അവർ അകാലത്തിൽ ഒറ്റപ്പെട്ടവർ ആയിരിന്നു.
രണ്ടു സമാന്തര രേഖകളായി സഞ്ചരിച്ചിരുന്നവർ,
അങ്ങനെ തന്നെ ജീവിതാന്ത്യത്തോളം തുടരേണ്ടിയിരുന്നവർ,
വെയിലും മഴയും താണ്ടി ബഹുദൂരം സഞ്ചരിച്ചവർ,
കുളിരിലും ചൂടിലും തളരാതെ, ഇടറാതെ മുന്നോട്ട് പോയവർ.
ഒടുവിൽ ഒരുനാൾ ,
ജീവിതയാത്രയിലെ ദുര്‍ഘടപാതകൾ ഒപ്പം താണ്ടിയ പങ്കാളികളെ,
ജീവിതമെന്ന ഞാണിന്മേൽ കളിക്കിടയിൽ എങ്ങോ വച്ച് നഷ്ടപ്പെട്ടവർ .
അവരോടൊപ്പമുള്ള യാത്രയിലെ സുഖദുഃഖങ്ങൾ ഒന്നിച്ചനുഭവിച്ച
ദിനങ്ങളെ ഓർത്ത് ഒറ്റയ്ക്കിരുന്ന് നെടുവീർപ്പിട്ടവർ.
ഒടുവിൽ ഒരു നാൾ,
ആരോചേർത്തുവച്ച സൗഹൃദ കൂട്ടായ്മയിൽ അഭയം കണ്ടെത്തിയവർ.
മുന്നോട്ടുള്ള അവരുടെ വഴികൾ പരസ്പ്പരം കെട്ടുപിണഞ്ഞതാണെന്ന് മനസ്സിലാക്കിയവർ.
ആ സൗഹൃദശക്തിയിൽ അന്ധകാരസീമകൾ ഭേദിച്ച് ഒരിറ്റു വെളിച്ചത്തിനായി പാദാരാവിന്ദം പുല്കിയവർ.
ഈ സായം സന്ധ്യയിൽ,
എൻ്റെ ആത്മനൊമ്പരങ്ങൾ നെടുവീർപ്പുകളായി , ദീർഘനിശ്വാസങ്ങളായി കണ്ണുകളിൽ നനവ് പടർത്തവേ,
വിചിത്രമായ ആ കൂടിച്ചേരലിന് അന്ത്യം കുറിക്കപ്പെടാൻ സമയമായിക്കഴിഞ്ഞിരുന്നു..
രാവിലെ പോകുമ്പോഴും, ഓഫീസിൽ വച്ചും ഈ വൈരുദ്ധ്യം തിരിച്ചറിഞ്ഞില്ലല്ലോ എന്നോർത്തുകൊണ്ട്
ഞാൻ എൻ്റെ ഇരുകാലുകളിലുമായി ധരിച്ചിരുന്ന കറുപ്പും നീലയും ആയ ആ സോക്സുകളെ ഊരി ദൂരേയ്ക്കെറിഞ്ഞു.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിൻ്റെ നേർക്കാഴ്ചയായി അവ രണ്ടും എൻ്റെ മുന്നിൽ ചുരുണ്ടു കൂടി കിടന്നു..