ഗാന്ധി പാർക്കിന് മുന്നിൽ ബസിറങ്ങി അവൾ പാർക്ക് മുറിച്ചു കടന്നു. വെയിൽ ചാഞ്ഞു തുടങ്ങിയ കടൽത്തീരത്ത്, ഉന്തു വണ്ടിയിൽ സാധനങ്ങൾ ഏന്തിയ കച്ചവടക്കാർ, തണൽ തേടി. വീശിയടിക്കുന്ന കാറ്റിൽ, കോട്ടൺ സാരി, പറന്നുയരാൻ വെമ്പുമ്പോൾ മണൽപ്പരപ്പിൽ നടക്കാൻ അവൾ ആയാസപ്പെട്ടു.
ദൂരെ പരിചിതമായൊരു മുഖം കണ്ട് അവൾ തിടുക്കപ്പെട്ടു.
“എന്തിനാ ഇത്ര തിടുക്കം? പതിയെ വന്നാൽ പോരെ? ഞാൻ എവിടെയും പോകില്ല..” നേർത്ത ചിരിയോടെ അയാൾ പറഞ്ഞു.
“അടുക്കുന്തോറും ദൂരം ഏറുന്നത് പോലെ..”
“സുഖമാണോ?”
“സുഖം..”
ഒപ്പമുള്ള ആളിന്റെ മീശയിലും ചെന്നിയിലും നര പടർന്നു തുടങ്ങി. അവൾ ശ്രദ്ധിച്ചു..
“വയസ്സായി തുടങ്ങി..” മീശ തടവി, ചിരിയോടെ അയാൾ അവളെ നോക്കി.
വിട പറയാൻ മടിക്കുന്ന പകലിനെ പോലെ, കണ്ടു മതിവരാതെ, കാപ്പിക്കപ്പിന് ഇരുപുറവും
നിശ്ശബ്ദരായി അവരിരുന്നു.
സ്വപ്നങ്ങളിൽ ചേർത്ത് വെക്കാൻ കടം കൊണ്ടൊരു സായാഹ്നം അവസാനിക്കരുതേയെന്ന പ്രാർഥനയോടെ.. സ്നേഹിച്ചു മതിവരാതെ രണ്ടാത്മാക്കൾ…