പുസ്തകദിനത്തെ കുറിച്ചും വായനയെ കുറിച്ചും വാ തോരാതെ വാക്കുകൾ അവളുടെ കവിതയിൽ പിറവി കൊള്ളുമ്പോഴായിരുന്നു അവളുടെ ഷെൽഫിലെ ചിതലിനു പേറ്റു നോവ് തുടങ്ങിയത്. വേദന സഹിക്കാനാവാതെ വാവിട്ടു നില വിളിക്കുന്നതു കേട്ട് സഹിക്കാൻ കഴിയാതെയാവണം വാതിലിന്റെ തുരുമ്പിച്ച വിജാഗിരികൾ അവളെ നോക്കി പതുക്കെ ഒന്നു ഞരങ്ങി.
“ഡാക്കിട്ടറേ കൊണ്ട് വായോ…”
ഒച്ചയിട്ട് അലമുറയിട്ടിട്ടും വാക്കുകളുടെ കുത്തൊഴുക്കിൽ പ്രളയം നടക്കുമ്പോൾ പേറ്റു നോവ് കേൾക്കാൻ ആർക്കു നേരം. അപ്പോഴും പ്രിയതമക്കും കുഞ്ഞിനും സുരക്ഷിതമായൊരിടാം തേടുകയായിരുന്നു അച്ഛൻ ചിതൽ. അവസാനം തേടിയൊരിടം കിട്ടിയ സന്തോഷം വിരിഞ്ഞ സമയത്തു തന്നെയായിരുന്നു ഭൂമിയുടെ അവകാശികളായി അവർ പിറന്നു വീണത്.
അമ്മയും കുഞ്ഞുങ്ങളും സുഖമായി സന്തോഷം തിര തല്ലുന്ന നേരം അവിടെ മുഴുവൻ നെയ്പായസത്തിന്റെ മണം പരന്നു. തങ്ങളുടെ ഊഴം കാത്ത് മറ്റുള്ളവർ നെടുവീർപ്പോടെ കാത്തിരുന്നു.
അപ്പോഴും വായനയുടെ മാഹാത്മ്യത്തെ കുറിച്ചു കവിതകൾ പിറന്നു കൊണ്ടേയിരുന്നു….
അനു ✍️