എന്തോരം അവധിക്കാല ഓർമകളാണ് കുന്നിക്കുരു പോലെ
കരളിൽ കുന്നുക്കൂടുന്നത്!
ഇന്നും നാളേം പിന്നെ മറ്റന്നാളും
സ്കൂളില്ലെന്നോർത്തു കണ്ണ് മിഴിച്ചു കിടന്നത്
ആരേലും തട്ടുമ്പോൾ മാത്രമുണരുന്നത്
ഉമ്മിക്കരിയിട്ടു പല്ലുതേച്ചു വേലിക്കപ്പുറം നീട്ടിതുപ്പുന്നത്
അയലോക്കത്തെ മാവേൽ കൂട്ടരുമൊത്തു കല്ലെറിയുന്നത്
ഉരുണ്ട് പിരണ്ട് വീണ കണ്ണിമാങ്ങാ
അടുക്കള പിന്നാമ്പുറത്തിരുന്നു ഉപ്പും മുളകും കൂട്ടി തിന്നുന്നത്
എന്തൊരു രുചിയെന്നു കിട്ടിയവരും
എന്തൊരു പുളിയെന്ന് കിട്ടാത്തവരും
നൊട്ടി നുണയുന്നത്
നട്ടുച്ചക്കും കബഡി കളിച്ചോടിയത്
സന്ധ്യക്കുമ്മറത്തിരുന്ന് കല്ല് കളിച്ചത് ,
കടം കേറുമെന്ന് പറഞ്ഞമ്മ ഓടിച്ചത്
“കടലിനക്കരെ പോണോരെ “കൂകി പാടി പാതിരാവിലും അന്താക്ഷരി കളിച്ചത്
പോയി കിടന്നുറങ്ങെന്ന് കേൾക്കുമ്പോൾ പായിൽ ചുരുളുന്നത്
ഹോ!
എന്തൊരമെന്തോരം ഓർമകളാണ് ആലി പഴം പൊഴിയും പോലെ പെയ്തിറങ്ങണത്.
വെറുതെ മേല് നോവിക്കണത്