നിൻറെ പ്രൊഫൈലിൽ കയറുമ്പോൾ
ഉടലൊരു കള്ളപ്പൂച്ചയാകും
തിളങ്ങുന്ന കണ്ണുകളും
പതുങ്ങിയ കാൽവെയ്പുകളുമായി
അങ്ങിങ്ങ് പതുങ്ങി നടക്കും
ഫ്രണ്ട് ലിസ്റ്റിൽ പരതും
കുശുമ്പിന്റെ കണ്ണുകൾ ചിമ്മിയടക്കും
കലി കൊണ്ട് കൈ നഖങ്ങൾ മൗസിലമരും
കൂർത്ത ചുണ്ടുകളാൽ നിന്റെ
സുന്ദര ചിത്രങ്ങൾ ചുംബിക്കും
ആത്മാവിനെ തുരന്ന് തുരന്ന്
അതിവേഗം ഒരെലിയായി മാറും
ഒടുവിലവിടെ പച്ച തെളിയുമ്പോൾ
മാളത്തിലൊളിക്കും
ഇടക്കിടെ ഉടലീ വേഷം മാറി കളി തുടരും
നീയറിയാതെ..
ഞാൻ പോലുമറിയാതെ