കാവടിയും പിടിച്ചു തുള്ളി മറിയുന്ന വൈഷ്ണവിയെ കണ്ടു ഞങ്ങൾ മിഴിച്ചു നിന്നു. ചുറ്റും വഴിഞ്ഞൊഴുകുന്ന ഭക്തിയുടെ ആഘോഷം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കൂടെ പഠിക്കുന്ന ഒരുത്തിക്കു കിട്ടിയിരിക്കുന്ന ദൈവിക പരിവേഷം ഞങ്ങടെ ഉള്ളുലച്ചുകളഞ്ഞു
രാവിലെ സ്കൂളിൽ ചെന്നപ്പോഴാണ് ഏഴ് ബി യിലെ വൈഷ്ണവിയുടെ ദേഹത്ത് മുരുകൻ കയറി എന്ന വാർത്ത അന്തരീക്ഷത്തിൽ നിന്ന് കേട്ടത്. ഓടിക്കിതച്ചു ചെല്ലുമ്പോൾ, വൈഷ്ണവിയുടെ തൊട്ടു പടിഞ്ഞാറ്റേലെ ഷൈനി നിന്ന് അവതാരകഥ വർണ്ണിക്കുന്നു. അവളിപ്പോ ശരിക്കും മുരുകൻ തന്നെ ആണെന്നും തമിഴേ പറയൂന്നും കൂടി കേട്ടതോടെ ഞെട്ടൽ പൂർണ്ണമായി. വെള്ളിയാഴ്ച വൈകിട്ടാണത്രേ ആദ്യമായി അവളിൽ ദൈവം അവതരിച്ചത് .കേട്ടറിഞ്ഞ് ശനിയും ഞായറുമായി ക്ലാസ്സിലെ പകുതിയിലേറെ കുട്ടികളും ദർശനപുണ്യം നേടിക്കഴിഞ്ഞു. ഇനി കലയും ഞാനും കുറച്ച് ദൂരേന്നുള്ളവരുമേ പോകാനുള്ളൂ. ഒരു വിധത്തിൽ വെെകുന്നേരമാക്കി ഞങ്ങളുമോടി മുരുകനെ കാണാൻ.
ഷൈനിയുടെ വിവരണം കുറഞ്ഞു പോയെങ്കിലേ ഉള്ളൂ. അത്രയ്ക്ക് ആർഭാടമായിട്ടാണ് മുരുകൻ, അവളുടെ ദേഹത്തും ആ വീട്ടിലാകെയും കയറിയിരിക്കുന്നതെന്ന് കണ്ട് അത്ഭുതപ്പെട്ടു നിൽക്കുമ്പോൾ അതാ സമ്പൂർണ്ണ മുരുക വേഷത്തിൽ മണിയടിയും ഗഞ്ചിറ കൊട്ടും പെണ്ണങ്ങളുടെ ഹരഹരോ ഹരഹര വിളിയും ഒക്കെയായി മാസ് എൻട്രി. കയ്യിലൊരു കാവടിയുമായി നിർത്താതെ തുള്ളുന്നുമുണ്ട്. ഓച്ചിറ പടനിലത്ത് വെച്ചു കണ്ട പരിചയം പോലും കാണിക്കുന്നുമില്ല.
“വൈഷ്ണവീന്നൊന്നു വിളിച്ചു നോക്കിയാലോ ? ”
കലയോട് ഞാൻ അടക്കിച്ചോദിച്ചു, അടപടലം ഭക്തിയിൽ മുങ്ങി,തൊഴുതു പിടിച്ചു നിന്നൊരു വല്യമ്മ, ചുണ്ടത്തു വിരൽ വെച്ചു ഉടനടി ഞങ്ങളെ നിശ്ശബ്ദരാക്കി. പോരാത്തതിന് തൊഴുതു നിൽക്കണമെന്നൊരു പ്രത്യേക ഏക്ഷനും കാണിച്ചു. ഞങ്ങളാകെ കുഴങ്ങി. രണ്ടു ദിവസം മുമ്പു വരെ തൊട്ടു പുറകിലെ ബെഞ്ചിലിരുന്ന ഉരുപ്പടിയാണ്, മുരുകൻ കോസ്റ്റ്യൂമിൽ കാവടിച്ചിന്തും പാടിക്കിടന്നു തുള്ളുന്നത്. ഒരക്ഷരോം പഠിക്കുന്നവളുമല്ല.. ക്ലാസ്സിൽ മാറി മാറി ഫസ്റ്റാകുന്ന കലയും ഞാനും, ഏഴിലെത്തിയിട്ടും പരീക്ഷാ ദിവസങ്ങളിൽ ഉത്തരക്കടലാസ്സിൻ്റ മുകളറ്റത്ത് സ്വന്തം പേരെഴുതുന്നതു വരെ ഔട്ട്സോഴ്സ് ചെയ്യുന്നവളെ തൊഴണമെന്നൊക്കെ പറഞ്ഞാൽ ! ഞങ്ങൾ പതിയെ പിന്തിരിഞ്ഞു. അതാ വരുന്നു….. ഒറ്റ അലർച്ച !
“കുഴൈന്തകളെ …………! പോക മാട്ടാത് , ഇങ്കെ ഉക്കാര് ”
ചുണ്ടത്തു വിരലു വെച്ചു വായടപ്പിച്ച തള്ള, നിമിഷ നേരം കൊണ്ടു ഞങ്ങളെ വലിച്ചെടുത്ത് ഉക്കാരാക്കി. മുരുക ഭഗവാൻ ഞങ്ങളെ നോക്കി
എന്തൊക്കെയോ ആക്രോശിക്കുന്നു. കട്ടിത്തമിഴും, കട്ടക്കലിപ്പും. ഞങ്ങൾക്കാണെങ്കിൽ ഒരു വാക്കും പുരിഞ്ചതില്ലൈ. അസ്ഥിയിൽ ഭക്തി പൂത്ത ഒരു കൂട്ടം പെണ്ണങ്ങൾ, മുരുക കോപത്തിനു പാത്രീഭൂതരായ ഞങ്ങളെ തുറിച്ചു നോക്കി നിൽപ്പുണ്ട്. ചെറിയ പേടിയും അപമാന ഭീതിയുമായി തല കുനിച്ചിരിക്കുന്ന ക്ലാസ്സിലെ രണ്ടു പുലികളെ കുറേ നേരം ചവിട്ടിക്കൂട്ടി തൃപ്തി അടഞ്ഞിട്ടാവണം മുരുകൻ പതിയെ തണുത്തു തുടങ്ങി. തമിഴ് മയപ്പെട്ടു. ഭക്തജനങ്ങൾ സമർപ്പിച്ച ഫലമൂലാദികളിൽ നിന്ന് രണ്ടു ചെറുപഴമെടുത്ത് ഞങ്ങൾക്കു നേരേ നീട്ടി ,ഉദാരശിരോമണി കരുണാർദ്രമായ മിഴികളോടെ മൊഴിഞ്ഞു
” ശാപ്പിട്, കുഴൈന്തകളേ” .
തീറ്റക്കാര്യം പിന്നെ ആഫ്രിക്കൻ ഭാഷകളിൽ കേട്ടാൽ പോലും പരിഭാഷയില്ലാതെ മനസ്സിലാകുമല്ലോ ! പക്ഷേ ഇത്രേം മനുഷ്യർ നോക്കി നിൽക്കുമ്പോൾ, പരസ്യ ഭോജനത്തിനൊരു മടി. വഴി നീളെ നടന്നു തിന്നുന്നതൊന്നും ഇന്നത്തെപ്പോലെ നാട്ടു നടപ്പായിട്ടില്ല. അതോടെ മുരുകൻ വീണ്ടും തെറ്റി.
” ശാപ്പിട് ‘ ഉഗ്രശാസനയാണ്.
പഴം തീറ്റ മത്സരത്തിൽ പങ്കെടുക്കുന്നവരെയും ലജ്ജിപ്പിക്കുന്ന വേഗത്തിൽ പഴം ആമാശയം പൂകി. മണിച്ചിത്രത്താഴ് പിന്നെയും 20 കൊല്ലം കഴിഞ്ഞാണിറങ്ങിയത്. അല്ലെങ്കിൽ ‘അയോഗ്യ നായേ !’ കൂടി അവൾ ഞങ്ങൾക്കു നേരേ ചാമ്പിയേനേ.
നേരം ഇരുട്ടാൻ തുടങ്ങുന്നു . മുരുകൻ്റെ പിടിയിൽ നിന്ന് ഉടൻ വിടുതലായില്ലെങ്കിൽ, വീട്ടിൽ ചെല്ലുമ്പോൾ ഭദ്രകാളിയേം, രൗദ്രഭീമനേം ഒന്നിച്ചു നേരിടേണ്ടി വരും. മക്കളെ വളർത്തലിൽ മനശാസ്ത്രം കൈ കടത്തി തുടങ്ങിയിട്ടില്ലാത്ത കാലമായതിനാൽ അവരുടെ ബിൽറ്റ് ഇൻ ആയുധങ്ങളായ വാളും വട്ടകേം , ഗദയും ഒക്കെയെടുത്ത് പ്രയോഗിച്ചു കളയും. രക്ഷപെടാൻ വഴി കാണാതെ ഞങ്ങൾ വലഞ്ഞു.
കാവടിയാടി ക്ഷീണിച്ചിട്ടാവണം മുരുകൻ അത് താഴെ വെച്ചിട്ട് ഭക്തരെ തലയിൽ കൈ വെച്ച് അനുഗ്രഹിക്കുകയും രണ്ടു വേലുകൾ വിലങ്ങനെ വെച്ച താലത്തിൽ നിന്ന് മറ്റൊരു ചെറിയ വേലു കൊണ്ട് ഭസ്മം തോണ്ടിയെടുത്ത് കൊടുക്കുകയും ചെയ്യുന്ന ചടങ്ങിലേയ്ക്കു കടന്നിരിക്കുകയാണ്. ഞങ്ങൾ പതിയെ പൊങ്ങുമ്പോഴേയ്ക്കും, വേല വേലായുധനോട് വേണ്ട മക്കളേ ! സ്റ്റൈലിൽ ‘ഉക്കാരുങ്കോ’ ആക്ഷൻ വരും. ഒടുവിൽ കലയുടെ അവസരത്തിനൊത്തുയർന്ന പൊട്ടിക്കരച്ചിലിലാണ്
‘നാളേയ്ക്ക് കണ്ടിപ്പാ വരണം’
എന്ന അരുളപ്പാടോടെ പരോൾ അനുവദിച്ചത് . ഇതിനിടയിൽ മുരുക ദൈവത്തിൻ്റെ വാമ ഭാഗത്തായി ഭക്തിപ്രസരത്താൽ കണ്ണും പൂട്ടിയിരുന്ന സരസമ്മച്ചേച്ചി എന്ന അവളുടെ അമ്മ ദൈവത്തിൻ്റെ ശ്രദ്ധ ആകർഷിക്കാനും കലയും ഞാനും കിണഞ്ഞു ശ്രമിച്ചിരുന്നു. അവരു പക്ഷേ മൂർത്തിയേക്കാൾ വലിയ ശാന്തി കളിച്ചു ഞങ്ങളെ മൈൻഡ് ചെയ്യാതിരുന്നു കളഞ്ഞു.
ജീവനും കൊണ്ടു പുറത്തു ചാടിയ ഞങ്ങൾ ഓടി വീടുപിടിച്ചു. മുരുകൻ ഞങ്ങൾക്ക് ‘ജ്ഞാനപ്പഴം’ തന്നു എന്നൊരു കഥ പിറ്റേന്നു ക്ലാസ്സിൽ പ്രചരിച്ചു. തുടർ ദിവസങ്ങളിൽ കലയും ഞാനും കൂട്ടുകാരും കാര്യങ്ങൾ ചർച്ച ചെയ്തു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഒരു പിടി ഉണ്ടായിരുന്നു. അവളുടെ തമിഴ് പേച്ചായിരുന്നു അതിൽ പ്രധാനം. മലയാളം ചൊവ്വേ അറിയാത്തവളുടെ അന്യഭാഷാജ്ഞാനം അങ്ങനങ്ങ് വക വെച്ചു കൊടുക്കാനാവില്ലല്ലോ. ക്ലാസ്സിൽ കുറേപ്പേർ അത് മുരുകൻ്റെ ശക്തിയാണെന്നു വാദിക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്തപ്പോൾ ഷൈനി രഹസ്യമായി പറഞ്ഞു, അവളുടെ കുഞ്ഞമ്മ മദ്രാസിലല്ലേ , എല്ലാ വല്യവധിക്കും അവളവിടെപ്പോയി രണ്ടു മാസം നിൽക്കും. അങ്ങനെ അവൾക്കു തമിഴറിയാം. ഓഹോ! കുറച്ചു സമാധാനമായി. ഒപ്പം ഇത് മൊത്തം ഉടായിപ്പാണെന്നൊരു തോന്നലും വന്നു. ഷൈനി വഴി വീണ്ടും വിവരങ്ങൾ ചോർത്താൻ ശ്രമം തുടങ്ങി. ആ സരസമ്മച്ചേച്ചി ഇതിനു കൂട്ടുനിൽക്കുന്നത് എന്തിനെന്നായി അടുത്ത സംശയം . എൻ്റെ മാമൻ ജപ്പാനിൽ പോയി വന്നപ്പോൾ കൊണ്ടുത്തന്ന ഫോൾഡിങ്ങ് പുള്ളിക്കുട ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ കൊടുത്തതിനു പകരമായി ആ രഹസ്യവും ചോർന്നു കിട്ടി.
വൈഷ്ണവിയുടെ അച്ഛൻ, നൈജീരിയയിൽ ജോലി ചെയ്യുന്ന ഗോപാലകൃഷ്ണൻ ചേട്ടൻ, ഈ ഒറ്റ മകളെ പഠിപ്പിച്ചു വലിയ നിലയിലാക്കാൻ ആഗ്രഹിക്കുന്നയാളാണ്. അവൾ ക്ലാസ്സിൽ ഫസ്റ്റാണെന്നാണ് അമ്മയും മോളും അച്ഛനെ ധരിപ്പിച്ചിരിക്കുന്നത്. അടുത്താഴ്ച അങ്ങേര് അവധിക്കു വരുന്നുണ്ട്. മിടുമിടുക്കിയായ മകളെ കുറച്ചകലെയുള്ള ബോർഡിങ്ങ് സ്കൂളിലേയ്ക്കു മാറ്റാനാണ് പുള്ളിയുടെ പ്ലാൻ. കള്ളി വെളിച്ചത്താകുമെന്നു ഭയന്നാണ് അവളീ മുരുകൻ കളി തുടങ്ങിയത്. മദ്രാസിൽ കുഞ്ഞമ്മയുടെ വീടിനടുത്തൊരു കുട്ടി ഇങ്ങനെ ആണ്ടവനാകുന്നതവൾ കണ്ടിട്ടുമുണ്ട്. അച്ഛൻ വന്ന്, ഇതെല്ലാം കണ്ട് പദ്ധതി ഉപേക്ഷിക്കും, അപ്പോൾ പതിയെ മുരുകനെയും ഇറക്കിയങ്ങു വിടാമെന്നുെ വെച്ചാണ് തുടങ്ങിയത്. സംഭവം ഏറ്റെടുത്ത ഭക്തകളാണ് ഇപ്പോഴത്തെ തലവേദന. വേൽമുരുകൻ പഴനിമല വിട്ട് നമ്മുടെ നാട്ടിൽ തമ്പടിച്ചെന്ന മട്ടിലാണിപ്പോൾ ഭക്തർ. പൂക്കളും, പനിനീരും, ഭസ്മവും, പണവും സമർപ്പിച്ചു കാലിൽ വീഴുന്ന ഭക്തരെ അച്ഛൻ വന്നാലും ഒഴിപ്പിക്കാനാവുമോ എന്ന ഭയത്തിലാണ് അമ്മയും മോളും.
ഞങ്ങൾക്കു തൃപ്തിയായി. ഗോപാലകൃഷ്ണൻ ചേട്ടൻ ലാൻഡ് ചെയ്ത ഉടനെ ഈ രഹസ്യം, കലയും ഞാനും, അദ്ധ്യാപികമാരായ ഞങ്ങളുടെ അമ്മമാർക്കു കൈമാറി. രണ്ടു മൂന്നു ദിവസത്തിനകം ഒരു സംഘം അദ്ധ്യാപകർ, വൈകിട്ട് മുരുകൻ പ്രത്യക്ഷനായ ഉടൻ അവിടെത്തി ‘ഓപ്പറേഷൻ വേൽമുരുകൻ’ നടത്തി മടങ്ങി. അവരെയും കുളൈന്തകളേ, വിളിച്ചു പിടിച്ചു നിൽക്കാൻ അവൾ നോക്കിയെങ്കിലും രണ്ടുമൂന്നു ചൂരൽ വീണതോടെ മുരുകൻ ബൈ പറഞ്ഞ് ഇറങ്ങിപ്പോയി. തടസ്സം പിടിക്കാൻ വന്ന ഭക്തകൾക്കും കിട്ടി ഒന്നു രണ്ടടി. അച്ഛൻ കട്ടയ്ക്കു കൂടെ നിന്നതുകൊണ്ട് അദ്ധ്യാപകർക്കു ജോലി എളുപ്പമായി.
ഒരാഴ്ച കഴിഞ്ഞു നോക്കുമ്പോൾ, യാതൊന്നും സംഭവിക്കാത്ത മട്ടിൽ പിന്നിലെ ബെഞ്ചിൽ എല്ലാ പരിവേഷവും ഒഴിഞ്ഞ് പഴയ മിണ്ടാപ്പൂച്ച വൈഷ്ണവി ഇരിക്കുന്നു. ആദ്യം കുറച്ചു ദേഷ്യം തോന്നിയെങ്കിലും പതിയെ അതങ്ങു മാറി. കുറച്ചു ദിവസം കഴിഞ്ഞ് , ഒറ്റക്കിരിക്കുന്ന അവളെക്കണ്ടു പാവം തോന്നി ഞാൻ ഷൈനിയോടു ചോദിച്ചു.
“അവൾക്കു സങ്കടമുണ്ടെന്നു തോന്നുന്നല്ലോ. മുരുകൻ കയറിയെന്നു പറഞ്ഞതു കള്ളമാണെങ്കിലും അവൾ നല്ല മുരുകഭക്ത അല്ലേ? അച്ഛനവളെ അമ്പലത്തിൽ പോകാനും സമ്മതിക്കുന്നില്ലെന്നു കേട്ടല്ലോ!”
പൊട്ടിച്ചിരിച്ച് ഷൈനി പറഞ്ഞു.
“എന്തു ഭക്ത? മുരുകൻ്റമ്പലത്തിൽ നിന്ന് വഴിനാമം ( ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊരു ക്ഷേത്രത്തിലേയ്ക്ക് ഭജന പാടി സംഘമായി പോകുന്ന ആ നാട്ടിലെ ഒരാചാരം) വരുമ്പോൾ വീട്ടിനു മുമ്പിൽ കുരുത്തോലേമിട്ട് വിളക്കും കത്തിച്ചു നിന്നിട്ട് അവള് ചൊല്ലുന്നതെന്താന്നറിയാമോ?
എല്ലാരും ഹരഹരോ ഹരഹര പറയുമ്പോ അവളെൻ്റെ ചെവിയിൽ പറയും……..
” ഹരഹരോ മൊളകര
ഹരഹരോ തേങ്ങയര”
അറിയാതെ വിളിച്ചു പോയി ആണ്ടവനേ…………….! വേൽമുരുകാ ………..!
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


20 Comments
കയ്യിലിരിക്കുന്ന സ്റ്റോക്കൊക്കെ പോരട്ടെ താരേ…. ഹരഹര മൊളകര ! ഹരഹര തേങ്ങയര…..
നല്ല മുദ്രാവാക്യം🤣🤣🤣👌👌😍🥰
ആളുകൾക്ക് ബോറടിക്കുന്നതു വരെ എന്തേലുമൊക്കെ
സ്റ്റോക്കെറക്കാം അല്ലേ സഖീ?❤️🥰
ഹര ഹരോ മൊളകര… ചിരിച്ച് ഒരു വഴിക്കായി. അടിമുടി നർമം തകർത്തെഴുതിയ എഴുത്ത്. എല്ലാ ഗ്രാമങ്ങളിലും ഒരു അവതാരം ഇങ്ങനെയുണ്ടാകാറുണ്ട്. പണം, പ്രശസ്തി ഇതൊക്കെ തന്നെ ലക്ഷ്യം. വേറെ അവതാരം celebrity ആകുമ്പോൾ, ഭക്തജനം അങ്ങോട്ടു നീങ്ങും, ഇവർ മെല്ലെ കളം വിടും. ഇവിടെ മോശം പഠിപ്പാണ് അവതാരോദ്ദേശം ല്ലെ?
നല്ല രസികൻ എഴുത്ത്.
👏👍❤️
സ്നേഹം ജോയ്സ്. താങ്കളുടെ കമൻ് തന്നെ പോസ്റ്റിനൊരലങ്കാരമാണ്.😀❤️ സന്തോഷം. ,സ്നേഹം, നന്ദി❤️🥰
താരക്ക് ഹാസ്യവും നന്നായി വഴങ്ങും എന്ന് തെളിയിച്ച പോസ്റ്റ്. സ്കൂളിൽ വള്ളിനിക്കരും കുട്ടിപ്പാവാടയുമിട്ടു നടക്കുന്ന കാലത്തെ രസകരമായ കൊച്ചു സംഭവങ്ങളെ ഹാസ്യത്തിന്റെ മേംപൊടി ചലിച്ചു രസകരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ മോളേ, അഭിനന്ദനങ്ങൾ 👏👏👏❤️❤️❤️
സ്നേഹം ചേട്ടാ. എല്ലാം പോസ്റ്റും വായിച്ച് കമൻ്റിടാൻ തിരക്കിനിടയിലും സമയം കണ്ടെത്തുന്നല്ലോ. ഒത്തിരി സന്തോഷം❤️❤️❤️
എന്നാ പിന്നെ ഞാനും പോയി ലേശം മുളകരച്ചിട്ട് വരട്ടെ. 🤣🤣
ഹര ഹരോ ഹര ഹര ! വേഗം പോയി അരച്ചിട്ടു വരൂ!😂❤️ സ്നേഹം കുഞ്ഞേ .❤️
ഓരോ ആൾ ദൈവങ്ങളുടെയും ഉത്ഭവം ഇങ്ങനെയൊക്കെത്തന്നെ ….. സാമൂഹിക പ്രസക്തിയുള്ളാരു വിഷയം ഹാസ്യത്തിൻ്റെ മേമ്പോടിചേർത്ത് ഭംഗിയായി അവതരിപ്പിച്ചു👍❤️
സ്നേഹം മിനി❤️❤️🥰
കൊള്ളാം, ഹാസ്യത്തിൽ പൊതിഞ്ഞ് കാര്യം നന്നായി അവതരിപ്പിച്ചു. ഭക്തിയുടെ മറവിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എത്രയോ ഉണ്ട്. അതിൽ വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും എല്ലാം പെടും. നല്ല പെട കിട്ടിയാൽ തീരുന്ന പ്രശ്നം അത് കിട്ടാഞ്ഞാൽ നാട്ടിനാകെ പ്രശ്നമായി വലിയ തെറ്റിലേക്ക് നയിക്കാറുമുണ്ട്. കടവുളേ കാപ്പാത്തുങ്കോ… ഹര ഹരോ … ഹര ഹര…😄❤️👍
നന്ദി Sheejith❤️❤️ സ്നേഹം!❤️❤️
നന്ദി❤️ സ്നേഹം Sheejith❤️❤️
ചേച്ചീ.. അടിപൊളി 👌👌. കപടഭക്തരെയും കാള പെറ്റു എന്നു കേട്ട ഉടൻ കയറെടുത്തവരെയും പൊളിച്ചടുക്കി. Operation വേൽമുരുകൻ super👏. എഴുതി കൊണ്ടേയിരികൂ… 🤗😍🥰
സ്നേഹം മകളേ!❤️❤️
നന്ദി❤️ സ്നേഹം Sheejith❤️❤️
ഹര ഹരോ മുളകര 😁😁😁😁സൂപ്പർ ചേച്ചീ ❤️😁😁😁👌
Thanks Jinu❤️
കൊള്ളാം താരച്ചേച്ചീ ഹരഹരോ മുളകര😃😃😃
നല്ല രസകരമായ എഴുത്ത്. ♥️♥️♥️
ദൈവങ്ങളെ കൂട്ടു പിടിച്ച് എന്തെല്ലാം ഉടായിപ്പുകളാണ് ഇന്നും നടക്കുന്നത് അല്ലേ?♥️👌🌹
സ്നേഹം സുമ❤️❤️🥰