2024 അങ്ങനെ കഴിഞ്ഞു. 2025 തുടങ്ങി. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോഴും 2016 ഇൽ നിൽക്കുവാ.
എന്റെ അമ്മ പോയി എന്നറിഞ്ഞ ദിവസം. ആ നിമിഷത്തിൽ നിന്ന് മുന്നോട്ട് ഞാൻ വന്നിട്ടുണ്ടോ എന്ന് ഇപ്പോഴും സംശയമാണ്. ഇപ്പോൾ 9 വർഷം ആകുന്നു. എന്റെ പിള്ളേരും എന്റെ അനിയത്തിയും ചില കൂട്ടുകാരുമാണ് എന്നെ ഈ ദിവസം വരെ മുന്നോട്ട് കൊണ്ട് വന്നത്. ഇത്രയും നാളുകൾക്കിടയിൽ ഞാൻ പലതിൽ നിന്നും മനപ്പൂർവം മാറി നിന്നു. കഴിഞ്ഞ വർഷം കുറേ കാര്യങ്ങൾക്കു ഞാൻ തന്നെ മുൻകൈ എടുത്ത് എന്നെ മുന്നോട്ട് കൊണ്ട് വന്നു. അതിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവും ഉണ്ട്. പിന്നെ ഒരുപാട് പിരിമുറുക്കങ്ങൾ ഒരുപാട് സങ്കടങ്ങൾ കഴിഞ്ഞ കൊല്ലം അനുഭവിച്ചു. തെറ്റായ തീരുമാനങ്ങൾ ഉണ്ടായി. കൃഷി നോക്കാനേ പറ്റിയില്ല. എന്റെ മക്കളെയും അധികം നോക്കാൻ പറ്റിയില്ല. കൂട്ടക്ഷരങ്ങളിൽ ഒട്ടും തന്നെ എഴുതാൻ പറ്റിയില്ല. വേറെ ഏതോ ഒരു ലോകത്തിരിക്കുന്നത് പോലെ കുറേ നാളുകൾ കഴിഞ്ഞു.
നവംബർ മാസം ആയപ്പോൾ മുതൽ ഞാൻ പല പല തീരുമാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങി. ബ്യൂട്ടീഷ്യൻ കോഴ്സ് ചെയ്യുന്നു ഇപ്പോൾ. എനിക്കും ഇതൊക്കെ ചെയ്യാൻ പറ്റും എന്ന് മനസ്സിലായി. ഒരു ഡാൻസിനു 4 പേരെ ഒരുക്കി. എനിക്കിഷ്ടപ്പെട്ടു. അവർക്കും. സ്റ്റേജിൽ കാണാനും നല്ലതായിരുന്നു. എന്റെ മക്കളെയും ഞാൻ ഒരുക്കി. ഒരു ഫാഷൻ ഷോയ്ക്ക് വേണ്ടിയാണ് ഒരുക്കിയത്. ഞാനും ആ ഷോയിൽ പങ്കെടുത്തു. ഒരു തിരുവാതിരയ്ക്കും ഒരു ഡാൻസിനും പങ്കെടുത്തു. അതോടെ ഇത്രയും വർഷം ഉണ്ടായിരുന്ന സഭാകമ്പം ഇല്ലാതെയായി. ഒരു യൂട്യൂബ് ചാനൽ തുടങ്ങി. അമ്പത് വീഡിയോകളിൽ കൂടുതൽ ഇട്ടു. എന്നെ സംബന്ധിച്ചടുത്തോളം അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഇതൊക്കെ.
ഇനി 2025 – എന്റെ മക്കളെ നന്നായി ശ്രദ്ധിക്കണം. ബിസിനസ് മുഴുവൻ ഒന്ന് പൊക്കി കൊണ്ട് വരണം. ലോണുകൾ പറ്റുന്നതത്രയും തീർക്കണം. കുറേ കൂടി സമയം എനിക്ക് വേണ്ടി കണ്ടു പിടിക്കണം. എന്റെ കൃഷി നോക്കണം. കുറേ കൂടി ശാന്തമാക്കണം എന്റെ മനസ്സ്. വീട് കുറേ കൂടി വൃത്തിയായി അടുക്കി പെറുക്കി വയ്ക്കണം. ഒരു യാത്ര പോകണം, സമാധാനമായി, ചിലവുകളെ കുറിച്ച് വേവലാതിപ്പെടാതെ. കൂട്ടക്ഷരങ്ങളിൽ കുറേ കൂടി എഴുതണം. എനിക്കെന്തെല്ലാം പറ്റുമെന്ന് എനിക്ക് എന്നോട് തന്നെ തെളിയിക്കണം. അങ്ങനെ ഒക്കെ പോകുന്നു ആഗ്രഹങ്ങൾ. അത് 2025 ഇൽ മാത്രമല്ല. ഇനിയുള്ള ദിവസങ്ങളിലെ കാര്യമാണ് കേട്ടോ.


3 Comments
2025 ഐശ്വര്യ പൂർണ്ണമാകട്ടെ …..നന്നായെഴുതി👍🌹
നന്നായി എഴുതി.
എല്ലാം ഭംഗിയായി നടക്കും. ശുഭാപ്തിവിശ്വാസം കൈവിടാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.
ആശംസകൾ❤️🌹