യാത്രയയപ്പു കഴിഞ്ഞ് സഹപ്രവർത്തകർ മടങ്ങിയ പാടേ വിളിക്കാൻ തോന്നിയത് സലിജയെയാണ്. എടുത്തതേ അവൾ’ Happy retirement’ പറഞ്ഞു. ബാല്യകാല സുഹൃത്തുക്കളിൽ അടുപ്പമുളളത് സലിയോടു മാത്രമാണ്. അതും അധികകാലമായില്ല. BSNL ൽ ജോലി ചെയ്യുന്ന അവൾ. തന്നെ തപ്പി കണ്ടുപിടിച്ചതാണ്. പെട്ടന്നാണ് കമലേ, നിനക്ക് പഴയ മാലതി സാറിനെ ഓർമ്മയില്ലേ? അവരു രണ്ടാഴ്ച മുമ്പ് മരിച്ചു. എന്നവൾ പറഞ്ഞത്. തരിച്ചിരുന്നു പോയി.
” അവരെ ഞാൻ മറന്നിട്ടു വേണ്ടേ?” എന്ന ചോദ്യം കടിച്ചിറക്കി.
” ഇന്നലെ നാട്ടീന്ന് കൊച്ചമ്മായി വിളിച്ചപ്പൊഴാ വിവരമറിഞ്ഞേ. പുനയിലെങ്ങാണ്ടു ആ മൂത്ത ഗീതക്കേടെ കൂടാരുന്നു. നരകിച്ചാ മരിച്ചത്. ശ്രീദേവിക്ക് തലയ്ക്കു സുഖമില്ലാതായതും അവളു ഞരമ്പു മുറിച്ചു മരിച്ചതുമെല്ലാം നീ അറിഞ്ഞില്ലാരുന്നോ ? യമുനക്ക മാത്രമേ ആ വീട്ടിൽ ഗതി പിടിച്ചുള്ളു അവര് പൊറത്താ. ഗീതക്കയ്ക്കും കഷ്ടമാ. ചെക്കമ്മാര് കുടിച്ച് കുടിച്ച് കിടപ്പാടം ഒഴിച്ചെല്ലാം വിറ്റു തീർത്തു. മാലതി സാറിനെ പൂനയിൽ തന്നെ അടക്കി. ” അവൾ നിർത്താതെ പറയുകയാണ്.
തനിക്ക് എന്തൊക്കെയോ വിളിച്ചു കൂവണമെന്നു തോന്നി. തേവളളീലെ മണ്ണിൽ കിടക്കാനുള്ള പുണ്യം അവർക്കില്ലെന്നു പറഞ്ഞു പോകുമോ എന്നു ഭയന്നാണ്, നാളെ വിളിക്കാമെന്നു പറഞ്ഞ് ഫോൺ വെച്ചത്.
“തേവള്ളീലെ അമ്മച്ചിയെ കാണാനില്ല. കായലീ തപ്പുവാ. കായലെറമ്പീ രണ്ടു വള്ളിച്ചെരുപ്പ് കെടപ്പൊണ്ട് ”
രാജമ്മ ഇച്ചേയീടെ പരിഭ്രമിച്ച ശബ്ദം കേട്ട് , കിടക്കപ്പായിൽ നിന്ന് ചാടിയെണീറ്റ ദിവസത്തിലേയ്ക്കു മുമ്പു പലപ്പോഴും എന്ന പോലെ വീണ്ടും കൂപ്പു കുത്തി . അമ്മയും അക്കമാരും ഇച്ചേയീടെ പുറകേ ഓടുന്നതു കണ്ട് ചിറക്കാലിലൂടെ ഓടി തേവള്ളിലെ പടിക്കൽ എത്തുമ്പോഴേയ്ക്കും അവിടെ ജനം നിറഞ്ഞു കഴിഞ്ഞിരുന്നു കായലിറമ്പത്ത് പെണ്ണുങ്ങൾ കൂടി നിൽക്കുന്നതു കണ്ട് ഓടി അങ്ങോട്ടു ചെന്നു. ഒരു ജനസഞ്ചയം തന്നെ കായലിലുണ്ട്. വള്ളവും വലയുമായി ആളുകൾ കായലിൻ്റെ പല ഭാഗവും അരിച്ചു തപ്പുന്നു.
വെളുപ്പിന് നാക്കു വടിക്കാൻ ഈർക്കിലി ഒടിക്കാനായിട്ട് തൈത്തെങ്ങിൻ്റെ ചോട്ടീ ചെന്നപ്പം വീണു പോയതാണെന്ന് ജാനുപ്പണിക്കത്തി കണ്ടു നിന്നതു പോലെ വിവരിക്കുന്നതു കേട്ട് പെണ്ണങ്ങൾ തല കുലുക്കുന്നു. പാവം അമ്മച്ചി കൊടുത്ത ചോറിൻ്റെം തേങ്ങേടേം തുണീടേം കണക്കൊക്കെ പറഞ്ഞ് ദേവകി മൂപ്പത്തി മൂക്കു പിഴിയുന്നു. വയസ്സും പ്രായവുമായവർ വെളിച്ചമാകും മുമ്പേ കായലോരത്ത് പോകുന്നതൊക്കെ കൊള്ളാമോ, എന്നു ചോദിച്ചതാരാണ് ? കായലിൽ നിന്നുയർന്ന ബഹളത്തിൽ അതു മുങ്ങിപ്പോയി.
ഒഴുക്കുണ്ട് ………… വിടരുത്……….. വള്ളം തിരിക്ക്……………. കഴുക്കോലു കുത്തിനിർത്ത്…………. തുടർന്ന്, കിട്ടി………… കിട്ടി ……… ……….!
എന്ന മൂളൽ കായലിൽ നിന്ന് കരയിലേയ്ക്ക് കണ്ഠങ്ങൾ മറിഞ്ഞു മറിഞ്ഞെത്തി. തിക്കിത്തിരക്കിൽ ആരോ തന്നെ കാഴ്ചവട്ടത്തിൽ നിന്നു തള്ളി പുറത്താക്കി.
“കൊച്ചിനേം കൊണ്ട് വീട്ടീപ്പൊക്കോ ” എന്നൊരു കൽപ്പന അക്കമാർക്കു കൊടുത്തിട്ട് അമ്മ അവിടെത്തന്നെ നിന്നു. അക്കമാർ തന്നെയും പിടിച്ചു വലിച്ച് ചിറക്കാലു തുടങ്ങുന്നിടത്തു നിലയുറപ്പിച്ചു. വിവരങ്ങൾ അറിയുകയും ചെയ്യാം. അമ്മ വരുന്നത് കണ്ടാൽ വീട്ടിലേയ്ക്ക് ഓടുകയും ചെയ്യാം. അമ്മമാർ ഓടിച്ചു വിട്ട എല്ലാ അക്കമാരും കുട്ടികളും ഇതേപ്പോലെ അവിടവിടെ നിൽപ്പുണ്ട്.
എനിക്ക്, അന്നേരം ശ്രീദേവിയെ കാണണമെന്നു തോന്നി. അവളുടെ അമ്മുമ്മ കായലിൽ വീണിട്ട് അവളും അക്കമാരും അണ്ണമ്മാരുമൊന്നും പുറത്തുവരാത്തതെന്താണ്? വല്യക്കയോടു ചോദിച്ചപ്പം അവരെല്ലാം കരയുവാരിക്കും, പൊറത്തൊന്നും വരാൻ പറ്റത്തില്ലെന്നും ഇപ്പോ അങ്ങോട്ടു കേറിച്ചെല്ലരുതെന്നും ശാസിച്ചു. ജന്നലീ കൂടെ നോക്കിയപ്പം മാലതി സാറു നെഞ്ചത്തടിച്ചു കരയുന്ന കണ്ടൂന്ന് വടക്കേലെ ശോഭക്ക പറഞ്ഞതു കേട്ട് താൻ നടുങ്ങിപ്പോയി.
രണ്ടു ദിവസം മുമ്പ് ശ്രീദേവിക്കൊപ്പം അവരുടെ വീട്ടിൽ ഒളിച്ചു കളിക്കുന്നതിനിടയിൽ കണ്ട, മാലതി സാറിൻ്റെ രൂപമോർത്തപ്പോൾ, കാലിനൊരു വിറയൽ. ചാവടിയിലെ കസേരയിലിരുന്നു കരയുന്ന തേവള്ളീലമ്മച്ചിക്കു നേരേ പാക്കു വെട്ടി ഓങ്ങിക്കൊണ്ട് അമറുന്ന ശബ്ദത്തിൽ കൊന്നു കളയും എന്നു പറയുന്ന മാലതി സാർ ! പേടിച്ചു നിന്ന തന്നെ, തപ്പി വന്ന ശ്രീദേവിയും ആദ്യം സ്തംഭിച്ചു നിന്നു പോയി. ശബ്ദമുണ്ടാക്കാതെ അവൾ തന്നെയാണ് പതുക്കെ വാടാവു വഴി പുറത്തെത്തിച്ചത്. എന്താണു സംഭവമെന്ന് അവൾക്കും വ്യക്തമായി അറിയില്ലായിരുന്നു.അവളുടെ അച്ഛൻ ഗോപി വൈദ്യന്, എന്തോ വസ്തു എഴുതിക്കൊടുക്കുന്ന കാര്യമാണെന്നു മാത്രമേ അവൾക്കും അറിയൂ. തേവള്ളിലമ്മച്ചിക്ക് ഒത്തിരി സ്വത്തുണ്ടായിരുന്നു. Rich എന്ന വാക്ക് വാക്യത്തിൽ പ്രയോഗിക്കാൻ പറഞ്ഞപ്പോൾ, ആറാം ക്ലാസ്സിലെ ഒരു ചേട്ടൻ,
“തേവള്ളിൽ അമ്മച്ചി ഈസ് എ റിച്ച് അമ്മച്ചി ” എന്നെഴുതിയെന്ന് ശ്രീദേവി എപ്പോഴും ഗമയടിക്കുമായിരുന്നു .
അമ്മച്ചിയെ വള്ളത്തിൽ നിന്ന് കരയ്ക്കോട്ടിറക്കുന്ന ബഹളം കേട്ടപ്പോൾ, പെണ്ണുങ്ങൾ വീണ്ടും തിക്കി മുന്നോട്ടു നീങ്ങാൻ തുടങ്ങി. പെട്ടന്ന് ആളുകൾക്കിടയിൽ ഒരു മുറുമുറുപ്പ് പടരുന്നു. കാര്യമറിയാതെ അക്കമാരെല്ലാം ആകാംക്ഷയോടെ നിൽക്കുകയാണ്. എന്തോ ഒന്നു സംഭവിച്ചിട്ടുണ്ട്. എല്ലാ മുഖങ്ങളിലും വല്ലാത്തൊരു മുറുക്കം………. അടക്കം പറച്ചിൽ .
ശോഭക്ക പതിയെ അവരുടെ യശോദ അപ്പച്ചിയുടെ അടുത്തു ചെന്ന് രഹസ്യം ചോർത്തി വന്നു. അമ്മച്ചി ഒരു ചുവന്ന നിക്കർ ( പാൻ്റിസ് എന്ന വാക്ക് ഞങ്ങളുടെ നാട്ടിൽ അന്നു കേട്ടു കേൾവി പോലുമില്ല) ഇട്ടിട്ടുണ്ട്, എന്നതായിരുന്നു ആ വിലപ്പെട്ട വിവരം. അക്കമാർ മൂക്കത്തു വിരലു വെയ്ക്കുകയും, അയ്യേ, ഈ അമ്മച്ചിക്ക് ഇതിൻ്റെ ആവശ്യം വല്ലതുമുണ്ടായിരുന്നോ എന്ന് അത്ഭുതം കൂറുകയും ചെയ്തപ്പോൾ, ഞാൻ, സലിജയും രജനിയും നിൽക്കുന്നേടത്തേയ്ക്കു നോക്കി.
അവരും വാ പൊളിച്ചു നിൽക്കുകയാണ് അടുത്തു ചെന്ന് അടക്കിച്ചോദിച്ചു “നിക്കർ ഇടാതിരുന്നാലല്ലേ പ്രശ്നം?”
അവരും അതേ സംശയത്തിലാണ്. അടി വസ്ത്രത്തിൻ്റെ ദുരൂഹത നീക്കാൻ ഒടുവിൽ രജനി തുനിഞ്ഞിറങ്ങേണ്ടി വന്നു. വായാടിത്തങ്കമ്മ എന്നറിയപ്പെടുന്ന തയ്യൽക്കാരിയോട് ചോദിച്ചാണ് ഉച്ചയോടെ രജനി വിവരം കൊണ്ടുവന്നത്. അമ്മച്ചി അബദ്ധത്തിൽ കായലിൽ വീണതല്ല. ചാടിയതാണ്. പാക്കുവെട്ടി ഓങ്ങി നിൽക്കുന്ന രൂപം ഉടനടി മനസ്സിലെത്തിയെങ്കിലും പറയാൻ ധൈര്യം കിട്ടിയില്ല അടിവസ്ത്രമായി അമ്മച്ചി ഒരു ചെറിയ മുണ്ട് തറ്റുടുക്കുകയാണത്രേ പതിവ്. അതിപ്പോ ഞങ്ങടമ്മയും അങ്ങനെയാണല്ലോ എന്നോർത്തു.
പക്ഷേ ഒരു നിക്കറിട്ടെന്നു വെച്ച് എന്താണു പ്രശ്നം? അപ്പൊഴാണറിയുന്നത് അമ്മച്ചി അത് തറ്റിനു മുകളിലാണ് ഇട്ടിരിക്കുന്നത്. ശ്രീദേവിയുടെ അക്കയുടേതാണത്രേ ആ ചുവന്ന വിവാദവസ്ത്രം. നല്ല അന്തസ്സിൽ ജീവിച്ച ആളായതു കൊണ്ട് , കായലിൽ നിന്നു പൊക്കിയെടുക്കുമ്പോൾ, വസ്ത്രമില്ലാതെ ആളുകൾ തന്നെ കാണരുതെന്നു വെച്ചാണത്രേ അമ്മച്ചി അങ്ങനെ ചെയ്തത്. എന്തിനെന്നറിയാതെ എനിക്കു സങ്കടം വന്നു
അപ്പോഴേയ്ക്കും നാട്ടിലെ പെണ്ണങ്ങളെല്ലാം അമ്മച്ചിയെ കുറ്റപ്പെടുത്താൻ തുടങ്ങിയതാണ് മനസ്സിലാകാത്തത്. രാവിലെ നന്മകൾ പാടിക്കൊണ്ടിരുന്ന ഇച്ചേയിമാർ കുറ്റം പറച്ചിലിലേയ്ക്കു തിരിഞ്ഞതെന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഗോപി വൈദ്യനേം മാലതി സാറിനേം പിന്നെ ആ ചുവന്ന നിക്കറിൻ്റ ഉടമസ്ഥയേയും നാണം കെടുത്തിയെന്ന് വാ തോരാതെ പാടുന്ന പെണ്ണുങ്ങളോട് വിളിച്ചു പറയണമെന്നു തോന്നി. ആരെയും നാണം കെടുത്താനല്ല, മാലതി സാറ് കൊല്ലുമെന്ന് പേടിച്ചാണ് അമ്മച്ചി ചാടിയതെന്ന്.
പക്ഷേ വല്യക്കയോട് പറഞ്ഞപ്പോൾ കിട്ടിയ പിച്ചിൻ്റെ വേദന ഇനിയും മാറിയിട്ടില്ല. അവർക്ക് കാശൊള്ളതു കൊണ്ട് ഞങ്ങളെ പോലീസിൽ പിടിപ്പിക്കുമത്രേ. ശ്രീദേവിയും കണ്ടതാണല്ലോ ! എന്നു പറഞ്ഞപ്പോൾ അക്കയ്ക്കു ദേഷ്യം കൂടി എന്നിട്ടെന്തിയേ നിൻ്റെ ശ്രീദേവി ? അവളൊന്നും മിണ്ടിയില്ലല്ലോന്നു പറഞ്ഞ് തൻ്റെ വായടച്ചു. വെറുതേ പറയാൻ പോലും ഒരച്ഛനും കൂടിയില്ലാത്ത വീടാന്നോർക്കണം. എന്നു പറഞ്ഞു ചവിട്ടിക്കുലുക്കി അക്ക പോയി
വലുതാകുമ്പോൾ കുറേ കാശും പേരിനെങ്കിലും ഒരച്ഛനെയും എവിടുന്നെങ്കിലും ഉണ്ടാക്കണമെന്നും മാലതി സാറിനെ പാഠം പഠിപ്പിക്കണമെന്നും ആശിച്ച കുട്ടിക്കാലത്തേയ്ക്ക് മടങ്ങുമ്പോഴേല്ലാം കൂടെയെത്തുന്ന മറ്റൊരോർമ്മയ്ക്കായി ഞാൻ കണ്ണടച്ചിരുന്നു
കുഞ്ഞു പിഞ്ഞാണത്തിൽ ചീടയും മുറുക്കുമെല്ലാം തനിക്കും ശ്രീദേവിക്കും നേരേ നീട്ടുന്ന നിർമ്മലമായൊരു മുഖം, കണ്ണിൽ തെളിഞ്ഞു കത്താൻ തുടങ്ങി. അപ്പോൾ, അവർക്കായി മാത്രം കരുതിയൊരു തിലോദകം കണ്ണുകളിൽ ഉയിർക്കൊള്ളുന്നതു ഞാനെൻ്റെ കരളു കൊണ്ടു തൊട്ടറിഞ്ഞു.
#കൂട്ടക്ഷരങ്ങൾ
#താര സുഭാഷ്


18 Comments
ഗ്രാമ ഭംഗിയും നാട്ടുവർത്തമാനങ്ങളും നാടൻ കഥാപാത്രങ്ങളും മിഴിവോടെ തെളിയുന്നു. എങ്ങനെയാ ഇങ്ങനെയൊക്കെ എഴുതാൻ കഴിയുന്നത്. മനോഹരം 💐🥰
പാവം ആ റിച്ച് അമ്മച്ചി…… ഗ്രാമീണ പശ്ചാത്തലത്തിൽ സുന്ദരമായ എഴുത്ത് …. ഞങ്ങടെ തേവള്ളി കായലാണോ…👍🌹
കരുനാഗപ്പള്ളി. കായംകുളം കായൽ . പക്ഷേ അവർക്കൊരു തേവള്ളി കണക്ഷൻ ഉണ്ടായിരുന്നു.❤️സ്നേഹം മിനി.❤️❤️❤️
നല്ല കഥ.കൊല്ലം തേവള്ളിയാണോ കഥാ പരിസരം
Thank you Nisha .❤️ കൊല്ലം കരുനാഗപ്പള്ളിയാണ്. കായംകുളം കായലിൻ്റെ തീരം. എൻ്റെ അമ്മ വീട് അവിടെയാണ്.❤️❤️
കെ സുരേന്ദ്രൻറ്റെ “മായ” ഓർമ്മ വരുന്നു……അതിലും അപ്രതീക്ഷിതവും വ്യക്തമായൊരു കാരണം കണ്ണിൽ പെടാത്തുമായ ഒരു ആത്മഹത്യയാണല്ലോ മുഖ്യ പ്രമേയം!! നാട്ടു മൊഴി വഴക്കങ്ങളും ധാരാളം സംഭവവിവരണങ്ങളും ഇതിനെല്ലാം സ്വർണ്ണനൂലിടുന്ന നനുത്ത നർമ്മവും ചേരുമ്പോൾ വായനാക്ഷമമായ നല്ലൊരു രചന തന്നെ. അഭിനന്ദനങ്ങൾ! ആശംസകൾ!!
Thank you so much❤️❤️ linguistics department ൽ സീനിയർ ബാച്ചിലുണ്ടായിരുന്ന പരമേശ്വരൻ ആണോ താങ്കൾ?
വായിച്ചപ്പോൾ ഞാനുമവിടെയുണ്ടായിരുന്ന പോലെ, ….. ഭംഗിയായി
സ്നേഹം സിന്ധു.വായിച്ചതിനും കമൻ്റ് ചെയ്തതിനും നന്ദി.❤️❤️❤️
കെ സുരേന്ദ്രൻറ്റെ “മായ” ഓർമ്മ വരുന്നു……അതിലും അപ്രതീക്ഷിതവും വ്യക്തമായൊരു കാരണം കണ്ണിൽ പെടാത്തുമായ ഒരു ആത്മഹത്യയാണല്ലോ മുഖ്യ പ്രമേയം!! നാട്ടു മൊഴി വഴക്കങ്ങളും ധാരാളം സംഭവവിവരണങ്ങളും ഇതിനെല്ലാം സ്വർണ്ണനൂലിടുന്ന നനുത്ത നർമ്മവും ചേരുമ്പോൾ വായനാക്ഷമമായ നല്ലൊരു രചന തന്നെ. അഭിനന്ദനങ്ങൾ! ആശംസകൾ!!
സ്വത്തിനും പണത്തിനും വീതം പറയുമ്പോൾ രക്തബന്ധങ്ങൾ വരെ തീർത്തും ജലരേഖകളാകുന്ന കഥ, ഗ്രാമ പശ്ചാത്തലത്തിലും പെൺകുട്ടിയുടെ നിഷ്കളങ്കമായ മനോവിചാരങ്ങളിലൂടെയും വളരെ സമർത്ഥമായി വരച്ചിട്ടു.
നല്ല എഴുത്ത്. അഭിനന്ദനങ്ങൾ👏👍❤️
വായിച്ചതിനും കമൻ്റ് ചെയ്യാൻ സമയം നീക്കിവെച്ചതിനു
നന്ദി ജോയ്സ്. സ്നേഹം❤️❤️❤️
അമ്മച്ചിയെ ഓർത്ത് സങ്കടമായി. ഇങ്ങനെ പോയ പല അമ്മച്ചി മാരേയും പറ്റി കേട്ടിട്ടുണ്ട്. എത്ര rich ആയാലെന്താ അല്ലേ.
നല്ല കഥ👌❤️
നാട്ടിൻ പുറം ശൈലി അടിപൊളി👌❤️
സ്നേഹം സുമ❤️❤️❤️
ഇത് വായിച്ചപ്പോൾ ഞാൻ എവിടെയൊക്കെയോ പോയി വന്നൂ..
ജീവിക്കാൻ മാത്രമല്ല നല്ല മരണം കിട്ടാനും ഭാഗ്യം ചെയ്യണം.
സത്യം. ഭാഗ്യം ഒരു വല്ലാത്ത വരദാനമാണ്. സ്നേഹം നന്ദ❤️❤️
വായിച്ചപ്പോൾ ഞാനുമവിടെയുണ്ടായിരുന്ന പോലെ, ….. ഭംഗിയായി
സ്നേഹം സിന്ധു.❤️❤️ സന്തോഷം❤️❤️