മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1, അദ്ധ്യായം 2
പോഡ്കാസ്റ്റ്: ഇവിടെ
അദ്ധ്യായം 3
നൂറ്റിമൂന്നാം നമ്പർ മുറിയുടെ മുന്നിൽ കമിഴ്ന്നു കിടക്കുകയായിരുന്നു സിസ്റ്റർ ആശ. ഡോ. കൃഷ്ണ സിസ്റ്ററുടെ അടുത്തെത്തി പരിശോധിച്ചു. അടിയേറ്റ് പൊട്ടിയ തലയുടെ പിൻവശത്തു നിന്ന് രക്തം ഒഴുകിപ്പരന്നിരുന്നു. സിസ്റ്റർ ദുർബലമായി ശ്വസിക്കുന്നുണ്ടായിരുന്നു. നൂറ്റി അഞ്ചാം നമ്പർ മുറിയുടെ താക്കോൽ രക്തക്കളത്തിൽ തിളങ്ങി കാണപ്പെട്ടു. അടുത്തു തന്നെ കിടന്നിരുന്ന ഡ്രിപ്പ് സ്റ്റാൻ്റിൻ്റെ കാലിൽ രക്തവും മുടിനാരുകളും പറ്റിപ്പിടിച്ചിരുന്നു. സ്റ്റാൻ്റ് കൊണ്ടാണ് സിസ്റ്റർക്ക് അടിയേറ്റതെന്ന് അദ്ദേഹം ഊഹിച്ചു. 104 ആം നമ്പർ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് അദ്ദേഹം കണ്ടു.
ഡോ. കൃഷ്ണ ഓടി ഡ്യൂട്ടി റൂമിലെത്തി ഡെസ്ക് ഫോണിൽ കാഷ്വാലിറ്റി ഡയൽ ചെയ്തു: “ഫ്രം ഡ്യൂട്ടി റൂം, ഫസ്റ്റ് ഫ്ലോർ. സിസ്റ്റർ ആശയെ ആരോ ആക്രമിച്ചു. ഷീ ഈസ് ഇൻ ക്രിട്ടിക്കൽ കണ്ടീഷൻ. റൂം നമ്പർ നൂറ്റിമൂന്നിനു മുന്നിൽ”
“നിങ്ങളാരാണ്?”
അദ്ദേഹം ഫോൺ ഡിസ്കണക്ട് ചെയ്തു. ‘ഈ സമയത്ത് കൂടുതൽ പറയാത്തതാണ് നല്ലത്’ – അദ്ദേഹം സ്വയം പറഞ്ഞു.
സിസ്റ്ററെ കിടത്തിയ സ്ട്രെച്ചറുമായി കാഷ്വാലിറ്റിയിലെ ഡോക്ടറും സഹായികളും പോകുന്നതു വരെ ഡോ.കൃഷ്ണ ഇടനാഴിയിലെ ഇരുളിൽ മറഞ്ഞു നിന്നു. പോകുന്നതിന് മുൻപ് ഡോക്ടർ ഫോൺ ചെയ്തത് പോലീസിനായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. തുറന്ന നിലയിൽ കാണപ്പെട്ട നൂറ്റി നാലാം നമ്പർ മുറി പോലീസെത്തുന്നതിനു മുൻപ് പരിശോധിക്കാൻ അദ്ദേഹം തീരുമാനിച്ചു.
കൈയുറ ധരിച്ച ശേഷം ഡോ. കൃഷ്ണ നൂറ്റി നാലാം നമ്പർ മുറിയിലേക്കു കയറി ലൈറ്റിട്ടു. മുറി ആരോ ഉപയോഗിച്ച ലക്ഷണമുണ്ടായിരുന്നു. 104 എന്ന് ലേബൽ ചെയ്ത കീ ചെയിനുള്ള താക്കോൽ കട്ടിലിൽ കിടപ്പുണ്ടായിരുന്നു. സൈഡ് ടേബിളിൽ ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും കാണപ്പെട്ടു. അതിൻ്റെ ഡ്രോയറിൽ മിനുസമുള്ള ചെറിയ പ്ലാസ്റ്റിക് ഡപ്പിയുണ്ടായിരുന്നു. അദ്ദേഹം ഡപ്പി ഒരു പ്ലാസ്റ്റിക് പൗച്ചിലാക്കി തൻ്റെ സ്ലിംഗ് ബാഗിൽ നിക്ഷേപിച്ചു. ലേബലെന്നു തോന്നിക്കുന്ന, ബാർകോഡുപതിച്ച, പകുതി കീറിപ്പോയ ഒരു പേപ്പർ കഷണവും മറ്റു പേപ്പർ തുണ്ടുകളും നിലത്തു നിന്ന് അദ്ദേഹം ശേഖരിച്ചു സ്ലിംഗ് ബാഗിലിട്ടു. ഏതാണ് പ്രയോജനപ്പെടുക എന്നു പറയാൻ പറ്റില്ല – അദ്ദേഹം സ്വയം പറഞ്ഞു. കട്ടിലിൻ്റെ അടിയിൽ ഒരു സിറിഞ്ച് കിടക്കുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു. അത് ശ്രദ്ധാപൂർവം എടുത്ത് പ്ലാസ്റ്റിക് പൗച്ചിലാക്കി തൻ്റെ ബാഗിൽ നിക്ഷേപിച്ചു.
പത്തു മിനിറ്റിനു ശേഷം പരിശോധന കഴിഞ്ഞ് അദ്ദേഹം മുറിയിൽ നിന്നിറങ്ങി.
തിരികെ ഡ്യൂട്ടി റൂമിലെത്തിയ ഡോ.കൃഷ്ണ അവിടെ പരിശോധന നടത്തി. ഭിത്തിയിൽ ഒരു വശത്തായി താക്കോലുകൾ സൂക്ഷിക്കുന്ന ഒരു ബോർഡ് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു. അതിൽ 104, 105 എന്നീ ലേബലുകളിൽ താക്കോലുകളില്ലായിരുന്നു. കീ ബോർഡിനു സമീപം തൂക്കിയ ബോർഡിൽ അന്നത്തെ ഡ്യൂട്ടി റോസ്റ്റർ ഒട്ടിച്ചിരുന്നു. അതിൽ മെറ്റിൽഡയുടെ പേര് ഉണ്ടായിരുന്നില്ല എന്നത് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
സൈഡ് ടേബിളിൽ ഒരു ലേഡീസ്ബാഗും രോഗികളുടെ ഐ പി ഫയലുകളുടെ അടുക്കും ഉണ്ടായിരുന്നു. ബാഗിനുള്ളിൽ ഏതാനും പേപ്പറുകളും കുറച്ചു പൈസയും ഡോ. വർമ്മ കണ്ടു. മെറ്റിൽഡയുടെ ഹോസ്പിറ്റൽ ഐഡി ബാഗിൻ്റെ സൈഡ് പോക്കറ്റിൽ ഉണ്ടായിരുന്നു. ബാഗ് വിശദമായി പരിശോധിച്ചെങ്കിലും, ഒരു പ്രീപെയ്ഡ് ഓട്ടോസ്ലിപ്പല്ലാതെ, കാര്യമായൊന്നും കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
രഘുരാമന്റെ ഫയൽ മുകളിൽ തന്നെയുണ്ടായിരുന്നു . ഡോ. കൃഷ്ണ അത് വിശദമായി പരിശോധിക്കുമ്പോഴേക്കും ലിഫ്റ്റ് തുറക്കുന്ന ശബ്ദം കേട്ടു. തുടർന്ന് ബൂട്ടുകളുടെ ശബ്ദം അടുത്തു വന്നു. പോലീസായിരിക്കുമെന്ന് അദ്ദേഹമൂഹിച്ചു.
ഫയലിൽ നിന്ന് രഘുരാമന്റെ വ്യക്തി വിവരങ്ങളുള്ള താളു മാത്രം ചീന്തി പോക്കറ്റിലിട്ട് ഡോ. കൃഷ്ണ വേഗം ഇടനാഴിയിലേക്കിറങ്ങി ഇരുട്ടിലേക്ക് മാറി നിന്നു.
ഉയരം കുറവാണെന്നതൊഴികെ ഒരു സിനിമാ നായകനുള്ള ആകാര ഭംഗിയും ഗാംഭീര്യവുമുണ്ടായിരുന്നു ഇൻസ്പെക്ടർ ചന്തുനാഥിന്. ഡോ. കൃഷ്ണയ്ക്ക് ഇൻസ്പെക്ടറെ നേരത്തേ അറിയാം. പല കേസുകളിലും അവർ
പരസ്പരം സഹായിച്ചിട്ടുണ്ടായിരുന്നു. ഇൻസ്പെക്ടറും കോൺസ്റ്റബിൾമാരും ആശ അടിയേറ്റു വീണ സ്ഥലത്തെത്തി. കാഷ്വാലിറ്റി ഡോക്ടറും ഒപ്പമുണ്ടായിരുന്നു.
ഡോ. കൃഷ്ണ ഇരുട്ടിൽ നിന്നു പുറത്തേക്കു വന്നു.
“ഹലോ ഡോ. കൃഷ്ണ…”, അപ്രതീക്ഷിതമായി ഡോ.കൃഷ്ണയെക്കണ്ട ഇൻസ്പെക്ടറുടെ കണ്ണിൽ അവിശ്വനീയത തെളിഞ്ഞു: “താങ്കളി വിടെ?!”
“വരേണ്ടി വന്നു.”
“സിസ്റ്ററെ ആക്രമിച്ച .കാര്യം താങ്കളെങ്ങനെയറിഞ്ഞു?”
”ആക്രമണം മാത്രമല്ല, ഒരു കൊലപാതകവും നടന്നിട്ടുണ്ട് ഇൻസ്പെക്ടർ.”
“വാട്ട്?!”
“യെസ്.”
ഡോ.കൃഷ്ണ ഇൻസ്പെക്ടർ ചന്തുനാഥിനോട് കാര്യങ്ങൾ വിവരിച്ചു.അതിനിടെ ഇൻസ്പെക്ടർ തുടർ നടപടികൾക്ക് കോൺസ്റ്റബൾമാർക്ക് നിർദ്ദേശം നൽകി.
“ഞാനിപ്പോൾ വരാം “, ഡോ. കൃഷ്ണ ഇൻസ്പെക്ടറോട് യാത്ര പറഞ്ഞു.
പ്രധാന ഇടനാഴിയുടെ അറ്റത്ത് നേരത്തേ കണ്ട വാതിലിനടുത്തേക്കാണ് അദ്ദേഹം പോയത്.
വാതിൽ അകത്തു നിന്ന് ഓടാമ്പലിട്ട നിലയിലായിരുന്നു. ഡോ. കൃഷ്ണ വാതിലിൽ ശക്തിയായി ചവിട്ടി. രണ്ടാമത്തെ ശ്രമത്തിൽ ഓടാമ്പൽ വഴങ്ങി; വാതിൽ ഞരങ്ങിക്കൊണ്ട് തുറന്നു. പെൻ ടോർച്ചിന്റെ വെളിച്ചത്തിൽ താഴേക്കു പോകുന്ന പടികൾ അദ്ദേഹം ശ്രദ്ധിച്ചിറങ്ങി. പഴയ ആശുപത്രി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഒരു ഗോഡൗണായിരുന്നു താഴെ. അവിടെയാകെ പഴകിയ ഗന്ധം നിറഞ്ഞു നിന്നു.
ഗോഡൗണിൽ നിന്ന് പുറത്തേക്കുള്ള ഇരുമ്പ് വാതിൽ ചാരിയ നിലയിലായിരുന്നു. അതിൻ്റെ വിടവിലൂടെ നാട്ടുവെളിച്ചം നേർത്ത വര പോലെ ഗോഡൗണിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ഡോ. കൃഷ്ണ ഗോഡൗണിൽ പരിശോധന നടത്തി. അവിടെ ആരുമുണ്ടായിരുന്നില്ല. അദ്ദേഹം വാതിലിലൂടെ പുറത്തിറങ്ങി. വാതിലിൻ്റെ താഴ് പൊട്ടി താഴെ കിടപ്പുണ്ടായിരുന്നു. ഒരു ഡമ്പിങ്ങ് യാർഡ് പോലെയായിരുന്നു ആശുപത്രിയുടെ പിന്നാമ്പുറം. അവിടെ പിൻനിലാവിൻ്റെ അരണ്ട വെളിച്ചത്തിൽ നിഴലുകൾ പടർന്നു കിടന്നു.
പഴയ സാധനങ്ങൾ കൂട്ടിയിട്ടതിന് നടുവിലുള്ള വഴിയിലൂടെ ഡോ. കൃഷ്ണ നടന്നു. അതെത്തിച്ചേർന്നത് ആശുപത്രിക്കെട്ടിടത്തിൻ്റെ സെല്ലാർ പോലെയുള്ള ഒരു മുറിയുടെ അടുത്താണ്. മുറിക്കപ്പുറം ആശുപത്രിയുടെ പുറം മതിലായിരുന്നു. മുറിക്കും മതിലിനും ഇടയിലൂടെ പോകുന്ന വീതി കുറഞ്ഞ നടവഴി ആശുപത്രിക്കു മുന്നിലേക്കുള്ള താണെന്ന് അദ്ദേഹം ഊഹിച്ചു. വഴി തുടങ്ങുന്നതിനു വലതു വശത്തായിരുന്നു സെല്ലാറിൻ്റെ വാതിൽ. പാതി തുറന്നിരിക്കുന്ന വാതിലിലൂടെ അകത്തുനിന്ന് വെളിച്ചം വീഴുന്നുണ്ടായിരുന്നു. വാതിലിൻ്റെ പൂട്ട് തകർന്ന നിലയിലായിരുന്നു.
ഡോ. കൃഷ്ണ വാതിൽ പതുക്കെ തുറന്നു. പെട്ടെന്ന് മുറിയിലെ ലൈറ്റണഞ്ഞു. ആരോ മുറിയിലുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായി. അരയിൽ നിന്ന് പിസ്റ്റൽ എടുത്ത്, ടോർച്ച് തെളിച്ചു കൊണ്ട് അദ്ദേഹം അകത്തേക്കു കയറി.
അടുത്ത നിമിഷം തൻ്റെ മുന്നിലേക്ക് ഉയർന്നു വരുന്ന പാദം ഡോ. കൃഷ്ണ കണ്ടു. ചവിട്ടേറ്റ് അദ്ദേഹം തെറിച്ചു വീണു. പിസ്റ്റലും ടോർച്ചും തെറിച്ചു പോയി. മുന്നിൽ നിൽക്കുന്നവൻ്റെ നിഴൽ രൂപം അദ്ദേഹം കണ്ടു. നൊടിയിടയിൽ അദ്ദേഹം കുതിച്ചുയർന്ന് നിവർന്നു നിന്നു. നിമിഷാർദ്ധത്തിൽ ശക്തമായ ഇടിയിൽ എതിരാളിയുടെ മൂക്കിൻ്റെ പാലം തകർന്നു. അവൻ മോങ്ങിക്കൊണ്ട് നിലത്തിരുന്നു.
പെട്ടെന്ന് പിന്നിൽ നിന്ന് തലയ്ക്ക് ശക്തമായ അടിയേറ്റ് ഡോ. കൃഷ്ണ നിലത്തു വീണു. അദ്ദേഹത്തിന്റെ കണ്ണിൽ ഇരുട്ടു കയറി. അബോധത്തിലേക്ക് പോകുന്നതിനിടയിൽ ഒരു വാഹനം സ്റ്റാർട്ട് ചെയ്ത് അകന്നു പോകുന്ന ശബ്ദം അദ്ദേഹം കേട്ടു .
Thumbnail designed by : ജോസ്മോൻ വാഴയിൽ
11 Comments
😯👌
ഗംഭീരം 👍
Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 4 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ
👍👍
ആകാംഷ നിലനിർത്തി കൊണ്ടുപോകാൻ കഴിയുന്നുണ്ട്. ഓരോ അധ്യായത്തിലും ഓരോ ആക്രമണം: …
ഡ്യൂട്ടി റൂമിൽ ഫയൽ പരിശോധിച്ച ഡോക്ടർ വർമ്മ കണ്ടു എന്ന് എഴുതിയിട്ടുള്ളത് പിശകല്ലേ ?
തുടർ ഭാഗങ്ങൾ വരട്ടെ..
ആശംസകൾ.
ഭയങ്കര ടെൻഷൻ.. എന്താവും ..
തുടന്നു വായിക്കൂ. മുഴുവൻ അദ്ധ്യായങ്ങളും upload ആയിട്ടുണ്ട്.
പൊളി… മാഷേ… 👍👍. തുടക്കക്കാരൻ എന്ന് തോന്നില്ല…. interesting🥰…. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു 👍👍
Interesting……..
👍👍
Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 2 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ