിരുന്നു.
മമ്മയുടെ മരണശേഷം അമേലിയയുടെ സ്വഭാവത്തിൽ മാറ്റം വന്നതായി സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു. ചില സമയങ്ങളിൽ അകാരണമായി അവൾ സന്തോഷിക്കുകയും, ചിലപ്പോൾ കരയുകയും , ചിലപ്പോൾ അവരോടു ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നു. അതിനൊക്കെ കാരണം മമ്മയുടെ മരണം മൂലം അവൾക്കുണ്ടായ മാനസിക ആഘാതമാണെന്നാണ് സൈക്കോളജിസ്റ്റിന്റെ അഭിപ്രായം.
ക്വാണ്ടം ഫിസിക്സിൽ, ചെറിയ കണങ്ങളിലെ വലിയ രഹസ്യങ്ങൾ കണ്ടെത്താനായിരുന്നു അവളുടെ ഗവേഷണം. അവൾക്കു ഈയിടെയായി കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഒരു ഇന്ത്യൻ ശാസ്ത്രഞ്ജൻ്റെ മെയിൽ വന്നു. അവളുടെ ഒന്ന് രണ്ടു പേപ്പറുകൾ വായിച്ചാണ് അയാൾ അവൾക്കു മെയിൽ ചെയ്തത്. ദിവസേനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന നൂറോളം മെയിലുകളിൽ നിന്നും അയാളുടെ മെയിൽ മാത്രം ശ്രദ്ധിക്കാൻ കാരണം അയാളുടെ പേരാണ്, വസിഷ്ട് മാധവ്. അവളുടെ യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ ബയോകെമിസ്റ്റിന്റെ പേരും മാധവ് എന്നാണ്.
അവൾ അയാളുടെ മെയിൽ ഓപ്പണാക്കി. അതിൽ അവൾക്കായി ഒരു ചോദ്യം മാത്രം?
“സൂക്ഷ്മ കണികകൾ തമ്മിലുള്ള അദൃശ്യമായ ബന്ധം, അവ തമ്മിലുള്ള അകലം കൂടിയാലും അതേ പോലെ തുടരുമോ? അത് അതെ പോലെ എപ്പോഴും നിലനിൽക്കുമോ?”
ക്വാണ്ടം എൻടാംഗിൾമെന്റ് എന്ന പ്രതിഭാസത്തിനെക്കുറിച്ചാണ് വസിഷ്ടിന്റെ സംശയം.
“സൂക്ഷ്മ കണികകൾ എത്ര ദൂരത്തിലേക്ക് മാറ്റി സ്ഥാപിച്ചാലും (ഭൂമിയിലോ ചൊവ്വയിലോ അല്ലെങ്കിൽ കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയോ ആയാലും)ആ ബന്ധം തുടരുക തന്നെ ചെയ്യും.”
ഒറ്റ വാചകത്തിൽ അവൾ മറുപടി അയച്ചു. അവൾ ലാപ്ടോപ്പ് ഓഫാക്കി. ഉറക്കം വന്നില്ലെങ്കിലും കണ്ണടച്ച് പാട്ട് കേട്ട് കിടക്കാൻ അവൾ ആഗ്രഹിച്ചു.
ഇന്ത്യൻ ഗുരുവിൽ നിന്നും യോഗ പഠിക്കാൻ തുടങ്ങിയതിൽ പിന്നെ മനസിന് ഒരു ആശ്വാസമുണ്ട്. ഇന്ത്യക്കാരോടും അവരുടെ ആചാരങ്ങളോടും ഉള്ള ഇഷ്ടം കൂടിയിട്ടുണ്ട്. അതിനു കാരണം സുഹൃത്തായ മാധവ് ആണ്. അവളുടെ ഇഷ്ടദൈവവും മാധവനാണ്.
അന്ന് രാത്രിയിൽ അമേലിയ ഒരു സ്വപ്നം കണ്ടു. അവൾ തന്റെ ലാബിൽ, കണങ്ങളിലുള്ള പരീക്ഷണം നടത്തുന്നു. സാധാരണ ലാബിൽ അവളെ സഹായിക്കുന്നത് ജൂനിയേഴ്‌സായ പാട്രിക്കും എമിലിയുമാണ്. പക്ഷേ സ്വപ്നത്തിൽ അപരിചിതനായൊരു ഏഷ്യക്കാരനാണ് സഹായിയായി അമേലിയയുടെ കൂടെ നിന്നത്. സ്വപ്നം കണ്ടു ഞെട്ടിയുണർന്നപ്പോൾ അമേലിയ വിയർത്തു പോയി. അവൾക്കു സ്വപ്നത്തിൽ കണ്ട അയാളുടെ മുഖം മറക്കാനായില്ല.
നര വീണ, താടിയുള്ള ഒരു നീണ്ട മുഖക്കാരൻ. ഗോതമ്പിന്റെ നിറമുള്ള അയാളുടെ ചിരിയ്ക്കു വല്ലാത്തൊരു പ്രത്യേകതയുണ്ടായിരുന്നു. അയാളുടെ മുഖത്തെ ആത്മവിശ്വാസം അവളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.
അവൾ ഉണർന്നു കമ്പ്യൂട്ടർ ഓൺ ചെയ്തു. ഇൻബോക്സിൽ , വീണ്ടും വസിഷ്ടിന്റെ മെയിൽ. അമേലിയയുടെ കൈകൾ യാന്ത്രികമായി അത് ഓപ്പൺ ആക്കി.
“എനിക്ക് അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്.”
“നിങ്ങൾ ഞങ്ങളുടെ ലാബിലേക്ക് വരൂ. പരീക്ഷണം കാണാൻ ഞാൻ ഒരു അവസരമുണ്ടാക്കി തരാം.”
അമേലിയ മറുപടി അയച്ചതിനു ശേഷം കണ്ണടച്ച് പുഞ്ചിരിച്ചു. വസിഷ്ടിനു ഒരിക്കലും വരാൻ സാധിക്കില്ല എന്ന കാര്യം അവൾക്കു അറിയാമായിരുന്നു. ഇനി അയാൾ മെയിൽ അയക്കില്ലായെന്നും ആ ശല്യം ഒഴിവായി എന്നും അവൾ കരുതി.
അന്ന് യോഗ ക്ലാസ്സിന് അമേലിയയെ വളരെ നേരത്തെ കണ്ടതിൽ മാധവിന് അത്ഭുതമായി.
“ഇന്നെന്താ നീ പതിവില്ലാതെ നേരത്തെ എത്തിയത്.”
“ഒരു സ്വപ്നം കണ്ടു ഞാൻ നേരത്തെ ഉണർന്നു.”
അമേലിയ പകൽ മുഴുവനും ലാബിലെ തിരക്കിലായിരുന്നു, പാട്രിക് നല്ലൊരു സഹായിയാണ്. എമിലി മിടുക്കി ആണെങ്കിലും അവളുടെ ഈഗോ സഹിക്കാൻ അമേലിയയ്ക്ക് സാധിക്കാറില്ല. എല്ലാവരേക്കാളും അറിവ് സ്വയം ഉണ്ടെന്നു കരുതുന്ന ഒരുവളാണ് എമിലി. ചിലപ്പോൾ അമേലിയയും പാട്രിക്കും അവൾക്കു പണി കൊടുക്കാനായി ലാബിൽ നിന്നും മാറി നിൽക്കാറുണ്ട്. ഒടുവിൽ അവൾ തോൽവി സമ്മതിച്ചു, വന്ന് സഹായം ആവശ്യപ്പെടാറുണ്ട്. ഇന്ന് അങ്ങനെയൊരു ദിവസമാണ്. എമിലി ലാബിൽ എന്തൊക്കെയോ സ്വന്തമായി ചെയ്യുകയാണ്.
എമിലി തോൽവി സമ്മതിച്ചു ലാബിൽ നിന്നും പുറത്തു വരുന്നത് വരെ പാട്രിക് മെയിൽ ചെക്ക് ചെയ്യാനും അമേലിയ ബെൽ റെസ്റ്റിനെക്കുറിച്ചുള്ള പുതിയ ജേർണൽ വായിക്കാനും സമയം കണ്ടെത്തി.
“അമേലിയ , നമ്മുടെ പരീക്ഷണങ്ങൾ കാണാനും പഠിക്കാനുമായി ഇന്ത്യയിൽ നിന്നുമൊരാൾ അനുമതിക്കായി മെയിൽ ചെയ്തിരിക്കുന്നു. യൂണിവേഴ്സിറ്റി, ആ മെയിൽ നമ്മുടെ ഡിപ്പാർട്ട്മെന്റ് ഹെഡിന് ഫോർവേഡ് ചെയ്തിരിക്കുന്നു. അങ്ങനെ പുറമെ നിന്നും ഒരാളെ ഇത്തരം പരീക്ഷണങ്ങൾ കാണാൻ യൂണിവേഴ്സിറ്റി അനുവദിക്കാറില്ലല്ലോ.”
“എന്നിട്ട് ഹെഡ് ഒന്നും പറഞ്ഞില്ലല്ലോ.”
വായന തുടർന്ന അമേലിയ ഒരു നിമിഷം വായന നിർത്തി പാട്രികിന്റെ നേരെ നോക്കി.
“പാട്രിക് അയാളുടെ പേര് വസിഷ്ട് എന്നാണോ.”
പാട്രിക് വീണ്ടും മെയിൽ ഓപ്പൺ ആക്കി.
“അതെ vasisht_anupama എന്നാണ് മെയിൽ ഐഡി, ആ പേര് തനിക്കെങ്ങനെ അറിയാം.”
“ഈ ആള് എന്നും ക്വാണ്ടം എൻടാംഗിൾമെന്റിനെ കുറിച്ചു എന്നോട് മെയിലിൽ സംശയം ചോദിക്കാറുണ്ട്. ഒരു പ്രത്യേക തരം വട്ടാണ്. ഇതയാൾ തന്നെ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.”
“അയാളുടെ പ്രൊഫൈലിൽ അയാളുടെ വിവരങ്ങൾ എല്ലാമുണ്ട്. വസിഷ്ട് മാധവ്, ഇന്ത്യൻ സയന്റിസ്റ്റ് , കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസ്സർ ആണ്. ഫിസിക്സിൽ രണ്ടു പോസ്റ്റ് ഡോക്ടറൽ പേപ്പേഴ്സ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ക്വാണ്ടം ഫിസിക്സ് ആൻഡ് സ്പിരിച്ചാലിറ്റി എന്ന വിഷയത്തിൽ പഠനം തുടരുന്നു.
അപ്പോഴേക്കും എമിലി പുറത്തു വന്നു. പാട്രിക് ഒരു ചിരിയോടെ ലാപ്ടോപ്പ് സ്ലീപ് മോഡിലിട്ടു.
“എമിലി ഫോട്ടോൺ പോളറൈസഷൻ നടത്തി കഴിഞ്ഞോ.”
“ഞാൻ തുടങ്ങി, പക്ഷെ എനിക്കൊരു സംശയം.”
അമേലിയ പാട്രിക്കിനൊപ്പം ലാബിലേക്ക് കയറി. അമേലിയ പാട്രിക്കിന്റെ ചെവിയുടെ അടുത്ത് ചെന്ന് രഹസ്യമായി ചോദിച്ചു.
“വസിഷ്‌ടിന്റെ കുടുംബ പശ്ചാത്തലം.”
എമിലി കേൾക്കുന്നില്ല എന്നുറപ്പ് വരുത്തിയിട്ട് , പാട്രിക് പറഞ്ഞു.
“ഭാര്യ അനുപമ , അയാളുടെ കോളേജ് ക്ലാസ്സ്‌മേറ്റ് ആയിരുന്നു. ഒരേയൊരു മകൻ യുഗ് വസിഷ്ട് , ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആയി ജോയിൻ ചെയ്തു.”
“ഇവിടെയോ? ലണ്ടനിൽ?”
“അതെ , ഭാര്യ ഹൗസ് വൈഫ് ആണ്, രണ്ടു വർഷമായി അവർ ഒരു ലുക്കീമിയ പേഷ്യന്റ് ആണ്. അവർ ഇപ്പോൾ അവരുടെ പേരന്റ്സിന്റെ കൂടെ പട്ടാമ്പിയിലാണ് താമസം. വസിഷ്ട് മുംബൈയിലാണ്.”
“നീ ഇത്രേം വിവരങ്ങൾ എവിടുന്നു സംഘടിപ്പിച്ചു.”
“എൻ്റെ സുഹൃത്ത് മീര നായർ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഉണ്ട്.”
“ഓഹ് ഓഹ് പാട്രിക് , നിന്റെ ഫസ്റ്റ് ലവ് മീര, നീ ഇപ്പോഴും അവളുമായി ബന്ധം തുടരുന്നോ!”
“ബന്ധമൊന്നുമില്ല, സൗഹൃദം. അവളെ എനിയ്ക്കൊരിക്കലും മറക്കാൻ സാധിക്കില്ല. എന്റെ ഭാര്യ എലിസബത്തിന് എല്ലാം അറിയാം.”
“മീരയാണോ വസിഷ്‌ടിനെക്കുറിച്ച് നിന്നോട് പറഞ്ഞത്. അത് നന്നായി. എനിക്കെന്തോ അയാളെക്കുറിച്ചു അറിയാൻ താല്പര്യം തോന്നി.”
“അയാൾ വളരെ നല്ലയാൾ ആണെന്നാണ് മീര പറയുന്നത്. പിന്നെ ഗവേഷണം , പഠനം… കുറച്ചു കിറുക്കനാണ്, രണ്ടു മൂന്നു ദിവസമൊക്കെ തുടർച്ചയായി ലാബിൽ ഇരുന്നു കളയും. നിന്റെ ആകാംക്ഷ കണ്ട് പറയുകയാണ്. അയാൾ ഒരു ഭർത്താവും അച്ഛനുമാണ്.”
“ഏയ് അതല്ല, എനിക്ക് ഈ ഏഷ്യൻസിൽ അത്ര താല്പര്യമില്ല.”
പാട്രിക്കും അമേലിയയും പരസ്പരം നോക്കി പുഞ്ചിരിച്ചു.
അമേലിയ വസിഷ്ടിനെ മറന്നു. രണ്ടു ദിവസം കഴിഞ്ഞു പാട്രിക് ആണ്, വസിഷ്ടിന് ലാബ് സന്ദർശനത്തിനുള്ള അനുമതി, യൂണിവേഴ്സിറ്റി ഹെഡ് നിഷേധിച്ച കാര്യം അവളോട് പറയുന്നത്.
“അത് കഷ്ടമായി പോയല്ലോ പാട്രിക്. ഇനി അയാൾ എന്ത് ചെയ്യും. ഇവിടെ എല്ലാത്തിനും നൂലാമാലകൾ ആണല്ലോ.”
“അതെയതെ , ആ എമിലി ആണെങ്കിൽ ലാബിൽ കാട്ടി കൂട്ടുന്ന ഓരോ കാര്യങ്ങൾ കണ്ടാൽ, അടുത്ത ബുധനാഴ്ച എമിലി ലീവാണ് , ആ സമയത്ത് നമ്മൾ രണ്ടാളും മാത്രം, ആ സമയം നമുക്ക് വസിഷ്‌ടിനെ ഇങ്ങോട്ടു വരുത്താമായിരുന്നു.”
“ഏയ് അതെങ്ങനെ , അവരെങ്ങാനും അറിഞ്ഞാൽ നമ്മുടെ പണി പോകും, ഇത്രയും നാളത്തെ പ്രയത്നം വെറുതെയാകും.”
“അയാൾ നേരിട്ട് ഇവിടെ വരാതെ ഇരുന്നാൽ പോരേ.”
അമേലിയ പാട്രിക്കിനെ സംശയത്തോടെ നോക്കി.
“വസിഷ്ട് ഇപ്പോൾ മകനൊപ്പം ലണ്ടനിൽ ഉണ്ട്. അയാളുടെ നമ്പർ മീരയെനിക്ക് തന്നു. നമുക്ക് വീഡിയോ കാൾ വഴി അയാളെ ആ പരീക്ഷണം കാണിക്കാം, അതിനു എന്താ കുഴപ്പം. നമ്മൾ അല്ലാതെ വേറെ ആരും അറിയില്ലല്ലോ.”
അങ്ങനെ എമിലി ലീവെടുത്ത ദിവസം അമേലിയയും പാട്രിക്കും നേരത്തെ തന്നെ ലാബിലെത്തി. അവർ അതിനായി ദൂരെയുള്ള രണ്ടു ലാബുകൾ സെറ്റ് ചെയ്തു. ആദ്യത്തെ കണിക പാട്രിക്കിന്റെ കയ്യിലും അതിനു A എന്ന് പേരിട്ടു. രണ്ടാമത്തെ കണിക B അമേലിയയുടെ കയ്യിലും. A യിൽ ഉണ്ടാകുന്ന മാറ്റങ്ങൾ B എന്ന കണികയിൽ പ്രതിഫലിക്കുന്നു. രണ്ടു ലാബുകളിൽ ഇരുന്നു അവർ നടത്തിയ പരീക്ഷങ്ങൾ വസിഷ്ടിന് വീഡിയോ കാൾ വഴി കാണാൻ സാധിച്ചു. അയാളുടെ സംശയങ്ങൾക്ക് അമേലിയ വ്യക്തമായി മറുപടി നൽകിക്കൊണ്ടിരുന്നു.
പരീക്ഷണം അവസാനിപ്പിച്ചപ്പോഴും വസിഷ്ടിന്റെ മുഖം മ്ലാനമായിരുന്നു. അന്ന് വൈകിട്ട് അമേലിയയുടെ ഫ്ലാറ്റിൽ വച്ച് നേരിട്ട് കാണാമെന്ന വ്യവസ്ഥയിൽ അവർ പിരിഞ്ഞു. അവൾക്കു തന്റെ ഫ്ലാറ്റിൽ ആരും വരുന്നത് ഇഷ്ടമായിരുന്നില്ല. പാട്രിക്കിന്റെ നിർബന്ധം മൂലമാണ് അമേലിയ അതിനുള്ള അനുമതി നൽകിയത്.
പറഞ്ഞ സമയത്തിന് രണ്ടു മിനിറ്റ് മുൻപ് തന്നെ വസിഷ്ട് അമേലിയയുടെ ഫ്ലാറ്റിലെത്തി. നല്ല പൊക്കമുള്ള നരച്ച താടിയുള്ള ഒരു ഇന്ത്യക്കാരനായിരുന്നു അയാൾ. മഞ്ഞിൽ നിന്നും വന്നതിനാൽ അയാളുടെ കോട്ട് ഊരാൻ അമേലിയ, അയാളെ സഹായിച്ചു. മനോഹരമായ പുഞ്ചിരിയോടെ അയാൾ ഒരു സമ്മാന പൊതി അവളെ ഏൽപ്പിച്ചു.
“വിസ്‌ക്കി ഓർ ടീ? പാട്രിക് വരാൻ വൈകുമെന്ന് പറഞ്ഞു.”
“ടീ വിത്ത് മിൽക്ക്.”
അമേലിയ കൊണ്ട് വന്ന ട്രേയിൽ നിന്നും ചൂടുവെള്ളവും പാലും മിക്സ് ചെയ്ത് തന്റെ പാകത്തിനൊരു ചായ വസിഷ്ട് ഉണ്ടാക്കി. അയാൾ ആസ്വദിച്ച് കൊണ്ട് ചായ കുടിക്കുന്നത് അമേലിയ നോക്കിയിരുന്നു.
നാല്പത്തിയഞ്ചുകാരനായ, സഹൃദയനായ അയാളെ അമേലിയയ്ക്കു വളരെ ഇഷ്ടമായി. ഇയാളെ ആരാണ് വട്ടൻ, കിറുക്കൻ എന്നൊക്കെ വിളിക്കുന്നത് എന്നവൾ ആലോചിച്ചു.
“ഇതൊക്കെ എന്റെ പഠനത്തിനിടയിൽ, ഞാൻ കുറിച്ച ചില സംഗതികളാണ്. ചിലപ്പോൾ വസിഷ്ടിനു അത് ഉപകാരപ്പെടും. ഇതൊന്നും പാട്രിക് അറിയാൻ പാടില്ല. ഞങ്ങളുടെ ലാബിൽ എല്ലാവരും തമ്മിൽ ഒരു രഹസ്യമായ മത്സരമുണ്ട്. ഞാനും അതിന്റെ ഭാഗമാണെങ്കിലും, ഇപ്പോൾ എനിക്ക് അതൊക്കെ മടുത്തു. നിങ്ങൾ ഇത് വായിച്ചു അഭിപ്രായം പറയൂ. എനിക്ക് നല്ലൊരു റിസർച്ച് പാർട്ട്ണറെ ആവശ്യമുണ്ട്.”
വസിഷ്ട് അത്ഭുതത്തോടെ അമേലിയയെ നോക്കി. അയാളുടെ നോട്ടം കണ്ടു അവൾ പറഞ്ഞു.
“ഞാൻ നിർബന്ധിക്കുകയല്ല. നിങ്ങൾക്ക് താല്പര്യമുണ്ടെകിൽ മാത്രം…”
മൂന്ന് പെഗ് വിസ്‌ക്കി അകത്തു ചെന്നപ്പോഴേക്കും അമേലിയ വല്ലാതെ വാചാലയായി. ഫിസിക്സിൽ നിന്നും ജീവിതത്തിലേയ്ക്ക് അവരുടെ ചർച്ച വഴി മാറി. അവൾ തന്റെ തകർന്നു പോയ ബന്ധങ്ങളെക്കുറിച്ചും അമ്മയുടെ മരണത്തെക്കുറിച്ചും സംസാരിച്ചു. പണ്ടേ പരിചിതയായിരുന്ന പോലെ അമേലിയ സോഫയിൽ ഇരുന്ന വസിഷ്ടിന്റെ കയ്യിൽ പിടിച്ചു മുഖം തന്നിലേക്ക് അടുപ്പിച്ചു.
“ഈ ജീവിതത്തിൽ നിങ്ങൾ സന്തുഷ്ടനാണോ വസിഷ്ട്.”
“അതെയതെ, എനിക്കൊരു കുടുംബമുണ്ട്. മകനുണ്ട്.”
“പിന്നെ എന്താണ് നിങ്ങൾക്ക് ഈ ഏകാന്തത.”
“ഏകാന്തതയോ, ഏയ് അങ്ങനെയൊന്നുമില്ല.”
അമേലിയയുടെ കൈയിലിരുന്ന വിസ്‌ക്കി ഗ്ലാസ് പിടിച്ചു വാങ്ങിച്ചു വസിഷ്ട് തന്റെ ചുണ്ടിലേയ്ക്ക് അടുപ്പിച്ചു. അയാൾ മെല്ലെ ഗ്ലാസ്സ് ജാലകത്തിനടുത്തേയ്ക്കു നടന്നു. കർട്ടൻ ഒരു വശത്തേയ്ക്ക് വകഞ്ഞു മാറ്റി.
“ഏകാന്തത…. അത് നിങ്ങൾക്ക് എങ്ങനെ മനസിലായി അമേലിയ.”
“നിങ്ങളുടെ വാക്കുകളിൽ നിന്ന്, നിങ്ങളുടെ കണ്ണുകളിൽ നോക്കിയപ്പോൾ , നിങ്ങൾ ആർക്കോ വേണ്ടി തിരയുകയല്ലേ.”
“എനിക്കറിയില്ല അമേലിയ, അനുപമ അവളെന്റെ ജീവനാണ്. പക്ഷെ എന്നെ മനസിലാക്കാൻ, എന്നെ കേൾക്കാൻ അനുപമയ്‌ക്ക് ഒരിക്കലും സാധിച്ചിട്ടില്ല. പക്ഷെ എന്റെ സ്വപ്നങ്ങളിൽ കടന്നുവന്നവൾ അവളായിരുന്നില്ല. അതിനെ മറികടക്കാൻ ഞാൻ കൂടുതൽ കൂടുതൽ ഗവേഷണങ്ങളിൽ മുഴുകി. എന്നിട്ടും , എന്റെ സ്വപ്നങ്ങളിൽ, ലാബിൽ… വേറെയാരോ.”
“അത് ഞാനായിരുന്നു വസിഷ്ട്, എന്റെ സ്വപ്നങ്ങളിലും നീ വരുമായിരുന്നു. ഞാൻ മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഈ സ്വപ്നം അവസാനിക്കാൻ ഞാൻ മനഃശാസ്ത്രജ്ഞയെ കാണുകയും ധാരാളം മരുന്ന് കഴിക്കുകയും ചെയ്തു. എനിക്കിപ്പോൾ തോന്നുന്നു എന്റെ ആ പ്രശ്നത്തിന് പരിഹാരം ഇപ്പോൾ എന്റെ മുന്നിലുണ്ടെന്ന്.”
അമേലിയ വസിഷ്ടിനെ കെട്ടി പിടിച്ചു ഉമ്മകൾ കൊണ്ട് അയാളുടെ മുഖം നിറച്ചു. ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി അയാൾ നിന്നു. അയാളുടെ മനസ്സിൽ അനുപമ കടന്നു വന്നു. അയാൾക്ക് കുറ്റബോധം തോന്നി.
അമേലിയ നിറച്ച ഗ്ലാസ് വസിഷ്ട് ഒറ്റ വലിപ്പിന് കുടിച്ചു തീർത്തു. അവൾ മേശപ്പുറത്തു വച്ച ബ്രെഡും സ്റ്റീക്കും അവർ മുഖാമുഖമിരുന്നു കഴിച്ചു. അയാളുടെ കുറ്റബോധം ഇല്ലാതായ പോലെ…. രാവേറെ ആകുന്നത് വരെ അവർ സംസാരിച്ചിരുന്നു.
“പാട്രിക് ഇനി വരുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി ഇന്നിവിടെ തങ്ങിയിട്ടു നാളെ രാവിലെ പോയാൽ പോര.”
“ഞാൻ നാളെ ഇന്ത്യയിലേയ്ക്ക് മടങ്ങുകയാണ്. എയർപോർട്ടിൽ പോകുന്ന വഴി യുഗിനെ ഒന്നും കൂടെ കോളേജിൽ പോയി കാണണം.”
“അത് സാരമില്ല, ഞാനും വരാം. എന്റെ കാറിൽ പോകാം. എയർപോർട്ടിൽ ഞാനും വരാം. എനിക്ക് നിങ്ങളെ പിരിയാൻ തോന്നുന്നില്ല.”
അനുപമയ്‌ക്ക് വയ്യാതായതിൽ പിന്നെ ഒരു സ്ത്രീയോടൊപ്പം താൻ അന്തി ഉറങ്ങിയിട്ടില്ല എന്ന കാര്യം വസിഷ്ട് തുറന്നു പറഞ്ഞു. അത് കേട്ട് അമേലിയ പൊട്ടിച്ചിരിച്ചു.
“നിങ്ങൾ വിചാരിക്കുന്ന പോലെ അത്ര മോശമായ സ്ത്രീയല്ല ഞാൻ.”
എപ്പോൾ ഉറങ്ങിയെന്നൊന്നും രണ്ടു പേർക്കും ബോധമുണ്ടായില്ല. അലാറം കേട്ട് ഉണർന്നപ്പോൾ തന്നെ ചുറ്റി വരിഞ്ഞു കിടക്കുന്ന അമേലിയയുടെ കൈകൾ. തലേ ദിവസം നടന്നതൊക്കെ ഓർത്തെടുക്കാൻ പോലും സമയമില്ല. വളരെ വൈകി. അയാൾ അവളെ തട്ടിയുണർത്തി. അവളോടൊപ്പം യുഗിന്റെ കോളേജിൽ പോയി അവനെ കണ്ടു. അമേലിയ അവനെ എയർപോർട്ടിലാക്കി.
“എന്നാലും പാട്രിക് എന്നെ പറ്റിച്ചു, അയാളോട് ഒന്ന് യാത്ര പറയാൻ പോലും പറ്റിയില്ല.”
“അയാൾ വരാഞ്ഞത് നന്നായി. അത് കൊണ്ടാണ് എനിക്ക് നിങ്ങളെ ഇത്രയും സമയം ഒറ്റയ്ക്ക് കിട്ടിയത്. യാത്രയൊക്കെ അയാളോട് ഞാൻ പറഞ്ഞോളാം.”
യാത്ര പറയാൻ നേരത്ത അമേലിയ അയാളെ കെട്ടിപ്പിടിക്കുകയും ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാളുടെ കഴുത്തിൽ കൈ ചേർത്ത് പിടിക്കുകയും ചെയ്തു.
മടങ്ങി വന്നു അയാൾ മുബൈയിൽ ഒരു ലാബിൽ ചേർന്നു. അമേലിയയുടെ പരീക്ഷണ കുറിപ്പുകളാണ് അതിന് കാരണം. അയാൾക്ക് ഇപ്പോൾ ക്വാണ്ടം എൻടാംഗിൾമെന്റ് പ്രിയ വിഷയമായി. പെട്ടെന്ന് അയാളുടെ മനസിലേയ്ക്ക് അമേലിയയുടെ മുഖം കടന്നു വന്നു. കുസൃതി നിറഞ്ഞ അവളുടെ കണ്ണുകൾ, നിറഞ്ഞ പുഞ്ചിരി, വിസ്കി മണക്കുന്ന വായ. തന്റെ യൗവനം മടക്കി തന്ന പെൺകുട്ടിയെ അയാൾ സ്നേഹത്തോടെ ഓർത്തു.
പെട്ടെന്ന് അയാളുടെ ഫോൺ റിംഗ് ചെയ്തു. അമേലിയയുടെ വീഡിയോ കാൾ , ആദ്യമായിട്ടാണ് അങ്ങനെയൊരു വിളി. അയാൾ ആവേശത്തോടെ ഫോൺ അറ്റൻഡ് ചെയ്തു. സുന്ദരിയായി സ്ക്രീനിൽ അമേലിയ.
“ഞാൻ ഇന്നൊരു പരീക്ഷണം നടത്തുകയാണ്. നീ അത് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു വസിഷ്ട്. രണ്ടു കണങ്ങളെ എൻടാംഗിൾ ചെയ്യാൻ ശ്രമിക്കുകയാണ്.”
വസിഷ്ട് ചിരിച്ചു.
“അവയെ വേർതിരിച്ചാലും, ദൂരേയ്ക്ക് മാറ്റിയാലും അവയുടെ ബന്ധം തുടരുമോ?”
“അതെ എത്ര ദൂരെ ആയാലും അവയുടെ ക്വാണ്ടം അവസ്ഥകൾ പരസ്പരം ബന്ധപ്പെട്ടിരിക്കും.”
“അവയെ ലോകത്തിന്റെ രണ്ടു അഗ്രങ്ങളിൽ കൊണ്ട് വച്ചാലോ?”
“എന്നാലും അവയുടെ ബന്ധം തുടരും.”
വസിഷ്ട് ഗൗരവത്തിലായി.
“നമ്മളെ പോലെ തന്നെ… എത്ര അകലെ ആയാലും…”
അമേലിയ പുഞ്ചിരിച്ചു.
“നിങ്ങൾ അത് പേടിച്ചു ഒളിച്ചോടിയതല്ലേ? രണ്ടു രാജ്യങ്ങൾ, ഒരാൾ വിവാഹിതൻ. ഒരാൾ അവിവാഹിത, എന്നിട്ടും നമ്മൾ തമ്മിൽ എന്തോ ഒന്ന്.”
“എന്നെ മനസിലാക്കിയ ഒരുവൾ…”
“എനിക്കും അങ്ങനെയാണ് വസിഷ്ട്. ഐ മിസ് യൂ.”
“ഐയാം ലക്കി, ഐ ഗോട്ട് യൂ.”
മാസങ്ങൾ കടന്നു പോയി. അമേലിയയും വസിഷ്‌ടും ദിവസവും ഫോണിൽ കാണും, സംസാരിക്കും, രണ്ടു പേരുടെയും ഗവേഷണങ്ങൾ അവസാന ഘട്ടത്തിലായിരുന്നു.
“വസിഷ്ട് നമ്മുടെ ബന്ധം എന്താണെന്നു എനിക്കറിയില്ല. നിങ്ങളെ ഒരിക്കൽ കൂടി കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”
“അമേലിയ എനിക്കും നല്ല ആഗ്രഹമുണ്ട്. എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. അനുപമയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി വരുന്നു. രണ്ടാഴ്ച കൂടുമ്പോൾ ഞാൻ നാട്ടിൽ പോയി അവളെ കാണും. കീമോ കഴിഞ്ഞു മുടിയൊക്കെ കൊഴിഞ്ഞ അവളുടെ രൂപം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു.”
“എനിക്ക് നിന്നെ മനസിലാകും വസിഷ്ട്. അല്ല എനിക്ക് മാത്രമേ നിന്നെ മനസിലാകൂ. ഒരേ കണത്തിന്റെ രണ്ടു ഭാഗമാണ് നമ്മൾ. ഞാൻ കാരണം അനുപമ വേദനിക്കരുത്.”
അമേലിയയുടെ നിറഞ്ഞ കണ്ണുകൾ വസിഷ്‌ടിനെ സങ്കടപ്പെടുത്തി.
കൽക്കട്ടയിൽ വച്ച് ആ മാസം നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കാനായി വസിഷ്ടിനു ക്ഷണം വന്നു. അനുപമയുടെ അവസാനത്തെ കീമോ തെറാപ്പിയാണ് നാളെ, അവളോടൊത്തു ആശുപത്രിയിൽ ചെല്ലാമെന്നു വാക്ക് കൊടുത്തതാണ്. പക്ഷേ കൂടെ ചെല്ലാൻ അവൾ സമ്മതിച്ചില്ല.
“വസിഷ്ട് നീ കൊൽക്കത്തയ്ക്ക് പൊയ്ക്കോളൂ. ഇരുപത് കീമോയ്ക്കും എന്റെ കൂടെ വന്നത് എന്റെ അമ്മയും അച്ഛനുമല്ലേ. ഈ കീമോയും അവരോടൊപ്പം ഞാൻ പോയ് കൊള്ളാം. നിനക്ക് കൽക്കത്തയിൽ ലഭിക്കുന്ന അംഗീകാരമാണ് വലുത്. നീ അവിടെ പോകണം.”
അമേലിയയുമായുള്ള മാനസിക ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത് മുതൽ അനുപമ വസിഷ്ടിനെ കൂടുതൽ സ്വതന്ത്രമാക്കാൻ ആഗ്രഹിക്കുന്നു.
തീരുമാനമെടുക്കാൻ വൈകിയത് കൊണ്ട് ആദ്യ ദിവസം ഉച്ചക്ക് ശേഷമാണു വസിഷ്ട് സമ്മേളനത്തിനു എത്തിയത്. അവൻ പ്രധാന ഹാളിലേക്കു കയറുമ്പോൾ ഒരാളുമായി അവൻ കൂട്ടിയിടിച്ചു. ഒരു പെണ്ണാണ് മുന്നിലെന്ന് മനസിലായി. അവർ നിലത്തു വീണ പുസ്തകങ്ങൾ കുനിഞ്ഞു എടുക്കുകയായിരുന്നു.
“സോറി.”
അമേലിയ തലയുയർത്തി നോക്കി.
“വസു, നീ….. വരില്ല എന്ന് പറഞ്ഞിട്ട്.”
“നീ വരുമെന്ന് പറഞ്ഞില്ലല്ലോ അമേലിയ.”
“നിന്നെ ഒരു നോക്ക് കാണാൻ കഴിഞ്ഞെങ്കിലോ എന്ന് കരുതി. എന്റെ പ്രഭാഷണം കേൾക്കാൻ നീ ഉണ്ടായില്ലല്ലോ.”
“നീ ഉണ്ടെന്നു അറിഞ്ഞെങ്കിൽ ഞാൻ ഇന്നലെ വന്നേനെ.”
വർഷങ്ങളായി പരസ്പരം കാത്തിരുന്ന ഒരാളെ കണ്ടത് പോലെ ആയിരുന്നു അവർ പരസ്പരം നോക്കിയത്.
വൈകുന്നേരം കൽക്കത്തയിലെ തെരുവുകളിൽ കൈ കോർത്ത് നടന്നപ്പോൾ വസിഷ്ട് വിതുമ്പി.
“ഇന്ന് അനുപമയുടെ അവസാന കീമോ തെറാപ്പി ആയിരുന്നു.”
ഹോട്ടൽ മുറിയിൽ തന്റെ നഗ്‌നമായ മാറിൽ മുഖം അമർത്തി കിടന്ന അമേലിയയുടെ സ്വർണ്ണ മുടിയിഴകളിൽ തലോടുമ്പോൾ വസിഷ്ട് വിതുമ്പി.
“അനുപമയുടെ തലയിൽ മുടിയൊന്നും അവശേഷിക്കുന്നില്ല.”
“നീ നമ്മുടെ കാര്യം അനുവിനോട് പറയണ്ടായിരുന്നു.”
“എന്നായാലും അവൾ അറിയേണ്ടതല്ലേ. ഇനി ഒരു കുടുംബ ജീവിതം അവൾക്കു കഴിയില്ല എന്ന് അവൾക്കറിയാം. ഞാൻ സ്വതന്ത്രനാകാൻ അവൾ ആഗ്രഹിക്കുന്നു.”
അമേലിയ ലണ്ടനിലേക്ക് തിരികെ മടങ്ങി.
വസിഷ്ട് തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു വച്ചു.”മനുഷ്യ ബന്ധങ്ങൾ ക്വാണ്ടം ബന്ധം പോലെയാണ്. എത്ര അകലെയാണെങ്കിലും , പരസ്പരം കാണാതെയിരുന്നാലും… ഒന്നിനും മാറ്റം വരുന്നില്ല.”
അവർ തമ്മിൽ കണ്ടിട്ട് എട്ടു മാസം പിന്നിട്ടു, പതിവുള്ള സന്ദേശങ്ങൾ അവർ മുടക്കിയില്ല. അമേലിയയുടെ എക്സ് ലവർ അവളുടെ അടുത്തേയ്ക്കു മടങ്ങിയെത്തി എന്ന അറിഞ്ഞ് വസിഷ്ട് വിഷമിച്ചു. വസിഷ്‌ടിന്റെ പുതിയ ശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു. അനുപമ പതിയെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. അവർ ഒന്നിച്ചു യാത്രകൾ ചെയ്തു തുടങ്ങി.
ഒരു സായാഹ്നത്തിൽ ബീച്ചിലിരിക്കുമ്പോൾ അനുപമ വസിഷ്ടിനോട് ചോദിച്ചു.
“വസു നീ സത്യം പറയണം. ആദ്യമായി അമേലിയയെ കണ്ടപ്പോൾ നിനക്കെന്ത് തോന്നി.”
“എന്നെ പൂർണമായും മനസിലാക്കിയ ഒരുവളെ കണ്ടെത്തിയ പോലെ തോന്നി.”
“അപ്പോൾ ഞാൻ? നമ്മുടെ 20 വർഷത്തെ ദാമ്പത്യ ജീവിതം…” അനുപമയുടെ കണ്ണുകൾ നിറഞ്ഞു.
“ഇത്രയും വർഷം ഒന്നിച്ചു ഉണ്ടായിട്ടും. നിന്നെ മനസിലാക്കാൻ, നിന്റെ ഏകാന്തത ഇല്ലാതാക്കാൻ അമേലിയ വേണ്ടി വന്നു അല്ലേ.”
“ഇപ്പോൾ നീ എന്നെ മനസിലാക്കിയല്ലോ അനൂ. ഇനി നമുക്ക് പരസ്പരം മനസിലാക്കി മുന്നോട്ടു പോകാം..”
അനുപമയുടെ കൈകൾ പിടിച്ചു കടൽ തീരത്തു നടക്കുമ്പോൾ ജീവിതത്തിനു പുതിയൊരു അർത്ഥം വന്ന പോലെ വസിഷ്ടിനു തോന്നി. അനുപമയുടെ തോളോളം വളർന്ന മുടിയിഴകളെ അയാൾ തലോടി.
വസിഷ്ട് മുംബൈയിലേക്ക് തിരികെ മടങ്ങി അവനെ അവിടെ കാത്തിരുന്നത് ഒരു അത്ഭുതമാണ്, അമേലിയ. അവൾക്കു ക്വാണ്ടം ഫിസിക്സിലെ ഗവേഷണത്തിനായി ഒരു ഇന്ത്യൻ സ്ഥാപനത്തിൽ ജോലി ചെയ്യാൻ ഒരു അവസരം കിട്ടി. അവൾ ഇന്ത്യയിലെത്തി.
ഓഫീസിൽ വച്ച് അമേലിയ വസിഷ്ടിനെ കണ്ടു മുട്ടി.
“വസു ഞാൻ മടങ്ങിയെത്തി.”
“എന്തിനു?”
“ഗവേഷണത്തിനായി.”
“അതിനു മാത്രമോ?”
“നിന്നെ എപ്പോഴും കണ്ടു കൊണ്ടിരിക്കാൻ…”
അവരുടെ മാനസിക ബന്ധം ഓരോ നിമിഷവും വളർന്നു.
“കണങ്ങളെ പോലെയല്ല, മനുഷ്യ ബന്ധങ്ങൾ നിലനിൽക്കുന്നത് സ്നേഹത്തിലും വിശ്വാസത്തിലുമാണ്.”
അവർ ഒന്നിച്ചു ഗവേഷണങ്ങളുമായി മുന്നോട്ടു പോയി. വസിഷ്ട് എല്ലാ ആഴ്ചയുടെ അവസാന ദിവസങ്ങളിൽ അനുപമയോടൊപ്പം ചിലവഴിച്ചു. അമീലിയയെ തേടി വന്ന അവളുടെ എക്സ് ബോയ്‌ഫ്രണ്ട് നിരാശയോടെ മടങ്ങി ലണ്ടനിലേക്ക് പോയി.
അവരുടെ ഗവേഷണം വിജയമായി. എന്നിട്ടും അമേലിയ ഇന്ത്യയിൽ തുടർന്നു. അവർ ഒരേ സ്ഥാപനത്തിൽ ഒരുമിച്ചു ജോലിയെടുത്തു. പുതിയ ഗവേഷണങ്ങൾ തുടർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ചു യാത്രകൾ ചെയ്തു. എല്ലാം വളരെ സന്തോഷത്തോടെ പോയ സമയത്താണ്, അനുപമയ്‌ക്ക് രണ്ടാമത് ക്യാൻസറിന്റെ ലക്ഷണങ്ങൾ വീണ്ടും തുടങ്ങിയത്. ശ്വാസം മുട്ടൽ തുടങ്ങിയപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വളരെ വൈകിയിരുന്നു. ശ്വാസ കോശത്തിലേയ്ക്ക് പടർന്ന ക്യാൻസറിന്റെ വേരുകൾ അനുപമയെ പരിക്ഷീണയാക്കി.
അനുപമയുടെ രോഗവിവരം അറിഞ്ഞു വസിഷ്ട് തളർന്നു പോയി. അനുപമയുടെ അവസാന ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു. അനുപമയ്‌ക്ക് വളരെ ആശ്വാസമായിരുന്നു അമേലിയയുടെ സാന്നിധ്യം. അമേലിയ കൂടെ നിന്ന് അനുപമയെ പരിചരിച്ചു.
“അനുപമേ ഞാൻ നിന്നെ വളരെ അധികം സ്നേഹിച്ചിരുന്നു.”
വസിഷ്ട് അനുപമയുടെ മുന്നിലിരുന്നു തേങ്ങി.
“എനിക്കറിയാം വസു , നിങ്ങൾ നല്ലൊരു ഭർത്താവായിരുന്ന. യുഗിന് നല്ലൊരു അച്ഛനായിരുന്നു. പക്ഷെ എന്നേക്കാൾ നിങ്ങളെ മനസിലാക്കിയത് അമേലിയ ആയിരുന്നു. ഞാൻ മരിച്ചാൽ നിങ്ങൾ ഒറ്റയ്ക്കല്ല എന്ന കാര്യം എന്നെ ആശ്വസിപ്പിക്കുന്നു. നിങ്ങൾക്കും അമേലിയയെ ഇഷ്ടമാണെന്നു എനിക്കറിയാം. അവളെൻ്റെ സപത്നി.”
അനുപമ വസിഷ്ടിന്റെ കൈ എടുത്തു അമേലിയയെ ഏൽപ്പിച്ചു.
“അമേലിയ നിന്നെ നന്നായി മനസിലാക്കുന്ന ആളാണ് വസിഷ്ട്. യുഗിന് നല്ലൊരു അമ്മയാകാൻ അമേലിയയ്ക്കു കഴിയുമോ എന്നെനിക്കു സംശയമാണ്. എന്നാലും എനിക്ക് സങ്കടമില്ല.”
വസിഷ്ട് അനുപമയുടെ നെറ്റിയിൽ ചുംബിച്ചു. അനുപമയുടെ നിശ്ചലമായ കണ്ണുകൾ തഴുകിയടച്ചു.
അനുപമയുടെ മരണശേഷം സങ്കടപ്പെട്ടുപോയ വസിഷ്ടിനെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വരാൻ അമേലിയയും യുഗും വളരെ പാടുപെട്ടു. മൂന്നുമാസം കഴിഞ്ഞു. അമേലിയയും വസിഷ്ടും വിവാഹിതരാകാൻ തീരുമാനിച്ചു. അതിനെ പറ്റി വസിഷ്ട് മകനോട് സംസാരിച്ചു.
“എനിക്ക് സമ്മതമാണ് അച്ഛാ , അമ്മ എന്നോട് മരിക്കുന്നതിന് മുൻപ് സൂചന തന്നിരുന്നു. അമേലിയയോടൊപ്പം അച്ഛൻ വളരെ സന്തോഷവാൻ ആണെന്ന് എനിക്ക് ആദ്യ ദിവസം എന്നെ കാണാൻ കോളേജിൽ വന്നപ്പോഴേ തോന്നിയിരുന്നു.”
ക്രിസ്തീയ ആചാരപ്രകാരം മുംബൈയിലെ ഒരു പള്ളിയിൽ വച്ച് അവർ വിവാഹിതരായി. വിവാഹ ശേഷം അവർ ഒന്നിച്ചു ലണ്ടനിലെ അമേലിയയുടെ ഫ്ലാറ്റിലേക്ക് മടങ്ങി.
“നമ്മൾ ആദ്യമായി കണ്ടതും ഒന്നിച്ചതും ഇവിടെയാണ്.”
വസിഷ്ട് തന്റെ ബാഗിൽ നിന്നും സ്കോച്ച് വിസ്‌ക്കിയുടെ ബോട്ടിൽ എടുത്തു.
“ഇന്ന് നമുക്ക് കുറച്ചു വിസ്കി ആകാം.”
ഫ്ലാറ്റിനു വെളിയിൽ മഞ്ഞ് വീണ് തുടങ്ങി.
✍️നിഷ പിള്ള.

