പലവേള വെറുക്കാനും
അതിലേറെ പൊറുക്കാനും
ഒരുവേള മറക്കാനും
മറന്നെന്നു നടിക്കാനും
ഓർത്തോർത്തു കരയാനും
പുറമേ ചിരിക്കാനും
എന്നെ പഠിപ്പിച്ചതെന്റെ മനസ്സ്
മറക്കാനുള്ളതൊക്ക ഓർത്തും
ഓർക്കാനുള്ളതൊക്കെ മറന്നും
എന്നുമെന്നെ വട്ടംകറക്കുന്ന മനസ്സ്
എനിക്ക് പകരം ഞാൻ കുടിയിരുത്തിയവരൊക്കെ
തീറെഴുതി സ്വന്തമാക്കി
ഭാഗിച്ചെടുത്ത മനസ്സ്
കുത്തിക്കീറി വരഞ്ഞിട്ട മനസ്സ്
ഇനി ഒന്ന് മനസ്സുവെക്കണം ആ
മനസ്സിനെ തിരിച്ചു പിടിക്കാനും
ഉടമസ്ഥാവകാശം സ്ഥാപിച്ചു
അനധികൃത കുടിയേറ്റക്കാരെ
ഒഴിപ്പിച്ചു സ്വന്തമാക്കാനും