ഗുരുവായി വന്നെൻ്റെ ജീവനിൽ അറിവാകും
മഴവില്ലിൻ വർണ്ണങ്ങൾ ചാലിച്ചതെത്ര പേർ!
നവരസഭാവങ്ങൾമുഖമാകെചാർത്തിയോര –
ക്ഷരസുന്ദരിയൊത്ത് ആടിയവരെത്ര പേർ!
അക്ഷരവാതായനം തുറന്നറിവിൻ്റെ
വിസ്മയലോകത്തിൽ കൂടെവന്നെത്ര പേർ!
അറിവിൻ്റെ കടലാഴങ്ങളിലൊളിക്കുന്ന
മുത്തുകൾ കാട്ടി കൊതിപ്പിച്ചതെത്ര പേർ!
അനുഭവസമ്പത്തിൻചിത്രംപകർന്നെൻ്റെ
മനസ്സിനെ,ശക്തമായ്തീർത്തയവരെത്രപേർ!
പിഴതൻ കരിനിഴൽവീഴാത്ത വീഥിയിൽ
പാഥേയമായെൻ്റെ കൂടെ വന്നെത്ര പേർ!
ദൃശ്യമല്ലാത്തൊരാ സ്നേഹത്തിൻ ചരടിനാൽ
കടിഞ്ഞാൺ മുറുക്കീട്ടു പാലിച്ചതെത്ര പേർ!
നിരാശനിഴൽപ്പാടുവീഴ്ത്താതെ,ജീവനിൽ
പിൻവിളിയുമായെൻ്റെ കൂടെ വന്നെത്ര പേർ!
അന്ധകാരാവൃതമാകും അകക്കണ്ണിൻ
വഴികളിൽ ജ്യോതി തെളിയിച്ചതെത്ര പേർ!
പര്യാപ്തമല്ലെന്ന് അറിയുന്നുണ്ടെൻ മന
പ്പൂപ്പാലികയിലെ നന്ദിതൻ സൂനങ്ങൾ,
എന്നാലുമതിനകത്തുണ്ടെൻ,മനോജ്ഞമാം
സ്നേഹത്തിൻമണമുള്ള,വാടാമലരുകൾ
ഡോ.വീനസ്