ആശങ്കകൾക്കൊടുവിൽ നാസ ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും ബുധനാഴ്ച സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം സാങ്കേതിക പ്രശ്‌നങ്ങളാല്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത് മൂലമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അവരുടെ ദൗത്യം 286 ദിവസങ്ങൾ നീണ്ടുപോയത്. അപ്രതീക്ഷിതമായ സംഭവങ്ങൾ മൂലം, തീരുമാനിച്ചുറപ്പിച്ചത് പോലെ കാര്യങ്ങൾ നടക്കാതെ പോയ മറ്റൊരു ബഹിരാകാശ ദൗത്യത്തെ കുറിച്ച് പറയട്ടെ?
വിജയകരമായ പരാജയം അഥവാ സക്സസ്ഫുൾ ഫെയിലിയർ എന്ന വാചകം കേട്ടിട്ടുണ്ടോ? കൗതുകകരമായ ഈ പ്രയോഗത്തിന് പിന്നിൽ ഒരു വലിയ കഥയുണ്ട്, നിതാന്ത പരിശ്രമത്തിന്റെ, കൂർമ്മബുദ്ധിയുടെ, ആത്മാർത്ഥതയോടു കൂടിയുള്ള സമർപ്പണത്തിന്റെ കഥ.
1970 ഏപ്രിൽ മാസം : അമേരിക്കയിലെ കെന്നഡി സ്പേസ് സെന്റർ, അപ്പോളോ സ്പേസ് പ്രോഗ്രാമിലെ ഏഴാമത്തെ മിഷനായ അപ്പോളോ 13 ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ചന്ദ്രനിൽ ഇറങ്ങുക എന്ന ദൗത്യവുമായി പോകുന്ന മൂന്നാമത്തെ സ്പേസ് ക്രാഫ്റ്റാണ് അപ്പോളോ 13. ജയിംസ് ലോവൽ, ഫ്രെഡ് ഹൈസ്, കെൻ മാറ്റിങ്‌ലി എന്നിവരായിരുന്നു ഇതിൽ യാത്ര ചെയ്യേണ്ടിയിരുന്നവർ. അവസാനവട്ട തയ്യാറെടുപ്പുകൾക്കിടയിലാണ് കെൻ മാറ്റിങ്‌ലിയ്ക്ക് ജർമൻ മീസെൽസ് വരാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ട് വരുന്നത്. ഉടൻ തന്നെ അദ്ദേഹത്തിന് പകരം ജാക്ക് സ്വൈഗറെ അയക്കാൻ തീരുമാനമായി.
ഏപ്രിൽ 11, 7 13 pm .. ചന്ദ്രനിൽ ഇറങ്ങുക എന്ന ദൗത്യവുമായി അപ്പോളോ 13 ആകാശത്തേക്ക് കുതിച്ചുയരുന്നു. നിശ്ചയിച്ച പ്ലാനനുസരിച്ച് തന്നെ എല്ലാം മുന്നോട്ടു പോകുന്നു, മൂന്നു ദിവസങ്ങൾക്കുശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പുറത്തുവന്ന സ്പേസ് ക്രാഫ്റ്റിൽ ഒരു ഷോട്ട് സർക്യൂട്ട് മൂലം ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിക്കുന്നു. മറ്റൊരു ടാങ്കിന് ലീക്ക് കണ്ടെത്തുകയും ഒപ്പം തന്നെ സ്പേസ് ക്രാഫ്റ്റിൽ കുലുക്കം അനുഭവപ്പെടുകയും ചെയ്യുന്നു. അതോടെ ഇപ്പോഴത്തെ അവസ്ഥയിൽ അപ്പോളോ 13 ന് ചന്ദ്രനിൽ ലാൻഡ് ചെയ്യുക അസാധ്യമാണെന്ന് മനസ്സിലാക്കി മിഷൻ അബോർട്ട് ചെയ്യുന്നു.
ഭൂമിയിൽ നിന്നും 2 ലക്ഷം മൈലുകൾ ദൂരെ സ്പേസ് ക്രാഫ്റ്റ്ലുള്ള യാത്രക്കാരെ ഏതു വിധത്തിലും സുരക്ഷിതരായി തിരിച്ച് എത്തിക്കുക എന്നതായി പിന്നീട് ഈ മിഷന്റെ ലക്ഷ്യം. തിരിച്ചുവരവിനായി ഏത് റൂട്ട് സ്വീകരിക്കണം എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ഫ്ലൈറ്റ് ഡയറക്ടർ ജീൻ ക്രാൻസ്, മാൻഡ് സ്‌പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടർ റോബർട്ട് ഗിൽറൂത്ത് എന്നിവരടങ്ങിയ കെന്നഡി സ്പേസ് സെന്ററിലെ ടീമിന്റെ നിർദ്ദേശപ്രകാരം, അപ്പോളോ 13 ക്രൂ, രണ്ട് നിർണായക ക്രമീകരണങ്ങൾ നടത്തി ചന്ദ്രന്റെ ചുറ്റി ഭൂമിയിലേക്ക് മടങ്ങാനുള്ള പ്ലാൻ തയ്യാറാക്കുന്നു.
ഈ ഘട്ടത്തിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി എക്സ്പ്ലോഷന് ശേഷം ബാക്കിയുണ്ടായിരുന്ന ഉപകരണങ്ങളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് തിരിച്ചു പോവാനുള്ള ക്രമീകരണങ്ങൾ എങ്ങനെ ചെയ്യും എന്നതായിരുന്നു. ഇത് പരിഹരിക്കാൻ, കെന്നടി സ്പേസ് സെന്ററിലെ മിഷൻ കൺട്രോൾ എഞ്ചിനീയർമാർ, അപ്പോളോയിൽ സഞ്ചരിക്കാൻ സാധിക്കാതിരുന്ന കെൻ മാറ്റിങ്‌ലിയുടെ നേതൃത്വത്തിൽ ബുദ്ധിയും ചാതുര്യവും ആത്മാർത്ഥതയും ടീം വർക്കും ഒത്തു ചേർന്ന അവിശ്വസനീയമായ ഒരു ഉദ്യമം ആരംഭിച്ചു. സ്ഫോടനത്തിനുശേഷം അപ്പോളോയിൽ ബഹിരാകാശയാത്രികർക്ക് ലഭ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ച്, ഭൂമിയിലെ എഞ്ചിനീയർമാർ ഒരു അറ്റാച്ച്‌മെന്റ് സിസ്റ്റം രൂപകൽപ്പന ചെയ്യുകയും പരീക്ഷിക്കുകയും ചെയ്തു. മിഷൻ കൺട്രോൾസിന്റെ നിർദ്ദേശങ്ങൾ പാലിച്ച്, ബഹിരാകാശയാത്രികർ വിമാനത്തിൽ അതേ സിസ്റ്റം നിർമ്മിച്ചു. ഈ സമയമത്രയും ഹീറ്റിംഗ് സിസ്റ്റം വർക്ക് ചെയ്യാത്തതിനാൽ കടുത്ത തണുപ്പാണ് അവർക്കു അനുഭവിക്കേണ്ടി വന്നത്. സമ്മർദ്ദത്തിന്റെ നിമിഷങ്ങൾ പിന്നിട്ട്, അവസാനം ആ സ്പേസ്ക്രാഫ്റ്റ് സ്റ്റാർട്ട് ചെയ്യാൻ അവർക്കു സാധിച്ചു. ചന്ദ്രനിൽ ഇറങ്ങാൻ സാധിച്ചില്ലെങ്കിലും ചന്ദ്രനെ വലം വച്ച് അവർ ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു.
അടുത്ത കടമ്പ എന്ന് പറയുന്നത്, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങളെ അതിജീവിക്കാൻ അപ്പോളോയുടെ ഹീറ്റ് ഷീൽഡിനു സാധിക്കുമോ എന്നതാണ്. ഹീറ്റ് ഷീൽഡ് ഉരുകി അതിതീവ്ര താപം ഉണ്ടാകുന്ന ഒരാവസ്ഥയെ ആണ് നേരിടേണ്ടത്. സാധാരണഗതിയിൽ ഒരു സ്പേസ്ക്രാഫ്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ കമാൻഡ് മൊഡ്യൂളിന് ചുറ്റുമുള്ള വായുവിന്റെ അയോണൈസേഷൻ മൂലം നാല് മിനിറ്റ് സ്പേസ് സെന്ററുമായുള്ള ആശയവിനിമത്തിൽ തടസ്സമുണ്ടാകും. അപ്പോളോ 13, നാലു മിനുട്ടിനു ശേഷവും റെസ്പോണ്ട് ചെയ്യാതായതോടെ കെന്നഡി സ്പേസ് സെന്റർ മാത്രമല്ല, ഈ മിഷൻ ഉറ്റു നോക്കികൊണ്ടിരുന്നു ലോകം മുഴുവൻ തന്നെ നിശബ്ദമായി. ഒരു വേള, ഹീറ്റ് ഷീൽഡ് പരാജയപ്പെട്ടതായി കൺട്രോളർമാർ ഭയപ്പെട്ടു. ആകാക്ഷ ഭരിതമായ 6 മിനുട്ടിനു ശേഷം വീണ്ടും കണക്ഷൻ ലഭിച്ചു. സാധാരണയിൽ നിന്ന് വ്യത്യസ്തമായ സ്പീഡും റീഎൻട്രി പാതയും ആയിരുന്നു അപ്പോളോ 13 – ന്റേത്. റീ എൻട്രി പ്രതീക്ഷിച്ചതിലും ദൈർഘ്യമേറാനുണ്ടായ കാരണങ്ങൾ ഇതായിരുന്നു.
April 17, 6.07pm : എല്ലാ ദുർഘടങ്ങളെയും അതിജീവിച്ച്, ദക്ഷിണ ശാന്ത സമുദ്രത്തിൽ അവർ പറന്നിറങ്ങി. ജനലക്ഷങ്ങളാണ് ഈ അഭിമാന നിമിഷം ലൈവ് ആയി ടെലിവിഷനിലൂടെ കണ്ടത്.
ആവശ്യത്തിന് വെള്ളം കുടിക്കാത്തതിനാൽ ഹെയ്‌സിനുണ്ടായ യൂറിനറി ഇൻഫെക്ഷൻ ഒഴിച്ചാൽ മൂന്നു അസ്‌ട്രോനട്സിനും മറ്റു പരിക്കുകൾ ഒന്നുമില്ലായിരുന്നു. പിന്നീട് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ അവർക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ നൽകി ആദരിക്കുകയുണ്ടായി.
അത്യന്തം ഉദ്വേഗജനകമായ ഈ സംഭവം കാണാൻ സാധിച്ചില്ലല്ലോ എന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. 1995 ൽ ഇറങ്ങിയ, ടോം ഹാങ്ക്സ്, ഗ്യാരി സനീസ്, കെവിൻ ബേക്കൺ, ബിൽ പാക്‌സ്‌റ്റൺ എന്നിവർ അഭിനയിച്ച സൂപ്പർഹിറ്റ് സിനിമ “Apollo 13” തീർച്ചയായും കാണുക. ഈ മിഷന്റെ സാഹസികതയും ഉദ്വേഗവും ആകാംക്ഷയും ഒട്ടും ചോരാതെ നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും.

മാർഗ്ഗമധ്യേ അപകടം സംഭവിച്ചാലും ഒരു ബഹിരാകാശ വാഹനത്തിലെ യാത്രക്കാരെ തിരിച്ചു ഭൂമിയിൽ സുരക്ഷിതമായി എത്തിക്കാൻ സാധിക്കും എന്ന് ഉറപ്പുവരുത്തുന്നതായിരുന്നു അപ്പോളോ 13 ന്റെ തിരിച്ചു വരവ്. ചന്ദ്രനിൽ ഇറങ്ങുക എന്ന ഉദ്യമം പരാജയം ആയെങ്കിൽ പോലും യാത്രക്കാരുടെ ജീവന് അപകടം കൂടാതെ തിരിച്ചെത്തിക്കുന്നതിൽ വിജയിച്ചതിനാലാണ് ഈ മിഷൻ സക്സസ്ഫുൾ ഫെയിലിയർ അഥവാ വിജയകരമായ പരാജയം എന്ന പേരിൽ പ്രസിദ്ധമായത്.
ഇന്ന് 55 വർഷങ്ങൾക്കപ്പുറം ചന്ദ്രിയാനിലൂടെ ഇന്ത്യയും ചന്ദ്രനിലെത്തിയിരിക്കുന്നു. അഭിമാനിക്കാം നമുക്കും. പുതിയ നേട്ടങ്ങളിലേക്കും അറിവുകളിലേക്കും ഉറ്റു നോക്കാം.
©️ജയശ്രീ ജോൺ


6 Comments
നല്ല രചന.👌
Details നന്നായി എഴുതി.👍
അപ്പോളോ 13 എന്ന Tom hanks movie അല്ലെ, mention ചെയ്തത്? കണ്ടിട്ടുണ്ട്.
താങ്ക്സ് ജോയ്‌സ്. സ്നേഹം.
അതെ. ആ സിനിമ തന്നെ. സുനിത വില്യംസിന്റെ പേടകം ആകാശത്തിൽ നിന്നും സമുദ്രത്തിലേക്ക് ഇറങ്ങുന്നതൊക്കെ ആ സിനിമയിലേതു പോലെ തന്നെ, അല്ലെ ?
നല്ല അറിവുകൾ ജയശ്രീ.❤️👌🌹
ആ സിനിമയുടെ പേര്?
നന്ദി സുമ.
സിനിമയുടെ പേരും Apollo 13 എന്ന് തന്നെ
Good information 👍
സ്നേഹം ചേച്ചി