വേനൽ മഴയുടെ വരവറിയിച്ചു കൊണ്ട് ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞു. ദേവിയുടെ മുഖത്തെ തെളിച്ചവും മങ്ങി. അത് ശരിയാവില്ലല്ലോ. ഞാൻ അവളെ നിർബന്ധമായി ബാൽക്കണിയിലേക്ക് കൊണ്ടുപോയി. അവൾ എന്റെ മാറിൽ ചാരി പുറത്തു പെയ്യാൻ തുടങ്ങിയ മഴയിലേക്ക് നോക്കി നിശ്ശബ്ദയായിരുന്നു.
ആ ദിവസം മുതൽ മഴ ദേവിക്ക് പേടിസ്വപ്നമാണ്. എന്നാലും മഴ കാണിക്കണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
മനസ്സ് കുറെ ദൂരം പിറകിലേക്ക് നടന്നു.
സ്കൂളിൽ പത്താം ക്ലാസ്സു വരെ അടുത്ത കൂട്ടുകാരനായിരുന്നു മഹേഷ്. പിന്നീട് അവന്റെ അച്ഛന് ട്രാൻസ്ഫർ വന്ന് അവർ മറ്റൊരു നാട്ടിലേക്ക് പോയി. മൊബൈൽ ഫോൺ ഒന്നുമില്ലാത്ത ആ കാലത്ത് ആദ്യമൊക്കെ കത്തുകൾ അയച്ചിരുന്നുവെങ്കിലും പിന്നെ ആ ബന്ധം അറ്റു പോയി.
എനിക്ക് എഞ്ചിനീയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലിയായി. അന്ന് ഒരാഴ്ചത്തെ ലീവിന് നാട്ടിൽ വന്നതായിരുന്നു. ടൗണിൽ ഒരു കടയിൽ നിൽക്കുമ്പോൾ ഒരാൾ വന്ന് തോളിൽ തട്ടി . എന്തോ ഒരു മുഖ പരിചയം തോന്നിയെങ്കിലും ആ തടിയനെ മനസ്സിലായില്ല.
“എന്നാലും അരുണേ, നീ എന്നെ മറന്നല്ലോ. അല്ല, നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്ന് പെൻസിൽ പോലിരുന്ന മഹേഷ് ഇപ്പോൾ ഒരു ആനക്കുട്ടി പോലെ ആയില്ലേ. നിനക്ക് വലിയ മാറ്റമില്ല.” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അയ്യോ, മഹേഷേ, നീ ഒരുപാട് മാറി. എപ്പോൾ എവിടെയാണ്, എന്ത് ചെയ്യുന്നു.” ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
“നീ സമാധാനപ്പെട്. എല്ലാം പറയാം. നമുക്ക് ഏതെങ്കിലും റെസ്റ്റോറന്റിലിരുന്ന് ഒരു കോഫി കുടിച്ചു കൊണ്ട് സംസാരിക്കാം.” ഞങ്ങൾ അടുത്തുള്ള റെസ്റ്റോറന്റിൽ മുഖാമുഖം ഇരുന്നു.
“എടാ, നാട്ടിലേക്ക് പോയിട്ട് ഞാനും നീയും എഞ്ചിനീറിങ്ങിന് ചേർന്നത് വരെ നമ്മൾ അറിഞ്ഞിരുന്നല്ലോ. പിന്നെയെപ്പൊഴോ ബന്ധം മുറിഞ്ഞു. പഠിത്തം കഴിഞ്ഞ് വലിയച്ഛനൊപ്പം ഞാൻ ദുബായിലേക്ക് പോയി. അവിടെ നല്ല ജോലിയും കിട്ടി. വല്യച്ഛന്റെ കുടുംബം വയനാട്ടിൽ ആയിരുന്നു. അച്ഛനും റിട്ടയർ ആയപ്പോൾ വല്യച്ഛന്റെ വീടിനടുത്തു കുടുംബമായി താമസമായി. ഞാനിപ്പോൾ ലീവിന് വന്നതാണ്. ഇവിടെ ഒരു കൂട്ടുകാരന്റെ കല്യാണമുണ്ടായിരുന്നു. ഇന്ന് രാത്രി തിരിച്ചു പോകും. ഇനി നീ പറയൂ .” അവൻ തന്റെ വിശേഷങ്ങൾ പറഞ്ഞു.
“എനിക്ക് ബാംഗ്ലൂരിലാണ് ജോലി. ഞാനും ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുക്കാൻ വന്നതാണ്. ഒരാഴ്ച ലീവ് എടുത്തു പോരുന്നു. കല്യാണം ഇന്നലെ കഴിഞ്ഞു.”
“എങ്കിൽ ഞാനൊരു പരിപാടി പറയട്ടെ. മറ്റു തിരക്കുകൾ ഇല്ലെങ്കിൽ നിനക്ക് രണ്ടുമൂന്നു ദിവസത്തേക്ക് എന്റെ വീട്ടിൽ വന്നൂടെ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ്. ” അവൻ ആശയോടെ എന്റെ മുഖത്തേക്ക് നോക്കി.
പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല. മഹേഷിനോപ്പം പോകണമെന്ന് പറഞ്ഞാൽ വീട്ടിലും സമ്മതിക്കും.
” ശരിയെടാ, നാളെ വൈകിട്ട് ഞാനെത്താം. നമുക്ക് രണ്ടു ദിവസം അടിച്ചു പൊളിക്കാം.”
“റെയിൽവേ സ്റ്റേഷനിൽ ഞാൻ കാറുമായി വരാം. അങ്ങിനെ നാളെ നമ്മൾ ചുരം കയറുന്നു.” അവന് സന്തോഷമായി.
പിറ്റേന്ന് ചുരത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ആ യാത്രക്കൊടുവിൽ സന്ധ്യക്ക് അവന്റെ വീട്ടിലെത്തി. കുന്നു കയറിപ്പോകുന്ന വഴി. ഇരുവശത്തും വീടുകൾ. നിറയെ സുഗന്ധപുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന വർണ്ണ സുന്ദരമായ ഒരു പൂന്തോട്ടത്തിലേക്ക് കാർ കയറി. എത്ര മനോഹരമായ പ്രദേശം .
മഹേഷിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. തൊട്ടടുത്തു തന്നെയാണ് വല്യച്ഛന്റെ വീട്. അദ്ദേഹം ദുബായിലെ ജോലി മതിയാക്കി അവിടെയുണ്ട്. പിന്നെ വല്യമ്മയും രണ്ടാണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളും. മഹേഷിന്റെ അനിയത്തി ചെന്നെയിൽ പഠിക്കുന്നു. വിശേഷങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ഊണിനു സമയമായി. വല്യച്ഛൻ വിഭവ സമൃദ്ധമായ സദ്യ തന്നെ ഒരുക്കിയിരുന്നു. പിന്നെ കുളുർപ്പിക്കുന്ന തണുപ്പിൽ പുതച്ചുമൂടി കിടക്കുമ്പോൾ നേർത്ത നിലാവ് കണ്ണാടി ജനാലയിൽ കൂടി വന്ന് മുറി നിറഞ്ഞു നിന്നു .
പിറ്റേന്ന് രാവിലെ കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ നാട് കാണാനിറങ്ങി. പ്രധാന പാത അവസാനിക്കുന്നത് മലമുകളിലാണ്. ഞങ്ങൾ ആ നാട്ടുപാതയിലൂടെ കുറെ മുകളിലേക്ക് നടന്നു. വഴിയിൽ കണ്ടവർക്കെല്ലാം മഹേഷ് എന്നെ പരിചയപ്പെടുത്തി. അവിടെ നിന്ന് താഴേക്ക് നോക്കുമ്പോൾ, ഹാ , ഇതു തന്നെ സ്വർഗം എന്ന് പറഞ്ഞു പോയി.
നേരം ഉച്ചയോടടുത്തു. പെട്ടെന്ന് മാനത്ത് നേർത്ത മഴക്കാറുകൾ കാണാൻ തുടങ്ങി.
“ഇവിടെ പ്രകൃതിയുടെ ഭാവം പെട്ടെന്നാണ് മാറുന്നത്. മലമുകളിൽ മഴയുണ്ടെന്നു തോന്നുന്നു. നമുക്ക് തിരിച്ചു പോകാം. അല്ലേലും ഊണിന് സമയമായി. ഉച്ച കഴിഞ്ഞ് താഴേക്ക് പോകാം. ഒരു അരകിലോമീറ്റർ പോയാൽ വലത്തോട്ട് ഒരു ചെറുവഴി ഉണ്ട്. നീ ഇതു വരെ കണ്ടിട്ടില്ലാത്ത പൂക്കൾ നിറഞ്ഞ ചെടികളാണ് ഇരുവശവും. വഴി അവസാനിക്കുന്നത് ഒരു പുരാതന ക്ഷേത്രത്തിലാണ് . നമുക്ക് അവിടം വരെ പോകാം. ” മഹേഷ് പറഞ്ഞു.
ഞങ്ങൾ വീട്ടിലെത്തി ഊണ് കഴിച്ചു. അപ്പോൾ ആകാശം കുറേകൂടി മങ്ങിയിരുന്നു. എങ്കിലും ഞങ്ങൾ കുടയൊക്കെ എടുത്ത് പുറത്തേക്കിറങ്ങി. മഴ പെയ്യാൻ തുടങ്ങിയാൽ തിരിച്ചു വരണമെന്ന് മഹേഷിന്റെ അച്ഛൻ ഓർമ്മിപ്പിച്ചു.
വഴി തിരിയുന്ന സ്ഥലത്തെത്തിയപ്പോഴാണ് മഹേഷിന് ഒരു കാൾ വന്നത്. ഇത്തിരി നേരം ഫോണിൽ സംസാരിച്ചിട്ട് അവൻ എന്നോട് പറഞ്ഞു .
“എടാ, ഓഫീസിൽ നിന്നാണ്. എന്റെ ലാപ്ടോപ്പിൽ നിന്ന് ചില വിവരങ്ങൾ അങ്ങോട്ട് അത്യാവശ്യമായി അയക്കണം. നീ വലതു കാണുന്ന വഴിയേ തിരിഞ്ഞു നടന്നോളൂ. ഞാൻ പെട്ടെന്ന് വരാം.” അവൻ വീട്ടിലേക്ക് പോയി.
ഞാൻ വലത്തോട്ടുള്ള ചെറിയ വഴിയിൽ കൂടി മുന്നോട്ട് പതുക്കെ നടന്നു. ഇരുവശവും നിറയെ പൂവിട്ടു നിൽക്കുന്ന ചെടികളാണ്. മുന്നോട്ട് ചെല്ലും തോറും അതിരുകൾ ചെറു മരങ്ങൾ ആയി. മഴ പെയ്യാനും തുടങ്ങി. ദൂരെ മഹേഷ് പറഞ്ഞ അമ്പലം കാണാം. അവിടം വരെ പോയി അവനെ കാത്തിരിക്കണോ. ഒരു നിമിഷം ആലോചിച്ചു. വേണ്ട, മഴ കനക്കുന്നുണ്ട്, തിരിച്ചു നടക്കുമ്പോൾ ദൂരെ എന്തൊക്കൊയോ ആരവങ്ങൾ കേട്ടു തുടങ്ങി. കുറച്ചു കൂടി നടന്നപ്പോൾ രണ്ടുപേർ ഓടിപ്പോകുന്നതു കണ്ടു.
“എന്താ ഓടുന്നത്, എന്താണ് ആ ശബ്ദം.” ഞാൻ ചോദിച്ചു.
“സാറെ, അങ്ങോട്ട് സൂക്ഷിച്ചു പോകണേ. മലമുകളിൽ ഉരുൾ പൊട്ടി. പാറകൾ നിറഞ്ഞ് കുത്തിയൊലിച്ചു വന്ന വെള്ളം ആ വഴിയിലുള്ള വീടുകളെയെല്ലാം കൂടെ കൊണ്ട് പോയിട്ടുണ്ട്. ” അവർ ഓടിപ്പോയി.
ഈശ്വരാ, മഹേഷിന്റെയൊക്കെ വീട് അവിടെയല്ലേ. ഞാൻ മുന്നോട്ടോടി. പെട്ടെന്ന് രണ്ടു പോലീസുകാർ എന്നെ തടഞ്ഞു.
“അങ്ങോട്ട് ഇപ്പോൾ പോകരുത്. മലവെള്ളം കുത്തിയൊലിച്ചു വന്നു കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തകർ വന്നു തുടങ്ങുന്നതേയുള്ളൂ.”
അവിടെ കണ്ട ഒരു പാറയുടെ മുകളിൽ ചടഞ്ഞിരുന്ന് മഹേഷിന്റെ കുടുംബത്തിന് ഒന്നും സംഭവിക്കല്ലേയെന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു. പക്ഷെ ദൈവം ആ വിളി കേട്ടില്ല. പിറ്റേന്ന് ആ കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ ചെളിയിൽ നിന്ന് കണ്ടെടുത്തു. ആശുപത്രിയിൽ കൊണ്ട് വന്ന ആ ദേഹങ്ങളുടെ മറ്റു നടപടി ക്രമങ്ങൾ നടക്കുമ്പോൾ കൂടെ നില്ക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഹൃദയം പൊട്ടുന്ന വേദനയോടെ ഒപ്പം നിൽക്കുമ്പോൾ എന്റെ വീട്ടിലേക്ക് വിളിച്ച് വിവരങ്ങൾ പറഞ്ഞു . അച്ഛനും ഏട്ടനും ഇങ്ങോട്ട് ഉടൻ തിരിക്കാമെന്ന് അറിയിച്ചപ്പോൾ ഇത്തിരി സമാധാനമായി.
മറ്റൊരു പ്രശ്നം മഹേഷിന്റെ ചെന്നൈയിൽ പഠിക്കുന്ന സഹോദരി ദേവിയെ എങ്ങിനെ വിവരം അറിയിക്കുമെന്നായിരുന്നു. ആ പ്രദേശത്ത് ജീവനോടെ അവശേഷിച്ച കുറച്ചു പേരാകട്ടെ ഓർമ്മ ഇല്ലാത്ത അവസ്ഥയിലും. അതുകൊണ്ട് ഫോൺ നമ്പർ കിട്ടാൻ സാദ്ധ്യത ഇല്ലാതായി. പോലീസ് കോളേജിലേക്ക് ബന്ധപ്പെട്ട് വിവരം അറിയിച്ചു. അപ്പോഴേക്കും മീഡിയ വഴി വിവരം അറിഞ്ഞ് അവൾ തിരിച്ചു കഴിഞ്ഞിരുന്നു.
മഴ വീണ്ടും പെയ്തു കൊണ്ടിരിക്കുന്ന ആ സന്ധ്യയിൽ ആശുപത്രി വരാന്തയിലെ ഒരു കസേരയിൽ ഇരിക്കുമ്പോഴാണ് ഒരു പെൺകുട്ടി ഉറക്കെ നിലവിളിച്ചു കൊണ്ട് കയറി വന്നത്. മുഖം കണ്ടപ്പോഴേ അത് മഹേഷിന്റെ പെങ്ങളാണെന്ന് എനിക്ക് മനസ്സിലായി.
“ദേവീ, ഞാൻ അരുൺ. മഹേഷിന്റെ കൂട്ടുകാരൻ” എന്ന് പറഞ്ഞു കൊണ്ട് ഓടി അടുത്തേക്ക് ചെന്നു.
അവൾ എന്റെ മാറിലേക്ക് കുഴഞ്ഞു വീണു. ഏറെ നേരം കഴിഞ്ഞാണ് ദേവിക്ക് ബോധം വീണത്. രാത്രി മുഴുവൻ ഏങ്ങലടിയോടെ ആശുപത്രിക്കിടക്കയിൽ ദേവി ഉറങ്ങാതെ കിടന്നു. രാവിലെ എന്റെ അച്ഛനും ഏട്ടനും ഏട്ടത്തിയമ്മയും എത്തിയപ്പോഴാണ് ഇത്തിരി ആശ്വാസമായത്. ദേവിയുടെ പരിചരണം ഏട്ടത്തി ഏറ്റെടുത്തു.
രണ്ടു ദിവസം കൊണ്ട് ദേവി യാത്ര ചെയ്യാനുള്ള പരുവത്തിലാക്കി. ഞങ്ങൾ അവളെ വീട്ടിലേക്ക് കൊണ്ട് വന്നു.
ഉറ്റവരും ഉടയവരുമെല്ലാം നഷ്ടപ്പെട്ട അവളെ ഞങ്ങൾ ഏറ്റെടുത്തു. ഒരുമാസത്തോളം ചികിൽസിച്ചിട്ടാണ് ദേവി ഒരു നോർമൽ സ്റ്റേജിലെത്തിയത്. അപ്പോഴും മഴ അവളിൽ ഒരു ഭീതിയായി നിറഞ്ഞു നിന്നു. മഴ കാണിച്ചു കാണിച്ചേ ആ പേടി മാറ്റിയെടുക്കാൻ പറ്റുകയുള്ളു എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടായിരുന്നു.
അടുത്ത ബന്ധുവായി ദേവിക്ക് ഒരു മാമൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം വന്നുവെങ്കിലും അവളെ കൂടെ കൂട്ടാൻ തയ്യാറായില്ല. ഞങ്ങൾക്ക് അത് ആശ്വാസമായിരുന്നു. അത്രമേൽ ദേവിയെ എന്റെ കുടുംബം ഇഷ്ടപ്പെട്ടു പോയി. എനിക്കാണെങ്കിലോ, അവൾ മനസ്സിൽ കയറിപ്പറ്റിയിരുന്നു. എന്തിനേറെ പറയുന്നു, ആറുമാസം കഴിഞ്ഞപ്പോൾ എല്ലാവരുടെയും അനുഗ്രഹത്തോടെ ദേവി എന്റെ ജീവിത സഖിയായി. അപ്പോഴേക്കും ഞാൻ നാട്ടിലൊരു കമ്പനിയിൽ ജോലിക്കും കയറിയിരുന്നു.
“അരുണേട്ടാ” ദേവിയുടെ നേർത്ത വിളിയാണ് ചിന്തയിൽ നിന്നുണർത്തിയത്.
“നോക്കൂ, ഇത്രയും നേരം ഞാൻ മഴ കണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ പഴയതു പോലെ പേടി തോന്നുന്നില്ല. സൗമ്യമായ ഈ മഴയെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.” അവളുടെ കണ്ണുകൾ നിറഞ്ഞു .
“ആ മഴ ദിവസം നമുക്ക് മറക്കാം ദേവീ. മുന്നോട്ടുള്ള ജീവിതത്തിന് ചില മറവികൾ അനിവാര്യമാണ്.” അവളെ ചേർത്ത് പിടിച്ച് വാത്സല്യത്തോടെ തലയിൽ തലോടി. അപ്പോൾ മഴയുടെ സംഗീതം ഞങ്ങളെ ചുറ്റി നിന്നു.
#എന്റെരചന ബ്ലോഗ് മത്സരം
#ഒരു മഴ ദിവസം

