പതിനൊന്നു തവണയൊക്കെ ഒരു സിനിമ ഒരാൾ കണ്ടു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നടന്മാരോട് അന്ധമായ ആരാധനയുള്ള തമിഴിലും തെലുങ്കിലും അങ്ങനെ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഈയിടെ ആയി താരാരാധന മൂത്ത കേരളത്തിലും ചിലരൊക്കെ കാണുമായിരിക്കും, പക്ഷെ ഒരു സ്റ്റാറും ഇല്ലാത്ത പാട്ടും ഡാൻസും മാത്രം നിറഞ്ഞ ഒരു ക്ലാസ്സിക്കൽ പടം കുഞ്ഞു രവിക്കുട്ടൻ പതിനൊന്നു തവണ കാണുമോ? സാധ്യത ഇല്ല, അല്ലെ? പക്ഷെ കണ്ടു. കാണിച്ചു എന്ന് പറയുന്നതാവും കൂടുതൽ ഉത്തമം. ഒരു തവണ എവിടെയോ ടൂർ പോയിട്ട് വന്നപ്പോഴാണ് അച്ഛൻ പറഞ്ഞത് ശങ്കരാഭരണം എന്നൊരു സൂപ്പർ തെലുങ്ക് സിനിമ കണ്ട കാര്യം. ഉടനെ അത് മലയാളത്തിൽ വരുന്നുണ്ടെന്നും നിങ്ങളെ ഒക്കെ കൊണ്ട് കാണിക്കുമെന്നും. സിനിമ എന്ന് കേട്ടാൽ ആർത്തിയോടെ തുള്ളിച്ചാടാറുള്ള അനിയത്തിയും രവിക്കുട്ടനും പതിവ് തെറ്റിക്കാതെ തുള്ളിച്ചാടി പുറത്തേക്ക് പോയി. കാത്തിരിപ്പിനൊടുവിൽ ശങ്കരാഭരണം മലയാളം ന്യൂ തീയറ്ററിൽ റിലീസ് ആയി. ടൈറ്റിൽ കാർഡിൽ സംഘട്ടനം ത്യാഗരാജൻ എന്ന് കാണാൻ കാത്തിരുന്ന…
