ചിണുങ്ങി പെയ്തു തോർന്ന
മഴത്തുള്ളികൾ കളിയാടിടവേ
കൈചേർത്തിറുത്തൊരാ പൂമൊട്ടുകൾ
കുമ്പിട്ടിടുമീ മണ്ണിൽ വിരഹമോതി
മണമില്ല ഗുണമില്ല പൂവിതളുകൾ
പിഴുതെടുത്തതും കളമൊരുക്കി
പുതുമയുടെ ഗന്ധമോതും
ഉടുപ്പുകളണിഞ്ഞവൾ നൃത്തമാടി
നാവിലൂറും വിഭവങ്ങളാൽ
തീന്മേശയിൽ നിറഞ്ഞു
ആളെണ്ണം കുറഞ്ഞെന്ന് പരിഭവമോതി
അമ്മമനം തേങ്ങി
വട്ടമിട്ടിരുന്നുണ്ണാൻ നേരമിനിയില്ലെന്നും
കയ്യെത്തും ദൂരത്തെല്ലാമുണ്ടിന്നും
അവരവർ അരുളി
ആർപ്പുവിളിയും ആഘോഷവുമില്ലാതെ
അമ്മയ്ക്ക് തീറെഴുതിയവർ
പലരുമുണ്ടീ ഉലകിലല്ലയോ
നിലവിളക്കിൻ പ്രകാശിതം
തിരുവാതിര കളിയിലും
ആർപ്പുവിളിയിൽ വഞ്ചിപ്പാട്ടും
എല്ലാമെല്ലാം പൊയ്മറഞ്ഞൊരു കാലം
പഴമയിൽ പലതുണ്ട് നുണയാൻ
പുതുമയിൽ പലതുണ്ടറിയാൻ
കൊമ്പ് കോർത്തോരാ മാനുഷ്യർ
അടുക്കളത്തിണ്ണയിൽ വെന്തുരുകുന്നോരമ്മമനം
കണ്ടില്ലെന്നടിക്കുകയെന്നതോ
നേരിൻ വഴി മർത്യാ ?
സലീന സർഫ്രാസ്
ഇരട്ടക്കുട്ടികളുടെ അമ്മ