“വെൽ.. ഇൻട്രോഡ്യൂസ് യുവർസെൽഫ്…” സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ നീക്കി വെച്ചു കൊണ്ട് മാനേജർ എന്ന് തോന്നിച്ചയാൾ പറഞ്ഞു.
സാധാരണ മട്ടിൽ പറഞ്ഞു തുടങ്ങിയപ്പോൾ അയാൾ കൈയെടുത്തു വിലക്കി, “എബൌട്ട് യുവർ കീ സ്കിൽസ്, പൊട്ടെൻഷ്യൽസ്..”
“എല്ലാ ഗ്രഹാധിപൻമാരും ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ സ്ത്രീ ജനനം… രാജയോഗത്തിൽ പിറന്നവൾ.. വെച്ചടി വെച്ചടി കയറ്റം ആകും ജന്മഫലം…”
ജനിച്ച നാൾ മുതൽ കേൾക്കുന്ന വർണ്ണനകൾ പറഞ്ഞാലോ? രാജയോഗത്തിൽ ജനനം.. ഇരിക്കുന്നിടത്തു സർവ്വ സമൃദ്ധി ആണ് ഫലം എന്ന് കൂടി ആയാലോ?
“സോറി, ഞങ്ങൾക്ക് വളരെ എനെർജിറ്റിക് ആയ മിടുക്കരെ ആണ് ആവശ്യം..” അവളുടെ ചിന്തകൾക്കൊടുവിൽ അയാൾ പറഞ്ഞു നിർത്തി.
വീട്ടുവാടക മൂന്ന് മാസം കുടിശ്ശികയായ, കുട്ടികളുടെ സ്കൂൾ ഫീ കൊടുക്കാൻ ഗതിയില്ലാത്ത രാജയോഗക്കാരി, ഓട്ടോക്ക് കൊടുക്കാൻ കാശില്ലാതെ പൊരി വെയിലിലേക്ക് ഇറങ്ങി ആഞ്ഞു നടന്നു…