“ഹൊ… നാശം ഇന്നും പെട്ടു.” റെയിൽവേ ഗേറ്റിന്റെ ഏകദേശം അടുത്ത് എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചു. ഞാൻ ഉള്ളിൽ പ്രാകി. ഇനി ഒരു വണ്ടിയാണോ രണ്ടെണ്ണമാണോ? എന്നാലും കുഴപ്പമില്ല.. ഒൻപത് മണിക്ക് മുൻപ് ഞാൻ കോളേജിൽ എത്തും. ഇനിയും പതിനഞ്ച് മിനിറ്റ് സമയമുണ്ട്.
ടക്.. ടക്.. കാറിന്റെ സൈഡ് ഗ്ലാസിൽ ഒരു വല്യമ്മ തട്ടി വിളിക്കുന്നു.
“എന്താ?” ഞാൻ ഗ്ലാസ് താഴ്ത്തി ചോദിച്ചു.
“മോളെ, കൊട്ടിയത്തേക്ക് ആണോ?”
“അതെ.”
“ഞങ്ങളെ കൂടി അവിടെ ഇറക്കാമോ? ഇനിയുടനെ ബസില്ല..” ഒരു ചെറുപ്പക്കാരിയും കുഞ്ഞും വല്യമ്മയുമുണ്ട്.
വേണോ? ഞാൻ ആലോചിച്ചു. ഏതിനും കയറട്ടെ. ചേതമില്ലാത്ത ഉപകാരമല്ലേ. ഞാൻ ഡോർ തുറന്നു കൊടുത്തു.
ഗേറ്റ് തുറന്നു.. ഞാൻ വണ്ടി കത്തിച്ചു വിട്ടു. കൊട്ടിയം ജംഗ്ഷനിൽ കാർ നിർത്താൻ കഴിയില്ല. ഒരു മുന്നൂറ് മീറ്റർ ദൂരെ ഞാൻ നിർത്തി, വേഗം ഇറങ്ങാൻ പറഞ്ഞു.
“ഹത് കൊള്ളാം.. ഈ കൊച്ചിനെയും കൊണ്ട് ഞങ്ങൾ ഇനി ഇത്രയും ദൂരം നടക്കണോ?”
“ങേ..?” പകച്ചു പോയ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.
“അവിടെയെങ്ങും നിർത്താൻ കഴിയില്ല. ബസ് ബെ ആണ്..” ഞാൻ വിക്കി.
“കൊച്ച് ഒരു കാര്യം ചെയ്യ്, ദോണ്ടെ അതിലൂടെ തിരിച്ചു, അപ്പുറം വശത്തു കൊണ്ടാക്കിത്താ..”
ദൈവമേ, ഇനിയും മുന്നൂറ് മീറ്റർ ഡിവൈഡർ ചുറ്റി, കൊട്ടിയം മുഴുവൻ ഞാൻ കറങ്ങണം!! ഏതിനും നഗരപ്രദക്ഷിണം നടത്തി, ഏടാകൂടങ്ങളെ ഇറക്കിവിടുമ്പോൾ ഞാൻ ഉറപ്പിച്ചു.. ഇനിമേലിൽ ഉപകാരം എന്ന വാക്ക് പോലും ഞാൻ ഓർക്കില്ല.