അവളുടെ മോതിരവിരലിലെ കാക്കപ്പുള്ളിയിൽ തലോടി അവൻ പറഞ്ഞു,
“എൻ്റെ ഹൃദയത്തിൽ ഒരു കാക്കപ്പുള്ളി”
അവൾ പൊട്ടിച്ചിരിച്ചു.
“നിനക്കറിയുമോ മോതിരവിരലിലെ ഞരമ്പുകൾ ഹൃദയത്തിലേക്കുള്ള വഴികളാണ്. കഴിഞ്ഞകാലത്തേക്ക് തിരികെ പോകാൻ സാധിച്ചാൽ നീ ആദ്യം തിരുത്തുക ഏത് തെറ്റാകും?”
വിരലുകളിൽ ചുംബിച്ച് അവൻ ചോദിച്ചു
അവളുടെ കവിളിലെ നുണക്കുഴിപ്പൂക്കൾ വാടിക്കൊഴിഞ്ഞു.
“ഞാൻ തെറ്റുകൾ ചെയ്തു കാണുമെന്ന് നീ വിശ്വസിക്കുന്നുവോ!”
അവൻ്റെ അധരങ്ങൾ മൗനം കൂട്ടു പിടിച്ച് അവളുടെ ശരീരത്തിലെ കാക്കപ്പുള്ളികളെ തേടിയൊടുവിൽ കഴുത്തിനെ പൊള്ളിച്ച് ചുണ്ടിനെ തടവിലാക്കി.
അവൻ്റെ അധരത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയവൾ പറഞ്ഞു,
“ഞാൻ ആദ്യം തിരുത്തുക നീ എന്ന തെറ്റിനെ ആവും”.
