ദോശ മറിച്ചിടുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടത്. സ്റ്റോവ് ഓഫ് ചെയ്തു ഞാൻ മുൻവശത്തേക്കു ചെന്നു.
ഒരു ബംഗാളി പുഴുപ്പല്ല് കാട്ടി ചിരിച്ചു നിൽക്കുന്നു. വന്നു വന്നു കണികാണാൻ ഒരു മലയാളി ഇല്ലാതായല്ലോന്ന് മനസ്സിലോർത്തു ഞാൻ അയാളോട് ചോദിച്ചു, “എന്താ?”
“മേം ഷീലാപതി..”
“എന്തൂട്ട് പതി?”
“ഹാം, മേം ഷീലാപതി ഹും…”
“പിന്നെ, നിന്നെ കണ്ടാലും പറയും ശീലാവതി ആണെന്ന്…”
അയാളോട് സംവദിക്കാൻ ഉള്ള ഭാഷ വശമില്ലാത്തത് കൊണ്ട്, സർവ്വവിജ്ഞാന കോശത്തെ വിളിച്ചെഴുന്നേൽപ്പിച്ചു പറഞ്ഞു, “ദേ, നിങ്ങളെ കാണാൻ സുന്ദരിയും സുശീലയുമായ ഒരു ശീലാവതി വന്നു നിൽക്കുന്നു.”
“ങേ.. അതാര്?
“ചെന്ന് നോക്ക്…”
രാവിലെ തന്നെ ഒരു സുമുഖിയെ കണി കാണാനുള്ള പുള്ളിയുടെ ത്വര ഞാൻ ക്ഷമിച്ചു.
ബ്രഷ് ചെയ്യാനുള്ള ക്ഷമയില്ലാതെ വായും മുഖവും കഴുകി പുള്ളിക്കാരൻ മുൻവശത്തേക്ക്
ചെന്നു.
“എവിടെ?”
“ദേ നിൽക്കുന്നു..”
“ഇവനോ? ഇവൻ അമ്മച്ചിടെ അങ്ങ് തൂക്കാനും തുടക്കാനും വരുന്ന ഷീലയുടെ കെട്ടിയോൻ അല്ലേ? ഓ.. ഞാൻ മറന്നു, ഇവനോട് ഇന്ന് തേങ്ങാ ഇടാൻ വരാൻ പറഞ്ഞിരുന്നു…”
കണി മിസ്സായെങ്കിലും കുറേക്കാലം കൂടി തേങ്ങായിടാൻ ആളെ കിട്ടിയ സന്തോഷത്തിൽ പുള്ളി ഷീലാപതിയെ കൂട്ടി പറമ്പിലേക്കിറങ്ങി.
1 Comment
ശീലയുടെ പതി.. ശീലാപതി.. 😄😄