ഒന്നാം പദം:
ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ഒരു അങ്കണവാടി. പട്ടാപ്പകൽ നട്ടുച്ച നേരം. കലപില കലപില പശ്ചാത്തല സംഗീതം. എന്തോ പറഞ്ഞ് കെറുവിച്ച ഒരു കൊച്ചുകുറുമ്പി, അടുത്തിരുന്ന കുട്ടുകാരി കുറുമ്പിയുടെ തുടുത്ത കൈത്തണ്ടക്കിട്ട് ആഞ്ഞൊരു കടി. കടി കൊണ്ടിട്ടും ഒന്നും മിണ്ടാതെ, അനങ്ങാതെയിരുന്നവൾ ദന്തക്ഷതമേറ്റ സ്വന്തം കൈത്തണ്ടയെ നോക്കി എന്തൊക്കെയോ ഗൂഢപദ്ധതികൾ ആവിഷ്ക്കരിച്ചു. തൻ്റെ രണ്ട് നിരപല്ലുകളുടെ പാട്, അച്ചടിച്ചത് പോലെ വൃത്താകൃതിയിൽ പതിഞ്ഞിരിക്കുന്ന ചുവന്ന കൈത്തണ്ട കണ്ട് ഞെട്ടിയ പ്രതി, ചെയ്തത് അബദ്ധമെന്ന തിരിച്ചറിവുണ്ടായി ഇരയുടെ കൈത്തണ്ട തൂത്ത് കൊടുക്കുകയും ടീച്ചറിനോട് പറയാതിരിക്കാനുള്ള കൈക്കൂലിയായി തൻ്റെ കല്ലുപെൻസിൽ അവൾക്ക് കൊടുക്കുകയും ചെയ്തു. കല്ലുപെൻസിൽ വാങ്ങിച്ച് അവൾ ചിരിച്ചു കാട്ടിയതോടെ, സഖ്യത്തിലായ പ്രതിയും ഇരയും കളി തുടർന്നു.
കുട്ടികളെ ആയയെ ഏൽപ്പിച്ച്, തൊട്ടടുത്ത വീട്ടിൽ ചോറുണ്ണാൻ പോയ സൂസമ്മ ടീച്ചർ മടങ്ങി വന്നതും, ടീച്ചറെ അകത്ത് കയറാൻ പോലും സമ്മതിക്കാതെ, കടി കൊണ്ടവൾ ഓടി ചെന്ന്, തൻ്റെ കൈത്തണ്ട കാട്ടി കഥാ വിസ്താരം നടത്തി, കൂട്ടുകാരിയെ ചൂണ്ടിക്കാട്ടി ധാരധാരയായി കണ്ണീർ പൊഴിച്ചു. ഇതേ സമയം പ്രതിയായവൾ ഇങ്ങനെയൊരപകടം മുൻകൂട്ടി കണ്ടിരുന്നില്ല. ഒന്നും ചോദിക്കാനോ പറയാനോ മുതിരാതെ, അങ്കണത്തിൻ്റെ അതിരിങ്കൽ നിന്ന *കമ്യൂണിസ്റ്റ് പച്ച പടർപ്പിൽ നിന്നും, നല്ല ലക്ഷണമൊത്തൊരു തണ്ട് മിന്നൽവേഗത്തിൽ ഒടിച്ച്, ഇലകൾ കളഞ്ഞ് മിനുക്കിയെടുത്ത്, സാമൂതിരിയുടെ തല കൊയ്യാൻ വരുന്ന ചേകവനെപ്പോലെ പാറി വന്ന ടീച്ചർ, അന്തം വിട്ട് കണ്ണും മിഴിച്ച് നിന്ന പ്രതിയുടെ ഉടുപ്പ് പൊക്കി നല്ല നാല് അടിയങ്ങ് കൊടുത്തു.
കമ്യൂണിസ്റ്റ് പച്ച തന്ന വേദനയിൽ അവൾ പുളഞ്ഞു. കണ്ണീർ കുടുകുടാന്ന് ഒഴുകി, നിന്നിടത്ത് നിന്നും ചാടിപ്പോയ അവളെ നോക്കി ഇരയായവൾ നിർവൃതിയോടെ ചിരിച്ചു. ചിരിച്ച് കൊണ്ട് ചതിക്കാമെന്നുള്ള ആ പാഠം കുഞ്ഞു മനസ്സിലൊരു മുറിവായി. അന്ന് വൈകുന്നേരം വരെയും വാടിത്തളർന്നിരുന്ന അവളുടെയടുത്തേക്ക് സൂസമ്മ ടീച്ചർ ഒരു പാത്രം ഗോതമ്പ് ഉപ്പുമാവുമായി വന്നു. ആയയായ ഏലിയാമ്മ ചേടത്തി, സ്നേഹം വാരി വിതറി തയ്യാറാക്കിയ ആ ഉപ്പുമാവ്, കൈയ്യിൽ വാരിയെടുത്ത് ടീച്ചർ അവളുടെ വായ്ക്ക് നേരെ നീട്ടി. വൈകുന്നേരങ്ങളിൽ അങ്കണവാടിക്ക് മാത്രം സ്വന്തമായ, ഉപ്പുമാവിന് എണ്ണയിൽ കടുക് താളിക്കുന്ന നറുമണം രുചി മുകുളങ്ങളെ ഉണർത്തി വായിൽ കപ്പലോടിച്ചിരുന്നു. അമ്മവീട്ടിലായിരുന്ന അവൾക്കായി മാത്രം, നെയ്യിൽ ഉള്ളി വറുത്ത്, വല്യമ്മച്ചി ഏറ്റവും കൂടുതൽ ഉണ്ടാക്കിയിരുന്നതും നുറുക്ക്ഗോതമ്പ്, മെയ്സ് പൊടി എന്നിവ കൊണ്ടുള്ള ഉപ്പുമാവായിരുന്നു. ഏറ്റവും പ്രിയപ്പെട്ട മണവും രുചിയുമായിരുന്നു അത്. മറ്റു കുട്ടികൾ വാരിക്കഴിക്കുന്നത് കണ്ടിട്ടും ടീച്ചറുടെ നീട്ടിയ കൈയ്യിലെ ഉപ്പുമാവിലേക്ക് നോക്കാൻ പോലും അന്ന് അവൾക്ക് തോന്നിയില്ല. അത്രമേൽ ഹൃദയം പൊള്ളിയടർന്നിരുന്നു. അന്ന് രാത്രി തുടങ്ങിയ പനി ഒരാഴ്ച നീണ്ടു. ശേഷം അവൾ പഠിച്ചത് മറ്റൊരു നാട്ടിൽ.
രണ്ടാം പദം :
അവൾ വളർന്നു വലുതായതിനൊപ്പം തന്നെ ഒരു തെറ്റും ചെയ്യാത്ത ഉപ്പുമാവിനോടുള്ള വെറുപ്പും വലുതായി. കാലം മാറിയതിനൊപ്പം, ഗോതമ്പിനെയും മെയ് സിനെയുമൊക്കെ ചവിട്ടി പുറത്താക്കി ‘റവ’ എന്ന വെളുമ്പൻ സുന്ദരൻ രംഗം കീഴടക്കി അടുക്കള പാത്രങ്ങളിലൊന്നിൽ സ്ഥാനം പിടിച്ചു. പുതുമോടി എന്ന നിലയിൽ മമ്മി, റവ ഉപ്പുമാവ് പരീക്ഷിക്കുകയും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്തു. ഞാൻ ആ പരിസരത്തേക്ക് പോലും പോയില്ല. എനിക്കായി വേറൊന്നുമില്ലെങ്കിൽ, വല്ലപ്പോഴും മമ്മി ഏതെങ്കിലും തരം ഉപ്പുമാവുണ്ടാക്കിയാൽപ്പോലും ഞാനാ വീട് മറിച്ചു വച്ചു.
നാനാതരം ഭക്ഷണമുണ്ടാക്കൽ ഒരു വിനോദമായിക്കണ്ട് അർമ്മാദിച്ചിരുന്ന എൻ്റെ മാതാശ്രീ ഒരു പക്ഷേ നടുവ് വേദന, വയർവേദന, കാൽക്കഴപ്പ് ഇത്യാദി ആർത്തവ സംബന്ധമായ ക്ഷീണം അധികരിക്കുന്ന ദിവസങ്ങളിലോ മറ്റോ ആയിരിക്കാം ഉപ്പുമാവുണ്ടാക്കിയിരുന്നത്. അതും വൈകുന്നേരങ്ങളിൽ മാത്രം. ക്ഷീണമോ, വേദനയോ ആര് അതൊക്കെ അന്വേഷിക്കുന്നു? അങ്ങനെ എൻ്റെ ബഹളം കാരണം ഉപ്പുമാവിനെ, വീട്ടിൽ നിന്നും പടിയടച്ചു പിണ്ഡം വച്ചു. അങ്ങനെയൊരു നാമം പോലും മറന്ന് തുടങ്ങി ഞങ്ങൾ. ഉപ്പുമാവ് കഴിക്കാതെയും ഈ ലോകത്ത് മനുഷ്യർക്ക് ജീവിക്കാമല്ലോ. പക്ഷേ, ഒരു വിഷപാമ്പിനെയാണ് ഞാൻ നോവിച്ചുവിട്ടതെന്ന് അന്ന് അറിഞ്ഞിരുന്നില്ല സുഹൃത്തുക്കളെ.
മൂന്നാം പദം:
മധുരമനോജ്ഞ സ്വപ്നങ്ങളുമായി, മധുരപതിനേഴിൻ്റെ മദ്ധ്യത്തിൽ, വീട് വിട്ട് വനവാസം, സോറി… ഹോസ്റ്റൽ വാസം തുടങ്ങിയ ഞാൻ, പുതു രുചികളുമായി മല്ലിട്ട് തുടങ്ങി. ഹോസ്റ്റലിലെ ആദ്യ ചൊവ്വാഴ്ച, കൃത്യം ഏഴര മണിക്ക് മെസ്സ് ഹാളിലെത്തിയ ഞാൻ എനിക്ക് നേരെ അരയും തലയും മുറുക്കി, പയറ് കറിയുടെയൊപ്പം’ ഓതിരം കടകം’ പറഞ്ഞ്, ഇടത് മാറി, വലത് ചരിഞ്ഞ് പ്ലേറ്റിലേക്ക് മലക്കം മറിഞ്ഞ ഉപ്പുമാവിനെ കണ്ട് അസ്ത്ര പ്രജ്ഞയായി!
ഉപ്പുമാവിൻ്റെ കുടിപ്പക വീട്ടലിന് അവിടം നാന്ദി കുറിച്ചു. തുടർന്നങ്ങോട്ട്, ഒന്നും രണ്ടും മൂന്നുമല്ല, നാലരവർഷം എല്ലാ ചൊവ്വാഴ്ചകളിലും പ്രഭാത ഭക്ഷണം ഉപ്പുമാവും ചെറുപയറ് കറിയും. കഴിക്കാതിരിക്കാൻ പറ്റില്ല. പട്ടിണിയാകുമെന്ന് മാത്രമല്ല, കാരണം കാണിക്കൽ നോട്ടീസും പ്രിൻസിപ്പൽ സിസ്റ്ററിന് കൊടുക്കണം. തരുന്നത് മുഴുവൻ കഴിക്കണം എന്നുള്ളതായിരുന്നു ഏറ്റവും ഘോരമായ കാര്യം. ചായ ഗ്ലാസ്സിൽ അതീവ ഗോപ്യമായി കുത്തിനിറച്ച്, അങ്ങേയറ്റം നിഷ്കളങ്കത്വം മുഖത്തണിഞ്ഞ്, വേസ്റ്റ് പാത്രത്തിൻ്റെ അടുത്ത് ചെന്ന് തട്ടി.. തട്ടിയില്ല എന്നാവുമ്പോൾ, ചെവിയിൽ പിടിച്ച് തിരിച്ച്, കസേരയിൽ കൊണ്ടിരുത്തി ചായ മട്ടിൽ മുങ്ങി നിവർന്ന ഉപ്പുമാവിനെ, തീറ്റിക്കുന്ന ബൗൺസർമാരുടെ സാന്നിധ്യത്താലും അനുഗ്രഹീതമായ അവിടുത്തെ ഉപ്പുമാവോർമ്മകൾ.. ഹോ! വർണ്ണിക്കാനെളുപ്പമല്ല സുഹൃത്തുക്കളെ.
വീട്ടുകാരെ വല്ലപ്പോഴും ഫോൺ വിളിക്കുമ്പോൾ ഇതൊന്നും പറഞ്ഞ് ഞാനവരെ സന്തോഷിപ്പിച്ചില്ല എന്നതു മാത്രമാണൊരു നല്ല കാര്യം. പക്ഷേ, അവർക്കറിയാമായിരുന്നു അവിടുത്തെ മെനു. മനസാക്ഷിയുള്ളത് കൊണ്ടോ, എന്തോ അവരാരും എന്നെ കുത്തിനോവിച്ചില്ല. മാറ്റത്തിന് മാത്രം യാതൊരു മാറ്റവുമില്ലെന്ന് പറഞ്ഞ മഹാനുഭാവാ, അങ്ങയോടൊന്നു പറഞ്ഞോട്ടെ. നാലര വർഷം, ചൊവ്വാഴ്ചകൾക്കും ഉപ്പുമാവ് പയർ കൂട്ടുകെട്ടിനും യാതൊരു മാറ്റവുമുണ്ടായില്ല. ‘അപ്പോ, നിനക്ക് അവധിയൊന്നും കിട്ടിയില്ലേ ‘എന്ന് സംശയിക്കുന്നവരോട്. “പുര കത്തുമ്പോ, വാഴ വെട്ടരുത്, പ്ലീസ്. എൻ്റെ വിഷമം എനിക്കേ അറിയൂ. ” ഉപ്പുമാവിനോട്, ഒരിത്തിരി ഇഷ്ടം എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അത് കൂടി ഇല്ലാതാക്കി അവിടം.
നാലാം പദം:
അവിടെ നിന്നിറങ്ങിയതിന് ശേഷം, പിന്നീട് കുറേക്കാലത്തേക്ക് ഞങ്ങൾ അടുത്തടുത്ത് കണ്ടില്ല. മറ്റ് ഹോസ്റ്റൽ ഭക്ഷണങ്ങളിൽ ഉപ്പുമാവ് ഉണ്ടായിരുന്നെങ്കിലും മറ്റ് ഓപ്ഷൻസ് ഉണ്ടായിരുന്നു. അത് കൊണ്ട് രക്ഷപ്പെട്ടു. അങ്ങനെയിരിക്കെ, ഞാനും പപ്പയും കൂടിയുള്ള ഒരു ട്രെയിൻ യാത്രയിലെ പ്രഭാത ഭക്ഷണവേള സമാഗതമായി. പപ്പ, ഉപ്പുമാവും ഞാൻ ചപ്പാത്തിയും വാങ്ങി. പപ്പയെ ഞാൻ നിരുത്സാഹപ്പെടുത്തിയെങ്കിലും പപ്പ വഴങ്ങിയില്ല. ഉപ്പുമാവിനെയും പപ്പയെയും പുച്ഛത്തോടെ നോക്കി ഞാൻ ചപ്പാത്തിയെ സ്നേഹിച്ചു തുടങ്ങി. കഴിച്ചു തുടങ്ങും മുൻപ് പപ്പ എന്നോടായി പറഞ്ഞു. “ഇതിന് നല്ല ടേസ്റ്റാ കേട്ടോ, നീ വിചാരിക്കും പോലെയല്ല. ഇച്ചിരി കഴിച്ച് നോക്ക് മോളേ. ”
പപ്പ അല്ലെങ്കിലും ഒരു ഭക്ഷണത്തിനും കുറ്റം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. സാക്ഷാൽ നളനെ തോൽപിച്ചു കളയത്തക്ക വിധം നല്ലയൊരു പാചകക്കാരനുമായിരുന്നു. അമ്മ ഉണ്ടാക്കിയതൊക്കെ കഴിച്ചിട്ട്, അമ്മയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയും ഹോ! ഇതെങ്ങനെ ഉണ്ടാക്കി എന്ന് ഒന്നുമറിയാത്ത ആളെപ്പോലെ ചോദിക്കുകയും ചെയ്ത് കുടുംബ സമാധാനം നിലനിർത്തിയിരുന്നു. യാതൊരു നിബന്ധനകളോ, പട്ടാള ചിട്ടയോ ഭക്ഷണ കാര്യത്തിൽ ഇല്ലായിരുന്നു. അപൂർവ്വം ചിലപ്പോൾ, ഭക്ഷണത്തിന് ഉപ്പ് കൂടുതലായാൽ പോലും കഴിക്കുന്ന സമയം അത് പറയുകയോ, ഞങ്ങളെ പറയാൻ സമ്മതിക്കുകയോ ചെയ്യുകയില്ല. ഭക്ഷണമേശയിലെ സമാധാനമായിരുന്നു എൻ്റെ പപ്പ.
“പപ്പേ….. ” എന്നൊന്നു നീട്ടി വിളിച്ച് ഞാൻ നിർത്തി. പപ്പ വിടാൻ ഭാവമില്ല. പാത്രം തുറന്ന്, ഒരു സ്പൂൺ ഉപ്പുമാവ് കോരിയെടുത്ത്, എൻ്റെ വായ്ക്ക് നേരെ കൊണ്ടുവന്നു. ട്രെയിനല്ലേ, മറ്റുള്ളവർ കാണുമല്ലോ എന്ന ചിന്ത ഓടി വന്നെന്നെ ഇടിച്ചിട്ടു. ഞാൻ അനങ്ങിയില്ല, കാണാത്തത് പോലിരുന്നു. പപ്പയും പിന്മാറിയില്ല. പപ്പ കണ്ണടച്ച് ചിരിച്ചു കൊണ്ട്, കഴിക്ക് എന്നർത്ഥത്തിൽ തല വെട്ടിച്ചു. നല്ല നെയ്യുടെ മണമൊക്കെ വരുന്നുണ്ട്, ചെറിയ മഞ്ഞ നിറമൊക്കെയായി കുഴഞ്ഞിരിക്കുന്ന ഉപ്പുമാവ്. ഗത്യന്തരമില്ലാതെ, ഞാൻ വായ തുറന്നു. അങ്ങനെ, ദശകങ്ങൾക്കിപ്പുറം അത് സംഭവിച്ചു! സത്യം പറയട്ടെ, ആ ഉപ്പുമാവിന് നല്ല കിടുക്കാച്ചി ടേസ്റ്റായിരുന്നു. തീവണ്ടിയോടൊപ്പം കുതിച്ച, സെന്തമിഴ് മണക്കുന്ന കാറ്റിനൊപ്പം, ആ രുചിയിൽ മയങ്ങിയൊരു മല്ലിപ്പൂവായി ഞാനും എവിടെക്കൊയോ ചുറ്റിത്തിരിഞ്ഞു. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക്, നിവിൻ പോളി എത്തുന്നതിന് മുൻപേ ഗമിച്ചവൾ നാൻ താൻ. ശേഷം, പപ്പ ചപ്പാത്തിയും ഞാൻ ഉപ്പുമാവും കഴിച്ചു.
അഞ്ചാം പദം:
വീട്ടിൽ തിരിച്ചെത്തി, ഞാൻ ഉപ്പ് മാവ് തിന്ന കഥ, പപ്പ മമ്മിയോട് പറയുകയും അണ്ണാച്ചി ഉണ്ടാക്കിയ പോലെ, റവയും വെള്ളവും 1: 2 അനുപാതത്തിൽ ഉള്ള കുഴഞ്ഞുമറിഞ്ഞ ഉപ്പുമാവിനെ വീട്ടിൽ ഉണ്ടാക്കുകയും ചെയ്തു. പക്ഷേ എന്തു ചെയ്യാൻ? എനിക്കാ രുചി പിടിച്ചില്ല. അന്ന് ഞാൻ അമ്മയുടെ വിശ്വരൂപം കണ്ടു. അടുപ്പിൻ പാതകത്തിനടിയിൽ നിന്നൊരു വിറക് കമ്പെടുത്ത്, ഇടത് കാല് മടക്കി, കണങ്കാൽ തടയാക്കി ‘പ്ടോ ‘ എന്നാ കമ്പൊടിച്ച് രണ്ടാക്കി നിലത്തേക്കിട്ട ശേഷം , അടുപ്പിൽ നിന്നൊരു കത്തുന്ന വിറകിൻ കമ്പെടുത്ത് വലത് കയ്യിൽ പിടിച്ച്, എൻ്റെ മാതാവ് ഒരുഗ്രൻ ശപഥമങ്ങ് ചെയ്തു. ” ആനിത്തോട്ടത്തിൽ അവറാച്ചൻ്റെ മൂത്ത മകളായ ഈ ഞാൻ, എൻ്റെ കനിഷ്ഠ പുത്രിക്ക് ഇനി ഉപ്പുമാവ് ഉണ്ടാക്കിക്കൊടുക്കണമെങ്കിൽ മുറിച്ചിട്ട ഈ കോല് മുറികൂടണം. ഇത് സത്യം, സത്യം, സത്യം. ” അടുപ്പിലെ, കത്തുന്ന തീജ്ജ്വാലയും രക്തമിരച്ചു കയറി ചുവന്നു തുടുത്ത അമ്മയുടെ വദനവും പുകച്ചുരുളുകളും എല്ലാം കൂടി നല്ലയൊരു ബാക്ക് ഗ്രൗണ്ട് സപ്പോർട്ടും കൊടുത്തു. ഞാനും പപ്പയും നിർന്നിമേഷനേത്രരായി, ചുരിക കളഞ്ഞു പോയ ചേകവരെപ്പോൽ നിന്നു.
ഉന്തിൻ്റെ കൂടെ തള്ള് പോലെ, “വൃത്തീം മെനേം ഇല്ലാതെ ഉണ്ടാക്കിക്കൊടുക്കുന്നതാ ചിലർക്കൊക്കെ അമൃത്. ബാക്കിയൊള്ളോൻ നടുവൊടിച്ചത് മിച്ചം. ” എന്നൊരു പറച്ചിലും. പപ്പയെയും വെറുതെ വിട്ടില്ല. ” മകളെ പുന്നാരിച്ച് നടന്നോ മനുഷ്യാ ” എന്നും പറഞ്ഞ് ഡയലോഗ് തുടരുകയാണ്. “അല്ല, ഇവൾ ഒറ്റ ഒരുത്തി ഈ ഉപ്പുമാവിൻ്റെ പേരും പറഞ്ഞ് കാലം കുറെയായി കിടന്ന് നെഗളിക്കുന്നു. ഇവളാരാന്നാ ഇവടെ വിചാരം. അഹമ്മതി കൊറച്ച്, നെലത്ത് നിന്നോണം. നീ കൊച്ചി രാജാവിൻ്റെ കൊച്ചുമോളൊന്നുവല്ല. പെമ്പിള്ളേരായാ കൊറച്ചൊക്കെ ഒരു മര്യാദവേണ്ടേ, എന്നെക്കൊണ്ടിനിയൊന്നും പറയിക്കരുത്. ”
മമ്മൂട്ടി പറയുന്ന പോലെ നെടുനീളൻ ഡയലോഗും ശപഥവും എല്ലാം കഴിഞ്ഞ് ഇനി ഒന്നും പറയിക്കരുതെന്ന്. എനിക്ക് നല്ല ചിരി വന്നു കേട്ടോ. ചിരിച്ച് കൊണ്ട് തന്നെ, സ്വയരക്ഷയെ കരുതി കുറച്ച് പിറകോട്ട് മാറി നിന്ന് ഞാൻ പറഞ്ഞു.
” അമ്മാ. ആ കോലൊടിച്ച ഡയലോഗിന് മുൻപ്, ലോകനാർകാവിലമ്മയാണെ, കളരി പരമ്പര ദൈവങ്ങളാണെ എന്നു കൂടി ചേർക്കുവാരുന്നെങ്കിൽ നല്ല സ്റ്റൈലാരുന്നു ” ശപഥത്തിൻ്റെ ബാക്കിപത്രമായ, കത്തുന്ന വിറക് കൊള്ളിക്ക് ഒറ്റ ഏറാരുന്നു മാതാശ്രീ. ഉന്നം പിഴച്ചത് മഹാഭാഗ്യം. അങ്ങനെ ഒന്നും രണ്ടും പറഞ്ഞും തോണ്ടിപ്പിടിച്ച് മടുത്തും അവസാനം അവരെന്നെ കെട്ട് കെട്ടിച്ചു.
ആറാം പദം.
ഇനി, ഭർത്തൃഗൃഹത്തിൽ കല്യാണപ്പിറ്റേന്ന്, പ്രഭാത ഭക്ഷണ രംഗം. അന്ന്, അടുക്കളയൊന്നും കാണേണ്ടി വന്നില്ല. കഴിക്കാൻ എത്തിയപ്പോൾ ഒന്നേ നോക്കിയുള്ളൂ. ഹോ! കണ്ണ് നിറഞ്ഞു പോയി. ഭക്ഷണമേശയിൽ ദാണ്ടിരിക്കുന്നു എൻ്റെ ശത്രു. “ഈശ്വരാ.. ഇങ്ങനെയുണ്ടോ വിടാതെ പിന്തുടരുന്ന ബാധ. ”അമാവാസി കുടിയേറിയ മുഖത്തോടെ ഞാൻ ചിന്തിച്ചു. “ഇവിടെ വേറൊന്നുമില്ലേ?”എന്ന് ചോദിക്കാൻ എന്നിലെ കുലസ്ത്രീ സമ്മതിച്ചില്ല. മനസ്സിൽ പല്ലിറുമ്മി, ചിരി അഭിനയിച്ച്, കുറച്ചുപ്പുമാവ് എങ്ങനെയോ അകത്താക്കി. അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെയിട്ട്, നെയ്ചുവയുള്ള ഫൈവ് സ്റ്റാർ ഉപ്പുമാവായിരുന്നു. ” കഴിക്ക്, മോളേ ” പല്ലവി ആവശ്യത്തിനുണ്ട്. ” അയ്യോ, ഞാനിത്രയേ കഴിക്കൂ ” എന്നൊക്കെ പറഞ്ഞ് ജാടയിട്ട് തടി തപ്പി.
എല്ലാവരും മടുത്തിട്ടായിരിക്കും,
നാളെ മുതൽ ഇതൊന്നുമാവില്ല എന്നൊക്കെ ആശ്വസിച്ച്, സ്വയം സമാധാനിപ്പിച്ചു. മാതൃശാപമാണോ ഇങ്ങനെ വന്ന് ഭവിപ്പാൻ ഹേതു എന്നൊരു ചിന്തയും എന്നെ അലട്ടാതിരുന്നില്ല.
ഇനി രംഗം രണ്ട്. കല്യാണ ശേഷം, കെട്ടിച്ചയച്ച മകളും അമ്മയുമായി വിശേഷങ്ങൾ അറിയാനും പറയാനുമുള്ള ഫോൺ വിളി. ആദ്യ ചോദ്യം അമ്മ വക. ” ഇന്നെന്നാരുന്നെടീ കൊച്ചേ, കാപ്പിക്ക്?”ചോദ്യശരമേറ്റ് പ്രജ്ഞ നശിച്ച ഞാൻ കള്ളം പറയാനൊന്നും പോയില്ല. ഗതകാല സ്മരണകൾ ഉള്ള ബോധം കൂടി കളയാനായി തലച്ചോറിൽ “ഒരു മുറൈ വന്ത് പാർത്തായാ “പാടി ‘തോം, തോം, തോം, ‘ കളിക്കുന്നു. ഗദ്ഗദകണ്ഠയായി ഞാൻ മൊഴിഞ്ഞു. ” ഉപ്പുമാവ് ആരുന്നു അമ്മാ. ” അപ്പുറത്ത് നിന്നും “അയ്യോടീ …” എന്ന് കേട്ടു. ബാക്കി അമ്മ ഒന്നും പറഞ്ഞില്ല. പൂർണ്ണ വിരാമമിട്ട് ഒന്നും കേൾക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു. എൻ്റെ കണ്ണ് നിറഞ്ഞു തുളുമ്പി. താടിക്ക് കൈ കൊടുക്കുന്ന അമ്മയെ എനിക്ക് മനോമുകുരത്തിൽ കാണാം. ഈ വാർത്ത കാട്ടുതീ പോലെ ഞങ്ങടെ കുടുംബത്തിൽ പടർന്നു. പലരും ചിരിച്ചു മറിഞ്ഞു കാണും, എനിക്കറിയാം. അന്ന് ഈ വാട്ട്സ്ആപ്പോ, മുട്ടിനു മുട്ടിന് ഗ്രൂപ്പുകളോ ഉണ്ടായിരുന്നെങ്കിൽ എൻ്റെ അവസ്ഥ! ഫാമിലിഗ്രൂപ്പുകാര് എല്ലാം കൂടി മാമാങ്കം നടത്തിയേനേ.
അധികം താമസിയാതെ തന്നെ, ഞാനാ നഗ്നസത്യം കരളു കരിയുന്ന വേദനയോടെ, മനസ്സിലാക്കി. അവിടുത്തെ ദേശീയ ഭക്ഷണം ഉപ്പുമാവ് ആണ്. ഞങ്ങളുടെ വിവാഹപൂർവ്വ സംഭാഷണങ്ങളിൽ ഭക്ഷണം ഒരു വിഷയമായി വന്നതേയില്ലല്ലോ എന്നോർത്ത് ചങ്കത്തടിച്ച് അലമുറയിടാൻ എനിക്ക് തോന്നിപ്പോയി. അതെങ്ങനാ, ഓടിപ്പാഞ്ഞൊരു കല്യാണമല്ലാരുന്നോ? അടുക്കളയിൽ വളരെ കുറച്ച് സമയം ചിലവഴിക്കുന്ന ന്യൂ ജനറേഷൻ അമ്മായിയമ്മ ആയിരുന്നു എൻ്റേത്. എത്രയും പെട്ടെന്ന് എന്തെങ്കിലും വയ്ക്കുക, ഓടി രക്ഷപ്പെടുക. ഇതായിരുന്നു അമ്മയുടെ മുദ്രാവാക്യം.
ഓരോ ദിവസവും ക്വാരറ്റ്, ക്യാബേജ്, ഗ്രീൻപീസ് തുടങ്ങിയ പച്ചക്കറികളും ചീരയില, മുരിങ്ങ, തഴുതാമ ആദിയായ ഇലകളും കൂടാതെ, പറമ്പിലുള്ള ചേനത്തണ്ട് വരെയിട്ട് ഉപ്പുമാവുണ്ടാക്കുന്നതിൽ ഡോക്ടറേറ്റ് എടുത്ത അമ്മ ഉപ്പുമാവിനുള്ള ഒരുക്കം തുടങ്ങുന്നത് കാണുമ്പോൾ തന്നെ, സാമൂതിരിയെ നോക്കുന്ന വള്ളുവക്കോനാതിരിയെപ്പോലെ കോപാക്രാന്തയാകും ഞാൻ. പക്ഷേ പുറമേ വല്ലതും കാണിക്കാൻ പറ്റുവോ? കുലസ്ത്രീ കിരീടം താഴെ വീണുടയില്ലേ! എനിക്കാണെങ്കിൽ എന്തെങ്കിലും കേറി ചെയ്യാൻ മടിയും. അങ്ങനെ അമ്മ പറയുന്നത് പോലെ, എൻ്റെ അഹങ്കാരത്തിനും നിഗളത്തിനും കുറച്ച് ശമനമുണ്ടായി.
അനിയത്തിയൊക്കെ വിളിക്കുമ്പോൾ അടക്കിപ്പിടിച്ച ചിരിയോടെ ‘ഇന്ന് ഉപ്പുമാവാരുന്നോടി ചേച്ചീ ‘എന്നൊരു കുശലാന്വേഷണമുണ്ട്. “ശവത്തിൽ കുത്താതെടീ പിശാചേ” എന്നലറി ഞാനെൻ്റെ നൈരാശ്യം ഫോണിലൂടെ എടുത്തെറിയും. എന്തായാലും അവധിയൊക്കെ തീർന്ന്, ഞാൻ തിരിച്ച് ജോലി സ്ഥലത്തേക്ക് പോയി. പിന്നീട്, പതിയെ പതിയെ അവസരം കിട്ടുമ്പോഴൊക്കെ, ഉപ്പുമാവിനെ പുറത്താക്കാൻ കിണഞ്ഞു പരിശ്രമിച്ച എൻ്റെ കുതന്ത്രങ്ങൾ വർഷങ്ങൾ എടുത്ത് ഫലംകണ്ടു. നാട്ടിൽ നിൽപ്പ് സ്ഥിരമായപ്പോൾ, അങ്കക്കലിപൂണ്ട ചേകവനെപ്പോലെ, ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങളെ വാളും പരിചയും ഉറുമിയുമാക്കി ഉപ്പുമാവിനെ തുരത്തിയോടിച്ച ഞാൻ അവിടുത്തെ അടുക്കളയെ, ഉപ്പുമാവ് രഹിത അടുക്കളയായി പ്രഖ്യാപിച്ചു. എൻ്റെ അപ്രമാദിത്വം ഊട്ടിയുറപ്പിച്ച്, വിജയക്കൊടി പാറിച്ച ഞാൻ ഒന്നല്ല, ഒരായിരം അശ്വമേഥങ്ങൾ നടത്തി ആർത്തട്ടഹസിച്ചു.
വലിയ കാലതാമസമില്ലാതെ തന്നെ, ഉറുമിയുടെ മൂർച്ചപോകുകയും വാളിൻ്റെ മുനയൊടിയുകയും പരിച കാണാതാവുകയും ചെയ്തു. പിറ്റേന്നത്തേക്ക് എന്തുണ്ടാക്കും എന്ന ചിന്തയിൽ നിദ്രാവിഹീനമായ രാത്രികളും തിരക്കിൽ കുതിർന്ന പകലുകളും ജോലിയും കുട്ടികളും എല്ലാം കൂടി എന്നെ ഞെക്കിപ്പിഴിഞ്ഞു. അപ്പോഴാണ് തുല്യദുഖിതയായ ഒരാത്മമിത്രം ആപത് ബാന്ധവയായി അവതരിച്ചതും ചന്ദ്രികാ സോപ്പിന് പകരം ഒരു പരിഹാരം നിർദ്ദേശിച്ചതും. ആ പരിഹാരം ‘ഉപ്പുമാവ് ‘ എന്ന എൻ്റെ ആജന്മ ശത്രുവിനെ തിരിച്ചുവിളിക്കുക എന്നതായിരുന്നു ! ഇടയ്ക്കെങ്കിലും ഒരു സമാധാനം കിട്ടുമല്ലോ.
കടിയുടെ പാടും കമ്യൂണിസ്റ്റ് പച്ചയുടെ വേദനയും ചിരിയിലെ ചതിയും തുടർന്നുണ്ടായ സംഭവപരമ്പരകളുമൊക്കെ എന്നെ ശൂ.. ശൂ… ന്ന് തോണ്ടി വിളിച്ച് അലോസരപ്പെടുത്തി. പക്ഷേ, ഞാൻ പക്വതയാർജ്ജിച്ചിരുന്നു സുഹൃത്തുക്കളെ ! അല്ലാതെ പണിയെടുത്ത് നടുവൊടിഞ്ഞിട്ടൊന്നുമല്ല. ഒരു ഭക്ഷണത്തെയും നമ്മൾ നിന്ദിക്കാൻ പാടില്ല. പച്ച വെള്ളം പോലും കിട്ടാത്ത മനുഷ്യർ ഈ ലോകത്ത് എവിടൊക്കെ ഉണ്ടെന്നറിയാമോ? നമ്മൾ ഒരു നാണയത്തിൻ്റെ ഇരുവശങ്ങളും കാണണം. വേണ്ടേ? ചെയ്തു പോയ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പിന്നെ ഈ ജീവിതത്തിനെന്തർത്ഥം? നാനാത്വത്തിൽ ഏകത്വം പോലെ, ഒരു പേരിൽത്തന്നെ എന്തൊക്കെ വ്യത്യസ്ത തരം ഉപ്പുമാവ് വിവിധങ്ങളായ ചേരുവകൾ ചേർത്ത് തയ്യാറാക്കാം. ഹോ! വെറൈറ്റി ഭക്ഷണം! എന്നൊക്കെ സ്വയം പറഞ്ഞ്, പടിയടച്ച് പിണ്ഡം വച്ച ഉപ്പുമാവിനെ, ഒരു നാണക്കേടുമില്ലാതെ ഞാൻ തിരിച്ചു കൊണ്ടുവന്ന്, സപ്രമഞ്ചത്തിലിരുത്തി. എൻ്റെ വിളി കേൾക്കാൻ കാത്തിരുന്ന പാവം, പിന്നീടെങ്ങും പോയില്ല. പോകാൻ ഞാൻ സമ്മതിച്ചില്ല.
ഉപ്പുമാവ് എന്ന് കേൾക്കുമ്പോൾ ഞരമ്പിൽ ചോര തിളക്കുന്ന മക്കളെ നോക്കി “വേണേ കഴിച്ചോണം, ബാക്കി വന്നാൽ ഇന്ന് വൈകിട്ടും നാളെ രാവിലെയും ഇത് തന്നെ കഴിക്കേണ്ടി വരും, “എന്ന് ഭീഷണിപ്പെടുത്തുന്ന സൈക്കോ അമ്മയാണ് ഞാനിന്ന്. എൻ്റെ മമ്മി എത്ര പാവമായിരുന്നു! “ഉപ്പുമാവിനോട്, ഇപ്പോ ഒരു താൽപര്യക്കുറവാ കേട്ടോ, ” എന്ന് പതിയെ ആണെങ്കിലും മരുമോൾ കേൾക്കാൻ പാകത്തിൽ ആത്മഗതം പൊഴിക്കുന്ന അമ്മായിഅമ്മയും മറുവശത്തുണ്ട്. ഞാനന്നേരം വെറുതെ, ചേനത്തണ്ടിൻ്റെ കഥ പറയും.
ഏഴാം പദം:
ആരെന്തൊക്കെ പറഞ്ഞാലും ഉപ്പുമാവിനെ വിട്ടൊരു കളിയില്ല. കാരണം, പതിയെ പതിയെ, ഇഷ്ടമില്ലാതെയെങ്കിലും ഇഷ്ടമായിത്തീർന്ന ഉപ്പുമാവ് തിരികെക്കൊണ്ടുത്തന്നത് അഞ്ച് വയസ്സുകാരിയുടെ ഓർമ്മകളും എൻ്റെ വല്യമ്മച്ചിയുടെ കാച്ചെണ്ണ മണവുമാണ്. ബ്രിട്ടാനിയ ബിസ്ക്കറ്റിൻ്റെ അരിക് പോലെ ലേസുള്ള, കമ്യൂണിസ്റ്റ് പച്ചയുടെ പച്ചമണമുള്ള ഇലകൾ, കുഞ്ഞിക്കളികളിലെ നോട്ടുകെട്ടുകളായിരുന്നു. അത് കൊടുത്താണ് കുട്ടികളായ ഞങ്ങൾ ക്രയവിക്രയം ചെയ്തിരുന്നത്. അതിൻ്റെ വെള്ള പൂക്കൾ രണ്ട് കൈനഖങ്ങൾക്കിടയിൽ വച്ച് ഞെക്കുമ്പോൾ കേട്ടിരുന്ന, കുഞ്ഞ് ശബ്ദം പോലും ഇപ്പോഴും കാതുകളിലുണ്ട്. ഗൃഹാതുരത്വം എന്ന വാക്കിനോട് ചേർത്തു വയ്ക്കുമ്പോൾ, എൻ്റെ ഉപ്പുമാവോർമ്മകൾ ബാല്യം മാത്രമല്ല, ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിലെ, നാനാതരം രുചിഭേദങ്ങളായി വെന്തു പാകമായി കിടക്കുകയാണ്. ഗുഹാതുരത്വത്തിനും മേലെയാണത്.
സ്വജീവിതത്തിലെ ഓർമ്മകളിൽ ഒരുപാട് ബന്ധങ്ങളെ, മനുഷ്യരെ, ചെടികളെ, പൂക്കളെ, പ്രകൃതിയെ ഒക്കെ ഞാൻ രുചികളുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ്. ഓരോരോ സാഹചര്യങ്ങൾ ഓരോന്നിനെയും മറ നീക്കി കൊണ്ടുവരും. പക്ഷേ, ഈ ഉപ്പുമാവ് പോലൊന്ന് എന്നെ വിടാതെ പിൻതുടർന്നിട്ടില്ല. ഞാൻ എൻ്റെ തന്നെ ചില തോന്നലിന് വളം വച്ച് കൊടുത്ത് വളർത്തിയെടുത്ത ഇഷ്ടമില്ലായ്മയെ, ഇഷ്ടമാക്കി മാറ്റിയപ്പോൾ, കുന്നോളം ഓർമ്മകളാണ് അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നത്. ഇപ്പോത്തന്നെ ഇത്രയും എഴുതാൻ പറ്റിയില്ലേ, അതിനു കാരണം ഉപ്പുമാവല്ലേ? ഉപകഥകൾ ഇനിയുമുണ്ടൊരുപാട്. തൽക്കാലത്തേക്ക് വിട തരൂ.
“ഹേ.. ദോസ്തി ഹം നഹീ ദോഡേംഗേ …”എന്നൊക്കെ പാടുമെങ്കിലും എന്നും ഞാൻ ഉണ്ടാക്കുന്നത് ഉപ്പുമാവല്ല കേട്ടോ. മടുപ്പുണ്ടാക്കുന്ന ആവർത്തനങ്ങൾക്കിടയിലെ അനിവാര്യതയാണ് ചെറിയ ചെറിയ മാറ്റങ്ങൾ. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തീരുമാനിക്കുന്നതും ജീവിതത്തിന് എരിവും മധുരവും പുളിപ്പും ചവർപ്പും കയ്പുമൊക്കെ നൽകുന്നതും സാഹചര്യങ്ങളല്ലേ? ആ സാഹചര്യങ്ങളെ അനുകൂലമാക്കി രുചി പാകം ക്രമീകരിക്കാൻ കഴിവുള്ളത് ആർക്കാണോ.. നിങ്ങൾ ഭാഗ്യവാന്മാർ ആകുന്നു.
*കമ്യൂണിസ്റ്റ് പച്ച: സ്ഥലഭേദമനുസരിച്ച് നീലപ്പീലി, നായ് തുളസി, കാട്ടപ്പ, മുറിപ്പച്ച, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും കമ്യൂണിസ്റ്റ് അപ്പ എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്ക് പേര് വിളിച്ചുവന്നു.


19 Comments
നല്ലൊരു ഉപ്പുമാവ്ക്കഥ ❤️❤️
Thanks dear, 🙏
“salt mango tree“മനോഹരം 😍…അല്ല അതിമനോഹരം ..ഈ എഴുത്ത് വായിച്ചു ഉപ്പുമാവ് അഭിമാന പുളകിതയായി നിൽക്കുന്ന കാഴ്ചയാണ് സോദരി മനസിൽ…തുടരുക ഇനിയും …നല്ലെഴുത്തുകൾ 🥰
Thank you so much dear Fenix.
ഇഷ്ടായി…. പെരുത്തിഷ്ടായി– 👌ഉപ്പുമാവിനേയും — ഈ എഴുത്തിനേയും– മുഷിയില്ല… ഒട്ടും മുഷിയില്ല. തുടരുക കൂടുതൽ ഊർജ്ജസ്വലമായി എഴുത്ത് തുടരുക. അഭിനന്ദനങ്ങൾ 👍
Thank you so much
ഉപ്പുമാവിനോട് വല്ലാത്ത സ്നേഹം തോന്നിച്ച എഴുത്ത്. പ്രത്യേകിച്ച് ട്രെയിനിൽ കഴിച്ച ആ ഉപ്പുമാവിനോട്. ❤️❤️❤️
Thanks a lot for the support chechi,
ഉപ്പുമാവു ചരിതം അസ്സലായി❤️🌹
Thanks 🙏 a lot
ഉപ്പുമാവിനോട് വല്ലാത്ത സ്നേഹം തോന്നിച്ച എഴുത്ത്. പ്രത്യേകിച്ച് ട്രെയിനിൽ കഴിച്ച ആ ഉപ്പുമാവിനോട്. ❤️❤️❤️
Thank you so much Anithachechi
ഭക്ഷണത്തിനു മുന്നിൽ ഇരുന്ന് ഓടിച്ചൊന്നു നോക്കാൻ വന്ന ഞാൻ ആദ്യ കുറച്ചു വരികളിലൂടെ കണ്ണോടിച്ചപ്പോൾ തന്നെ വളരെ ആസ്വാദ്യകരമായി തോന്നുകയും മുഴുവൻ ശ്രദ്ധയോടെ വായിക്കുകയും ചെയ്തു. സാധാരണക്കാരന്റെ ഭാഷയിൽ എന്നാൽ തനതായ ഒരു ശൈലിയിൽ വളരെ നിസ്സാരം എന്ന് തോന്നുന്ന ഒരു കാര്യം ഇത്രയും മികച്ച രീതിയിൽ എഴുതിയ ജിഷക്ക് അഭിനന്ദനങ്ങൾ 💐
Thanks a lot for the support.
സൂപ്പർ.👌
ഒരു പാവം ഉപ്പുമാവിനെ പറ്റി ഇത്രേം കഥ എഴുതിയ മിടുക്കി, അഭിനന്ദനങ്ങൾ !
❤❤❤❤❤
ആട്ടക്കഥ നന്നായി🙏💯👌❤️💯🙏
Thanks a lot for the support
Thank you Joyce for the support
Thanks a lot dear Joyce