ദൂരെ ഒരു നാട്ടിൽ ആയിരുന്നു ഞാൻ കാവും അമ്പലവും കുളവും തെയ്യവും ഇല്ലാത്തൊരു നാട്ടിൽ.
കണ്ണടക്കുമ്പോൾ കർപ്പൂരമിട്ട് കാച്ചിയ വെളിച്ചെണ്ണയുടെ മണവും അച്ഛമ്മയും കൂടെ.
മനസ്സൊരു അത്ഭുതമാണ് ഏതൊരു ലോകത്തെയും മുന്നിലേക്കൊരു നൊടിയിടയിൽ എത്തിക്കുന്ന മാന്ത്രികത.
രാത്രിയിൽ അച്ചമ്മയുടെ ചൂട് പറ്റിക്കിടക്കുമ്പോൾ പുരാണങ്ങളിലെ കഥകൾ മുന്നിൽ നിറഞ്ഞു വന്നു.. കുന്തിയും പാഞ്ചാലിയും കർണ്ണനും കഥകളും യുദ്ധങ്ങളും
തേരേറി വന്നു.
കഥയില്ലാത്തവരാണ് കൂടുതൽ കഥ കേൾക്കുക എന്ന് അമ്മ കളി പറഞ്ഞു.
വൈകുന്നേരങ്ങളിൽ കന്യകമാരെ കൊണ്ട് പോയി ഗാന്ധർവ്വം നടത്തുന്ന ഗന്ധർവ്വനെ അച്ഛമ്മ പേടിച്ചു.
എന്നെങ്കിലും ഒരിക്കൽ ഞാനും ഗന്ധർവ്വനാൽ വരിക്കപ്പെട്ടിട്ടുണ്ടാകുമോ എന്ന് ഞാൻ അതിശയിച്ചു, ചിലപ്പോൾ വിസ്‌മൃതിയുടെ ആഴങ്ങളിൽ വീണു പോയതായിരിക്കുമോ എന്ന് ഞാൻ സന്ദേഹിച്ചു. നിഗൂഢമായി സ്നേഹിക്കപ്പെട്ടിരുന്നു എന്നൊരു തിരിച്ചറിവും ചില സമയങ്ങളിൽ ആശ്വാസമാണ്.
ഇന്നായിരുന്നു രഞ്ജിത്തുമായുള്ള ഇടപാടുകളുടെ അവസാനദിനം. അവൻ ആവശ്യപ്പെട്ടിട്ടുള്ള പൈസ ഒരു വില പേശൽ ഇല്ലാതെ കൊടുക്കുമ്പോൾ ഉള്ള അമ്പരപ്പ് എന്നിൽ ചിരിയുണർത്തി. മറ്റൊരാളുടെ കാരുണ്യം ആദ്യമായി അനുഭവിക്കുന്നൊരാളെ എനിക്ക് മനസിലാവും. അല്ലെങ്കിലും അവനെന്നെ അറിഞ്ഞിരുന്നില്ലല്ലോ ഒരിക്കലും.
പുറത്തുള്ള മായക്കാഴ്ചകൾ കണ്ണ് നിറക്കുമ്പോൾ ഞാൻ അകത്തുള്ള മായാലോകം കണ്ടു. ഒരു ഞൊടിയിൽ പച്ചപ്പും കുളവും ദൈവങ്ങളും പൂരവും അച്ഛമ്മയും പിന്നെ കർപ്പൂരത്തിന്റെ മണവും.
രണ്ട് മായകളിൽ ഉഴലുന്നൊരു നിസ്സാരയായ ഞാൻ..
അഞ്ചു ഭർത്താക്കന്മാരിൽ ആരെയായിരിക്കും ഏറ്റവും സ്നേഹിച്ചിട്ടുണ്ടാവുക
കുന്തിയും പാഞ്ചാലിയുമൊക്കെ..
കുട്ടി ചിലപ്പോ ചോദിക്കും..
അപ്പപ്പോ തോന്നുന്നതാണ് ഈ സ്നേഹം കുട്ട്യേ. അച്ഛമ്മ നെടുവീർപ്പിട്ടു മച്ചിലേക്ക് നോക്കി.
സംബന്ധവും കല്യാണവും ഒക്കെ പുത്തരിയല്ലാത്ത കാലത്തെ നേരിട്ട ഒരാൾക്ക് അതൊരു ചോദ്യമല്ലായിരിക്കാം.
ഞാൻ എന്നെങ്കിലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ എന്ന് പോലും തോന്നുന്നില്ല.
സ്നേഹം ഒരു വിഭ്രാന്തിയാണ്. മരുഭൂമിയിലെ മരുപ്പച്ച പോലെ ആളും തരവും മാറുമ്പോൾ മാറുന്ന ഒന്ന്.
ഓരോ പെണ്ണും ഒരു കടലാഴമാണ്. പുറമേക്ക് ശാന്തമെന്നു തോന്നുന്ന അകത്തു ഗർത്തങ്ങളും ഇരുളും ചുഴികളും ഒളിപ്പിച്ചു വെച്ച ആഴങ്ങൾ.
കണ്ണിൽ നോക്കുമ്പോൾ സ്നേഹം മരിക്കുമ്പോൾ സുനാമിയാകുന്ന സമുദ്രം.
ഒരു പകൽ ഇരുട്ടുമ്പോൾ മരുഭൂമിയിൽ വീണ്ടും മഴ പെയ്തു മനസ് നിറഞ്ഞു പെയ്തു കുളങ്ങൾ ഉണ്ടാവുകയും പുഴ തേടി പോവുകയും പച്ചക്കടലായി മാറുകയും ചെയ്തു


6 Comments
മനോഹരം
നന്നായിട്ടുണ്ട്
ഏറെ ഹൃദ്യമായ എഴുത്ത്
Thank you ❤️
Beautiful writing 👌
രചനാരീതി വളരെ ഇഷ്ടപ്പെട്ടു 😍
Thanks dear❤️❤️❤️