ഇരുളിനെ വിട്ടു സന്ധ്യ പകലിനു വഴി മാറിയിട്ടും പുലർകാല സൂര്യന്റെ പൊൻ കിരണങ്ങളെ ഭൂമിയെ തഴുകാനയക്കാതെ ആരോടോ വാശിതീർക്കും പോലെ മഴമേഘ പ്രാവുകൾ തടഞ്ഞു നിർത്തിയിരിക്കുന്നു. ഉദിച്ചുവന്ന പൊൻകിരണങ്ങളുടെ ചുടുനിശ്വാസമേൽക്കാഞ്ഞിട്ടെന്ന വണ്ണം പരിഭവകൊഞ്ചലോടെ പ്രകൃതിയും പാതി തുറന്ന മിഴികളുമായി തണുപ്പിൻ മൂടുപടമണിഞ്ഞു പാതി മയക്കത്തിലാണ്.
പാതി തുറന്ന ജാലകത്തിൻ വിരി മാറ്റി മന്ദമാരുതൻ വന്നു കവിളിൽ ഉമ്മ തന്നു കുളിരേകിയപ്പോൾ തുറക്കാൻ മടിച്ച മിഴികളെ തള്ളി തുറന്നു പുറത്തോട്ടു നോക്കി. മനസ്സിന് കുളിർമ്മയേകിയാ മഴത്തുള്ളികൾ തുള്ളിത്തെറിച്ചു വീഴുന്നു. ഒഴുകിവന്ന മന്ദ മാരുതൻ മേനിയെ തഴുകി കുളിരേകിയപ്പോൾ അറിയാതെ മിഴികൾ അടഞ്ഞു പോകും അന്നേരം.
എന്നാലുമെണീറ്റു മഴയൊന്നാസ്വദിക്കാനായി പൂമുഖപ്പടിയിൽ ചെന്നിരുന്നു, മിഴികളെ പ്രകൃതിയിലോട്ടു മേയാൻ വിട്ടു. മേഘങ്ങളിൽ നിന്നുതിർന്നു വീഴുന്ന പവിഴ തുള്ളികൾ പതിച്ചു തുള്ളിക്കളിക്കുന്ന ഇലത്തുമ്പുകൾ. എത്ര തന്നെ കൂട്ടുകൂടാൻ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത ചേമ്പിലത്താളുകൾ. മഴ കാറ്റിനോട് ചേർന്ന് കുളിരേകി കുസൃതി കാണിച്ചതിനാലാവാം വയലോല പച്ചകൾ പരസ്പരം പുണർന്നു ചാഞ്ഞു കിടക്കുന്നു. പുഴകളും തോടുകളും തന്റെ ശാന്തത കൈവെടിഞ്ഞു ആരവത്തോടെ പതഞ്ഞൊഴുകാൻ തുടങ്ങിയിരിക്കുന്നു. മരത്തിൻ മുകളിലാ കൂട്ടിലൊരമ്മ പക്ഷി ത്യാഗം പോൽ തണുപ്പ് സഹിച്ചു തന്റെ പിഞ്ചോമനകൾക്ക് തൻ ചിറകിനടിയിലെ ചൂട് പകർന്നേകുന്നുണ്ട്. കാറ്റിൻ ദിശ മാറിയതിനാലാണെന്നു തോന്നുന്നു തെന്നലിൻ കൂടെ പാറിക്കളിച്ച മഴത്തുള്ളികുഞ്ഞുങ്ങൾ ഉയിരിലുമ്മ വെച്ചു കുളിരേകി. ഇലത്തുമ്പുകളിൽ വീഴുന്ന മഴത്തുള്ളികളാൽ പൊഴിയുന്ന സംഗീതം കാതിനും കുളിർമയേകി. മിഴികളിലെ പാതി മുറിഞ്ഞ ഉറക്കമൊക്കെ എങ്ങോ പോയി മറഞ്ഞതിനാലാണോ എന്തോ ഒന്നു മഴ നനയാൻ മനസ്സു കൊതിച്ചു.
ഇപ്പോഴെന്തോ…, മാനവ കുലത്തിന്റെ ചെയ്തികളുടെ ഫലമായോ എന്തോ മഴക്ക് അതിന്റെ പ്രണയഭാവം കൈമോശം വന്നു രൗദ്രഭാവം പൂണ്ടിരിക്കുന്നു. മഴമേഘങ്ങളേ ഒന്നടങ്ങൂ. ഇനിയും താങ്ങാനുള്ള കരുത്ത് ഈ ഞങ്ങൾക്കില്ല.
#shb#


1 Comment
മനോഹരം