തിളച്ചെണ്ണയിൽ കിടന്ന് അകം പുറം വെന്തു വീർത്ത നെയ്യപ്പങ്ങൾ
നെയ്യപ്പ ചട്ടിക്കടുത്ത് പാകം നോക്കി തീച്ചൂടിൽ വിയർത്തൊലിച്ചു
നിൽക്കുന്ന എല്ലുന്തി
വളഞ്ഞൊരു രൂപം,അമ്മ..
കണ്ണാപ്പയിൽ കോരിയെടുത്തു
വാഴയിലയിൽ നിരത്തിവെച്ച
മൊരിഞ്ഞ നെയ്യപ്പങ്ങൾ
കട്ടെടുത്തോടുന്ന കലപില കുഞ്ഞുങ്ങൾ
കഴിച്ച് തീർത്ത ശേഷം കൈയ്യിലെ
എണ്ണമയം മൊരി പിടിച്ച കാലിൽ
അമർത്തി തിരുമ്മി
ഒരു വാക്കും മിണ്ടാതിറങ്ങി പോകുന്ന അച്ഛൻ
ഒരിക്കൽപോലും അമ്മയാ
നെയ്യപ്പങ്ങൾ രുചിച്ചിരുന്നില്ല
നന്നായിരുന്നെന്നൊരു വാക്ക്
പറയാൻ ഞാനടക്കം എല്ലാരും മറന്നു
ആരും അമ്മയ്ക്കായി ഒന്നും
ബാക്കിവെച്ചിരുന്നുമില്ല
അതിലൊന്നും ഒരു പരിഭവവും
കാട്ടാതെ എന്നിട്ടും ബാക്കി എല്ലാവർക്കുമായി വൈകുന്നേരങ്ങളിൽ
അമ്മ നെയ്യപ്പം ചുട്ടിരുന്നു
അകം പുറം വെന്തു നീറുന്ന
അവഗണനയിൽ പൊന്തി വീർത്ത
ഹൃദയം മിടിക്കാൻ മറന്നിടം വരെ