ഓണത്തിനു വീട്ടിലേക്കുള്ള യാത്ര ഇത്തവണ അപ്രതീക്ഷിതമായിരുന്നു. ഇടവത്തിൽ അമ്മയുടെ ശ്രാദ്ധത്തിന് വന്നതിനാൽ ഇത്തവണ ഓണത്തിന് വരില്ല എന്നു ഞാൻ പറഞ്ഞപ്പോൾ സീതോപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാനായത് ഞാൻ മനഃപൂർവം കണ്ടില്ല എന്നു നടിച്ചതായിരുന്നു. മക്കൾക്ക് ഇത്തവണ പരീക്ഷനേരത്തെ ആയതുകൊണ്ടു ദേവിയും കുട്ടികളും എന്റെ കൂടെ അമ്മയുടെ ശ്രാദ്ധത്തിനു പോന്നിരുന്നില്ല, ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു പുതിയ സംരംഭം എന്റെ നാട്ടിലായിരുന്നു തുടങ്ങുന്നത്. അതിന്റെ ചില മുന്നൊരുക്കങ്ങൾക്കായി രണ്ടാഴ്ച ( ഓണസമയം )എനിക്ക് ലീവ് കിട്ടിയപ്പോൾ കൂടുതൽ സന്തോഷം വാമഭാഗത്തിനും മക്കൾക്കുമായിരുന്നു ഇത്തവണത്തെ ഓണത്തിന് നാട്ടിൽ പോവാൻ പറ്റില്ലല്ലോ എന്ന സങ്കടം മാറിയല്ലോ. സ്വന്തം വീട്ടിലും നാട്ടിലും ഓണമാഘോഷിക്കുന്ന സുഖം വേറെ എവിടെ ഓണം ആഘോഷിച്ചാലും കിട്ടില്ലല്ലോ? അങ്ങനെ ശനിയാഴ്ച രാത്രി തീവണ്ടിക്കു തന്നെ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. അത്തത്തിന് മുഴുവനായി വിശ്രമിച്ചു, എങ്ങോട്ടും ഇറങ്ങിയില്ല, സീതോപ്പുവിന്റെ സ്നേഹത്തിന്റെ രുചികൂട്ടുകൾ ചേർത്ത ചെറിയ സദ്യയായിരുന്നു അത്തത്തിന്റെന്നുച്ചക്ക്. ചെറിയ ഉള്ളിയും, വെണ്ടക്കയും, മുരിങ്ങാകായയും…
