ഏകാന്തതയിൽ പിറവി കൊള്ളാൻ വെമ്പുന്ന കവിതകളവളെ നോവിച്ചുകൊണ്ടിരുന്നു
പ്രാരാബ്ദങ്ങളുടെ ഭാണ്ഡകെട്ടുകളിൽഞെരിഞ്ഞമർന്ന
തൂലിക കണ്ണീർ വാർത്തു
നേർത്ത മഴനൂലുകളായ് പെയ്തിറങ്ങുന്ന അക്ഷരങ്ങളവളുടെ നിദ്രയെ ഭംഗപ്പെടുത്തി
ചാപിള്ളകളുടെ രോദനത്താലവളുടെ
മനം മേഘാവൃതമായി
പേറ്റു നോവിന്നാലസ്യത്തിലൊന്നു മയങ്ങാനേറെ കൊതിച്ചു
തിളയ്ക്കുന്ന കറിയിലുമുണക്കുന്ന വസ്ത്രതിലുമവൾ അക്ഷരകുഞ്ഞുങ്ങളെ പെറ്റിട്ടു
അവളുടെ കൈപുണ്യം വാനോളം പുകഴ്ത്തുന്നവർക്കറിയുന്നില്ല അക്ഷരകൂട്ടിന്റെ മഹത്വം,
മനസ്സിന്റെ നിലവറയിളലുറങ്ങുന്ന അവളുടെ സന്തോഷങ്ങൾ.