ഒരു കുടം തുമ്പപൂക്കളെ കുഞ്ഞിളം കൈകൊണ്ടു പിച്ചിയെടുത്തപ്പോൾ മുത്തശ്ശി ശകാരിച്ചു
“ശിവ ശിവ ! പൂക്കളത്തിൽ ഇടാൻ ഒരു പൂ പോലും ഇല്ലാതെ പറിച്ചെടുത്തു നശിപ്പിച്ചോ ഉണ്ണിയെ നീ “.
മുത്തശ്ശിക്ക് പൂക്കളത്തിൽ ഇടാൻ പകരം എത്ര പൂക്കൾ വാങ്ങിക്കൊടുത്താലും പറ്റില്ല ചന്തയിൽ നിന്ന് വാങ്ങുന്ന പൂക്കൾ കാണുമ്പോൾ തുടങ്ങും
” ഒരു കുടം തുമ്പപ്പൂ ഉള്ളുവെങ്കിലും ആ കളത്തിൽ അതിനോളം ഐശ്വര്യം നിങ്ങൾ വാങ്ങി ഇടുന്ന പൂക്കൾക്ക് കിട്ടില്ല്യ കുട്ട്യോളെ “.
മുത്തശ്ശിക്ക് തുമ്പപൂ ഗൃഹാതുരത്വം നൽകുന്ന ഓർമ്മകളാണ്.
പൂവട്ടിയിൽ പാടവും പറമ്പും മേഞ്ഞു നടന്നു പറിച്ചെടുത്തു പൂക്കളും ഓണവുമാണ് ഇന്നും മുത്തശ്ശിയുടെ ഓർമ്മകളിൽ.
പൂക്കളത്തിൽ ഒന്നാം സ്ഥാനം എന്നും തുമ്പക്കു തന്നെയാണ് അതു കഴിഞ്ഞേ ബാക്കി പൂക്കൾക്കുള്ളു എന്നാണ് മുത്തശ്ശിയുടെ പക്ഷം.
തുമ്പ നല്ല ഒന്നാന്തരം ഔഷധം കൂടിയാണെന്ന് മുത്തശ്ശി പറഞ്ഞപ്പോഴാണ് വെളുപ്പും പച്ചയും ഇടകലർന്നു സുന്ദരിയായ പൂവിട്ടു നിൽക്കുന്ന ആ കുഞ്ഞു പൂക്കളുടെ പ്രാധാന്യം തിരിച്ചറിയുന്നത്.
കൂടെ മുത്തശ്ശിയുടെ പാട്ടും
“തുമ്പപ്പൂവേ പൂത്തിരുളേ നാളെക്കൊരു വട്ടി പൂ തരണേ “.
റംസീന നാസർ