രാവിലെ തന്നെ കയ്യിലൊരു ബാഗും ഒതുക്കിപ്പിടിച്ച് ഉമ്മറത്തേക്കിറങ്ങി വന്ന ഊർമ്മിളയെ കണ്ട് കുടുംബാംഗങ്ങൾ അമ്പരന്നു. തലേദിവസം
പോസ്റ്റ് മാൻ കൊണ്ടു വന്ന അപ്പോയിന്റ്മെന്റ് ലെറ്റർ അവളുടെ കൈകൾക്കുള്ളിലിരുന്നു വിറച്ചു. ” ശിവ..ശിവ ! എന്തായീ കാണണേ ? അശ്രീകരം. അതങ്ങട് വിട്ടു കളഞ്ഞേക്കു കുട്ടീ. വെറുതെ കുടുംബത്ത് അനർത്ഥങ്ങളൊന്നും വരുത്തി വയ്ക്കേണ്ട. അകത്തേക്കു പോകൂ.” തന്റെ നിറുകയിലെ സിന്ദൂരം മായ്ക്കാൻ, കൈത്തണ്ടയിൽ കലപില ചൊല്ലിയ കുപ്പിവളകൾ തല്ലിയുടയ്ക്കാൻ, ഇടതൂർന്ന മുടി മുറിച്ചു കളയാൻ, വെള്ളയുടുപ്പിക്കാൻ തിടുക്കം കാട്ടിയ അംബാലികാമാമിയുടേതാണ് ആ ഉഗ്രശബ്ദം. ഉള്ളു നീറിയെങ്കിലും കരിങ്കല്ലിന്റെ ഉറപ്പോടെ ഒരുനിമിഷം അവൾ നിന്നു. “ഇല്ല മാമീ..ഭർത്താവിന്റെ മരണത്തോടെ അകത്തളങ്ങളുടെ ഇരുളു ഭക്ഷിച്ചു ജീവിക്കുന്ന മറ്റനേകം പെൺകുട്ടികൾ ഉണ്ടാവും. അവരിലൊരാളാവാൻ ഞാനില്ല. എനിക്കു ജീവിക്കണം.” മറുപടിക്കു കാക്കാതെ, ദുരാചാരങ്ങളുടെ ആ നരച്ച ഭൂമിയിൽ നിന്നും കടുംനിറങ്ങൾ മാത്രം നിറഞ്ഞ ആകാശത്തിലേക്ക് തന്റെ സ്വപ്നങ്ങളെയും ചേർത്തു വച്ച് ഊർമ്മിള മെല്ലെ പടിയിറങ്ങി.