അമ്മ അപ്പോൾ പറഞ്ഞതാ പോവണ്ടാ പോവണ്ടാന്ന്. വണ്ടി എടുത്തിട്ട് 2 ആഴ്ചയെ ആയിട്ടുള്ളു. രെജിസ്ട്രേഷൻ പോലും കഴിഞ്ഞിട്ടില്ല. സ്വന്തം വരുമാനത്തിൽ നിന്നു മിച്ചം പിടിച്ച് ആശിച്ച മോഹിച്ചു വാങ്ങിയ വണ്ടിയാണ്. അതും സി സി പോലും ഇല്ലാതെ. ഇതൊക്കെ കേൾക്കുമ്പോൾ വല്യ സംഭവം ആണെന്നൊന്നും വിചാരിക്കണ്ട കേട്ടോ. ഒരു ഹോണ്ട ഡിയോ ആണ് സംഗതി. പക്ഷെ അത് എനിക്ക് വലുത് തന്നെ ആയിരുന്നു.
സൈക്കിൾ ബാലൻസ് ഉണ്ട് എന്ന അഹങ്കാരത്തിൽ എട്ടെടുക്കാൻ പഠിക്കാൻ പോയി എട്ടിന്റെ പണീം മേടിച്ചു കൂടി ഉള്ള കമ്പി മുഴുവൻ ഊരി വാരി എടുത്ത് അങ്ങനെ ഒരു വിധത്തിൽ എട്ട് എടുത്തു. അങ്ങനെ ആദ്യ ശ്രമത്തിൽ തന്നെ ലൈസൻസ് ഒക്കെ എടുത്ത് വിജയശ്രീലാളിതയായി വണ്ടി എന്ന മോഹവും മനസിലിട്ട് അങ്ങ് അലഞ്ഞു. അങ്ങനെ എല്ലാവരുടെയും അഭിപ്രായം മാനിച്ച് ആ സമയത്തെ ട്രെൻഡ് ആയിരുന്ന ഡിയോയെ അങ്ങ് പൊക്കി.
പിന്നെ അത് ഓടിക്കാൻ പഠിക്കാനുള്ള അക്ഷീണ പരിശ്രമത്തിൽ ആയിരുന്നു.
അങ്ങനെ തുഴഞ്ഞു തുഴഞ്ഞു അതും ഒരു തരത്തിൽ പിടിച്ചെടുത്തു. പിന്നെ ഒരു നൂറേ നൂറ്റിപ്പത്തിൽ പോകുന്ന ഭാവത്തിൽ 10 -20 കിലോമീറ്റർ സ്പീഡിൽ പോയി റോഡ് ബാലൻസും ഒരു വിധം ആയി.
അങ്ങനെയിരിക്കെ കുട്ടിക്കൊരു മോഹം. അവനെയും കൊണ്ട് ഒന്ന് ഒറ്റക്ക് കുറച്ചു ദൂരം പോണം. അല്ലേലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. പോവാനിറങ്ങിയപ്പോ പതിവില്ലാതെ ഒരു റ്റാറ്റ യുമായി അമ്മ മുൻപിൽ. ഒരു പുഞ്ചിരി കൊടുത്ത് വണ്ടിയുമായി പോയി. ഓക്കേ. വലിയ കുഴപ്പമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തി, കാര്യങ്ങൾ ഒക്കെ നടത്തി തിരിച്ചു പോരുന്ന വഴിക്ക്… വഴിക്ക്??? റോഡ് പണി നടക്കുന്ന സമയമായിരുന്നേ. മൊത്തത്തിൽ ഇളക്കി മറിച്ച് വലിയ മെറ്റലുകൾ വിരിച്ച് ഇട്ടിരിക്കുകയായിയുന്നു. അതിൽ കൂടെ സർക്കസ് കളിച്ച് വന്നുകൊണ്ടിരുന്നതിനിടക്ക് ആകപ്പാടെ ഞങ്ങടെ റൂട്ടിൽ ഓടുന്ന രണ്ടു ബസുകളിൽ ഒരെണ്ണം പുറകിൽ വന്ന് ഒരൊറ്റ ഹോൺ അടി. ‘പടച്ചോനേ നിങ്ങള് കാത്തോളീ’ എന്നും പറഞ്ഞ് വണ്ടിയും ഞാനും കൂടെ ഒരൊറ്റ പോക്കായിരുന്നു. വണ്ടി അങ്ങോട്ടും ഞാൻ റോഡിലോട്ടും മറിഞ്ഞുവീണിട്ട് കണ്ണുതുറന്നു നോക്കിയപ്പോൾ തലയുടെ 2 ഇഞ്ച് ദൂരേക്കൂടെ ബസിന്റെ ടയർ പാഞ്ഞു പോകുന്നു! ഒരിത്തിരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ ഒരു അംഗം കുറഞ്ഞേനേം. 😃
ബസ് നിർത്തി ചേട്ടന്മാർ തിരിഞ്ഞു നോക്കുന്നതിനുമുന്പേ ചാടിഎണീറ്റ് വണ്ടി പൊക്കി അതിൽ കയറി ഇരുന്നു. അതുകണ്ടു ബസും അങ്ങ് പോയി. ചെറിയ മഴ ഉണ്ടായിരുന്നതുകൊണ്ട് ബസിന്റെ ഷട്ടർ ഇട്ടിരുന്നു. അതുകൊണ്ട് നാട്ടുകാർ മഹാന്മാരുടെ വക ലൈവ് റിപ്പോർട്ടിങ് ഉണ്ടാവാതെ ഞാൻ രക്ഷപെട്ടു. പൊക്കി കയറി ഇരുന്നതും ഒരു ടക് എന്നൊരു ശബ്ദം പോലെ. വണ്ടിക്കും എനിക്കും പ്രത്യക്ഷത്തിൽ മറ്റുതകരാറുകൾ ഒന്നും ഇല്ലെങ്കിലും വണ്ടിയുടെ വലതു വശത്തെ കണ്ണാടി പമ്പരം പോലെ കറങ്ങുന്നുണ്ട്. അതൊന്നു മുറുക്കാൻ നോക്കിയിട്ട് കൈക്കൊരു ബലക്കുറവും. എവിടെയോ എന്തോ ഒരു തകരാറുപോലെ.അവിടുന്ന് ഒരു ഒന്നര കിലോമീറ്ററെ ഉള്ളൂ വീട്ടിലേക്ക്. എങ്ങനെയൊക്കെയോ വണ്ടിയും ഞാനും വീട്ടിലെത്തി.
എന്റെ വളിച്ച മോന്തയും ഇളിച്ച ചിരിയും കണ്ടതേ എന്തോ ഉടായിപ്പ് ഒപ്പിച്ചിട്ടുണ്ടെന്നു അമ്മക്ക് പിടികിട്ടി. ചോദ്യം ചെയ്യലിനോടുവിൽ ചെറുതായൊന്നു വണ്ടി മറിഞ്ഞെന്നും അതിന്റെ കണ്ണാടി അയഞ്ഞെന്നും പറഞ്ഞു. നിന്നോട് അപ്പോളേ പറഞ്ഞതല്ലേ വണ്ടിയും കൊണ്ട് പോകണ്ട എന്നും പറഞ്ഞു നല്ലപോലെ കേട്ടു. അമ്മ റ്റാറ്റാ തന്നല്ലേ വിട്ടത് എന്ന് ചോദിച്ചപ്പോൾ പറയുവാ റ്റാറ്റാ അല്ല, പോകല്ലേ പോകല്ലേ എന്ന് പറഞ്ഞതായിരുന്നു എന്ന്!!!!
വിശദമായുള്ള ചോദ്യം ചെയ്യലിനിടക്കാണ് അമ്മ ആ പ്രമാദമായ കാര്യം കണ്ടുപിടിച്ചത്. കുട്ടി വലതുകൈ അനക്കുന്നില്ല. പിടിച്ച് നോക്കിയപ്പോൾ ആണ് പണി പാളിയെന്നു മനസിലായത്. കൈക്ക് ഒരു ബലക്കുറവ്. പിന്നെ ആളായി ബഹളമായി, അമ്മാവൻ വരുന്നു,അമ്മായി വരുന്നു,വണ്ടി വരുന്നു ഓർത്തോയെ കാണാൻ പോകുന്നു. X-ray എടുക്കുന്നു x-ray ടേബിളിൽ കിടന്നിട്ട് എണീക്കാൻ പറ്റാഞ്ഞിട്ട് ടെക്നിഷ്യൻ പൊക്കിയെടുക്കുന്നു..അവസാനം വിധി വന്നു. തോൾ എല്ല് ഒടിഞ്ഞു മുകളിലേക്ക് തള്ളി നിൽപ്പുണ്ട്. തൊലിക്കട്ടി ഉണ്ടായിരുന്നത് കൊണ്ട് എല്ല് പുറത്തേക്ക് വരാതെ രക്ഷപെട്ടു! സബാഷ്… എന്റെ വണ്ടി ഓടിക്കലിന്റെ കാര്യം തീരുമാനമായി. ഇപ്പൊ വണ്ടി വാങ്ങാൻ നല്ല സമയം ആണെന്ന് പറഞ്ഞ മഹാനെ ഞാൻ നന്നായൊന്നു സ്മരിച്ചു.
പണ്ടേ വേദനയും ഞാനും തമ്മിലുള്ള അന്തർധാര സജീവമല്ലാത്തതിനാൽ എനിക്കങ്ങനെ വേദനയൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും ഡോക്ടർ എല്ല് പിടിച്ചിട്ട് ബെൽറ്റും ഇട്ടു. വേറൊരിടവും കാണാതെ സ്ഥാനം നോക്കി ഒടിഞ്ഞതിനാൽ പ്ലാസ്റ്റർ പോലും ഇടാൻ നിർവാഹമില്ലായിരുന്നു. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞ ഡോക്ടറെ ചിരിച്ചു കാണിച്ചു ഞാൻ സൂക്ഷിച്ചോളാം എന്ന ഉറപ്പും പറഞ്ഞു തോളും പുറവും ചേർത്ത് ബെൽറ്റിട്ട് മുറുക്കി. എന്നിട്ടും പനപോലെ ഇരുന്ന എന്നെ നോക്കി ഇതിന്റെ വേദനക്കുള്ള സുനാ എന്തെങ്കിലും അടിച്ചുപോയോ എന്ന സംശയത്തിൽ ഇതെന്തുവാടെ കർണൻറെ ജന്മമോ എന്ന് സംശയിച്ച ഡോക്ടറെ നോക്കി ചിരിച്ചിട്ട് പുറത്തോട്ടിറങ്ങി.
പിന്നെ ഒരു മാസം സുഖമല്ലായിരുന്നോ.. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കൈ ഒരിടത്തിരിക്കും. വിരലുപോലും അനങ്ങുന്നില്ലെന്നേ.!കിടക്കുന്നിടത്തുനിന്നും എഴുന്നേൽക്കണമെങ്കിൽ ആരേലും പിടിക്കണം. ഇടയ്ക്കിടെ കടുകുവറുക്കുന്നത് പോലെ തോളിന്റെ അവിടെനിന്നും കിടുകിടോ എന്ന് കേൾക്കാം. എല്ല് ഉരയുന്നത്. അന്നാണേൽ എനിക്ക് തോണ്ടുന്ന ഫോൺ പോലും ഇല്ല. മൂട്ടിൽ നീറു കടിച്ചതുപോലെ പാഞ്ഞുനടന്നുകൊണ്ടിരുന്ന ഞാൻ അടങ്ങിയൊതുങ്ങി എങ്ങനെയൊക്കെയോ ഉന്തിത്തള്ളി ആ കാലവും കഴിച്ചുകൂട്ടി. അങ്ങനെ ഒരു മാസത്തെ സുഖവാസത്തിനു ശേഷം ചെന്നു ബെൽറ്റെടുത്തു. ഇപ്പോളും ആ തിരുമുറിവിന്റെ തിരുശേഷിപ്പായി എന്റെ ബ്യുട്ടി ബോൺ കുറേ ഏറെ പൊന്തി നിൽപ്പുണ്ട്. 😃
NB: അവൻ(ഡിയോ )ഇപ്പോളും കുട്ടപ്പനായി എന്റെ കൂടെയുണ്ട്. അവനെ അന്ന് ഞാൻ കൊണ്ടുപോയി മറിച്ചിട്ടതല്ലാതെ അവൻ ഇന്നേവരെ എന്നെ മറിച്ചിട്ടില്ല


4 Comments
ഒരു വീഴ്ചയിൽ beauty bone ഒക്കെ പൊന്തി വന്നു ഒന്ന് കൂടി beauty ആയല്ലോ. അതാണ് പ്രചോദനം. ഒന്നുകൂടി വീഴാനുള്ള പ്രചോദനം! 😄
രസമായിരുന്നു വായിക്കാൻ. 👌
ഒരു ബ്യൂട്ടി ബോൺ സ്വന്തമായി കിട്ടിയില്ലേ…… രസകരമായി എഴുതി👍😀
ഡിയോ ഡിയോ ഡിസക ഡിസക.. എണക്ക് തെറ്റിയത് തോളിനു മാത്രമല്ല നാക്കിനും( പേനയ്ക്കും ) കൂടിയാണെന്ന് തോന്നുന്നു. ഒരൊന്നര എഴുത്ത് എന്റെ നീതു 👌👌👌🤣🤣🤣
എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്റെ ചേച്ചിയേ.. 😂