ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമര കുമ്പിളിൽ പനിനീര്..
ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്..
മണ്ണിന്ന് ഓരൊ കുമ്പിൾ കണ്ണീര്.. ഒന്നുറങ്ങ്… ഒന്നുറങ്ങ്
പൊന്നുഷസ്സ് കണി കണ്ടുണരാൻ.. ഒന്നുറങ്ങ്… ഒന്നുറങ്ങ്..
ദൂരെ ഏതോ കോളാമ്പിലൂടെ ഈ ഗാനം എന്നെ വർഷങ്ങൾ പിന്നിൽ വലിച്ചു കൊണ്ട് പോയി.
എന്റെ കുടുംബം ഒരു സാധാരണ സർക്കാർ വരുമാനം മാത്രം ആശ്രയിച്ചു ജീവിതം തള്ളിനീക്കുന്ന ഭർത്താവ്, ഭാര്യ, അമ്മായി അമ്മ, അച്ഛൻ. ഒരു നാലു വയസ്സുകാരൻ മകൻ ഇതടങ്ങുന്ന ഒന്നാണ്.
സർക്കാർ വരുമാനം മാത്രമുള്ളവർ കാണാൻ പാടില്ലാത്ത സ്വപ്നങ്ങൾ ഞാനും ഭർത്താവും കണ്ടുപോയ നാളുകൾ..
ഒരു രണ്ടു നില വീട് നിർമിച്ചു. ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞു എന്ന് സന്തോഷം അധികം നാൾ നീട്ടി കൊണ്ട് പോകുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല..
സർക്കാരിൽ നിന്ന് കിട്ടുന്ന ഹോം ലോൺ കൊണ്ട് ഒരു മുറി വീട് പോലും കെട്ടാൻ പറ്റില്ല.. പെര പണി തുടങ്ങി കുറച്ചു ദിവസങ്ങളിൽ അതു ഞങ്ങൾ തിരിച്ചറിഞ്ഞു. എങ്കിലും ദുരഭിമാനം എന്നോ അമിത മോഹം എന്നോ ഒക്കെ വിളിക്കാവുന്ന ഒന്ന് ഞങ്ങളെ കൊണ്ട് ആ വീട് പൂർത്തിയാക്കിച്ചു.
പിന്നെ അങ്ങോട്ട് ജീവിതം ദുരിത പൂർണമായിരുന്നു. ഒരു കവർ പാൽ വാങ്ങാൻ പോലും ബുദ്ധിമുട്ട് അനുഭവിച്ച സമയം ആയിരുന്നു.
കടം താങ്ങാൻ കഴിയാതെ കഷ്ടപ്പെടുമ്പോൾ പുതിയ വീടിന്റെ പെയിന്റ് മണം ആ കഷ്ടപ്പാടിനെ മായ്ച്ചു കളയും.
ആ സമയത്താണ് ഓണം വരുന്നത്..
ആകെ സന്തോഷം… പുതിയ വീട്ടിലെ ആദ്യത്തെ ഓണം..
സഹോദരങ്ങൾ ഞങ്ങളുടെ പുതിയ വീട്ടിൽ ഒത്തു കൂടാൻ പരിപാടികൾ ആസൂത്രണം ചെയ്യുന്നു..
ഞങ്ങളുടെ കടമോ മറ്റു മാനസിക പിരിമുറുക്കമോ ഒന്നും അറിയാതെ അച്ചച്ഛൻ ഭർത്താവിന്റെ സഹോദരങ്ങളെയും ഓണത്തിന് പുതിയ വീട്ടിൽ കൂടാൻ വിളിക്കുന്നു.
എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു.
ദേ…ഇങ്ങോട്ട് നോക്കിക്കേ.. നമ്മൾ എങ്ങനെ ഓണം ആഘോഷിക്കും?? എല്ലാരും കൂടി വന്നാൽ.. എന്ത് ചെയ്യും?
അച്ചച്ഛനോട് പറഞ്ഞാലോ.. നമ്മൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്??
ശ്ശേ.. അത് വേണ്ട.. അവർ ഒന്നും അറിഞ്ഞിട്ടില്ല. ആകെ സന്തോഷത്തിലാണ് അവർ…അവരുടെ കൊച്ചു സന്തോഷം കളയണ്ട. എന്തെങ്കിലും വഴി കണ്ടു പിടിക്കാം.. നീ സമാധാനമായി ഉറങ്ങു.
എന്നെ ആ വിരിഞ്ഞ മാറിൽ കിടത്തി സാന്ത്വനിപ്പിച്ചു ഉറക്കി.
ഇനി ഒരാഴ്ച കഷ്ടിച്ചില്ല ഓണത്തിന്.. അഞ്ചു പൈസ കൈയിൽ ഒത്തിട്ടില്ല. എന്ത് ചെയ്യുമെന്റെ തമ്പുരാനെ.. എനിക്കൊരു സ്വസ്ഥതയും കിട്ടിയില്ല.
നാല് വയസുകാരന്റെ സംശയം, “ഓണക്കൊടി വാങ്ങിയോന്ന് ടീച്ചർ ചോദിച്ചപ്പോൾ എല്ലാരും വാങ്ങിന്ന് പറഞ്ഞു.. ഞാൻ ഒന്നും പറഞ്ഞില്ല അമ്മേ..”
എന്താണ് ഓണക്കോടി?? എന്നൊരു ചോദ്യം ചോദിച്ചപ്പോൾ.. അതെന്താണ് എന്ന് പറയാതെ വയ്യല്ലോ.. പറഞ്ഞു..
പിന്നെ നമ്മൾ എപ്പോ പോകും, ഓണക്കോടി വാങ്ങാൻ? എന്താണ് വാങ്ങുക? അതിന്റെ നിറം എന്താണ്? അതിന്റെ കൂടെ ഷൂ വാങ്ങി തരുമോ? വാങ്ങിയ അന്നുതന്നെ ഇടാമോ? സ്കൂളിൽ എന്നാണ് ഇട്ടോണ്ട് പോകുന്നത്? ഇങ്ങനെ നൂറു ചോദ്യങ്ങളും..
അതിനു ഉത്തരം കിട്ടുമ്പോൾ ഉള്ള സന്തോഷവും കണ്ടും അത് വീണ്ടും പറഞ്ഞും അച്ചാച്ചനും അമ്മുമ്മയും സന്തോഷിക്കുന്നതും എന്റെ നെഞ്ചിൽ തീ കോരി ഇടുന്നുണ്ടായിരുന്നു. ഒരു തരി പൊന്നില്ല പണയം വയ്ക്കാൻ..
കാണം വിറ്റും ഓണം ഉണ്ണണം..
ഈ ഒരു കാണം ഉണ്ടാക്കിയിട്ട് ദിവസവും ഒരുനേരം സമാധാനമായിട്ട് ഉണ്ണാൻ പറ്റുന്നില്ല. എന്നതാണ് അവസ്ഥ.
ഞാൻ ഓണം ആഘോഷിക്കാൻ ഒരു വഴി ഒപ്പിച്ചിട്ടുണ്ട്. നീ നാളെ മോനെയും കൂട്ടി ഓവർബ്രിഡ്ജ് ലെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഷോപ്പിൽ ഒരു മൂന്നു മണിയാകുമ്പോൾ വന്നേക്ക്.. ഞാൻ ഓഫീസിൽ നിന്ന് അവിടെ എത്താം.
എന്നിട്ട് നമുക്ക് കുഞ്ഞിനും അച്ഛനും അമ്മയ്ക്കും ഓണക്കോടിയും എടുത്ത്, കുറച്ചു വ്യഞ്ജന സാധനങ്ങളും വാങ്ങി വരാം.
നാളെ കൂടി യെ കടകൾ ഉള്ളു. പിന്നെ പുലരുന്നത് തിരുവോണം ആണ് .
എവിടെ നിന്ന് കാശ് ഒപ്പിച്ചു? എന്തിനാണ് ആ ഇലക്ട്രിക്കൽ കടയിൽ പോകുന്നത് എന്നൊന്നും ചോദിക്കാൻ അവസരം തരാതെ ഉറങ്ങിപോയി, പാവം.
കുഞ്ഞിന് ഓണക്കോടി വാങ്ങാമല്ലോ എന്ന സന്തോഷത്തിൽ ഞാനും..
സ്കൂൾ ഓണ അവധിക്കു അടച്ചു, അവനെയും കൂട്ടി മൂന്ന് മൂന്നരയോടെ ഞാൻ ആ കടയിൽ എത്തി..
എന്താ ഒരു തിരക്ക് ആ കടയിൽ..
ഫ്രിഡ്ജും മിക്സിയും ടീവിയും ഒക്കെ വണ്ടികളിൽ കയറുന്നു. ആളുകൾ കാശ് എണ്ണി കൊടുക്കുന്നു. ആകെ ഉത്സവമേളം.
ഇടക്ക് ഇടയ്ക്കു കടയിലെ സ്റ്റാഫ് വന്നു ചോദിക്കും എന്താ വേണ്ടത്?
ഞാൻ ഒരു ചമ്മലോടെ, മോന്റെ അച്ഛൻ വരാൻ കാത്ത് നിൽക്കുന്നു..
വരട്ടെ..
ഓക്കെ മാഡം..
അല്പം പുറത്തോട്ട് ഇറങ്ങി നിൽക്കണേ..
ഈ സാധനം കൊണ്ട് പോകുന്നവർ ദേഹത്ത് തട്ടും.. അത് സ്നേഹമായ താക്കീത് ആയിരുന്നു ആദ്യത്തെ രണ്ടു മണിക്കൂർ..
പിന്നെ അതിന്റെ ഭാഷ നോട്ടം വഴി മാറുന്നുണ്ടായിരുന്നു..
മോൻ കൊച്ചു കുട്ടിയല്ലേ.. ഒരു സ്ഥലത്ത് രണ്ടു മൂന്നു മണിക്കൂർ നിൽക്കുക പാടല്ലേ.. പതുക്കെ അകത്തു പോയി ടീവി യൊക്കെ കാണാൻ തുടങ്ങി. അതും ആ കടയുടെ ഉടമ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു..
ആ കൊച്ചിനെ ഒന്ന് മാറ്റി നിർത്തിക്കേ , എന്നുറക്കെ പറയുന്നത് ഞാൻ കേട്ടു.
എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയില്ല.
അവന്റെ അച്ഛൻ വന്നു എന്തോ കടയുടമയോട് സംസാരിച്ചു. പിന്നയും അഞ്ചു മണിക്കൂർ ഞങ്ങൾ ആ കടയുടെ പുറത്ത് കാത്തിരുന്നു. നഗരം ഉറങ്ങി തുടങ്ങി.. ഓണക്കോടി ഓണക്കോടി എന്ന് പറഞ്ഞു പറഞ്ഞു അവനും എന്റെ കൈയിൽ കിടന്നു ഉറങ്ങി. കണ്ണുകൾ നിറഞ്ഞു എന്റെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖം ഇപ്പോഴും കണ്ണിൽ നിൽക്കുന്നു. എന്താ ഞങ്ങളുടെ ഈ കാത്തിരിപ്പിന്റ കാര്യം എന്ന് തിരക്കിയപ്പോൾ ഞെട്ടിപ്പോയി. പ്രൈവറ്റ് ബാങ്കുകളിൽ ഹയർ പാർച്ചെയ്സ് എന്നൊരു ഇടപാട് ഉണ്ട്. ഗൃഹോപകരണങ്ങൾ വാങ്ങാൻ ഉള്ള വായ്പ്പ. ബാങ്ക് കടകൾക്കാണ് ചെക്ക് കൊടുക്കുന്നത്. കടകൾ ആ ചെക്ക് വാങ്ങി വച്ചു സാധനങ്ങൾക്ക് പകരം കാശ് ആയി നമുക്ക് തരുന്ന ഒരു രണ്ടാം നമ്പർ കച്ചവടം ആണ് അവിടെ നടന്നത്. ആ കടക്കാരന് ലാഭം ഉണ്ടെങ്കിലും അയാളുടെ വിൽപ്പനാന്തര സേവനം ഒന്നും കിട്ടുന്ന കസ്റ്റമർ അല്ല ഞങ്ങൾ എന്നതിനാലും തീരെ ഗതികേട്ടവർ ആണ് ഇങ്ങനെ ഒരു ഇടപാടിനു വരുന്നവർ എന്നതിനാലും അയാൾ പരമാവധി പുച്ഛം ആ കുഞ്ഞിനോട് പോലും കാണിച്ചു..
കൈയിൽ കാശ് കിട്ടിയപ്പോൾ മോൻ പാവം വിശപ്പും ദാഹവും കൊണ്ട് ഉറങ്ങി പോയി..
ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമര കുമ്പിളിൽ പനിനീര്..
ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്..
മണ്ണിന്ന് ഓരൊ കുമ്പിൾ കണ്ണീര്.. ഒന്നുറങ്ങ്… ഒന്നുറങ്ങ്
പൊന്നുഷസ്സ് കണി കണ്ടുണരാൻ.. ഒന്നുറങ്ങ്… ഒന്നുറങ്ങ്..
ഇപ്പോൾ ഓർക്കുമ്പോൾ പോലും ആ കുഞ്ഞു മുഖത്തെ ദുഃഖം എന്റെ കണ്ണുകളിലൂടെ പെയ്തിറങ്ങുന്നു.. നീർച്ചാൽ ആയി..
✍️ജെകെ
24/8/2023
7 Comments
നോവോർമ്മകൾ
നോവ് 😔😔😔
നല്ല എഴുത്ത്. നോവുയർരത്തിയ രചന 👏
നന്ദി 🙏🏻കൂട്ടുകാരുമായി ഷെയർ ചെയ്യുക
നല്ല രചന… വായിച്ച് കഴിഞ്ഞപ്പോൾ, ഉള്ളിലൊരു ചെറിയ നൊമ്പരം ❤️
നല്ല എഴുത്ത് 👍
Very Good