വളരെ നാളുകൾക്കു ശേഷം ഞാനിന്ന് നിതയെ കുറിച്ച് ഓർത്തുപോയി. മൂന്നാം ക്ലാസ്സിൽ ഞങ്ങളുടെ സ്കൂളിൽ ചേർന്ന നിത പി. ബോയ് കട്ട് മുടിയും അതിൽ പിങ്ക് നിറത്തിൽ വലിയ റോസാപൂവുള്ള ഹയർബാൻഡുമിട്ടിരുന്ന പ്രാന്തത്തി നിത. അവൾ മൂന്നാം ക്ലാസ്സിൽ ആയിരുന്നില്ലാ പഠിക്കേണ്ടത് എന്ന് തോന്നിപ്പോയിരുന്നു. കാരണം, അത്രയ്ക്ക് പൊക്കം ഉണ്ടായിരുന്നു അവൾക്ക്. ക്ലാസിൽ എല്ലാവരും അവളെ പ്രാന്തത്തി എന്നാണ് വിളിച്ചിരുന്നത്. തരം കിട്ടിയാൽ അവൾ ഞങ്ങളുടെ പുസ്തകത്തിൽ കുത്തിവരക്കും. പെൺകുട്ടികൾ ആരും തന്നെ അവളെ കൂട്ടത്തിൽ കൂട്ടിയില്ല. സഹലേഷും സന്ദീപും മിഥുനും ഞാനും ചേർന്ന ഗാങിന് അവളുടെ ഹേയ്ർബാൻഡ് തട്ടിപ്പറച്ചു ഓടലായിരുന്നു ഇന്റെർവെല്ലിലെ സ്ഥിരം പണി. മൈതാനം മുഴുവൻ ഞങ്ങളുടെ പുറകെ അലറിക്കൊണ്ട് അവൾ ഓടും. ടീച്ചർ വരാൻനേരം അവൾക്കു അത് തിരികെ കൊടുക്കും, വീണ്ടും ലഞ്ച് ബ്രേക്കിന് തട്ടിപ്പറിച്ച് ഓടാൻ. അവൾ മിക്കദിവസവും കൊണ്ടുവന്നിരുന്നത് ഉപ്പുമാവ് ആയിരുന്നു. തിന്നു കഴിഞ്ഞാൽ കൈ കഴുകില്ല, ഉടുപ്പിൽതുടയ്ക്കും. പ്രാർത്ഥനാ സമയം ഉറക്കെ ചിരിക്കുക,…
