വാറുണ്ണിയുടെ ജീവിതം ആരംഭിക്കുന്നത് പട്ടണത്തിൽ നിന്നു മാറി കുറച്ചകലെ ഒരു അടയ്ക്കാ ഗ്രാമത്തിലായിരുന്നു. കുട്ടിക്കാലം നാട്ട് നടപ്പ് പോലെ സ്കൂൾ, വീട്, വീണ്ടും സ്കൂൾ ഗ്രൗണ്ട്, അവധി ദിവസങ്ങൾ, പൂരം, പെരുന്നാൾ, ഓണം ക്രിസ്മസ് ഒക്കെയായി കടന്ന് പോയി. ഓണക്കുലയും ഓണത്തല്ലും കുട്ടിസഞ്ചിയും കരോൾ യാത്രകളും കുട്ടിക്കാലം ആസ്വാദകരമാക്കി.
ടൗണിലേക്ക് സ്ഥിരമായി വരാൻ തുടങ്ങിയത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനാണ്. അതിനു മുമ്പ് പട്ടണത്തിലുള്ള അമ്മായിമാരുടെ വീടുകളിലേക്കുള്ള യാത്രയിലാണ് ഈ പട്ടണത്തെ അടുത്തറിയുന്നത് ടൗണിലേക്കുള്ള വാറുണ്ണിയുടെ യാത്രകൾ, അനുഭവങ്ങൾ, സ്വാഭാവികമായും കുട്ടിക്കാലം അവനിൽ വർണ്ണാഭമാക്കി.
അതിലേറ്റവും പ്രധാനം ഇന്ന് പഴയതായ “പുതിയ” ബസ്റ്റാൻ്റ് തന്നെ. ആദ്യം സ്കൂളിൽ പോയ ദിവസം പാറേമ്പാടത്തെ കാറ്റടിച്ച് കണ്ണുകളിൽ ചില ഊഞ്ഞാലാട്ടം അനുഭവപ്പെട്ടു. ഇരുന്നാടിയിരുന്ന സ്വർഗ്ഗീയ ഊഞ്ഞാൽ ഒന്നാടി ഉലഞ്ഞു. വീണത് ഒരു നരകക്കുഴിയിൽ. തീ, ഗന്ധകം, ചീഞ്ഞ ഗന്ധം. അയ്യോ നഗരത്തിലെത്തുന്നതിനു പകരം നരകത്തിൽ എത്തിയോ? ഞെട്ടി കൺ തുറന്നു. നരകമല്ല. വൺവേ താണിറങ്ങിയത് മീൻ മാർക്കറ്റിനു മുന്നിലാണ്. പിന്നീട് പെന്തക്കോസ്ത് ഹാളിന് മുന്നിലെത്തുമ്പോഴേ ശ്വാസം പിടിക്കും ബൈജു കഴിഞ്ഞേ വിടൂ. വാറുണ്ണി ഇന്ന് വിദേശത്താണ്. മലയാളി സമാജ ഗായകൻ ആയത് ഇങ്ങനെ ബ്രീതിംഗ് കപാസിറ്റി കൂട്ടിയിട്ടാണ്.
സ്വിറ്റ്സർലൻ്റിൽ ഇപ്പോൾ ഉള്ള വാറുണ്ണി കുടുംബസമേതം ഇന്ന് ഒരു യാത്രയിൽ ആണ്. മകൾ അറിയാനയുടെ 7റിങ്ങ്സ് കേൾക്കുന്നു. ശെടാ ഇതല്ലേ ഇളയരാജ കൊടുത്ത യാത്രയിലെ പാട്ടിൻ്റെ ഈണം. അന്നേ അത് മറ്റൊരു പാട്ടിൻ്റെ സംഗതികൾ എടുത്തിരുന്നു. അറിയാന കുന്നംകുളം കാരിയല്ല. അടിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ഈ പണി ഞങ്ങൾ ചെയ്യില്ല.
വണ്ടിയോടിക്കുന്ന വാറുണ്ണിയുടെ ചിന്ത സിനിമ, തിയറ്ററുകളെക്കുറിച്ചായി. സിനിമ തുടങ്ങിയാൽ ഏസി ഓഫ് ചെയ്യുന്ന ഒരു തിയ്യറ്റർ ഉണ്ടായിരുന്നു. ടിക്കറ്റുമായി ഒരാൾ ഇത് പറഞ്ഞ് ബഹളം വച്ചത് ഓർത്തു. ആളുകളെ നിറുത്തിയും സാദാ കസേര ഇട്ട് കുത്തി നിറച്ചിട്ടുമാണ് ഇത് എന്ന് ഓർക്കണം. ആരോ അതിനിടക്ക് കസേര ഒടിഞ്ഞ് താഴെ വീണു. നല്ല പോലെ ഇരുന്ന് പടം കണ്ടത് കോളേജിൽ എത്തിയപ്പോൾ തൃശൂർ രാഗത്തിൽ നിന്നാണ്.
വാറുണ്ണിയുടെ വണ്ടി ഓക്ലൻ്റ് വിട്ടിട്ട് കുറെ നേരമായി പുറത്ത് 4 ഡിഗ്രിമാത്രമേ ഉള്ളൂ. ഹണ്ട്ലി തെർമൽ പ്ലാൻ്റ് അടുക്കാറായി. വേഗത കുറയ്ക്കാനുള്ള അടയാളങ്ങൾ മോട്ടോർ വേയിൽ അയാൾ കാണുന്നു. ഒരു വഴിയോര വിശ്രമകേന്ദ്രവും പാർക്കും അടുത്തുണ്ട്. സമയമുണ്ട്. ഒന്ന് കയറാം. വണ്ടി ഒന്ന് തിരിഞ്ഞ് ഹമ്പ് മെല്ലെ ചാടിച്ച് പാർക്ക് ചെയ്തു. ഓരോ ഹോട്ട്ചോക്ലേറ്റ് കോഫി ഓർഡർ ചെയ്തു.
ഇമ്മാരി ചാട്ടം ആണ് കുന്നംകുളം സ്റ്റാൻ്റിലേക്ക് കേറുമ്പോ. സ്റ്റാൻ്റിനുള്ളിലേ ഹോട്ടലുകാരൻ്റെ പണിത്തിരക്ക് ബസിലിരുന്ന് കാണാം. “ശൂർക്കേ…. ശൂർക്കെ…. ശൂര് ശൂര് വണ്ടിക്കാരുടെ വിളി. കേറുമ്പോ
കാണിപ്പയ്യൂർക്കാർക്ക് ഇൻ്റർവ്യൂ,
അടുത്ത സ്റ്റോപ്പുകാർക്ക് സ്റ്റോപ് മെമോ കിളിയുടെ വക.
ചൂണ്ടല് കാരുടെ കശപിശ.
കോഴിക്കോട് -തൃശൂർ ലിമിറ്റഡ് കാരുടെ മാസ്എൻട്രി. പോലീസ് എയ്ഡ് പോസ്റ്റിനു അടുത്തുള്ള ചേട്ടൻ്റെ അനൗൺസ്മെൻ്റ്: 413 അങ്ങാശേരി ഉടൻ സ്റ്റാൻ്റ് വിട്ട് പോകണം.
KR H3 ജോണി 9:35 ന് അയ്യന്തോൾ വഴി തൃശൂർ. ഹങ്ങനെ ഒരു കാലം.
വാറുണ്ണി വിശ്രമ കേന്ദ്രത്തിലെ വലിയ ബോർഡ് വായിക്കുക ആണ്. “ദിസ് പവർ പ്ലാൻ്റ് ഈസ് അവർ താജ് മഹൽ”
ഇതൊക്കെ എന്ത്? നാട്ടിൽ ബസ്റ്റാൻ്റിനകത്തെ കടകൾക്ക് ഇടയിലെ ചുമരുകൾ തിയ്യറ്ററുകാരുടെ ആണ്. മൽസര പോസ്റ്ററൊട്ടിപ്പ് വേറെ ജീവിതത്തിൽ ഒരു നാട്ടിലും കണ്ടിട്ടില്ല.
പിള്ളേർക്ക് ആവശ്യമുള്ള സ്നാക്സുകൾ എടുത്തോളാൻ അയാൾ സ്നേഹത്തോടെ പറഞ്ഞതനുസരിച്ച് കുട്ടികൾ ഓർഡർ ചെയ്യുന്നത് അയാൾ കൗതുകത്തോടെ വീക്ഷിച്ചു.
പെരുന്നാളിന് സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും സ്റ്റാൻ്റിലെ ബേക്കറിയിൽ നിന്ന് ഒന്നും വാങ്ങിക്കഴിച്ചിട്ടില്ല. കുടിച്ചിട്ടില്ല വാറുണ്ണി. ഒരിക്കൽ എന്തെങ്കിലും കുടിച്ചോടാ എന്ന് ചേച്ചി പറഞ്ഞിട്ടും. ക്രിസ്മസ് ആയാൽ പല ഷേപ്പിൽ, ചക്ക പൈനാപ്പിൾ കേക്കുകളും മറ്റും കണ്ണാടിക്കൂടിൽ ഇരിക്കുന്നത് കണ്ടിട്ടുള്ളതല്ലാതെ കഴിച്ചിട്ടില്ല.
പത്താം ക്ലാസ് അവസാന പരീക്ഷയുടെ അന്ന് പോകുമ്പോൾ വാറുണ്ണിയുടെ അപ്പൻ ചേറുണ്ണി കയ്യിൽ കാശ് കൊടുത്തിട്ടു പറഞ്ഞു. “നന്നായി പഠിച്ചതല്ലേ റിഗലിൽ എന്തെങ്കിലും കഴിച്ചടാ “…. കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ കണ്ണവിടെ ഒന്നലഞ്ഞു. കണ്ടത് മ്മടെ മൂക്കോല പൃത്ഥ്വി അമ്പാസഡർ ആയ തുണിക്കട.
തൊട്ടടുത്തായിരുന്ന പുസ്തക സ്റ്റാൾ അങ്ങ് താഴെ എത്തി എന്നറിഞ്ഞത് മക്കൾക്ക് മലയാളം ലിപി പഠിപ്പിക്കാനുള്ള പുസ്തകങ്ങൾ വാങ്ങാൻ പോയപ്പോൾ ആണ്.
ഒരു പാട് ഓർമ്മകൾ ഉള്ള സ്ഥലം. ഒരു ദിവസം സ്കൂളിൽ പോകുമ്പോൾ പഠിപ്പ് പാതിവഴിയിൽ നിറുത്തി കടല വിൽക്കാൻ ഇറങ്ങിയ സഹപാഠി ബെന്നിയെ കെട്ടിപ്പിടിച്ച് കരഞ്ഞതും അവൻ്റെ കയ്യിൽ നിന്ന് രണ്ട് പൊതി വാങ്ങിയും ഇവിടെയാണ്.
വിദേശത്ത് പോകുന്നതിനു മുൻപ് തൃശൂരിൽ ചെറിയ ജോലിക്ക് പോയിരുന്ന വാറുണ്ണി രാത്രി വീട്ടിലേക്കുള്ള ബസിൽ കയറി ഇരുന്നപ്പോൾ പഴയ ബസ് സ്റ്റാൻ്റിൽ നിന്ന് ഉദാരവൽക്കരണത്തിൻ്റെ, ഗാട്ട് കരാറിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നത് കേട്ടു. തുലാന് 3000 ഉറുപ്പിക ഉള്ള അടയ്ക്കക്ക് എന്ത് വരാനാണ്?
വവ്വാൽ ചപ്പി വീണ അടക്ക പെറുക്കി വിറ്റാൽ മതി എനിക്ക് – വാറുണ്ണി ഊറിച്ചിരി ച്ചു. ആ ചിരി അധികകാലം ഉണ്ടായില്ല. ഒറ്റ ക്കണ്ണൻ പാക്ക് കച്ചോടം അപ്പനെ ചതിച്ചു. വാറുണ്ണിക്ക് നാട് വിടേണ്ടി വന്നു.
ഡാഡീ പാർക്കിൽ ഒന്ന് ഊഞ്ഞാൽ ആടാനാവുമോ? ഇളയവൻ ടാബ്ലറ്റിൽ നിന്ന് കണ്ണുയർത്തി ചോദിച്ചു. സമയമുണ്ട് നോ പ്രോബ്ളം. ഒന്ന് പുറത്തിറങ്ങി മക്കൾ കളിക്കുന്നത് കണ്ടാൽ മതി. പണ്ട് വാറുണ്ണി പഴഞ്ഞിയിലും കുമരനെല്ലൂരും പട്ടാമ്പിയിലും കാണിപ്പയ്യൂരും കോക്കൂരും ടൂർണമെൻ്റ് കളിക്കാൻ പോയത്, കളി കാണാൻ പോയത് വീട്ടുകാരുടെ ഒക്കെ കണ്ണ് വെട്ടിച്ചിട്ടാണ്.
സമീപത്തെ വൈക്കാട്ടോ നദിയുടെ കാറ്റേറ്റ് മക്കൾ കുറച്ച് നേരം കളിച്ചു. നദിക്കപ്പുറത്തെ പ്ലാൻ്റ് പശ്ചാത്തലമാക്കി അയാൾ കറച്ച് ഫോട്ടോകൾ എടുത്തു.
നല്ല സീനുകൾ. മുഖ ചിത്രമാക്കാൻ പറ്റിയവ.
പണ്ട് മുഖചിത്രം പോലെ ബസിൽ ഏറ്റവും മുന്നിൽ കമ്പിയിൽ തൂങ്ങി സ്റ്റാൻ്റിൽ വന്നവരുടെ ഓർമ്മ ഇരച്ചെത്തി. പെങ്കുട്വോള ടെ കോളേജ് ഗുരുവായൂരിലാണ്.
ശരിക്കും ഇരച്ചെത്തിയത് പ്ലാൻ്റിലേക്ക് കൽക്കരി യായി വന്ന തീവണ്ടി ആയിരുന്നു.
മക്കൾ നാട് വിട്ട് പോകും എന്ന് പറഞ്ഞ് റെയിൽ ഒഴിവാക്കിയതാണ് കുന്നംകുളത്തെ അപ്പാപ്പൻമാരുടെ ടീം. ഇനി താനൂർ പാത എന്നാണാവോ.
പാർക്കിംഗ് ഏരിയയിൽ ഒരു സ്വിസ് സർക്കാർ വോൾവോ വന്നു നിന്നു. ടൂറിസ്റ്റുകൾ ഇറങ്ങിത്തുടങ്ങി. നാട്ടിൽപുതിയ സ്റ്റാൻ്റ് വന്ന സ്ഥിതിക്ക് പഴയത് ട്രാൻസ്പോർട്ട് സ്റ്റാൻ്റാക്കിക്കൂടെ? എത്ര തവണ ഓടിയിട്ടുണ്ട് സെക്കൻ്റുകൾ മാത്രം നിർത്തുന്ന സ്റ്റോപ്പിലക്ക് –
വിദേശത്ത് ടൗൺ പ്ലാനർ ആണ് വാറുണ്ണി. പഠിച്ചത് എൻജിനീയറിംഗും. കൂടെ പഠിച്ച കൽപാത്തിക്കാരൻ ആനന്ദിൻ്റെ വീട്ടിൽ രഥോൽസവം കാണാൻ പോയപ്പോൾ ആണ് ഞെട്ടിയത്. നടുപ്പന്തിയിലെ അങ്ങാടിതെരുവുകൾ പോലെ അഗ്ര ഹാരങ്ങൾ. ചുവരുകൾ പോലും അതേ ഡിസൈൻ.
നാട്ടിൽ റൗണ്ട് എബൗട്ട് വരേണ്ട സ്ഥലങ്ങൾ കുറെ ഉണ്ട്. വൺവേ സിസ്റ്റം പരിഹരി ക്കണം. അംഗ പരിമിതർക്ക് ഫുട്പാത്തിനു മുകളിലൂടെ സുഗമമായി സഞ്ചരിക്കാൻ കഴിയണം. മനസിൽ പല ചിന്തകളും വന്നു.
കുടുംബം തിരിച്ച് വണ്ടിയിൽ കയറി – യാത്ര തുടരുകയാണ്. പുൽമേടുകൾക്കപ്പുറം ടോപ്പിരി മലകൾ ആണ്. അവിടെ മുകളിൽ പലയിടത്തായി സോളർ തിരികൾ കൺചിമ്മിത്തുടങ്ങിയിരിക്കുന്നു. തദ്ദേശീയരുടെ സെമിത്തേരിയാണ്. അവിടെ താഴ് വരയിലൂടെ കടന്നു പോകുമ്പോൾ മെഴുതിരികളും ഓർമ്മഫലകങ്ങളും വിൽക്കുന്ന കടയുണ്ട്.
വാറുണ്ണി തൻ്റെ അമ്മാമയെ ഓർത്തു. മരിച്ചപ്പോൾ ശവമടക്കിന് വന്നൊരാൾ കിഴക്കോട്ടാണോ (പഴയ പള്ളി) പടിഞ്ഞാട്ടാണോ (പുത്തൻപള്ളി) നടക്കേണ്ടത് എന്ന് ചോദിച്ചത് ഓർമ്മ വന്നു. തർക്കം മൂലം ഏത് പള്ളിയിലേക്കാ എന്നാണ് ഉദ്ദേശിച്ചത്.
വാറുണ്ണിക്ക് പെരുന്നാള് കൂടണം തുളളണം. അത്രേ ഉള്ളൂ. കിഴൂർ പൂരമായാലും പട്ടാമ്പി നേർച്ച ആയാലും ഒരേ വികാരം –
മക്കൾക്ക് വായിക്കാൻ രാമായണ മഹാഭാരത കഥകളും നാട്ടിൽ നിന്ന് ഇറക്കിയിട്ടുണ്ട്. ഇതിൻ്റെ പേരിൽ കേന്ദ്ര ഏജൻസി വന്നാലും കുഴപ്പമില്ല. ജീവിതത്തിൽ പലപ്പോഴും ഈ കഥാസന്ദർഭങ്ങൾ അവരെ തുണക്കും.
മതേതരനാണ് കന്നംകളം വാറുണ്ണി.
വണ്ടിയിൽ പിള്ളേരും ഭാര്യയും ഉറക്കം പിടിച്ചു തുടങ്ങി. അയാൾ തൻ്റെ ഭാര്യയെക്കുറിച്ചോർത്തു. ജനിച്ചതും വളർന്നതും കുന്നംകുളത്തല്ല. എന്നാൽ കുന്നംകുളം കാരൻ്റെ മകൾ ആണ്. അതു കൊണ്ട് തന്നെയാണ് അന്ന് എവിടെയും എത്താതിരുന്ന തൻ്റെ കയ്യിൽ മകളെ ഏൽപിച്ചത്.
വാറുണ്ണിയുടെ വാഹനം ടോംഗാറിറോ മലനിരകളുടെ അടിവാരത്ത് കൂടെകടന്നു പോയി. മുൻപ് ഈ മഞ്ഞുമല കയറാൻ വന്നപ്പോൾ നഷ്ടപ്പെട്ട തൻ്റെ വിവാഹമോതിരം അവിടെ മഞ്ഞിൽ പുതഞ്ഞു കിടപ്പുണ്ടാകും.
തിരിച്ച് പോക്കില്ലാത്ത നോർത്ത് ഐലൻ്റിൽ നിന്ന് സൗത്ത് ഐലൻ്റിലേക്ക് ഉള്ള യാത്രയിലാണ് വാറുണ്ണിയുടെ കുടുംബം. വെല്ലിങ്ങ്ടണിൽ എത്തിയാൽ ഫെറി കടക്കണം. ചെറിയ കപ്പൽ തന്നെയാണ് ഫെറി. കാറുകൾ ട്രക്കുകൾ എല്ലാം കയറ്റാം. ഓരോ ഫാമിലി ക്കും ക്യാബിൻ കിട്ടും. ഒരു പാട് ആളുകൾ കയറാനുണ്ട്. എല്ലാവരും കയറി ഫെറി മഞ്ഞിനെ കീറി മുറിച്ചു കൊണ്ട് കടലിലൂടെ മറുകര ലക്ഷ്യമാക്കിയുള്ള പ്രയാണം തുടങ്ങി.
പുതിയ സിറ്റിയിൽ തൻ്റെ ജൂനിയർ കോളേജ് മേറ്റ് ഉണ്ട്. അവൻ എല്ലാ സൗകര്യങ്ങളും അവിടെ തയ്യാർ ആക്കിയിട്ടുണ്ട്.
ബോംബെയിലായിരുന്ന അവൻ്റ കുടുംബം അമ്മവീടുള്ള കുന്നംകുളം കോട്ടപ്പടിയിൽ താമസമാക്കിയതാണ്. പണ്ട് ബസിൽ എന്തോ മറന്നതിന് കരഞ്ഞു നിന്ന അവനെക്കൂട്ടി ബസ്റ്റാൻ്റ് എയ്ഡ് പോസ്റ്റിലെ പോലീസിൻ്റെ അടുത്തു പോയതും, “ബസിൻ്റെ പേര് ഓർമ്മയില്ല എന്നാൽ തട്ടാൻ സിനിമയുടെ പരസ്യമുണ്ട് ” എന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ബസ് കണ്ട് പിടിക്കുകയും സാധനം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് വീണ്ടും കണ്ടുമുട്ടിയപ്പോൾ ഈ ഓർമ്മകൾ വാറുണ്ണിയുമായി പങ്കുവച്ച് പരിചയം പുതുക്കുകയും കോളേജിലെ പഠനകാലത്ത് ബന്ധം ഊഷ്മളമാക്കുകയും ചെയ്ത ഒരു പശ്ച്ചാത്തലം അവനുമായി ഉണ്ട് –
ഫെറിയിലെ കഫറ്റീരിയയിൽ ആളുകൾ അവിടെ ഇവിടെ ആയി ഇരിക്കുന്നുണ്ട്.
ചിലർ ബിയർ ഓർഡർചെയ്യുന്നു. ചിലർ ബർഗർ കഴിക്കുന്നു.
വാറുണ്ണി മകളെ കൂട്ടി ഒന്ന് കഫറ്റീരിയ വരെ പോയി അവിടെ ഇരുന്നു. നല്ല കാറ്റ്, നല്ല ഓളം.
“ഡാഡ്, ഡാഡ് വാമ്പയറിനെ കണ്ടിട്ടുണ്ടോ?”
“ഈ കഫറ്റീരിയയിൽ ഇരിക്കുന്ന ആരാണ് നിനക്ക് വാമ്പയർ ആയി തോന്നുന്നത്?”
“അവിടെ കയ്യിൽ റ്ററ്റൂ കുത്തിയ ആൾ “
“ഏയ് അയാൾ പാവം. അതവരുടെ കൾച്ചറിൻ്റെ ഭാഗമാണ്. “
“എന്നാൽ കണ്ണുകൾ ചുവന്ന ആ സ്ത്രീ “
“അല്ല അവർ അൽപം ബിയർ കുടിച്ചിട്ടുണ്ട് എന്നേ ഉള്ളൂ. “
അയാൾ നാട്ടിലെ വാർത്തകൾ തൻ്റെ സെൽ ഫോണിൽ വായിക്കാൻ തുടങ്ങി. നാട്ടിൽ പിള്ളേർക്ക് കഞ്ചാവൊക്കെ കിട്ടുന്നുണ്ട്. ഗുണ്ടാവിളയാട്ടം. തലമുറകൾ നശിക്കുന്നു.
വാറുണ്ണി താൻ ഇപ്പോൾ നിവസിക്കുന്ന നാട്ടിലെ വാർത്തകൾ വായിക്കാൻ തുടങ്ങി.
ഒരു ഫോട്ടോയിലും അതിനു കീഴിലെ വാർത്തയിലും കണ്ണുടക്കി. തൻ്റെ മുഖം ചുവന്നു.
” അവിടെ കണ്ണ് തുറിച്ച് മെലിഞ്ഞിരിക്കുന്ന ആ കഷണ്ടിക്കാരനെ കണ്ടോ? അയാളാണ് വാമ്പയർ “വാറുണ്ണി മകളോട് പറഞ്ഞു.
“ആ എണീറ്റ് നിൽക്കാൻ വയ്യാത്ത ആളോ ഡാഡീ?
“നീ അന്യൻ സിനിമ കണ്ടിട്ടില്ലേ? മനുഷ്യരൊക്കെ വേഗം ഭാവം മാറും”
ഡ്രഗ് മാഫിയ തലവൻ ജയിൽ ചാടിയതാണ് അയാൾ വായിച്ച വാർത്ത’
അതയാൾ തന്നെ. അയാളുടെ പടവും ഉണ്ട്. വാറുണ്ണി വീണ്ടും അത് ഉറപ്പു വരുത്തി. ഫെറി നേരം വെളുത്തേ മറുകര എത്തിച്ചേരൂ.
പലരും എണീറ്റ് പോയിത്തുടങ്ങി. കഷണ്ടിക്കാരൻ ഫെറിയിൽ അൽപം ഇരുട്ടുള്ള ഭാഗത്ത് കാറ്റു കൊള്ളാനെന്നുള്ള ഭാവത്തിൽ നക്ഷത്രങ്ങളെ നോക്കി നിന്നു.
“ഡാഡി ഒന്ന് വാഷ് റൂമിൽ പോയ് വരാം മോള് ക്യാബിനിൽ പൊയ്ക്കോ”
വാറുണ്ണി എഴുനേറ്റു. വലിയ പുകമഞ്ഞ് യാനത്തെ അൽപസമയം മൂടി.
നേരം വെളുത്തു തുടങ്ങി. ഫെറി കരക്കടുത്തു. മണിക്കൂറുകൾക്ക് ശേഷം വാറുണ്ണി കുടുംബസമേതം തൻ്റെ പുതിയ ഗൃഹത്തിൽ എത്തിച്ചേർന്നു.
വാറുണ്ണിയുടെ കൂട്ടുകാരൻ അവിടെ ബാർബിക്യൂ ഒരുക്കിയിട്ടുണ്ട്. TV യിൽ ന്യൂസ് വച്ചിട്ടുണ്ട്.
“ഡാഡീ നമ്മുടെ വാമ്പയർ “- ആ കണ്ണുതുറിച്ച് മെലിഞ്ഞ് നീണ്ട് എന്നീക്കാൻ വയ്യാതെ ഫെറിയിൽ കണ്ട ആൾ.
പോലിസിനെ വെട്ടിച്ച് കടന്ന പ്രമുഖ മയക്കുമരുന്ന് മാഫിയ തലവൻ ഫെറിയിൽ യാത്രക്കിടെ കാണാതായതാണ് ബ്രേക്കിംഗ് ന്യൂസ്.
വാറുണ്ണിയുടെ മനസ് ബാർബിക്യു കനൽ പോലെ എരിഞ്ഞു. മുഖത്ത് ഗൂഢ മന്ദഹാസം വിരിഞ്ഞു. ഇംഗ്ലണ്ട് ഫുട്ബാൾ ഫാൻ ആയ കൂട്ടുകാരൻ നൽകിയ എഫ് സി യു കെ എന്നെഴുതിയ കപ്പിൽ അൽപം കപ്പൂച്ചിനോ കോഫി വാറുണ്ണി പകർന്നു. മനസിൽ താൻ ഫെറിയിലെ വാഷ് റൂമിൻ്റെ സമീപത്തെ അരണ്ട വെളിച്ചത്തിൽ തൂക്കിയെടുത്ത് കടലാഴങ്ങളിൽ എത്തിച്ച ഉണ്ടക്കണ്ണൻ്റെ ക്ലൈമാക്സ് ഒന്ന് കൂടെ ഓർത്തെടുത്തു.


1 Comment
നല്ല കഥ നന്നായി എഴുതി👌👍💯🙏🙏🙏