മുംബൈയിൽ, തിരികെ വന്നപ്പോൾ ആദർശിനേയും രൂപാലിയേയും സ്വീകരിക്കാനായി സുധീർ ബാബുവും പദ്‌മിനിയും നിന്നിരുന്നു. ആദ്യം ആദർശിനെ ആലിംഗനം ചെയ്ത പദ്മിനി രൂപാലിയെ ഉമ്മ വച്ചപ്പോൾ അവൾ പഴയതൊക്കെ മറന്ന് അമ്മയോട് വളരെ സ്നേഹത്തോടെ പെരുമാറി. പഴയ പിണക്കങ്ങളൊക്കെ മറക്കാൻ അവളെ സഹായിച്ചത് ആദർശിന് അവൻ്റെ അമ്മയോടുള്ള സ്നേഹമാണ്. മകൾക്കു വന്ന മാറ്റം പദ്‌മിനിയെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു.
എല്ലാം കലങ്ങി തെളിയട്ടെ.
മകൾക്കു അവളുടെ അച്ഛനെ മടക്കി കൊടുക്കണം. അവൾക്ക് അച്ഛൻ്റെ സ്നേഹം ലഭ്യമാക്കണം. അവൾക്കൊരിക്കലും അവളുടെ അച്ഛനെ ഫുൾ ടൈം ആയി കിട്ടില്ല. അയാൾക്ക് വേറെ ഭാര്യയും മകനുമുണ്ട്. പദ്‌മിനിക്കും ടിമ്മിനും പരസ്പരം തോന്നിയ പ്രണയം ഇപ്പോഴുമുണ്ട്. ഈ കാലമത്രയും അത് പൂർണമായി നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. പഴയതിലും ശക്തമായി, തീവ്രതയോടെ അവരിപ്പോഴും പ്രേമിക്കുന്നുണ്ട്.
മുൻപ് വീട്ടിൽ വരാൻ സ്വാതന്ത്രമില്ലായിരുന്നു ടിമ്മിന്, ഇനി ഇപ്പോൾ അതും പേടിക്കണ്ട. ഓഫീസിലെ ഔട്ട്ഹൗസിൽ അയാൾക്കെപ്പോഴും ഒരു മുറി സജ്ജമാക്കിയിരുന്നു.
“ആന്റി, ഇത് എന്റെ ബോസ്, സുധീർ സാർ, ആന്റിക്ക് ഇദ്ദേഹത്തെ പരിചയമുണ്ടോ ? രാജസ്ഥാൻകാരനാണ്”
സുധീർ നീട്ടിയ കൈ പിടിച്ചു പദ്മിനി കുലുക്കി.
“ടാ നിർത്തെടാ നിന്റെ നാടകം. ഞാൻ ഫോൺ ചെയ്തപ്പോൾ നിന്നോട് എല്ലാം പറഞ്ഞതാണല്ലോ. “
സുധീർ ഗൗരവം അഭിനയിച്ചു.
പദ്മിനി രൂപാലിയെ സൂധീറിന് പരിചയപ്പെടുത്തി.
“രൂപാലി ബേട്ടാ ഇത് സുധീർ, നാരായൺ ചാച്ചയുടെ മകൻ. എന്റെ കളിക്കൂട്ടുകാരൻ സുധീർ. “
സുധീർ മുന്നോട്ട് വന്നു രൂപാലിയെ കെട്ടിപിടിച്ചു വട്ടം ചുറ്റിച്ചു.
“ആദർശിനെ ഒരു വര വരച്ചു അതിൽ കൊണ്ട് നിർത്തിയത് നീയാണല്ലേ, മിടുക്കി. “
അയാളുടെ സന്തോഷപ്രകടനങൾ ആദർശ് നോക്കി നിന്നു, ആസ്വദിച്ചു, അയാൾ പിതൃ വാൽസല്യത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.
“അവർ പഴയ സുഹൃത്തുക്കളാണ്. കണ്ടപ്പോൾ എന്തൊരു സന്തോഷമാണ് രണ്ടാൾക്കും. താനിനി വീട്ടിൽ ചെന്ന് പഴയതൊന്നും ഓർമ്മിപ്പിക്കാൻ നിൽക്കണ്ട. തന്റെ മമ്മിക്കും കുറച്ചു ഹാപ്പിനെസ്സ് വേണ്ടേ. “
യാത്ര പറയുമ്പോൾ ആദർശ് രൂപാലിയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു, ഇല്ലെന്നു അവൾ തലയാട്ടി.
ആദർശിൻ്റെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ സുധീർ ബാബു ഭയങ്കര സന്തോഷവാനായിരുന്നു.
“നിന്നോട് ഞാൻ എങ്ങനെയാടാ നന്ദി പറയുന്നത്, ഞാൻ ഒരിക്കലും വിചാരിച്ചില്ല ഇനി അവളെ കാണാൻ പറ്റുമെന്ന്, അവളെ ഇത്രയും അടുത്ത് കാണാൻ പറ്റിയത് നീ കാരണമാണ്. രൂപാലിയും നീയും നല്ല ചേർച്ചയാണ്, നിങ്ങൾ ഒന്നിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. അവളെന്നാണ് ബ്രിട്ടനിലേക്ക് പോകുന്നത്. “
“ബോസ്, ഞങ്ങൾ പരസ്പരം ഇഷ്ടത്തിലാണ്, തുറന്നു പറഞ്ഞിട്ടില്ല എന്ന് മാത്രം, പക്ഷെ എന്റെ ഇഷ്ടം ഞാൻ തൊട്ടും തലോടിയും ഉമ്മ വച്ചുമൊക്കെ അറിയിച്ചിട്ടുണ്ട്. അവൾക്കും എന്നെ ഇഷ്ടമാണ്, അവളെന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. “
രണ്ടു ദിവസം അവൻ പൂർണമായും വിശ്രമത്തിലായിരുന്നു, ശരീരത്തിനേക്കാൾ മനസിനായിരുന്നു കൂടുതൽ ക്ഷീണം. അവനെ കാണാനായി രൂപാലി വന്നു. അവനു വേണ്ടി അവൾ ഭക്ഷണം ഉണ്ടാക്കി. ആ ദിവസം മുഴുവൻ അവരൊന്നിച്ചു ചിലവാക്കി.
“നീയെന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാനെങ്ങനെ അറിയും രൂപാലി. നീ തുറന്ന് പറഞ്ഞിട്ടില്ലല്ലോ. “
“നീയും പറഞ്ഞിട്ടില്ലല്ലോ എന്നോട് ഇഷ്ടമാണെന്ന്, പക്ഷേ ഞാൻ മനസ്സിലാക്കിയല്ലോ നിന്റെ സ്നേഹം. “
“നീയൊരു ഈഗോയിസ്റ്റാണ്. നിൻ്റെ തുറന്ന് പറച്ചിൽ കേൾക്കാനായാണ് ഞാൻ കാത്തിരിക്കുന്നത്. “
“നിനക്കും ഈഗോയ്ക്ക് കുറവില്ല. “
അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവൻ്റെ ചെവിയിൽ മൃദുവായി കടിച്ചു. പുതപ്പിനടിയിൽ അവളെ ചേർത്ത് പിടിക്കുമ്പോൾ പെട്ടെന്നവന്റെ മനസിലേയ്ക്ക് ഒരു മുഖം പ്രത്യക്ഷമായി, അഫ്രാ ഖദീജ അലി. മുൻപ് അവന്റെ ഫ്ലാറ്റിലും കിടക്കയിലും മനസിലും മറ്റൊരു പെൺകുട്ടിയേ മാത്രമേ പ്രവേശിപ്പിച്ചിട്ടുള്ളു. അവളായിരുന്നു അഫ്ര, തന്റെ എല്ലാമായിരുന്നു. ഇപ്പോൾ ആ സ്ഥാനം രൂപാലിക്കാണ്. പക്ഷേ ഒരിക്കലും അഫ്രയെ മറക്കാൻ പറ്റില്ല
രൂപാലിയുടെ കാര്യമൊക്കെ അഫ്രയോട് തുറന്ന് പറഞ്ഞിരുന്നുവെങ്കിലും അവളെ സ്നേഹിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. പറഞ്ഞാൽ അവൾക്കിഷ്ടമാകില്ല. പണ്ടേ താൻ മറ്റൊരു പെണ്ണിനോട് മിണ്ടുന്നത് അവൾക്കിഷ്ടമല്ല. പിന്നെ ഇതും കൂടി അറിയിച്ചാൽ അവൾക്കത് താങ്ങാൻ കഴിയുമോ. കൂടെ കൂടെ നീ വേറെ കല്യാണം കഴിക്കൂ എന്നവൾ നിർബന്ധിക്കുന്നുണ്ട്. പക്ഷെ അവൻ കല്യാണം കഴിച്ചാൽ അവളത് സഹിക്കുമോ?
ഇപ്പോൾ ജീവിതത്തിനൊരു അർത്ഥമുണ്ട്, സമാധാനമുണ്ട്, സ്നേഹമുണ്ട്. അമ്മ കൂടെ കൂടെ വിളിക്കാറുണ്ട്. രാമേട്ടൻ വിളിക്കാറുണ്ട്. രൂപാലി എപ്പോഴും കൂടെയുണ്ട്. പദ്മിനി ആൻ്റിയുടെ കൂടെ കൂടെയുള്ള കുശലാന്വേഷണമുണ്ട്.
രൂപാലിയോടുള്ള സ്നേഹത്തിൽ താൻ വല്ലാതെ പൊസ്സസ്സീവ് ആയി പോകുന്നു. തിരിച്ച് അവളും പൊസ്സസ്സീവായാൽ, താനും അഫ്രയും തമ്മിലുള്ള റിലേഷൻഷിപ്പ് അറിഞ്ഞാൽ.. തൻ്റെ ഫോണിൽ അതിനുള്ള എല്ലാം തെളിവുകളും ഉണ്ട്. എങ്ങനെ രൂപാലിയോടെല്ലാം തുറന്ന് പറയും. എല്ലാം തുറന്ന് പറഞ്ഞേ മതിയാകൂ.
പ്രൊഫഷണലി ഒരു ഹിറ്റ്മേക്കർ റിപ്പോർട്ടർ എന്ന പേര് മുൻപ് തന്നെ അവന് കിട്ടിയിട്ടുണ്ട്. റാണി പദ്മിനിയുടെ അഭിമുഖം സൺഡേ മാജിക്കിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. പത്രത്തിൻ്റെ റേറ്റിംഗ് കൂടി. ഇൻ്റർനെറ്റിൻ്റെ ഈ കാലത്തും പ്രേക്ഷകരുടെ വായനാശീലം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് ഫീഡ്ബാക്ക് തെളിയിച്ചു. സഹപ്രവർത്തകരുടെ പ്രശംസയ്ക്ക് പാത്രമാകാൻ കഴിഞ്ഞു. അത്ര അഭിനന്ദനീയമായിരുന്നു അവൻ്റെ എഴുത്ത്.
രാവിലെ തന്നെ അഫ്രയുടെ ഫോൺ വിളി വന്നു. അവളുടെ നമ്പർ കണ്ടതോടെ അവൻ്റെ സമാധാനമെല്ലാം നശിപ്പിച്ചു. അവനാകെ ടെൻഷനായി. അവളാകട്ടെ ആകെ ദുഖിതയായിരുന്നു. അവൾ പറഞ്ഞതൊക്കെ അവൻ മൂളി കേട്ടു.
“ആദർശ്, ഞാൻ നാട്ടിലേക്ക് മടങ്ങുന്നു. അർമാനും ഞാനുമായി വഴക്കുണ്ടായി. അവൻ ഇവിടെയുള്ളൊരു വെള്ളക്കാരി പെണ്ണുമായി ലിവിംഗ് റ്റുഗദർ തുടങ്ങി. അവൻ്റെ ആശുപത്രിയിലെ നഴ്സാണവൾ. ഒരു ലാറ്റിനമേരിക്കകാരി. ഒരു
ഡിവോഴ്സിയാണ്. നാലു വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട് അവൾക്ക്. ഞാൻ സമ്മതിച്ചില്ല, അവൻ പിണങ്ങി അവളോടൊപ്പം പോയി. “
“നീയെന്താ ഈ പറയുന്നത്. “
“ഞാനൊരു മണ്ടിയാണ്. വെറുതെ അവന് വേണ്ടി എൻ്റെ ജീവിതം തുലച്ചു. അന്ന് നീ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. നീ മതിയായിരുന്നു എനിക്ക്. നിന്നോടൊത്ത് ജീവിയ്ക്കാൻ എനിക്ക് കൊതിയാകുന്നു. എന്നെങ്കിലും ഒരു മടങ്ങി വരവുണ്ടേൽ അത് നിന്നിലേക്ക് മാത്രമാണെന്ന് ഞാൻ മുൻപേ തീരുമാനിച്ചതാണ്. “
ഇപ്പോഴാണ് അവൻ ശരിക്കും ഞെട്ടിയത്. അവൻ പെട്ടു. അവനെ സ്നേഹിക്കുന്ന രൂപാലി ഒരു വശത്ത്. മകനെ ഉപേക്ഷിച്ച് അവനോടൊപ്പം കഴിയാൻ ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്ന അഫ്ര. ആരെ ഉപേക്ഷിക്കും ആരെ സ്വീകരിക്കും. അവൻ ധൈര്യം സംഭരിച്ച് അവളോട് ഇങ്ങനെ പറഞ്ഞു.
“നീ പെട്ടെന്ന് മടങ്ങി വരൂ, നിന്റെ സഹായമെനിക്കിപ്പോൾ വളരെ ആവശ്യമാണ്. നിന്നെ ഒരു സർപ്രൈസ് കാത്തിരിക്കുന്നു. “
“നീ സുധീർ സാറിനെ വിളിക്കണം, എനിക്ക് ഒരു ജോലി ശരിയാക്കണം. “
“നീ ആദ്യം നാട്ടിൽ വാ. ജോലി നമുക്ക് ശരിയാക്കാം. “
ഫോൺ വച്ചപ്പോൾ അവനാകെ അങ്കലാപ്പിലായി. അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോഴൊക്കെ അവൾ വഴുതി വഴുതി പോയി. ഇപ്പോൾ താൻ രൂപാലിയെ ഇഷ്ടപ്പെട്ടപ്പോൾ, രൂപാലിയെ കല്യാണം കഴിക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞപ്പോൾ, അഫ്ര ഒരു അശനിപാതം പോലെ മുന്നിലേക്ക് വീണ്ടും വരാൻ പോകുന്നു.
സുധീർ സാറിന് മാത്രമേ തന്നെ ഇതിൽ നിന്നും രക്ഷിക്കാൻ കഴിയൂ. അദ്ദേഹത്തിന് അഫ്രയുമായുള്ള ബന്ധത്തിൻ്റെ ആഴം അറിയാം. രൂപാലിയുടെ കാര്യമറിയുമ്പോൾ അവൾ തകർന്ന് പോകുമോ. അവൻ്റെ കാര്യമോ? എന്നും ജീവിതത്തിൽ സങ്കടങ്ങളെ ഉണ്ടായിട്ടുള്ളൂ. ഒന്ന് സന്തോഷിച്ച് തുടങ്ങിയപ്പോഴേക്കും വീണ്ടുമൊരു പ്രശ്നം മുന്നിലുദിച്ചു.
അഫ്ര!! രൂപാലി!! ആരെ സ്വീകരിയ്ക്കും?.
(തുടരും…. )
✍️✍️നിഷ പിള്ള
Koottaksharangal


1 Comment
Pingback: റാണി പദ്മിനി-14 - By Nisha Pillai - കൂട്ടക്ഷരങ്ങൾ