അപമാനം നല്ലൊരു അവസ്ഥയാണ്. അത് നിങ്ങൾ ഭക്ഷണംപോലെ, കുറച്ചു തെറിവിളികളുടെ കറികൾകൂടി കൂട്ടിക്കുഴച്ചു, വേദനകളുടെ അച്ചാറുകൾ തൊട്ടുനക്കി, വായിലിട്ട് ചവച്ചരച്ചു വെറുപ്പോടെ തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുണ്ടോ, ഇല്ലെങ്കിൽ അതൊന്നനുഭവിക്കണം.
നിങ്ങൾ ഒരുപക്ഷേ അപമാനിതനല്ലായിരിക്കാം ആയിരിക്കാം, എനിക്കെന്റെ കഥയല്ലേ പറയാനറിയൂ.
ഞാൻ സർവഥാ അപമാനിതനാണ്, അത് രുചിക്കുന്നതിലും, അതിന്റെ മിന്നൽപ്പിണറുകൾ എന്റെ ഞരമ്പുകളിലൂടെ കടന്നുപോകുന്നതും എനിക്കറിയാം.
ചിലപ്പോൾ എന്റെ ജൻമംതന്നെ നിരന്തരമായി അപമാനിക്കപ്പെടാൻ സൃഷ്ടിക്കപ്പെട്ടതായിരിക്കാം. മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടും അവരോടു ആക്രോശിച്ചും എനിക്ക് എന്റെ അപമാനങ്ങളിൽനിന്നു മുക്തിനേടാൻ ശ്രമിക്കാവുന്നതാണ്.
ഒരാൾ നിങ്ങളെ അപമാനിക്കുമ്പോൾ നിങ്ങൾക്കും തിരിച്ചും അത് ചെയ്യേണ്ടി വരും, അതൊരു സ്വയം പ്രതിരോധം എന്ന് വിശേഷിപ്പിക്കാമെങ്കിലും, അതിലൊന്നും ഒരു അർത്ഥവും അയാൾ കണ്ടെത്താറില്ല.
നിങ്ങളാൽ ഞാൻ അപമാനിക്കപ്പെട്ടു, നിങ്ങൾക്ക് അതുകൊണ്ട് സന്തോഷമായോ? ആയിരിക്കണം, അതിനാണല്ലോ എന്നെ നിങ്ങൾ അപമാനിക്കുന്നത്? എന്നെ ഒന്ന് ചെറുതാക്കുക, അല്ലെങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾക്കു മുമ്പിൽ ഞാൻ അടിയറവു പറയുക. നിങ്ങളുടെ പരുഷമായ വാക്കുകൾകൊണ്ട് എന്നെ ഒരു വിലയുമില്ലാത്ത ഒരു മനുഷ്യജന്മമായി തീർക്കുക.
ഒന്ന് പറയാം, നിങ്ങൾ അപമാനിച്ചു എന്ന് കരുതി ഞാൻ ആത്മഹത്യയൊന്നും ചെയ്യില്ല. എല്ലാ അപമാനങ്ങൾക്കിടയിലും എനിക്ക് എന്റേതായ സന്തോഷങ്ങൾ കണ്ടെത്താനുള്ള വിദ്യകളുണ്ട്. രഹസ്യമാണ്, പറഞ്ഞുതരില്ല.
കാരണം എന്നെയും, എന്റെ ആശയങ്ങളും മോഷ്ടിക്കാനും, കുറച്ചു ദൂരം അകലെ കുറച്ചധികംപേര് കാത്തുനിൽക്കുന്നുണ്ട്. നിങ്ങൾ അതിലൊരാളാണെന്നു ഞാൻ പറഞ്ഞില്ല, നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ അതിനു ഞാൻ ഉത്തരവാദിയല്ല.
അപമാനിക്കപ്പെടുമ്പോൾ നിങ്ങൾ ഒരു പുഴുവായി മാറും, ആർക്കും ചവിട്ടിയരക്കാവുന്ന പുഴു. അപ്പോൾ മറ്റുള്ളവരുടെ ചെരുപ്പ് നിങ്ങളെ ചവുട്ടി അരച്ചു തീർക്കാതിരിക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. അതിനു ഒളിക്കുക എന്നല്ല അർഥം, ഒഴിയുക എന്നാണ്.
തീർച്ചയായും ഒഴിഞ്ഞുമാറി പോകുന്നവന്റെ പിന്നാലെയും ആളുകൾ ഓരിയിട്ട് പിറകെ കൂടും, അതൊരു യാഥാർത്ഥ്യമാണെന്നു തിരിച്ചറിയുകയും, അത് മനസ്താപമില്ലാതെ കേൾക്കാൻ കാതുകളെയും മനസ്സിനെയും പഠിപ്പിക്കുക മാത്രമേ നമുക്ക് ചെയ്യാനാകൂ.
ജീവിതത്തിലെ എല്ലാ ദുരിതാനുഭവങ്ങളെയും ഉത്സവങ്ങളാക്കാൻ നാം പഠിച്ചുകൊണ്ടേയിരിക്കണം, അത് കെട്ടിമേളമാകാം, ചെണ്ടമേളമാകാം, അതല്ല വലിയ പെരുമ്പറമേളങ്ങളുമാകാം. കുറച്ച് വലിയ ശബ്ദം വേണം. നമ്മുടെ അപ്പോഴത്തെ മാനസികാവസ്ഥയെ കവച്ചുവെക്കുന്ന ശബ്ദം. ചിലപ്പോൾ ശബ്ദത്തിലും നമുക്ക് കുളിച്ചിറങ്ങിപ്പോരാൻ കഴിയില്ലേ. അങ്ങനെ വലിയ ആരവങ്ങൾക്കിടയിൽ പെരുമ്പറ ശബ്ദങ്ങൾക്കിടയിൽ ചെകിടടഞ്ഞുപോയി നിശ്ശബ്ദമാകുന്ന അവസ്ഥ, അതൊക്കെ വല്ലപ്പോഴും അനുഭവിക്കണം, അപ്പോഴേ ശരിയായ ജീവിതമെന്താണെന്ന് തിരിച്ചറിയാൻ കഴിയൂ.
ഞാൻ എല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ടവനാണെന്ന ഉത്തമബോധ്യം എനിക്കുണ്ട്. കാരണം എന്റെ ജീവിതം ഞാൻ തിരഞ്ഞെടുത്തതാണ്. ഒന്നിനെയും ഞാൻ ഇന്നുവരെ വലിച്ചെറിഞ്ഞു കളഞ്ഞില്ല.
എല്ലാം വലിച്ചെറിഞ്ഞു കളയാൻ നമുക്കാവില്ലല്ലോ, എന്റെ സ്വാതന്ത്ര്യമായിരുന്നു എനിക്ക് വേണ്ടിയിരുന്നത് എങ്കിൽ എനിക്കെന്നേ രക്ഷപ്പെടാമായിരുന്നു. ഞാനതു ആഗ്രഹിക്കാത്തത്, എന്നിൽ ജീവിതത്തോടുള്ള പ്രണയം ഇപ്പോഴും നിറഞ്ഞു നിൽക്കുന്നതിനാൽ ആണ്.
ഒരു ഘട്ടം കഴിയുമ്പോൾ അപമാനം ഒരു അലങ്കാരമാക്കി മാറ്റാൻ നാം പഠിക്കും. ആദ്യം ബിരുദവും, പിന്നെ ബിരുദാനന്തരബിരുദവും, പിന്നെ ഡോക്ടറേറ്റും നാം അതിൽ നേടും. അങ്ങനെയുള്ളവനേ ജീവിക്കാൻ കഴിയൂ.
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എന്നെ അപമാനിക്കാൻ അവകാശമുള്ളതുപോലെയാണല്ലോ നിങ്ങൾ എന്നോട് പെരുമാറുന്നത്, എന്നാൽ അതിനൊപ്പം എല്ലാ അപമാനങ്ങളുംപേറി ജീവിക്കാൻ എനിക്കും അവകാശമില്ലേ?
നിരന്തരമായ അപമാനങ്ങൾ ജീവിതം വേദനയിൽ മുക്കിത്താഴ്ത്തുമെങ്കിലും, ചിലപ്പോഴെങ്കിലും അത്തരം കനത്ത വേദനകൾ, രോഗങ്ങളുടെ വേദനകളെ മറികടക്കാനും സഹായിക്കാറുണ്ട്.
ജീവിതത്തിലെ ഏതൊരവസ്ഥയെയും വളമാക്കി മാറ്റുന്ന തന്റെ ഒരു ചിരിയുണ്ടല്ലോ, അത് ഞങ്ങൾക്കറിയാം എന്നായിരിക്കും നിങ്ങൾ പറഞ്ഞു വരുന്നത്. അതും വേണ്ടേ? എനിക്കും ഇവിടെ ജീവിക്കേണ്ടേ?
@കാവല്ലൂർ മുരളീധരൻ

