“ശ്ശോ.. എന്റെ മൂക്കുത്തി….” അവൾ അടക്കിയ സ്വരത്തിൽ പിറുപിറുത്തു.
മൂക്കുത്തി കടിച്ചെടുത്ത ചുണ്ടുകൾ അവളുടെ വാക്കുകളെയും മുദ്രവെച്ചു.
“എന്നാലും എന്റെ മൂക്കുത്തി പോയി…”
“എനിക്കിഷ്ടമല്ല… അസത്ത് പെണ്ണുങ്ങളാ മൂക്ക് തുളയിടുന്നത്..”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അവൾ തർക്കിക്കാൻ നിന്നില്ല.
വിവാഹ ദിവസം ആദ്യത്തെ ആവശ്യം മൂക്കുത്തി അഴിച്ചു മാറ്റൽ ആയിരുന്നു.
“മോൾക്ക് മൂക്കുത്തി നല്ല ഭംഗിയുണ്ടല്ലോ… അത് കിടന്നോട്ടെ..” അമ്മയുടെ വാക്കുകളിൽ രണ്ടു ദിവസത്തെ അവധി കിട്ടിയതായിരുന്നു..
“മൂക്കിൽ ഈ തുള ഇങ്ങനെ കാണുന്നത് മോശമല്ലേ ഏട്ടാ?” അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു അവൾ ചോദിച്ചു.
“സാരമില്ല…മൂക്കുത്തിയിട്ട പെണ്ണുങ്ങളെ എനിക്ക് ഇഷ്ടമല്ല..” അത് പറയുമ്പോൾ ഏഴു കൽ മൂക്കുത്തി വെട്ടം തിളങ്ങിയ ഒരു മുഖം അവൻ ഓർത്തു…
നേടാൻ കഴിയാതെ പോയൊരു സൗഭാഗ്യം….”നിന്റെ മൂക്കുത്തി കാണുമ്പോൾ ഞാൻ അവളെ ഓർക്കും പെണ്ണെ… നിന്നെ ചതിക്കാൻ എനിക്ക് വയ്യ…. ” അവന്റെ മനസ്സ് മന്ത്രിച്ചത് അവൾ കേട്ടില്ല…