നരച്ച തെരുവീഥികളിലൊന്നിലൂടെ
ഒരു കുടുംബം നടന്ന് നീങ്ങി.
അച്ഛനും അമ്മയും രണ്ട് പെൺമക്കളും.
എന്റെ മൂക്കിൻ തുമ്പിനെ തട്ടിത്തലോടിക്കൊണ്ട് മക്കളിൽ ഒരാളുടെ ചുവപ്പും മഞ്ഞയും കലർന്ന ഷാൾ കാറ്റിൽ പാറിപ്പറന്നു.
കുട്ടികൾ കലപില കൂട്ടുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുമ്പോൾ അച്ഛനുമമ്മയും ഓർമ്മകളിൽ ലയിച്ചെന്ന പോലെ കൈകോർത്ത് പിടിച്ച് അലക്ഷ്യമായി നടന്നുനീങ്ങി.
അവരീ തെരുവീഥികളിലൊന്നിൽ
ജീവിതം തുടങ്ങിയവരാണെന്ന് വെറുതെ എനിക്ക് തോന്നി;
ഇരുവരും ഒന്നിച്ച് ഒരു കുഞ്ഞു കുടുംബത്തിന്റെ അടിത്തറയിട്ട തെരുവോരങ്ങളിലൂടെ
വർഷങ്ങൾക്കിപ്പുറം വെറുതെ നടക്കാനിറങ്ങിയതാണെന്നും.
ഇപ്പോളേതോ വിദേശരാജ്യത്ത് സ്ഥിരതാമസമാക്കിയ അവർ വർഷങ്ങൾക്കിപ്പുറം പഴയഓർമ്മകളിലേക്ക്
ഒരു തിരിഞ്ഞുനോട്ടം നടത്തുന്നതാവാം.
ഞാനുമെന്റെ ഓർമ്മകളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഏകനായി മുന്നോട്ട് നടന്നു..