Author: Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

പഞ്ഞകാലത്തിൻ പഷ്ണിയും മാറി സമൃദ്ധി തന്നോളമിട്ടോണമിങ്ങെത്തി ഓണക്കോടിയുടുത്തു കൊണ്ടേ ആടണം പാടണം തുള്ളിത്തിമിർക്കണം പിന്നെ- ഓണത്തപ്പനെ വരവേൽക്ക വേണം പണ്ടൊക്കെയാകെയൊരിക്കൽ മാത്രം വന്നണയുന്നൊരു സൗഭാഗ്യമത്രേ ഈ പുത്തൻമണമോലും പൊൻപുടവ. കൊല്ലമൊന്നങ്ങനെ കാത്തിരിപ്പൂ തൊട്ടും പിടിച്ചും ഭംഗി നോക്കാൻ, പിന്നെ- കണ്ണാടി നോക്കി ചന്തമളക്കാൻ ഇക്കാലമക്കൊതിയെങ്ങോ മറഞ്ഞു പോയ് പുതുമയും പുത്തനങ്ങറ്റു പോയി ആഘോഷമനവധി വസ്ത്രങ്ങളനവധി അതിലൊന്നു മാത്രമാണിന്നീയോണക്കോടിയും മുത്തശ്ശി ചൊല്ലുന്നു പായാരമെങ്കിലും സത്യകഥയും മറ്റൊന്നുമല്ല പുതുമയൊന്നുമേ ചൊല്ലുവാനില്ലാത്ത പുടവകളായിരമതിലൊന്നു മാത്രം ഇന്ന് ഓണക്കോടിയീയുത്സവക്കോടി ! ലേഖാ ജസ്റ്റിൻ

Read More

രാവിലെ തന്നെ കയ്യിലൊരു ബാഗും ഒതുക്കിപ്പിടിച്ച് ഉമ്മറത്തേക്കിറങ്ങി വന്ന ഊർമ്മിളയെ കണ്ട് കുടുംബാംഗങ്ങൾ അമ്പരന്നു. തലേദിവസം പോസ്റ്റ് മാൻ കൊണ്ടു വന്ന അപ്പോയിന്റ്മെന്റ് ലെറ്റർ അവളുടെ കൈകൾക്കുള്ളിലിരുന്നു വിറച്ചു. ” ശിവ..ശിവ ! എന്തായീ കാണണേ ? അശ്രീകരം. അതങ്ങട് വിട്ടു കളഞ്ഞേക്കു കുട്ടീ. വെറുതെ കുടുംബത്ത് അനർത്ഥങ്ങളൊന്നും വരുത്തി വയ്‌ക്കേണ്ട. അകത്തേക്കു പോകൂ.” തന്റെ നിറുകയിലെ സിന്ദൂരം മായ്ക്കാൻ, കൈത്തണ്ടയിൽ കലപില ചൊല്ലിയ കുപ്പിവളകൾ തല്ലിയുടയ്ക്കാൻ, ഇടതൂർന്ന മുടി മുറിച്ചു കളയാൻ, വെള്ളയുടുപ്പിക്കാൻ തിടുക്കം കാട്ടിയ അംബാലികാമാമിയുടേതാണ് ആ ഉഗ്രശബ്‌ദം. ഉള്ളു നീറിയെങ്കിലും കരിങ്കല്ലിന്റെ ഉറപ്പോടെ ഒരുനിമിഷം അവൾ നിന്നു. “ഇല്ല മാമീ..ഭർത്താവിന്റെ മരണത്തോടെ അകത്തളങ്ങളുടെ ഇരുളു ഭക്ഷിച്ചു ജീവിക്കുന്ന മറ്റനേകം പെൺകുട്ടികൾ ഉണ്ടാവും. അവരിലൊരാളാവാൻ ഞാനില്ല. എനിക്കു ജീവിക്കണം.” മറുപടിക്കു കാക്കാതെ, ദുരാചാരങ്ങളുടെ ആ നരച്ച ഭൂമിയിൽ നിന്നും കടുംനിറങ്ങൾ മാത്രം നിറഞ്ഞ ആകാശത്തിലേക്ക് തന്റെ സ്വപ്നങ്ങളെയും ചേർത്തു വച്ച് ഊർമ്മിള മെല്ലെ പടിയിറങ്ങി.

Read More

കാലഭേദങ്ങൾ മൂന്നായ് പിരിയുമ്പോൾ ഓർമ്മകളത്രയും ഭൂതമത്രേ ഭാവിയെന്നാൽ സങ്കല്പവും ഇന്നിന്റെ ആത്മാവു തുടിച്ചു നിൽക്കുന്നതും ഞാനുണ്ടെന്നൊരടയാളമൊപ്പു ചാർത്തുന്നതും വർത്തമാനത്തിലതൊന്നു മാത്രമേ !

Read More