ചിത്രത്തിലെ ഇലകൾ, നാലു വയസ്സുകാരൻ കുഞ്ഞാപ്പുവിൻ്റെ ഭാവനയിൽ, വിദേശത്തേക്കുള്ള എയർ ടിക്കറ്റുകളാണ്. അച്ഛനമ്മമാരോടുള്ള കരുതലും സ്നേഹവും നിഷ്ക്കളങ്കമായി രേഖപ്പെടുത്തിയ ഇല ടിക്കറ്റുകൾ !
അവധി കഴിഞ്ഞ് മടങ്ങുന്നതിൻ്റ തലേന്ന് മകൻ നൽകിയ സമ്മാനം അച്ഛനമ്മമാരെ വികാരാധീനരാക്കിയെങ്കിലും കുഞ്ഞാപ്പു കൂൾ ആയിരുന്നു (അയ്യോ അമ്മേ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ ! പറഞ്ഞ് മകൻ കരയാത്തതിൽ അൽപ്പം നിരാശരായിരുന്ന മാതാപിതാക്കൾ, ഇല ടിക്കറ്റ് കിട്ടിയതോടെ ഉന്മേഷഭരിതരായതു കണ്ടപ്പോഴാണ് ഇതിന് ഔഷധ ഗുണവും ഉണ്ടെന്നറിഞ്ഞത്. ) സ്നേഹപ്പശയാൽ ഹൃദയത്തോട് ചേർത്തൊട്ടിച്ചതിനൊപ്പം അവരത് ഫ്രെയിമിലാക്കി ചുമരിനും ജീവനേകി!
പിച്ച വെച്ചപ്പോൾ മുതൽ ചവിട്ടി നിന്ന മണ്ണും, ചുറ്റുമുള്ള പച്ചപ്പും അത്രമേൽ ചേർത്തു പിടിക്കുന്നതുകൊണ്ടാവാം, കുഞ്ഞാപ്പു അവർ അവധി കഴിഞ്ഞു മടങ്ങുമ്പോൾ കുലുങ്ങാത്തത്. കോവിഡ് കാലത്താണ് മകൾ കുഞ്ഞാ പ്പുവിനെ പ്രസവിക്കുന്നത്. നടന്നു തുടങ്ങിയപ്പൊഴേ പ്രകൃതി സ്നേഹിയായ അമ്മ അവനെ മുറ്റത്തേക്കങ്ങിറക്കി വിട്ടു. അവരുടെയല്ല, ഞങ്ങളുടെ കുട്ടിക്കാലത്തിനു സമാനമായ രീതിയിലാണ് അവൻ വളരുന്നത്.. മണ്ണിലും വെള്ളത്തിലും കളിച്ച്, നായക്കുട്ടി കിട്ടുവിനെ കുതിരയാക്കി, പറമ്പിലെ പണിക്കാർക്കൊപ്പം കുഞ്ഞു തൂമ്പ കൊണ്ട് വെട്ടി, കുഴഞ്ഞു മറിഞ്ഞു കളിച്ചവൻ ഈ മണ്ണിൻ്റെ കൂട്ടുകാരനായി. മക്കൾക്കു രണ്ടാൾക്കും ഇത്ര സുരഭിലമായൊരു ബാല്യം കൊടുക്കാൻ ഉദ്യോഗസ്ഥരും അന്ന് ഫ്ലാറ്റ് വാസികളുമായിരുന്ന ഞങ്ങൾക്ക് കഴിഞ്ഞിട്ടേയില്ല. പേരക്കുട്ടിയുടെ കാര്യത്തിൽ, ആ കടം വീട്ടാനുളള കഠിന ശ്രമത്തിലാണ്.
വെല്ലുവിളികൾ ഇല്ലെന്നല്ല. പുതുതായി നടുന്ന ചെടികൾ കടുത്ത ഭീഷണിയിലാണ്. വേരോടെ പിഴുതെടുത്ത് കിട്ടുവിനെ ലീഫും, സ്റ്റെമ്മും, റൂട്ടും പഠിപ്പിക്കുന്ന വിനോദമാണ് ലേറ്റസ്റ്റ്. LKG ലെ ഓരോ പുതിയ പാഠവും വീട്ടിൽ ചിരിക്കൊപ്പം ചില്ലറ തലവേദനകളും ഉണ്ടാക്കുന്നുണ്ട്. ചുമരിലാകെ കോറിയിട്ടിരുന്ന എന്തെന്നറിയാത്ത ചിത്രങ്ങൾ അക്കങ്ങൾക്കും, അക്ഷരങ്ങൾക്കും വഴി മാറി. നായക്കുട്ടി കിട്ടുവിനെ ഇതുവരെ പഠിച്ചതെല്ലാം ഏതാണ്ട് പഠിപ്പിച്ചു കഴിഞ്ഞു. സ്നേഹം വരുമ്പോൾ, പനിക്കൂർക്ക, തുളസി, മാവില എല്ലാം പറിച്ച് കിട്ടുവിനെ ഊട്ടും. ഇടയിൽ ഒന്നു രണ്ടു ചെറിയ കല്ലുകളും കൊടുത്തു കളയും. സ്നേഹാതിരേകത്താൽ പാവം കിട്ടൂപ്പൻ അതും തിന്നും. പിന്നെ ഛർദ്ദിയായി, ചികിത്സയും പുകിലുമായി. കുഞ്ഞാപ്പു ആധി പുറത്തു കാണിക്കാതെ, ഞാനൊന്നും അറിഞ്ഞില്ലേ, ഭാവത്തിൽ കൂടിനടുത്ത് ചുറ്റിത്തിരിയും. വീട്ടുപകരണങ്ങളും വണ്ടികളുമെല്ലാം ഭീഷണി നേരിടുന്നുണ്ട്. അവനെ നോക്കാൻ സഹായിക്കുന്ന കുട്ടി പറയുന്നത് ഇത് നാലാം വയസ്സിലെ നട്ടപ്രാന്താണ് ആൻ്റി വിഷമിക്കണ്ട, അടുത്ത കൊല്ലം മാറുമെന്നാണ്. മൂന്നാം വയസിലെ മുഴുപ്രാന്തോർക്കുമ്പോൾ, ചിലപ്പോൾ ശരിയായിരിക്കുമെന്ന് തോന്നുന്നുണ്ട്.
കാര്യങ്ങൾ സ്വയം ചെയ്യാനുള്ള വ്യഗ്രതയാണ് പല ബുദ്ധിമുട്ടുകൾക്കും കാരണം. എല്ലാം സ്വതന്ത്രമായി ചെയ്യാൻ പ്രാപ്തനായിട്ടില്ലെന്നും അപകട സാധ്യതയുണ്ടെന്നും പറയുന്നത് പലപ്പോഴും ബോധ്യപ്പെടുന്നില്ല. ഒന്നുറപ്പാണ്, സ്വയംപര്യാപ്തതയാവും നാളെ അവൻ്റെ ഏറ്റവും വലിയ പ്ലസ്. ഫോണും, ടി വി യും നോക്കിയിരിക്കുന്നഅലസനും മടിയനുമായിട്ടല്ല വളരുന്നത്. ചെറിയ തുമ്പ ഉപേക്ഷിച്ച്, സാധാരണ തുമ്പയെടുത്ത് ലോൺ വെട്ടി നശിപ്പിച്ച് എൻ്റെ ചങ്കു കലക്കുകയും കാലു മുറിക്കുമോ എന്ന ഭയത്തിൽ ഉരുക്കി നിർത്തുകയും ചെയ്യുന്ന അതേ ആവേശം സ്ക്കൂളിലെ പ്രവർത്തനങ്ങളിലും ഉണ്ടെന്നതും ആശ്വാസം !
മക്കളെ അച്ഛനമ്മമാർ തന്നെ വളർത്തണം, അപ്പുപ്പനും അമ്മുമ്മയും അതേറ്റെടുക്കരുത്, എന്നൊരു ചർച്ച, സജീവമാണല്ലോ. എനിക്കതിനോട് വിയോജിപ്പില്ല. അവനവൻ്റെ മക്കളെ വളർത്തിയ വകയിൽ തന്നെ പിരിവെട്ടി ഇരിക്കുന്ന പ്രായമായ മനുഷ്യർക്ക് സ്വന്തം ഇഷ്ടങ്ങൾക്കു പിന്നാലെ പോകാൻ ആരോഗ്യവും സമയവും കിട്ടണമെന്നതിൽ തർക്കവുമില്ല. എന്നിട്ടും കുഞ്ഞാപ്പു ഞങ്ങൾക്കൊപ്പം വളരുന്നത്, ഇത്ര ജൈവികവും, സ്വാഭാവികവുമായ ചുറ്റുപാട് നൽകാൻ മാതാപിതാക്കളേക്കാൾ ഇപ്പോൾ ഞങ്ങൾക്കാണു കഴിയുക എന്ന വിശ്വാസത്തിലാണ്. തെറ്റാവാം! ബോധ്യങ്ങളുടെ വെളിച്ചത്തിൽ തീരുമാനങ്ങൾ എടുക്കാനല്ലേ കഴിയൂ ?
കുഞ്ഞാപ്പുവിൻ്റെ വളർച്ചാ വഴികളെ, വിമർശന ബുദ്ധിയോടെ നോക്കിക്കാണാനും ശ്രമിക്കാറുണ്ട്. അച്ഛനമ്മമാർക്കൊപ്പം ആയിരുന്നെങ്കിൽ കുറേക്കൂടി അച്ചടക്കവും അനുസരണയും കാണിക്കുകയും (ശീലിക്കുക എന്നെഴുതാത്തത് ബോധപൂർവമാണ്) നിർമ്മിത വൃത്തിയുള്ള അന്തരീക്ഷത്തിൽ വളരുകയും ചെയ്തേനേ. സംശയമില്ല. പക്ഷേ, ഇന്നത്തെ നാട്ടറിവിൻ്റെ പകുതി പോലും ഉണ്ടാകില്ലായിരുന്നു. തുളസിയില കൊണ്ടാ… പനിക്കൂർക്ക കൊണ്ടാ…, എന്നല്ല, ഒരു പിടി കാന്താരി കൊണ്ടാ…, എന്നു പറഞ്ഞാൽ പോലും അടപടലം പറിച്ചെത്തിക്കും കുഞ്ഞൻ. ഇവിടുത്തെ മരങ്ങളെല്ലാം അവനൊപ്പം വളർന്നവയാണ്. അധികം വലുപ്പമായിട്ടില്ല. പേരക്കയും നാരങ്ങയും അബിയുവുമെല്ലാം പറിച്ചെടുത്ത് കടിച്ചു പറിച്ച് അകത്താക്കാൻ മറ്റാരുടെയും സഹായം കാക്കാറില്ല. പട്ടിണിയാകുമെന്നു കണ്ടാൽ കുഞ്ഞു പ്ലാവിൽ നിന്നൊരു ചക്ക കുത്തിയിട്ട്, എങ്ങനെയും മുറിച്ച് വിശപ്പടക്കും എന്നൊരു തോന്നൽ ഞങ്ങൾക്കു തന്നിട്ടുണ്ടവൻ! മൗഗ്ലിയും ടാർസണും കുടുംബക്കാരാണെന്നു തോന്നും കക്ഷിയുടെ ചില നീക്കങ്ങൾ കാണുമ്പോൾ !
കുഞ്ഞാപ്പുവിനെ പറിച്ചു നടുന്നതിൻ്റെ മുന്നോടിയായി കഴിഞ്ഞ വർഷം അച്ഛനുമമ്മയും മണലാരണ്യത്തിൽ നടത്തിയ ട്രയൽ, മൂന്നാം ദിവസം തന്നെ പൊളിഞ്ഞു. ആദ്യ രണ്ടു ദിവസങ്ങളിൽ, വലിയ കെട്ടിടങ്ങളും മുന്തിയ കളിക്കോപ്പുകളും, ഫ്ലാറ്റിലെ ജിമ്മും, പൂളും, കളിസ്ഥലവുമെല്ലാം കണ്ടൊന്നു കാലിടറിയ കുഞ്ഞാപ്പു, മൂന്നാം നാൾ മടങ്ങി വരണമെന്ന ബഹളം തുടങ്ങി. ഞാൻ കൂട്ടത്തിലുളളതു കൊണ്ട്, അപ്പുപ്പൻ്റേം, കിട്ടൂൻ്റേം പേരു പറഞ്ഞായി വിലാപം. അടുത്ത ദിവസങ്ങളിൽ ഇവിടത്തെ ഓരോ മരങ്ങളുടെയും പേരു പറഞ്ഞ് കരച്ചിലായി. ഒടുവിൽ അഞ്ചു വയസ്സ് കഴിയട്ടെ എന്ന കൂട്ടായ തീരുമാനമെടുത്ത് ഞങ്ങൾ നാടിൻ്റെ പച്ചയിലേക്ക് ആഹ്ലാദപൂർവ്വം മടങ്ങി.,
അധികം വൈകാതെ പറിച്ചു നടൽ അനിവാര്യമാണ് എന്ന് അവനെ പതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ആളത് കുറച്ചൊക്കെ ഉൾക്കൊണ്ടിട്ടുമുണ്ട്. അവൻ്റെ പ്രവാസം നേരിടാൻ ഞങ്ങളും തയ്യാറെടുക്കേണ്ടതുണ്ട്. അത്രമേൽ അവൻ ഞങ്ങളിൽ വളർന്നു പോയി.
ഇതൊക്കെയാണെങ്കിലും കൊച്ചുമക്കളെ അപ്പുപ്പനും അമ്മുമ്മയും വളർത്താനേ പാടില്ല, എന്നു തോന്നിയ സന്ദർഭങ്ങളുമുണ്ട്. മൂന്നാം വയസ്സിൽ, അപ്പുപ്പൻ്റെ തൈറോയ്ഡ് ഗുളികക്കുപ്പി തട്ടിയെടുത്തോടി, പിന്നാലെ പാഞ്ഞ 62 കാരിയെ വെട്ടിച്ച് അതിലൊരെണ്ണം അകത്താക്കി ICU കയറിയപ്പോഴാണ് ആദ്യം. പിന്നെ രണ്ടു ദിവസം മുമ്പ് എറണാകുളം സുഭാഷ് പാർക്കിൽ, മലയാള മനോരമ ഹോർത്തുസിൻ്റെ ആരവങ്ങൾക്കിടയിൽ അൽപ നേരം അവൻ കൈവിട്ടു പോയപ്പോൾ ! അന്നേരത്തെ ആധി എഴുതാൻ കരുത്തില്ലാത്തതു കൊണ്ടു മുതിരുന്നില്ല. അവിടെ, അപ്പോൾ പരിചയപ്പെട്ട കൂട്ടുകാർക്കൊപ്പം പാർക്കിൻ്റെ മറ്റൊരു ഭാഗത്തേക്ക് മാറിക്കളഞ്ഞ കുഞ്ഞാപ്പു, ഓടിയിരച്ചു വരുന്നവരെ കണ്ടാണ് വിരണ്ടത്. ഞങ്ങൾ അവനെക്കാണാതെ ഉരുകി പത്തു പന്ത്രണ്ട് വയസ്സ്, കൂട്ടിയെങ്കിലും, കുഞ്ഞാപ്പു നോക്കുമ്പോൾ അവൻ അവൻ്റെ കയ്യിൽ തന്നെയുണ്ട്. എവിടെയും മിസ് ആയിട്ടില്ല. പിന്നെ എന്താണ് പ്രശ്നം?
അല്ലെങ്കിലും മുതിർന്നവരുടെ ആധിയും ആചാരങ്ങളും കുഞ്ഞുങ്ങൾക്ക് എന്നും വിചിത്രമായാണല്ലോ തോന്നുക !
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


10 Comments
കുഞ്ഞാപ്പു വിശേഷങ്ങൾ അസ്സലായി,, തൈറോയ്ഡിൻ്റെ Tablet കഴിച്ചത് ഒഴിച്ചാൽ ബാക്കി എല്ലാം കിടു🥰🥰🥰🥰
വളരെ നന്നായി എഴുതി ❤️ ഒത്തിരി ഇഷ്ടപ്പെട്ടു
Thanks Janet❤️❤️🥰
പ്രകൃതിയോടു ചേർന്നു വളരാൻ ഭാഗ്യം കിട്ടിയ മിടുക്കൻ. നഗരത്തിലെ ഫ്ളാറ്റിലും അവന് ഇഷ്ടങ്ങൾ കണ്ടെത്താനാകും എന്നു കരുതാം അല്ലെ? അതിവേഗം കുതിക്കുന്ന ശാസ്ത്രം നമുക്ക് interesting ഇല്ലാത്ത മേഖലകളിൽ പലതും കുട്ടികളെ ആകർഷിക്കുന്നുണ്ട്.
🥰❤️
സ്നേഹം , സന്തോഷം ജോയ്സ്.❤️❤️🥰
എന്തിനാ കുഞ്ഞാപ്പൂനെ പറഞ്ഞു വിടുന്നത്….. നമ്മുടെ മണ്ണിൻ്റെ മണം ശ്വസിച്ച് വളരട്ടെ…… ഒരുപാടിഷ്ടമായി👍❤️ പിന്നെ ആ ഇലടിക്കറ്റ് ….. സുന്ദരമായ ഭാവന❤️
സ്നേഹം മിനി. വിടാനിഷ്ടമില്ല പിന്നെ അവൻ്റെ കുടുംബത്തിൻ്റെ താളവുമായി ഇണങ്ങണമല്ലോ.❤️❤️🥰
എന്തിനാ കുഞ്ഞാപ്പൂനെ പറഞ്ഞു വിടുന്നത്….. നമ്മുടെ മണ്ണിൻ്റെ മണം ശ്വസിച്ച് വളരട്ടെ…… ഒരുപാടിഷ്ടമായി👍❤️
കുറച്ചു കാലമെങ്കിലും കുഞ്ഞാപ്പു ഇങ്ങനെ തന്നെ വളരട്ടെ♥️. കാർട്ടുണുകളും ഗയിമുകളുമില്ലാത്ത ഒരു ലോകം ഇന്നത്തെ കുഞ്ഞുങ്ങൾക്കില്ലല്ലോ. വളരുമ്പോൾ അവൻ ഇതെല്ലാം മറന്നാലും അപ്പുവിനും അമ്മുവിനും എന്നത്തേക്കുമുള്ള ഓർമ്മകൾ കുഞ്ഞിക്കുട്ടൻ തരുന്നുണ്ടല്ലോ❤️
കുഞ്ഞാപ്പൂ ………ഉ……..മ്മ…….❤️❤️❤️
Hugs ശുമച്ചിറ്റേ! കുഞ്ഞാപ്പൂൻ്റെ ഉമ്മ🥰🥰🥰