“അങ്ങനെ ഇന്നുമുതൽ ഞാൻ പിന്നെയും അത് നിർത്താൻ പോകുകയാണ്… ”
“എന്ത്?”
“അത്…”
ഏത്…?
“അത്… പിന്നെ…”
“പിന്നോ?”
“പിന്നല്ല… പിന്നെ… ”
“പിന്നെ? എന്ത് പിന്നെ?”
“ഓഹ്… എടാ… പിന്നെ… ന്ന്.. ”
“അതല്ലേ ഞാനും ചോദിച്ചേ… എന്ത് പിന്നെ… ഇപ്പൊ പറഞ്ഞൂടെ…”
“അതല്ലടാ… ‘അത് പിന്നെ’… ‘പിന്നെ’ എന്നൊക്കെ നമ്മൾ പറയാറില്ലേ. ”
“എപ്പോ… ആര്… ഞാൻ അങ്ങനെയൊന്നും പറയാറില്ല… ”
“ഓ… നീ ‘പിന്നെ’ എന്ന് പറയാറില്ല”
“ഇല്ല… ”
“എടാ… നുണയാ…”
“എന്ത് നുണ, ഞാൻ ‘പിന്നെ’… എന്ന് പറയാറുമില്ല… ഒന്നും ‘പിന്നേക്’ വെയ്ക്കാറുമില്ല…പിന്നെ… നീയെന്തിനാ എന്നെ നുണയാന്ന് വിളിച്ചത്…”
“ആ… കണ്ടോ… കണ്ടോ…”
“എന്ത്… എന്ത് കണ്ടോന്ന്… ”
“അല്ല… കേട്ടോ… നീ ഇപ്പൊ ‘പിന്നെ’ എന്ന് പറഞ്ഞു…”
“ഞാനൊന്നും പറഞ്ഞില്ല…”
“നുണയാ… ”
“നിന്നോട് ഞാൻ പിന്നെയും പറയാ, നുണയാ എന്ന് വിളിക്കരുത്… ”
“ദാ… ദാ.. പിന്നെയും പറഞ്ഞ്… നീ…”
“ഞാനോ, നീയാ ഇപ്പൊ പിന്നെയും ‘പിന്നെ’ ന്ന് പറഞ്ഞത്… ”
“നുണ പറയല്ലേടാ നുണയാ… നീ തന്നെയാ പറഞ്ഞത്… ”
“നീ പിന്നേം നുണയാ.. ന്ന് വിളിക്കുമല്ലെടാ…?”
( അടിപിടി )
“എടാ… നുണയാ… നീ എന്നെ തല്ലി അല്ലേ…എന്റെ ഭാര്യ പോലും എന്നെ ഇതുവരെ തല്ലീട്ടില്ല”
“അതിനു നിനക്ക് ഭാര്യ ഇല്ലല്ലോടാ, ഇപ്പൊ നീയല്ലേ നുണ പറഞ്ഞത് ”
“പിന്നെ, ഞാൻ നുണ പറയാനോ?
ഞാൻ പറഞ്ഞത് സത്യമല്ലേ, എന്റെ ഭാര്യയെ ഞാൻ ഇതുവരെ കല്യാണം പോലും കഴിച്ചിട്ടില്ല. പിന്നെ അവൾ എങ്ങനെയാടാ എന്നെ തല്ലുന്നേ ”
“അത് തന്നെയല്ലേടാ ഞാനും പറഞ്ഞത് ”
“അല്ല, എനിക്ക് ഭാര്യ ഇല്ലാന്നാ നീ പറഞ്ഞത്, എന്റെ ഭാര്യയെ ഇല്ലാതാക്കാനും മാത്രം എന്തു തെറ്റാടാ ഞാൻ ചെയ്തത്?
“എടാ… മണ്ടാ.. ,” കല്യാണം കഴിച്ചു കഴിയുമ്പഴല്ലേ നമുക്ക് ഭാര്യ ഉണ്ടാകുന്നത്?
” നീയാടാ മണ്ടൻ, കല്യാണം കഴിച്ചു കഴിയുമ്പോൾ മക്കളാണ് ഉണ്ടാകുക, ഭാര്യയല്ല “. നുണയാ… ”
“ആഹാ… നീ… പിന്നെയും… നുണയൻ ന്ന്.. ”
(വീണ്ടും അടി )
“നിന്നോട് ഞാൻ പിന്നേം പിന്നേം പറഞ്ഞില്ലെടാ… നുണയാന്ന് വിളിക്കരുത് എന്ന്.. ”
“അത് തന്നെയല്ലേടാ… ഞാനും പറഞ്ഞെ… നീ പിന്നേം പിന്നേം… ‘പിന്നെ’ എന്ന് തന്നെയാ പറയുന്നത്… ”
“അല്ല… നുണയാ എന്ന് വിളിക്കരുത് എന്നാ ഞാൻ പറഞ്ഞത്… ”
“അത് നീ നുണ പറഞ്ഞിട്ടല്ലേ…”
“ഞാൻ നുണ പറയാറില്ല… ”
“നീ പിന്നെയും ‘പിന്നെ’ ന്ന് പറഞ്ഞത്… ഞാൻ കേട്ടതാ… കള്ളാ… കള്ളം പറയല്ലേടാ… ”
“നീ എന്തിനാടാ… എന്നെ കള്ളാന്നു വിളിക്കുന്നത്… ഞാനെന്തെങ്കിലും കട്ടെടുത്തോ…”
“അല്ല… നീ കള്ളം പറഞ്ഞു…കള്ളം പറയുന്നവൻ കള്ളൻ ”
“അപ്പൊ കട്ടെടുക്കുന്നവനെ നീ എന്തു വിളിക്കും… ‘കട്ടൻ ‘ ന്നോ?
“അത് ഞാൻ കട്ടൻന്നൊ മട്ടൻന്നൊ ഒക്കെ വിളിയ്ക്കും. പക്ഷെ നിന്നെപ്പോ ലെ കള്ളം പറയുന്നവനെയൊക്കെ കള്ളൻന്ന് തന്നെ വിളിയ്ക്കും. , കള്ളാ.. ”
“ഞാൻ അല്ലെടാ നിന്നെപ്പോലെ കള്ള് കുടിക്കുന്നവനാ കള്ളൻ ”
“അപ്പൊ കള്ളം പറയുന്നവനോ?”
“അതിന് നുണയൻ എന്നാ പറയാ…”
“അത് തന്നെയല്ലേടാ ഞാനും പറഞ്ഞത്…, നുണയാ… ന്ന്.. ,”
“എടാ… വേണ്ട… ഞാൻ പിന്നെയും പറയാ… മിണ്ടാതിരുന്നോ.. ”
“പിന്നെ.. നിന്നെപ്പോലൊരു നുണയൻ പറയുമ്പോ ഞാൻ എന്തിനാ മിണ്ടാതിരിക്കുന്നെ”.
“വേണ്ട വേണ്ടാന്ന് വെയ്ക്കുമ്പോൾ നീ പിന്നെയും… നിന്നെ ഞാനിന്ന്…”
“അയ്യോ… നാട്ടുകാരെ… ഈ നുണയൻ എന്നെ പിന്നേം പിന്നേം തല്ലുന്നേ.. ”
ബാക്കി പിന്നെ…

