Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മയുടെ ശബ്ദം
കഥ ത്രില്ലർ

ഓർമ്മയുടെ ശബ്ദം

By Anish FrancisJanuary 3, 2024Updated:January 4, 20247 Comments14 Mins Read174 Views
Bookmark Now
Please login to bookmark Close

No account yet? Register

വസന്ത് മരിച്ച് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഞാനവനെ ക്ഷേത്രനഗരത്തിലെ പൂച്ചന്തയിൽ വച്ച് കണ്ടുമുട്ടി. ഞാൻ കാണുമ്പോൾ പൂക്കൂനകളുടെ ഇടയിൽ നിന്നുകൊണ്ട് അവൻ കച്ചവടക്കാരികളുമായി വിലപേശുകയായിരുന്നു. കറുപ്പിൽ വെളുത്ത ചതുരങ്ങൾ ഉള്ള ഒരു ലുങ്കിയും”എവരിതിംഗ് ഹാപ്പൻസ്‌ ഫോർ എ റീസൺ “ എന്ന് എഴുതിയ ടീഷർട്ടുമായിരുന്നു അവൻ ധരിച്ചിരുന്നത്. അവന്റെ വസ്ത്രങ്ങൾ കണ്ടാണ്‌ ഞാനവനെ തിരിച്ചറിഞ്ഞത്. ഞാനവനെ കൊല്ലുമ്പോഴും അവന് ഇതേ വേഷമായിരുന്നു.

ഞാനവന്റെ തോളിൽ സ്പർശിച്ചു. എന്റെ വിരൽ പൊള്ളി. പകൽ മുഴുവൻ വെയിലേറ്റു കിടന്ന ഒരു പാറയുടെ മുകളിൽ സന്ധ്യാകുമ്പോഴും ബാക്കിയാകുന്ന ചൂട്. മരിച്ചവന്റെ ചൂട്.

“വസന്ത് .” ഞാൻ വിളിച്ചു.

അവൻ എന്നെ തിരിഞ്ഞു നോക്കി. അവന്റെ മുഖത്ത് കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു.

“നീ എന്തിനാണ് ഇങ്ങോട്ട് തിരിച്ചു വന്നത് ?” വസന്ത് ചോദിച്ചു.

“ഇത്രയും വർഷമായില്ലേ? പോലീസ് ഇപ്പോൾ എന്നെ അന്വേഷിക്കുന്നുണ്ടാവില്ല. ആരും ഓർക്കുന്നുണ്ടാവില്ല.”

“ചത്തവനെ മറന്നാലും. കൊന്നവനെ ആരും മറക്കില്ല.” വസന്ത് പറഞ്ഞു.

ഞാനവനെ ചോദ്യഭാവത്തിൽ നോക്കി.

“ചാക്കോയെ ആരും ഓർക്കുന്നില്ല. സുകുമാരകുറുപ്പിനെ മാത്രം ഇപ്പോഴും ആളുകൾ തിരയുന്നു.” അവൻ പറഞ്ഞു.

അത് സത്യമാണ്. സുകുമാരക്കുറുപ്പ് മരിച്ചുവെന്നു ചിലർ പറയുന്നു. കുറുപ്പ് ഇനി മരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അയാൾ ഒരു കടംകഥയായി ജീവിക്കുന്നു.

പൂക്കൾ കൂന കൂനയായി കൂട്ടിയിട്ടിരിക്കുന്നു. മല്ലിപ്പൂ, മുല്ലപ്പൂ, ചെത്തി..കൂനകൾക്ക് പിന്നിൽ മുറുക്കിചുവന്ന ചുണ്ടുകളുമായി പൂക്കാരികൾ വിലപേശുന്നു.

“കിളിമീൻ.. അരകിലോ.” വസന്ത് പറഞ്ഞു.

ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത് നഗരത്തിലെ മീൻ മാർക്കറ്റിലാണ്. സ്വപ്നത്തിൽ, മറവിയുടെ ഇടനാഴികളിലെവിടെയോ ആ പൂച്ചന്ത മാഞ്ഞുപോയിരിക്കുന്നു.

കച്ചവടക്കാരൻ മീനുകൾ ത്രാസിലേയ്ക്ക് ഇടാൻ തുടങ്ങി.

“ആ മുഴുത്ത മീൻ എടുത്തിട്.” വസന്ത് നിർദ്ദേശിച്ചു.

“നീ കുക്കിംഗ് ഒക്കെ പഠിച്ചോ ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“മരിച്ചു കഴിഞ്ഞാൽ നമ്മൾ ഒരു പാട് കാര്യങ്ങൾ പഠിക്കും. അടുത്ത ജന്മത്തിന് വേണ്ടി ഒരുങ്ങാനുള്ള സമയമാണ് ഈ ഗാപ്. ഞാൻ കുക്കിംഗിൽ ശ്രദ്ധിക്കാം എന്ന് വിചാരിച്ചു.” വസന്ത് വിശദീകരിച്ചു.

ഞാൻ കാരണമുണ്ടായ ഗാപ്.

കടക്കാരൻ വലിയ മീൻ എടുത്തിടുന്നതിനിടയിൽ വസന്ത് എന്റെ നേർക്ക് തിരിഞ്ഞു.

“നീ അന്നെന്നെ കൊല്ലുന്നത് ആരെങ്കിലും കണ്ടിരുന്നോ ?” അവൻ ചോദിച്ചു.

“ഇല്ല.”

“ഉറപ്പാണോ ?”

“ഉറപ്പ്.”

“എന്നാൽ അങ്ങിനെയല്ല. നീ തിരികെ വരരുതായിരുന്നു. കാരണം ആ കൊലപാതകത്തിനൊരു ദൃക്സാക്ഷിയുണ്ട്.”വസന്ത് പറഞ്ഞു.

“പക്ഷേ അതാരാണ്…?” ഞാൻ ചോദിച്ചു.

“എനിക്കറിയില്ല. മരിച്ചു കഴിഞ്ഞവന്റെ ആകാശം നിർമ്മലമാണ്. അവിടെ ഓർമ്മകളുടെ മേഘപടലങ്ങളില്ല. വെളിപാടുകളുടെ ഇടിമിന്നലുകൾ മാത്രം. അത്തരമൊരു വെളിപാട് മാത്രമാണ് ഇതും.”

“ചത്തു കഴിഞ്ഞാലും നീ അത് നിർത്തില്ലല്ലേ ?”

ഞാൻ ചോദിച്ചു.

“എന്ത് ?”

“കഞ്ചാവ് ?”

വസന്ത് പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ അലയിൽ ഞാനുണർന്നു.

ബസ്സിന്റെ ചില്ല് ഗ്ലാസ് ഉയർത്തി ഞാൻ വെളിയിലേക്ക് നോക്കി. നഗരത്തിനു ഒരു മാറ്റവുമില്ല. ഇരുപത്തിയൊന്ന് വർഷങ്ങളല്ല, ഇരുപത്തിയൊന്ന് നൂറ്റാണ്ടു കഴിഞ്ഞാലും മൂത്രഗന്ധം വമിക്കുന്ന ബസ് സ്റ്റാൻഡിന്റെ പരിസരവും തവിട്ടു നിറമുള്ള തെരുവ് നായ്ക്കളും ഈ നഗരത്തിനു അമരത്വം നൽകുന്നു.

ബസ്സിൽ നിന്നിറങ്ങിയതും ഓട്ടോക്കാർ എന്നെ വളഞ്ഞു. പത്രക്കാർ മന്ത്രിമാരെ വളയുന്നത് പോലെ. ആ അര നിമിഷത്തെ പ്രാധാന്യം ഞാൻ ശരിക്കും ആസ്വദിച്ചു.

“ചേട്ടാ മീനാക്ഷിയമ്മൻ അമ്മൻ കോയിൽ പോണമാ ?”, ഒരുവൻ ചോദിച്ചു.

“വേണ്ട ..”

“അഴകർ കോയിൽ, ഗാന്ധി മ്യൂസിയം ?”

“തിരുമല നായ്ക്കരുടെ പാലസ് ?”

“വേണ്ട .”

“ചേട്ടാ നൂറ്റിമുപ്പതു രൂപാക്ക് പാലസ് വിടാം. അവിടെ തൊട്ടടുത്ത്‌ തലപ്പാക്കട്ടി ബിരിയാണി കെടയ്ക്കും. ഒരു ബിരിയാണിയും ജിഗർതണ്ട ഷെയ്ക്കും കുടിക്കാം.. റൊമ്പ ജോളിയാരിക്കും. പോകലാമാ..?”

“വേണ്ടടോ .”

“അണ്ണന് പിന്നെ എങ്ങോട്ടാ പോകേണ്ടത് ?”

“പണ്ടിവിടെ മാടക്കട നടത്തുന്ന ഒരു കന്തസ്വാമി ഉണ്ടായിരുന്നു. തമിഴൻ. അയാളുടെ കട ഇപ്പോഴുമുണ്ടോ ?”

ആട്ടോക്കാർ പരസ്പരം നോക്കി. അറിയില്ലെന്ന് തലയാട്ടി.

അല്പം അകലെ മാറി നിന്ന് എന്നെ ശ്രദ്ധിക്കുകയായിരുന്ന വൃദ്ധനായ ഒരു ആട്ടോക്കാരൻ അടുത്തേക്ക് വന്നു.

“കന്തസാമി ചത്തിട്ടു വർഷങ്ങളായി. നിങ്ങൾക്ക് സാധനം വേണമെങ്കിൽ വേറെ സ്ഥലമുണ്ട്.” അയാൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

ഒട്ടും സംശയിക്കാതെ ഞാൻ അയാളുടെ ആട്ടോറിക്ഷയിൽ കയറി. ശനിയാഴ്ച അന്തിയായതിന്റെ തിരക്ക് അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. വഴി മുഴുവൻ തിങ്ങി നിറഞ്ഞ ആളുകളുമായി നഗരം വാരാന്ത്യ സന്ധ്യയിലേക്ക് നൃത്തം വച്ച് കയറി. ഇടയ്ക്ക് ഒരിടത്ത് കൂട്ടിയിട്ട മത്സ്യത്തിന്റെ മുൻപിൽ കൈലിയും ടീഷർട്ടും അണിഞ്ഞ ഒരു മനുഷ്യനെ മിന്നായം പോലെ കണ്ടു. ഞാൻ വസന്തിനെ ഓർത്തു. സ്വപ്നത്തിൽ അവൻ തന്ന മുന്നറിയിപ്പും ഓർത്തു. അത് ശരിയായിരിക്കുമോ? കൃത്യമായി തീരുമാനിക്കണമെങ്കിൽ ആ കൊലപാതകം ഓർത്തെടുക്കണം. ഇരുപത്തിയൊന്നു കൊല്ലം മുൻപുള്ള ആ ഓർമ്മ മനസ്സിന്റെ താളിയോലയിൽ ചോര കൊണ്ടെഴുതിയ ഒരു ചിദംബരരഹസ്യമാണ്. അതോർക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ വേണം.

നിശബ്ദതയും ലഹരിയും.

ആട്ടോ പ്രധാനവീഥി ഉപേക്ഷിച്ചു ഒരു ഇടറോഡിലേക്ക് പ്രവേശിച്ചു. ഭിക്ഷക്കാരന്റെ ശരീരത്ത് നിന്ന് പൊട്ടിയൊഴുകുന്ന ചലം പോലെ തെരുവ് വിളക്കുകളിൽ നിന്നും മഞ്ഞവെളിച്ചം റോഡിലേയ്ക്ക് വീണുകിടന്നു. വെളിച്ചത്തെക്കാൾ കൂടുതൽ ഇരുട്ട് വിതറുന്ന നഗരത്തിന്റെ രഹസ്യ വിളക്കുകൾ. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടവേളകളിൽ രാത്രി സുന്ദരികളുടെ മുഖങ്ങൾ കടന്നുപോയി. പല മുഖങ്ങളായിരുന്നുവെങ്കിലും അവരുടെ നോട്ടങ്ങൾ ഒരുപോലെയായിരുന്നു. കുങ്കുമപ്പൊട്ടും മുല്ലപ്പൂവും അണിഞ്ഞ പഴയ വേശ്യകളുടെ സ്ഥാനത്തു ടൂവീലറിലും കാറിലും ചാരി നിന്ന് കസ്റ്റമർക്ക് മൊബൈൽ വഴി ലൊക്കേഷൻ അയച്ചുകൊടുക്കുന്ന വേശ്യകൾ പ്രത്യക്ഷപെട്ടു. ഞാൻ തെരുവിൽ നിന്നും മുഖം തിരിച്ചു. എന്ത് വൃത്തികെട്ട ഓർമ്മകൾ. ചന്ദനഗന്ധമുള്ള ഒരു നനുത്ത ഓർമ്മ എന്നെ തേടി വന്നിരുന്നെങ്കിൽ. ഈ ഇരുണ്ട ഗലികളിൽ നിന്ന് പച്ച പാടശേഖരങ്ങൾ അതിരിടുന്ന, അമ്പലങ്ങളുടെ ഓടിട്ട മേലാപ്പുകൾ കാണാവുന്ന നാട്ടുവഴിയിലെക്ക് പോയിരുന്നെങ്കിൽ.!

ഓട്ടോ ഒരു ഗേറ്റിന്റെ മുന്നിലേക്ക് ചെന്ന് നിന്നു. അല്പം അകലെ ഒരു പഴഞ്ചൻ ഇരുനിലക്കെട്ടിടം.

മതിലിന്റെ മുകളിൽ നെയിം ബോർഡ് ഉണ്ടായിരുന്നു.

റോസ് ഓൾഡ്‌ ഏജ് ഹോം.

ഗേറ്റിനരികിലെ ക്യാബിനിൽ നിന്ന് സെക്യൂരിറ്റി ഇറങ്ങി വന്നു. ആട്ടോക്കാരനും അയാളും തമ്മിൽ പരിചയമുണ്ടെന്നു തോന്നുന്നു.

“ചെന്ന് നോക്ക്. ഇത്രയും വൈകി .. മാനേജർ സമ്മതിക്കുമെന്ന് തോന്നുന്നില്ല.” സെക്യൂരിറ്റി പറയുന്നത് ഞാൻ കേട്ടു.

എനിക്കൊന്നും മനസ്സില്ലായില്ല. അല്പം മയക്കുമരുന്ന് കഴിക്കണം. അതിനു എന്തിനു ഓൾഡ്‌ ഏജ് ഹോമിൽ വരണം?

ആട്ടോക്കാരൻ തിരിച്ചു വന്നു വണ്ടി സ്റ്റാർട്ട് ചെയ്തു.

“അല്ല, നമ്മളെന്താ ഇവിടെ വന്നത് ?” ഞാൻ ചോദിച്ചു.

“അതൊക്കെയുണ്ട്‌.”

അയാൾ വണ്ടി അകത്തേക്ക് പായിച്ചു.

“ഇത് പണ്ട് സർക്കാർ ആശുപത്രിയായിരുന്നു. പിന്നെ ഒരാൾ അത് ഓൾഡ്‌ ഏജ് ഹോമാക്കി. ഇപ്പൊ അധികം ആളൊന്നുമില്ല.”വരാന്തയിലേയ്ക്ക് നടക്കുന്നതിനിടയിൽ ആട്ടോക്കാരൻ പറഞ്ഞു.

പഴകിയ മഞ്ഞ നിറമുള്ള കെട്ടിടം. പൊട്ടിയടർന്ന ജനാലകൾ.ഭിത്തിയുടെ വിള്ളലുകൾക്കിടയിലൂടെ ചെടികൾ വളരുന്നു. രണ്ടാം നിലയുടെ മുകളിൽ ടെറസ്സിൽ തോരാൻ വിരിച്ചിട്ടിരിക്കുന്ന നീല പുതപ്പുകൾ.

“ഇതിനിപ്പോഴും ഒരു ആശുപത്രിയുടെ മട്ടാണല്ലോ.” ഞാൻ പറഞ്ഞു.

“ഓൾഡ്‌ ഏജ് ഹോമും ആശുപത്രിയും എല്ലാം ഒന്നാണ്.” ആട്ടോക്കാരൻ പിറുപിറുത്തു.

താഴത്തെ നിലയിൽ ഏറ്റവും ഭേദപ്പെട്ട മുറിയായിരുന്നു മാനേജരുടെത്. മുറിയിൽ വെളിച്ചമില്ലായിരുന്നു. ആട്ടോക്കാരൻ വാതിലിൽ മൂന്ന് തവണ മുട്ടി. ഒരു സെക്കന്റ് വെയിറ്റ് ചെയ്തിട്ട് അയാൾ വീണ്ടും മൂന്നു തവണ മുട്ടി. മുറിയിൽ ലൈറ്റ് വന്നു. മുടി പറ്റെ വെട്ടിയ നീണ്ട കൃതാവുള്ള ഒരു മെലിഞ്ഞ മനുഷ്യൻ വാതിൽ തുറന്നു. പാന്റും കൈമുട്ട് വരെ എത്തുന്ന ഒരു വെളുത്ത ബനിയനുമാണ് അയാൾ ധരിച്ചിരുന്നത്. എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്ന മുഖഭാവമായിരുന്നു അയാൾക്ക്. എനിക്ക് അയാളെ നല്ല പരിചയം തോന്നി. എവിടെയോ കണ്ടു മറന്നത് പോലെ. അയാൾ എന്നെ തുറിച്ചു നോക്കി. പിന്നെ ആട്ടോക്കാരനെ നോക്കി ചിരിച്ചു.

‘എന്തായിത് ആരോഗ്യസ്വാമി.. ഇന്ത നേരത്ത് ? ഒരുപാട് ലേറ്റായല്ലോ ?” അയാൾ ആട്ടോക്കാരനോട് ചോദിച്ചു.

“സോറി സാർ.. വെരി സോറി.”

“ബ്ലഡ് റിലേറ്റിവോ.. സാദാ റിലേറ്റിവോ ?” അയാൾ എന്നെ നോക്കി ചോദിച്ചു. പിന്നെ അലമാരയിൽ നിന്ന് ഒരു രജിസ്റർ എടുത്തു.

“നിങ്ങൾക്ക് മരുന്നല്ലേ വേണ്ടത്? കഞ്ചാവല്ലല്ലോ..” ആട്ടോക്കാരൻ എന്റെ ചെവിയിൽ മന്ത്രിച്ചു.

“എന്തായാലും കുഴപ്പമില്ല. മരുന്നുണ്ടെങ്കിൽ അത് മതി.”

“ബ്ലഡ് റിലേറ്റിവ്.” ആട്ടോക്കാരൻ എനിക്ക് വേണ്ടി പറഞ്ഞു.

മാനേജർ രജിസ്റ്ററുമായി ജനാലയുടെ അടുത്തേക്ക് വന്നു. ജനാലയുടെ മുൻപിലെ മേശയിലെ ടേബിൾ ലാംബ് ഓൺ ചെയ്ത ശേഷം അയാൾ കസേരയിലിരുന്നു തടിയൻ രജിസ്റ്റർ തുറന്നു.

“ആരെ കാണാനാണ് വന്നത് ?”

ആട്ടോക്കാരൻ വീണ്ടും എന്റെ അടുത്തേക്ക് വന്നു.

“എന്ത് വേണം എൽ.എസ്.ഡി, എം, ഷുഗർ….?”

“എം.” ഞാൻ പറഞ്ഞു.

“യേസുതമ്പി .”ആട്ടോക്കാരൻ എനിക്ക് വേണ്ടി ഉത്തരം കൊടുത്തു.

“അയ്യാ, യേസുതമ്പി ഉറങ്ങിക്കാണും. വെരി ലേറ്റ്‌.” മാനേജർ പറഞ്ഞു.

“എം.ഇല്ല .” ആട്ടോക്കാരൻ പിറുപിറുത്തു.

“എങ്കിൽ എൽ.എസ്.ഡി മതി.” ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“അയ്യാ മാറിപ്പോയി. അലോഷ്യസ് രാജ്. അലോഷ്യസ് രാജിനെ കണ്ടാൽ മതി.” ഡ്രൈവർ പറഞ്ഞു.

മാനേജർ എന്നെ നോക്കി ചിരിച്ചു. വികാരരഹിതമായ ആ ചിരിയും എനിക്ക് പരിചിതമായിരുന്നു.

മാനേജർ രജിസ്റ്ററിലെ അലോഷ്യസ് രാജിന്റെ താൾ തുറന്നു. അതിനുശേഷം എന്റെ പേരും മേൽവിലാസവും തിരക്കി. പേര് അരവിന്ദ് രാജ് വത്തലകുണ്ട്‌, പളനി റോഡ്‌..

ഞാൻ പേരും മേൽവിലാസവും ചടുലമായി പറയുന്നത് കേട്ടു മാനേജർ വീണ്ടും ചിരിച്ചു. അത് വ്യാജമാണെന്നു മനസ്സിലാക്കിയത് കൊണ്ടാവില്ല. അതിലെ ഒറിജിനാലിറ്റി കൊണ്ടാവും.

രജിസ്റ്ററിന്റെ ഏറ്റവും അങ്ങേയറ്റത്തെ കളത്തിൽ സൺ എന്ന് എഴുതുന്നത്‌ ഞാൻ വ്യക്തമായി കണ്ടു.

“മുറി ആരോഗ്യരാജിന് തെരിയും. വേഗം തിരിച്ചു വരണം.” മാനേജർ പറഞ്ഞു.

ഞാൻ ആട്ടോക്കാരനോപ്പം രണ്ടാം നിലയിലേക്കുള്ള സ്റ്റെയർക്കെസിലൂടെ നടന്നു.

“മാനേജരെ മനസ്സിലായോ?”

നടക്കുന്നതിനിടയിൽ ആട്ടോക്കാരൻ ചോദിച്ചു.

“നല്ല പരിചയം തോന്നി.”

“അത് നമ്മുടെ കന്തസ്വാമിയുടെ മോനാ. അപ്പൻ മരിച്ചതിനു ശേഷം മോൻ ബിസിനസ് ഏറ്റെടുത്തു. ഇത് അയാളുടെ ബിസിനസ്സാ… ഇതാകുമ്പോ പോലീസും നാർകോട്ടിക്‌സും ഒന്നും വരില്ല.. സേഫ് ആണ്…”

ആട്ടോക്കാരൻ പറഞ്ഞു.

അടഞ്ഞു കിടക്കുന്ന മുറികൾ. എല്ലാ മുറികളുടെയും മുൻപിൽ ഒരു സീറോ വാട്ട് ബൾബ് തൂങ്ങിക്കിടക്കുന്നു.

ഏതോ മുറിയിൽ നിന്ന് ഒരു വൃദ്ധയുടെ കരച്ചിൽ കേട്ടു.

“മോനെ..മോനെ..” എന്ന് അവ്യക്തമായി പറയുന്നത് പോലെ.

ആട്ടോക്കാരൻ അതൊന്നും ശ്രദ്ധിക്കാതെ ഏറ്റവും അങ്ങേയറ്റത്ത്‌ പച്ച നിറമുള്ള ലൈറ്റ് കത്തിക്കിടക്കുന്ന വാതിലിനരികിലെയ്ക്ക് നടന്നു.

“കരച്ചിൽ കാര്യമാക്കണ്ടാ.. ചിലർ ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നതാണ്.” ആട്ടോക്കാരൻ പറഞ്ഞു.

ആട്ടോക്കാരൻ അടഞ്ഞു കിടന്ന വാതിൽക്കൽ മുട്ടി.

കാക്കി നിറമുള്ള ഷോർട്ട്സ് ധരിച്ച ഒരു വൃദ്ധൻ വാതിൽ തുറന്നു. അയാൾ ഷർട്ട് ധരിച്ചിട്ടില്ല. നന്നായി നരച്ച നെഞ്ചിൽ ഒരു കൊന്തമാല കിടക്കുന്നു. ചെമ്പിച്ച കട്ട താടിയിൽ തടവി അയാൾ എന്നെ ഒരു നിമിഷം നോക്കി.

എന്നെ കണ്ടതും അയാൾ മുൻപോട്ടു വന്നു ആശ്ലേഷിച്ചു.

“എന്റെ മോനെ, എത്ര നാളായി നീ എന്നെ കണ്ടിട്ട്…സ്വന്തം അപ്പനെ വേണ്ടെന്നായോ നിനക്ക്.” അയാൾ ചോദിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞു.

പൊടുന്നനെ അപ്പുറത്തെ മുറിയിൽ നിന്ന് ഒരു കിഴവൻ പൊട്ടിച്ചിരിക്കുന്നത് കേട്ടു.

ഞാൻ വേഗം അയാളിൽ നിന്ന് അകന്നു മാറി.

പെട്ടെന്ന് വൃദ്ധന്റെ മുഖഭാവം മാറി.

“വേഗം കേറി വാ.” അയാൾ പറഞ്ഞു.

ഞങ്ങൾ മുറിക്കുള്ളിലേയ്ക്ക് കടന്നു.

കയറു വരിഞ്ഞ ഒരു ചെറിയ കട്ടിൽ. മേശപ്പുറത്തു രണ്ടു പുസ്തകങ്ങൾ. അതിലൊന്ന് ബൈബിളാണ്. മുറിയുടെ മൂലയിൽ ഒരു ചെറിയ അയയിൽ ഒരു ലുങ്കിയും ഷർട്ടും. കുഴമ്പിന്റെയും ബീഡിയുടെയും ഗന്ധം തങ്ങി നിൽക്കുന്ന മുറി.

“നിങ്ങൾ ഇരിക്ക്…” കട്ടിൽ ചൂണ്ടിക്കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“”ഞാനിരിക്കുന്നില്ല. എനിക്ക് ഓട്ടമുണ്ട്‌ .” ആട്ടോക്കാരൻ പറഞ്ഞു.

“നീ ഇരിക്കുന്നില്ലെങ്കിൽ ഇരിക്കണ്ട. എന്റെ മോൻ ഇരിക്കട്ടെ.” വൃദ്ധൻ ആട്ടോക്കാരനെ നോക്കി പല്ലിളിച്ചുകൊണ്ടു പറഞ്ഞു.

“റേറ്റ് പറ.”ആട്ടോക്കാരൻ പറഞ്ഞു.

“പറയാം. ധൃതി പാടില്ല കുഞ്ഞേ. എത്ര ധൃതി പിടിച്ചാലും നിനക്ക് വയസ്സാകും. ഓർത്തോ.” അയാൾ ആട്ടോക്കാരനോട് പറഞ്ഞു.

കട്ടിലിൽ ഒരു ജാക്കറ്റ് കിടപ്പുണ്ടായിരുന്നു. അതെടുത്തു ഒന്ന് വീശി പൊടിതട്ടിയ ശേഷം അയാൾ അത് അണിഞ്ഞു. എനിക്ക് ഫിഡൽ കാസ്ട്രോയുടെ പഴയ ചില ഫോട്ടോകൾ ഓർമ്മ വന്നു.

“എനിക്ക് പോണം. റേറ്റ് പറ ആശാനെ.” ആട്ടോക്കാരൻ നിർബന്ധിച്ചു.

“പറയാം. മോൻ കട്ടിലിലോട്ട് ഇരി .” വൃദ്ധൻ പറഞ്ഞു.

ഞാൻ കട്ടിലിൽ ഇരുന്നു.കട്ടിൽ ഒരു കര കര ശബ്ദമുണ്ടാക്കി. അത് കേട്ടപ്പോൾ എനിക്ക് പണ്ട് വസന്തിനെ കൊന്നത് ഓർമ്മ വന്നു. ഒരു കസേരയിലിരുന്ന അവന്റെ പിന്നിലൂടെ ചെന്ന് കഴുത്തു ഞെരിച്ചാണ് ഞാൻ അവനെ കൊന്നത്. പിടഞ്ഞപ്പോൾ അവന്റെ കാൽ മേശയിൽ തട്ടി. സിമന്റ് തറയിലൂടെ മേശയുടെ കാലുകൾ നിരങ്ങി മുൻപോട്ടു നീങ്ങി. അപ്പോൾ മേശ അസുഖകരമായ ഒരു കരകര ശബ്ദം കേൾപ്പിച്ചു. ഇതേ ശബ്ദം. മരണത്തിന്റെ ശബ്ദം.

“എത്ര നേരം വേണം ഫ്രീഡം ?” വൃദ്ധൻ ചോദിച്ചു.

എനിക്ക് മനസ്സിലായില്ല.

“കിക്ക് എത്ര നേരം നിൽക്കണം എന്നാണു ആശാൻ ചോദിക്കുന്നത്.” ആട്ടോക്കാരൻ വിശദീകരിച്ചു.

“ഒരു രണ്ടു..രണ്ടര മണിക്കൂർ.” ഞാൻ പറഞ്ഞു.

വൃദ്ധൻ എന്നെ ആകെമൊത്തം ഒന്ന് നോക്കി.

“ഒരു കാപ്സ്യൂൾ മതി. രണ്ടായിരത്തി അഞ്ഞൂറ് .”

എല്ലാം കൂടി ചേർത്ത് മൂവായിരത്തി അഞ്ഞൂറ്.” ആട്ടോക്കാരൻ എന്നോടായി പറഞ്ഞു.

ഞാൻ പഴ്സ്‌ എടുത്തു പണം എണ്ണി കൊടുത്തു.

“പരമാവധി പൈസ ചെലവാക്കിക്കോണം. വയസായാൽ പിന്നെ പറ്റത്തില്ല. മരുന്നിനും ബന്ധുക്കൾക്കും കാശ് കൊടുക്കാനായി എന്തിനു ജീവിക്കണം. എൻജോയ് യുവർ ഫ്രീഡം.” വൃദ്ധൻ ഉപദേശിച്ചു

“കഴിയാറാകുമ്പോഴെക്ക് ഞാൻ വരാം..” ആട്ടോക്കാരൻ പറഞ്ഞു. പിന്നെ അയാൾ പുറത്തേക്ക് പോയി.

വൃദ്ധൻ അലമാര തുറന്നു ഒരു പാക്കറ്റും കോഫി കപ്പും എടുത്തുകൊണ്ടു വന്നു. പാക്കറ്റിൽ നിന്ന് മൂന്നോ നാലോ ഷുഗർ ക്യൂബുകൾ അയാൾ കോഫി കപ്പിലേയ്ക്ക് കുടഞ്ഞിട്ടു.

അതിനുശേഷം മേശയുടെ ഡ്രോവറിൽ നിന്നു ഒരു തടിച്ച പുസ്തകം എടുത്തു.

ദ കംബ്ലീറ്റ് വർക്സ് ഓഫ് കാഫ്ക.

പുസ്തകത്തിന്റെ കവറിൽ തൊട്ടു നെറ്റിയിൽ വച്ചതിനു ശേഷം അയാൾ അത് തുറന്നു. അതിൽ നിന്ന് നീലനിറമുള്ള ഒരു ചെറിയ കവർ എടുത്തശേഷം, അയാൾ കവർ പൊട്ടിച്ചു ചെറുവിരലിന്റെ വലുപ്പമുള്ള ഒരു കാപ്സ്യൂൾ പൊട്ടിച്ചു. കാപ്സ്യൂളിലെ നിറവും മണവുമില്ലാത്ത ദ്രാവകം അയാൾ ഷുഗർ ക്യൂബുകളുടെ മുകളിൽ തളിച്ചു.

ആ ദ്രാവകം പഞ്ചസാര കട്ടകളിൽ മെല്ലെ അലിഞ്ഞു .

“മോനിവിടെ വർഷങ്ങൾക്ക് ശേഷം വീണ്ടും വരികയാണ്‌ അല്ലെ.. ഈ നഗരത്തിൽ ?” വൃദ്ധൻ കരുണയോടെ എന്നോട് ചോദിച്ചു.

എനിക്ക് സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ ഭയം തോന്നേണ്ടതാണ്. എന്നാൽ എനിക്ക് ഭയവും അമ്പരപ്പും ഒന്നും തോന്നിയില്ല. പകരം തോന്നിയത് ആശ്വാസമായിരുന്നു.

“എങ്ങനെ മനസ്സിലായി.”ഞാൻ ചോദിച്ചു.

“മുഖം കാണുമ്പോൾ അറിയാം. ആകാംക്ഷയും ഭയവും കൗതുകവും നിറഞ്ഞ ഒരു ഭാവം. നിങ്ങളെ ഉപേക്ഷിച്ച കാമുകിയെ വർഷങ്ങൾക്കു ശേഷം ഒരു പാതവക്കത്ത് വച്ച് അപ്രതിക്ഷിതമായ് കണ്ടുമുട്ടുമ്പോൾ തോന്നുന്ന മുഖഭാവം.”

വൃദ്ധൻ പറഞ്ഞു. എന്നിട്ട് പഞ്ചസാരക്കട്ടകൾ നിറഞ്ഞ കോഫിക്കപ്പ് എന്റെ നേർക്ക് നീട്ടി. ഞാനതിലൊന്നു എടുത്തു വായിലിട്ടു. മധുരം.മധുരം പോലൊരു രുചി വേറെന്തുണ്ട് ? മധുരത്തിന്റെ തോണിയിൽ ലഹരി സിരകളിലൂടെ തുഴച്ചിൽ തുടങ്ങി. ഞാൻ കണ്ണടച്ചു. ശാന്തമായ ഒരു അനുഭവമായിരുന്നു അത്. ഒരു ഉണക്കമരത്തിൽ പൂവല്ലികൾ പടർന്നു കയറുന്നതുപോലെ. വിരസമായ ഒരു മധ്യാഹനത്തിൽ, ഏതോ അപരിചിത പാതയിലൂടെ നടന്നുപോകുന്ന സഞ്ചാരിയുടെ മേൽ കാറ്റ് പൂക്കൾ ചൊരിയുന്നതു പോലെ.

ആ ഉണക്കമരം ഞാനാണ്. ആ സഞ്ചാരി ഞാനാണ്.

ഞാൻ കണ്ണടച്ചു.

“എന്തിനാണ് ഇവിടെ വന്നത് ?”

ഗുഹാമുഖത്ത്‌ നിന്നു എന്നത് പോലെ ഞാൻ വൃദ്ധന്റെ സ്വരം കേട്ടു.

“ഇവിടെ എന്ന് വച്ചാൽ ? ഈ നഗരത്തിൽ ? അതോ ഈ വയോജന കേന്ദ്രത്തിലോ ?”

ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

വൃദ്ധനും ചിരിച്ചു.

“ഈ നഗരത്തിൽ ?”

ഞാൻ അടുത്ത പഞ്ചസാരക്കട്ട വായിലിട്ടു.

“മറന്നതെന്തോ ഏതോ ഓർത്തെടുക്കാൻ. എന്തോ തിരയാൻ. പക്ഷേ എന്താണ് തിരയേണ്ടത് എന്ന് ഞാൻ മറന്നുപോയി.”

കണ്ണടച്ചുവെങ്കിലും വൃദ്ധന്റെ നോട്ടം എന്നെ ഉഴിയുന്നത്‌ ഞാൻ അറിയുന്നുണ്ടായിരുന്നു. ആളുന്ന തീയിലേക്ക് കരിയിലകൾ വലിച്ചടുപ്പിക്കുന്നത് പോലെ ആ നോട്ടം ലഹരി പതയുന്ന എന്റെ ഞരമ്പുകൾ വരെ കാണുന്നുണ്ട് എന്നെനിക്ക് തോന്നി.

“ഇവിടെ നഗരത്തിലെ അമ്മൻ കോവിലിലെ ആയിരം കാൽ മണ്ഡപത്തിൽ പോകണം. അവിടെ കൽത്തറയിൽ തനിച്ചിരിക്കണം. ശിവന്റെ വെളുത്ത കാളക്കുട്ടിയുടെ മേൽ പാലൊഴിച്ചു പൂജ ചെയ്യുന്നത് പാതിയടഞ്ഞ കണ്ണുകളോടെ കാണണം. ധ്യാനിക്കണം.”

ഞാൻ എന്റെ ആഗ്രഹം പറഞ്ഞു.

എത്ര പെട്ടെന്നാണ് ലഹരി എന്റെ പൊന്തകൾ മൂടിയ മോഹങ്ങളുടെ മട കണ്ടെത്തിയത്. എത്ര കൃത്യമായാണ് വർഷങ്ങൾക്കൊണ്ട് തേഞ്ഞു പോയ, ഞാൻ തന്നെ മറന്നുപോയ, ഇനിയും അഴുകാത്ത ഒരു ആഗ്രഹത്തെ കണ്ടെത്തിയത്. ലഹരിക്ക്‌ ചെയ്യാനാവാത്തത് ഒന്നുമില്ല. അത് തളിർക്കും. പക്ഷേ തളർത്തും. അതിനുമുൻപ്‌ ഈ ഇരുണ്ട മുറിയിൽ നിന്ന് രക്ഷപ്പെടണം. ആ കൊലപാതകരംഗം ഓർത്തെടുക്കണം.

വൃദ്ധൻ ദീർഘമായി നിശ്വസിച്ചു.

“ഞാൻ ഏറെക്കാലം അങ്ങിനെ ധ്യാനിച്ചിരുന്നതാണ്. ഈ ക്ഷേത്രനഗരത്തിൽ ഒരുപാട് കാലം മുൻപ് ഞാനും വന്നിരുന്നു. ഇവിടുത്തെ അമ്പലങ്ങളിലെ കൽത്തളങ്ങളിൽ ഞാൻ നേദിച്ച സന്ധ്യകൾ അനവധിയാണ്. അമ്പലക്കുളങ്ങളിലെ ജലപ്പരപ്പിൽ സൂര്യന്റെ മഞ്ഞവെയിൽ കഷണങ്ങൾ അലിയുന്നത് നോക്കിയിരുന്ന ദിവസങ്ങൾ.. അതൊക്കെ ജന്മങ്ങൾക്ക് മുൻപാണ്‌. ഇപ്പോൾ അതൊക്കെ ഒരു സ്വപ്നം പോലെ തോന്നും. നിങ്ങൾക്കറിയാമോ, ഞാനിവിടെ തടവിലാണ്.”

കന്തസ്വാമിയുടെ മകൻ ഇവിടുത്തെ അന്തേവാസികളെ തടവിലാക്കിയോ ?

ഞാൻ ചിന്തിച്ചത് വൃദ്ധന് മനസ്സിലായെന്നു തോന്നുന്നു. അയാൾ പറഞ്ഞു.

“ഒരു മനുഷ്യൻ സ്വയം വിചാരിക്കാതെ മറ്റൊരാൾക്ക് അയാളെ തടവിലാക്കാൻ പറ്റില്ല. ഞാൻ തടവിലാണ്. എല്ലാ വൃദ്ധരും തടവിലാണ്. ഭാവനയുടെയും ഓർമ്മയുടെയും അതിർവരമ്പിലെ ജനാലകളില്ലാത്ത ഒരു ഒറ്റമുറിവീട്ടിൽ ഞങ്ങൾ എല്ലാവരും തടവിലാണ്.”

ഞങ്ങൾ രണ്ടുപേരും ലഹരിയുടെ മരുഭൂമിയിൽ ഏറെ ദൂരം മുൻപോട്ടു പോയെന്നു എനിക്ക് മനസ്സിലായി. പ്രജ്ഞയിലെ നിസ്സംഗതയുടെയും നിരാശയുടെയും ദു:ഖത്തിന്റെയും മൗനത്തിന്റെയും കാട്ടുവള്ളികൾ ലഹരിയുടെ ചുവന്ന വളയിട്ട കൈകൾ വെട്ടിമാറ്റിക്കൊണ്ടിരുന്നു. ഇപ്പോൾ കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ഒരു പുൽമൈതാനം പോലെ എന്റെ മനസ്സു ശാന്തമാണ്‌. എല്ലാം ഓർത്തെടുക്കാൻ തയ്യാറാവൂ.. ലഹരി മനസ്സിനോട് ആജ്ഞാപിക്കുന്നു. ഞാൻ ചിരിച്ചു. വൃദ്ധനും. ഞങ്ങൾ പൊട്ടിച്ചിരിച്ചു.

“പറയൂ..എന്താണ് നിങ്ങൾക്ക് ഓർക്കാനുള്ളത് ?” ലഹരി വൃദ്ധന്റെ സ്വരത്തിൽ എന്നോട് ചോദിച്ചു.

ഞാൻ വൃദ്ധനെ നോക്കി.”എവരിതിംഗ് ഹാപ്പൻസ്‌ ഫോർ എ റീസൺ “എന്നെഴുതിയ കറുത്ത ടീഷർട്ട്. അതാണ്‌ അയാളിപ്പോ ധരിച്ചിരിക്കുന്നത്‌.

ഞാൻ ചിരിച്ചു.

‘വസന്ത്.”ഞാൻ പറഞ്ഞു.

“വസന്താണ് എല്ലാത്തിനും കാരണം.”ഞാൻ പറഞ്ഞു. എന്നിട്ട് പിന്നെയും ഒരു പഞ്ചസാരക്കട്ട വായിലിട്ടു.

“ഇരുപത്തിയൊന്ന് കൊല്ലങ്ങൾക്ക് മുൻപ് ഞാനിവിടെ താമസിച്ചിരുന്നു. എന്റെ അടുത്ത സുഹൃത്തായിരുന്നു വസന്ത്. ഞങ്ങൾ രണ്ടുപേരും മെഡിക്കൽ റെപ്രസെന്റേറ്റീവ്മാരായിരുന്നു. പക്ഷേ അതുകൊണ്ട് ജീവിക്കാൻ പറ്റില്ലാത്തത് കൊണ്ട് കുറച്ചു ഡ്രഗ്സിന്റെയും പരിപാടി ഉണ്ടായിരുന്നു. കന്തസ്വാമിയുടെ മാടക്കട ഒരു വില്പന ഹബ്ബായിരുന്നു. വസന്ത് കന്തസ്വാമിയുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്. അന്നെനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. മറക്കാൻ കഴിയില്ലെന്ന് തോന്നുകയും എന്നാൽ പിരിഞ്ഞു കഴിയുമ്പോൾ അങ്ങിനെയൊന്നു ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും തോന്നുന്ന തരത്തിലുള്ള അനേകം പ്രണയങ്ങളിൽ ഒന്ന്….”

കേട്ടുകൊണ്ടിരുന്ന വൃദ്ധൻ ചിരിച്ചു. അയാൾ എഴുന്നേറ്റു പോയി അലമാര വീണ്ടും തുറന്നു. ഇപ്രാവശ്യം അയാൾ ഒരു ചെറിയ പാത്രവുമായിട്ടാണ് വന്നത്. അത് തേനായിരുന്നു. അയാൾ തേനിന്റെ തുള്ളികൾ പഞ്ചസാരകട്ടകളുടെ മുകളിലേക്ക് ഒഴിച്ചതിന് ശേഷം വീണ്ടും എൽ.എസ്.ഡി അതിനു മുകളിൽ തളിച്ചു.

“എനിക്കും ഒരു പ്രണയമുണ്ടായിരുന്നു.”വൃദ്ധൻ പറഞ്ഞു.

“അതീ ക്ഷേത്രനഗരത്തിൽ വന്നതിനുശേഷമായിരുന്നു. അവളായിരുന്നു എന്റെ ക്ഷേത്രങ്ങളിലെ താമസം അവസാനിപ്പിച്ചത്. സന്യാസത്തിനു പോകണമെന്ന തീവ്രആഗ്രഹമായിരുന്നു എന്നെ ഈ നഗരത്തിലെത്തിച്ചത്. എന്നാൽ അവൾ അതെല്ലാം തകർത്തു. പ്രണയം പോലെ എല്ലാം തകർക്കുന്ന എന്തെങ്കിലും ഉണ്ടോ ?”

“എന്നിട്ട് ?”

ഞങ്ങളിപ്പോൾ ഒരു കടൽതീരത്താണ്. തിരകൾ പാറക്കെട്ടിൽ ആഞ്ഞടിക്കുന്നു. പഞ്ചസാര മണലിൽ, രണ്ട് വെളുത്ത ചൂരൽക്കസേരകളിലിരുന്നു ഞങ്ങൾ സംസാരിക്കുകയാണ്. സൂര്യൻ ചക്രവാളത്തിന്റെ നീലവിരിപ്പിലലേയ്ക്ക് ഉറക്കം തൂങ്ങി വീഴുന്നു.

“ഞങ്ങൾക്കൊരു ആൺകുട്ടിയുണ്ടായി. അവന് ഒരു വയസ്സാകുന്നതിനു മുൻപ് ഞങ്ങൾ പിരിഞ്ഞു. ഞാനിവിടം വിട്ടു. പിന്നെ വാർധക്യത്തിൽ തിരിച്ചെത്തി. എന്റെ മകനെ കണ്ടെത്താൻ.. പക്ഷേ അതിനു കഴിഞ്ഞില്ല.”

തേനിന്റെയും പഞ്ചസാരയുടെയും മധുരം. അതിനുള്ളിൽ ഒളിച്ചിരിക്കുന്ന ലഹരി. കടൽ ഇപ്പോൾ നിശ്ചലമാണ്. ഒരു നീലപ്പലക പോലെ.

“എന്താണ് നിങ്ങൾ പിരിയാൻ കാരണം ?”

വൃദ്ധൻ പൊട്ടിച്ചിരിച്ചു.

“കാരണത്തിന് എന്താണ് പ്രസക്തി ? കാരണമല്ല. അതുണ്ടാക്കുന്ന സംഭവത്തിനാണ് പ്രസക്തി.”

ഞാൻ അയാളെ ഉറ്റു നോക്കി. അയാൾ ഒരു പ്രവാചകന്റെ മുഖഭാവം കൈക്കൊണ്ടു.

“മനുഷ്യർക്ക് എല്ലാത്തിന്റെയും കാരണം അറിയണം? എന്തിനു ആത്മഹത്യ ചെയ്തു, എന്തിനു പിരിഞ്ഞു, എന്തിനു ചതിച്ചു, എന്തിനു ഉപേക്ഷിച്ചു, എന്തിനു മോഷ്ടിച്ചു..” കാരണം അറിഞ്ഞാൽ സമാധാനവും തൃപ്തിയും ലഭിക്കുമെന്ന് മനുഷ്യൻ വ്യാമോഹിക്കുന്നു. എന്നാൽ കാരണങ്ങൾക്ക് യാതൊരു പ്രസക്തിയില്ല. നമ്മുടെ നിയന്ത്രണാധീനമായ ഭൂതകാലത്തേക്ക് മറഞ്ഞുപോയ അവയെ തേടിയിട്ടു എന്ത് കാര്യം ? എന്റെ കാര്യത്തിൽ, എന്റെ മകനെ നഷ്ടപ്പെട്ടത് മാത്രമേ എന്റെ ഉറക്കം ഇല്ലാതാക്കുന്നുള്ളു. വർഷങ്ങൾ താൻ ചെയ്തത് ശരിയാണെന്ന് ധരിച്ചു ജീവിച്ചതിന് ശേഷം വാർധക്യത്തിന്റെ കുന്നിൻ മുകളിലെത്തി തനിക്ക് പറ്റിയത് മുഴുവൻ തെറ്റുകൾ ആണെന്ന് തിരിച്ചറിയുന്ന നിമിഷമുണ്ടല്ലോ…

വൃദ്ധൻ വിരലിലെ മയക്ക് മരുന്നു പുരണ്ട തേൻതുള്ളികൾ നാവുകൊണ്ട് ഒപ്പി. അപ്പുറത്ത് അടഞ്ഞുകിടക്കുന്ന ഏതോ മുറിയിൽ നിന്ന് ആരോ കരയുന്നത് കേട്ടു.

‘ആ നിമിഷമാണ് മോനെ മരണത്തെക്കാൾ ഭീകരം. ആ നിമിഷം മുതൽ എല്ലാ വൃദ്ധരും മരണത്തെ ഇഷ്ടപ്പെടാൻ തുടങ്ങും. ഈ കെട്ടിടത്തിലെ നിലവിളികൾ മരണത്തെ ഭയന്നിട്ടല്ല. മരണം ഇനിയും വരാത്തത് കൊണ്ടുള്ള സങ്കടത്തിലാണ്.”

അയാൾ പറഞ്ഞു.

എനിക്കുറക്കം വരുന്നത് പോലെ തോന്നി.. ഒപ്പം ഒരു ഉറക്കം കഴിഞ്ഞു തെളിഞ്ഞ മനസ്സോടെ എഴുന്നേൽക്കുന്നതിന്റെ സുഖം അനുഭവപ്പെടുകയും ചെയ്തു. എല്ലാം വ്യക്തമാവുന്നത് പോലെ. പുറത്തു ശബ്ദങ്ങൾ കുറഞ്ഞിരിക്കുന്നു. നഗരത്തിന്റെ കൂർക്കം വലി പോലെ വല്ലപ്പോഴും പോവുന്ന വാഹനങ്ങളുടെ ശബ്ദംമാത്രം.

“പറയൂ, നിങ്ങൾ പറഞ്ഞതിന്റെ ബാക്കി പറയൂ..” വൃദ്ധൻ തിരക്കി.

“ഒരു ദിവസം ഉച്ച നേരം ഞാൻ വസന്തിന്റെ വീട്ടിലെത്തി… കുട്ടികൾ കളിക്കുന്ന മൈതാനത്തിനടുത്തായിരുന്നു ആ വീട്. ഞാൻ മദ്യം കരുതിയിരുന്നു. വസന്ത് മീൻ വറുത്തു. ഞങ്ങൾ മദ്യപിച്ചു. നല്ല ലഹരിയായപ്പോൾ ഞാൻ അവന്റെ കഴുത്തു ഞെരിച്ചു കൊന്നു. അടച്ചിട്ട മുറിയായിരുന്നു. ജനാലയ്ക്കപ്പുറത്ത് തേക്ക് മരങ്ങൾ അതിരിട്ട മൈതാനം മാത്രം. കടുത്ത ഉച്ചവെയിൽ പരന്നത് കൊണ്ട് ആരും ഉണ്ടായിരുന്നില്ല. വസന്തിന്റെ മൃതദേഹം കെട്ടിത്തൂക്കിയ ശേഷം ഞാൻ സ്ഥലം വിട്ടു. ഞാൻ വരുന്നതും പോകുന്നതും ആരും കണ്ടില്ല.”

“എന്താണ് നിങ്ങൾ അവനെ കൊല്ലാൻ കാരണം ?” വൃദ്ധൻ ചോദിച്ചു.

“കാരണങ്ങൾക്ക് പ്രസക്തിയില്ലല്ലോ .” ഞാൻ വികൃതമായി ചിരിച്ചു.

“ഉം.”വൃദ്ധൻ ഇരുത്തി മൂളി.

“വസന്ത് നിങ്ങളുടെ പ്രണയം നശിപ്പിച്ചിട്ടുണ്ടാവാം, മയക്കു മരുന്ന് കച്ചവടത്തിൽ നിങ്ങളെ ചതിച്ചിട്ടുണ്ടാവും, അല്ലെങ്കിൽ നിങ്ങളുടെ വളർച്ചയ്ക്ക് അവൻ തടസ്സമാവും എന്ന് തോന്നിയിട്ടുണ്ടാവും.. .അതെന്തെങ്കിലും ആവട്ടെ.. നിങ്ങളിപ്പോൾ തിരികെ വരാൻ കാരണം. കുറ്റബോധം?”

“ഒട്ടുമില്ല. കളി ജയിച്ച ശേഷം വീണ്ടും മൈതാനത്തെതെത്തുന്ന ഒരു കളിക്കാരന്റെ കൗതുകം. ജീവിതത്തിലെ ഏറ്റവും അപകടം പിടിച്ച വികാരമാണ് കൗതുകം. കൂരിയോസിറ്റി. വരാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ വരാതിരിക്കാൻ കഴിയുമായിരുന്നില്ല. ഒരു കഥയുടെ അവസാനം അറിയാതെ പുസ്തകം അടയ്ക്കുന്നത് പോലെ, ക്ലൈമാക്സ് കാണാതെ തിയേറ്ററിൽ നിന്ന് എഴുന്നേറ്റു പോകുന്നത് പോലെ.. ഇല്ല. എനിക്കത് പറ്റില്ല.”

“നിങ്ങൾക്ക് ഒട്ടും കുറ്റബോധമില്ലേ ?” വൃദ്ധൻ ചോദിച്ചു.

ഞാനതിനു മറുപടി പറഞ്ഞില്ല. കപ്പിലെ പഞ്ചസാരക്കട്ടകൾ കഴിഞ്ഞിരുന്നു. ലഹരി ഒരു മരമായി വളർന്നു ആത്മാവിൽ നീലപ്പൂക്കൾ കൊഴിച്ചിട്ട്‌ കഴിഞ്ഞിരുന്നു. ഉപേക്ഷിക്കപ്പെട്ട സെമിത്തേരികളുടെ മുകളിൽ വീശുന്ന തണുത്ത കാറ്റുപോലെ അതെന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

“ഇല്ല. മരിച്ചിട്ടും വസന്ത് എന്നെ വെറുത്തിട്ടില്ല. ഇങ്ങോട്ട് വരുന്ന വഴി ഉറക്കത്തിൽ അവനെനിക്ക് ഒരു മുന്നറിയിപ്പ് തന്നു. ഞാൻ അന്ന് നടത്തിയ കൊലപാതകത്തിന് ഒരു ദൃക്സാക്ഷി ഉണ്ടെന്ന് …”

ഞാൻ പറഞ്ഞു.

“ഹഹ…”വൃദ്ധൻ ഉറക്കെ ചിരിച്ചു.

“അത് വസന്തല്ല .”

“പിന്നെ ?”

“അത് നിങ്ങൾ തന്നെയാണ്. ദു:സ്വപ്നമായാലും നല്ല സ്വപ്നമായാലും എല്ലാ സ്വപ്നത്തിലും നിങ്ങൾ കാണുന്നത് നിങ്ങളെ തന്നെയാണ്…പഷേ മനസ്സിനു ശക്തിയുണ്ട്. ഒരിക്കൽ കൂടി കണ്ണടച്ച് ആ രംഗം ഓർക്കൂ.. ചിലപ്പോൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.”വൃദ്ധൻ എന്നെ പ്രോത്സാഹിപ്പിച്ചു.

“കിളിമീൻ വറുത്തതിന്റെ മണം. സെലിബ്രേഷൻ റമ്മിന്റെ മണം.കറുത്ത ടീഷർട്ടും മുണ്ടും അണിഞ്ഞ വസന്ത്. പുറത്ത് ജനാലയ്ക്കപ്പുറത്ത് മഞ്ഞ നിറമുള്ള തേക്ക് മരങ്ങൾക്കിടയിൽ വിശ്രമിക്കുന്ന വെയിൽ. ഒരു കാറ്റ് പോലും വീശാത്ത ഉച്ചനേരം. ഞാൻ വസന്തിന്റെ പിന്നിലൂടെ ചെന്ന് അവന്റെ കഴുത്തു ഞെരിച്ചു. അവൻ ഒന്ന് പിടഞ്ഞു. ഒറ്റ പിടച്ചിൽ മാത്രം. ലഹരിയുടെ പാരമ്യത്തിൽ അവനതൊരു ദു:സ്വപ്നം പോലെയേ തോന്നിക്കാണൂ. മരിച്ചെന്നു ഉറപ്പായപ്പോൾ ഞാൻ വെട്ടിത്തിരിഞ്ഞു. കാറ്റിൽ ജനാലവിരിയിളകി…”

ആകാംക്ഷയോടെ എന്റെ നെഞ്ചുമിടിച്ചു.

“കണ്ണ് തുറക്കാതെ ..ഓർത്ത്‌ നോക്ക്..ദാ..”

വൃദ്ധൻ കപ്പിൽ അവശേഷിച്ച തേൻ തുള്ളികൾ എന്റെ നാവിലേയ്ക്ക് ഇറ്റിച്ചു. ഞാൻ വീണ്ടും കണ്ണടച്ചു. വസന്തിന്റെ വാടകമുറിയിൽ ഞാൻ വീണ്ടും എത്തി.

“കാറ്റിൽ അകന്നു മാറിയ ജനാല വിരിക്കപ്പുറം. ശൂന്യമായ മൈതാനം പക്ഷേ തേക്ക് മരങ്ങൾക്കിടയിൽ …ഒരു മുഖം …ഒരു നോട്ടം…അതാരാണ്..”

പെട്ടെന്ന് ആരോ വാതിൽക്കൽ ആഞ്ഞു മുട്ടുന്നത് കേട്ടു. ഞാൻ ഞെട്ടി ഉണർന്നു. ബോധമനസ്സിന്റെ കണ്ണിൽപെടാതെ വഴുതിപ്പോയ ഓർമ്മയുടെ മത്സ്യത്തെ ലഹരിയുടെ ചൂണ്ടയിൽ ഉയർത്തിയെടുക്കാനുള്ള എന്റെ ശ്രമം പാളി.

“എന്താണ്..എന്താണ് നിങ്ങൾ കണ്ടത് ?” വാതിലിൽ മുട്ടുന്നത് ശ്രദ്ധിക്കാതെ വൃദ്ധൻ ചോദിച്ചു.

“എന്റെ സ്വപ്നം ശരിയായിരുന്നു. ആരോ ആ കൊലപാതകം കണ്ടു എന്നുറപ്പാണ്. ആ നോട്ടവും കണ്ണുകളും എനിക്ക് പരിചിതമാണ്.”

വീണ്ടും വാതിൽക്കൽ കൊട്ട്. വൃദ്ധൻ പോയി വാതിൽ തുറന്നു.

കന്തസ്വാമിയുടെ മകൻ അകത്തേക്ക് കയറി. ഞങ്ങൾ ഒരു നിമിഷം പരസപരം നോക്കി നിന്നു. സ്വപ്നത്തിലെ ആ നോട്ടം എന്റെ മുൻപിൽ വന്നു നിൽക്കുന്നു. അയാളുടെ മൊബൈൽ ഫോണിൽ സ്ക്രീനിൽ ഞങ്ങളിരുന്ന മുറി. ഇത്രയുംനേരം ഇവിടെ നടന്നത് അയാൾ കണ്ടു കൊണ്ടിരിക്കയായിരുന്നു.

കന്തസ്വാമിയുടെ മകൻ മെല്ലെ പറഞ്ഞു തുടങ്ങി.

“അത് ഞാനായിരുന്നു. ആ ഉച്ചനേരത്ത് …എനിക്കന്ന് ഏഴോ എട്ടോ വയസ്സുണ്ടാവും. അതിന്റെ തലേന്ന് കളിക്കുന്നതിനിടയിൽ അപ്പ വാങ്ങിത്തന്ന പന്ത് എനിക്ക് നഷ്ടപ്പെട്ടു. എല്ലായിടത്തും തിരഞ്ഞിട്ടും കണ്ടില്ല. അന്ന് രാത്രി ഉറക്കത്തിനിടയിൽ ഞാനൊരു സ്വപ്നം കണ്ടു. മൈതാനത്തിൽ, തേക്ക് മരങ്ങൾക്കിടയിലെ പുല്ലിനിടയിൽ മറഞ്ഞു കിടക്കുന്ന പന്ത്. പക്ഷെ ഉണർന്നപ്പോൾ ഞാനത് മറന്നു . എന്നാൽ പിറ്റേന്ന് കൃത്യം ഉച്ചക്ക് ഒരു മിന്നൽ പോലെ ആ സ്വപ്നം എനിക്ക് ഓർമ്മവന്നു. കളഞ്ഞു പോയ പന്ത് തപ്പാനിറങ്ങിയതായിരുന്നു ഞാൻ. എന്നാൽ നിങ്ങൾ എന്നെ കണ്ടില്ല. കാറ്റിൽ നിങ്ങളുടെ മുറിയിലെ ജനാലവിരി തുറന്നു. നിങ്ങൾ ചെയ്തത് ഒരു മിന്നായം പോലെ ഞാൻ കണ്ടു.”

ഞാൻ ദീർഘമായി നിശ്വസിച്ചു. പുറത്തു മഴ ഇരച്ചു പെയ്യാൻ തുടങ്ങിയിരിക്കുന്നു. എല്ലാ കഥകളുടെയും അവസാനമെത്തുന്ന പേമാരി.

“എന്നിട്ട് ആ പന്ത് കിട്ടിയോ ?” ഞാൻ ചോദിച്ചു.

“ഉവ്വ്.പക്ഷേ അതൊരു ദു:സ്വപ്നമായിരുന്നു. വസന്തിന്റെ മരണത്തെ തുടർന്ന് പോലീസ് അന്ന് രാത്രി അച്ഛന്റെ കട റെയിഡ് ചെയ്തു. അച്ഛനെ മർദ്ദിച്ചു. തിരിച്ചെത്തിയ അച്ഛൻ ആരോടും ഒന്നും മിണ്ടാതെ മുറി അടച്ചിരുന്നു.. ഞാൻ കണ്ട കാഴ്ചയുടെ കാര്യം പറയാൻ ഞാൻ അച്ഛന്റെ വാതിൽക്കൽ മുട്ടി .. പക്ഷേ അച്ഛൻ വാതിൽ തുറന്നില്ല. ഒരിക്കലും.”അയാൾ ഒരു നിമിഷം നിർത്തി.എന്നിട്ട് തുടർന്നു.

“ഒരു മിന്നായം പോലെ ആ ഉച്ചനേരത്ത് കണ്ട കാഴ്ച എന്നെ മാറ്റി മറിച്ചു.”

വൃദ്ധൻ ഡ്രോ തുറന്ന് ഒരു പിച്ചാത്തി എന്റെ നേർക്ക് നീട്ടി. ഞാൻ അമ്പരപ്പോടെ അയാളെ നോക്കി.

“കാരണം ?”

“കാരണത്തിന് പ്രസക്തിയില്ല. ഒരു പക്ഷേ എന്റെ മകന്റെ പേർ വസന്ത് എന്നാണെങ്കിൽ, അവനെ നിങ്ങൾ കൊന്നതാണെങ്കിൽ…”

വൃദ്ധൻ മന്ത്രിച്ചു.

ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. ഇപ്രാവശ്യം അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ഇതൊരു നസീർ സിനിമ പോലുണ്ട്. ഞാൻ കാരണം ഒരാളുടെ മകനും മറ്റൊരാളുടെ അച്ഛനും മരിക്കുന്നു.” എനിക്ക് ചിരി വന്നു.

“ഇതിൽ നിങ്ങളുടെ റോൾ എന്താണ് ?” കന്തസ്വാമിയുടെ മകൻ മുരണ്ടു.

‘ജോസ് പ്രകാശ്. എല്ലാ കഥകളിലും ജോസ് പ്രകാശ് ഞാൻ തന്നെയാണ്.” ഞാൻ പറഞ്ഞു.

പുറത്തു ഓട്ടോറിക്ഷ വന്നു നിൽക്കുന്നതിന്റെ സ്വരം. ജനാലയിലെ കണ്ണാടിച്ചില്ലിൽ ഓട്ടോയുടെ ഹെഡ് ലൈറ്റുകൾ മിന്നി.

ഞാൻ ഗോവണിപ്പടികൾ ഇറങ്ങി വന്നപ്പോഴേക്കും ആട്ടോക്കാരൻ ഒരു കുടയുമായി ഓടിവന്നു. മഴയത്തു വാഹനത്തിന്റെ അരികിലേയ്ക്ക് നടക്കവേ അയാൾ ഒരു രഹസ്യം പോലെ എന്നോട് ചോദിച്ചു.

“ഒരു വെടിശബ്ദം കേട്ടത് പോലെ തോന്നി.”

“അത് ഓർമ്മയുടെ ശബ്ദമാണ്.” ഞാൻ പറഞ്ഞു.

Post Views: 48
7
Anish Francis

7 Comments

  1. drvenus on January 9, 2024 7:34 PM

    മുൻപ് വായിച്ചിട്ടുണ്ട്. നല്ല കഥ

    Reply
  2. Bindu on January 9, 2024 5:38 PM

    വ്യത്യസ്തതയുള്ള എഴുത്ത്

    Reply
  3. Shreeja R on January 9, 2024 4:59 PM

    Super 👍. മുൻപ് വായിച്ചിട്ടുണ്ട് 👌

    Reply
  4. Sunandha Mahesh on January 9, 2024 4:24 PM

    സൂപ്പർ, വ്യത്യസ്തമായ രചന 👍

    Reply
  5. Manasi on January 9, 2024 3:37 PM

    Super 👍👌👌

    Reply
  6. Anju ranjima on January 9, 2024 2:45 PM

    wow.. ഒരു നോവൽ ഫുൾ വായിച്ച് തീർത്ത ഫീൽ..നന്നായിട്ടുണ്ട്..ഓരോ characterisation ഉം..👌🏻👌🏻👌🏻

    Reply
    • Nisha Pillai on January 9, 2024 5:22 PM

      👌👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.