#എൻ്റെരചന
”നീയെടുത്ത തീരുമാനം എത്ര ശരിയായിരുന്നു, നിന്നെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു” സുനന്ദ മായയോട് പറഞ്ഞു.
രണ്ടു പേരും കോളേജിൽ ഒരുമിച്ച് പഠിക്കുകയാണ്. ഹോസ്റ്റൽ മുറിയിൽ കിടക്കാൻ നേരത്തെ സംഭാഷണമാണ്. സുനന്ദ തൻ്റെ പ്രണയത്തെ പറ്റി മായയോടു പറയുകയാണ്. തൻ്റെ പിറകെ നടക്കുന്ന അരുണിനെ അവൾക്കിഷ്ടമാണ്. അതവനോട് തുറന്നു പറയാൻ അവൾക്കൊരു മടി. അതിനാൽ തൻ്റെ ചങ്ങാതിയായ മായയോട് പറയുകയാണ്.
“ഞാനവനോട് പറയട്ടെ. നിൻ്റെ അഭിപ്രായം പറ. അവൻ നല്ലവനല്ലേ.സുന്ദരനല്ലേ. എനിക്കു ചേരില്ലേ പറയെടീ.”
മായ പറഞ്ഞു, “നിനക്ക് ഞാനെൻ്റെ പ്രണയം പറഞ്ഞു തരാം. എന്നിട്ടു നീ തീരുമാനിക്കണം നിൻ്റെ പ്രണയം അരുണിനോട് പറയണോ വേണ്ടയോ എന്ന്.”
അങ്ങനെ അവൾ സുനന്ദയോട് തൻ്റെ ജീവിതത്തിലെ സംഭവം പറയുകയാണ്. മായയുടെ അടുത്ത ചങ്ങാതിയാണ് നടാഷ. അവളുടെ ബന്ധുവാണ് നായകൻ. മാസങ്ങളായി അവൻ മായയുടെ പിറകെ അവൻ്റെ ഇഷ്ടവുമായി നടക്കുന്നു. വീട്ടിൽ ധാരാളം പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമായതിനാൽ താനൊരിക്കലും ഇങ്ങനെയുള്ള വിഷയങ്ങളിൽ ചെന്നുചാടില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു. എന്നാൽ അവളുടെ മനസ്സിൽ അവനോട് ഇഷ്ടമുണ്ട്. എപ്പോൾ ചോദിക്കുമ്പോഴും നല്ലൊരു ഫ്രണ്ടായി കണ്ടോളൂ എന്നാണ് മായയുടെ മറുപടി. ദൂതുമായി ഒന്നുരണ്ടു പേരെ പറഞ്ഞയച്ചു. എന്നാൽ മായ തൻ്റെ വാചകങ്ങളിൽ ഉറച്ചു നിന്നു. ഫ്രണ്ട്ഷിപ്പ് മാത്രം.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. നടാഷയ്ക്ക് ഈ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. നടാഷയിൽ നിന്നും മായയുടെ ഫോൺ നമ്പർ അവൻ വാങ്ങിച്ചെടുത്തു മായയെ വിളിച്ചു. നല്ല ഫ്രണ്ടായി തന്നെ തുടരാമെന്ന് അവനും സമ്മതിച്ചു. അങ്ങനെ അവർ ഇടയ്ക്കൊക്കെ വിളിക്കും.
ഒരു ദിവസം സംസാരിച്ചിരിക്കുമ്പോഴാണ് അവൻ പറയുന്നത്. “നീ എൻ്റെ നല്ല ഫ്രണ്ടാണ്. ഞാനൊരു കാര്യം പറഞ്ഞാൽ ആരോടും പറയരുത്.”
എന്താണാവോ അവൻ പറയുന്നത് അവൾ ഉദ്വേഗത്തോടെ ചോദിച്ചു. “എന്തായാലും പറഞ്ഞോളൂ ഞാനാരോടും പറയില്ല.”
അവൻ പറഞ്ഞു തുടങ്ങി. എനിക്ക് കോളേജിൽ മുന്നേ ഒരു സ്നേഹബന്ധമുണ്ടായിരുന്നു. ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായിരുന്നു. അതിനിടയ്ക്ക് അവളുടെ വീട്ടുകാർ അവൾക്ക് കല്യാണമുറപ്പിച്ചു. അവളുടെ കല്യാണവും കഴിഞ്ഞു. എന്നിട്ടും ഞങ്ങൾക്ക് പരസ്പരം മറക്കാൻ പറ്റുന്നില്ല. അവളെയും കൂട്ടി ഞാൻ ബീച്ചിലും പാർക്കിലുമൊക്കെ പോകാറുണ്ട്. അതൊക്കെ മോശമാണെന്ന് എനിക്കറിയാം. അവളെ മറക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ സ്നേഹിച്ചതും പിറകെ നടന്നതും.”
മായ അന്തം വിട്ടു തരിച്ചു നിൽക്കുകയാണ്. താൻ എന്തൊക്കെയാണ് ഈ കേട്ടത്? സിനിമാ കഥയാണോ? ഇതെല്ലാം സത്യമാണോ?
അവൻ്റെ ശബ്ദം അവളെ ചിന്തകളിൽ നിന്നുയർത്തി. “ഹലോ…. ഹലോ.. നീയാരോടും പറയരുത്.”
മായ ഫോണും പിടിച്ച് എത്രനേരം നിന്നെറിയില്ല. അവൻ്റെ വാക്കുകളൊക്കെ അവളുടെ മനസ്സിൽ വീണ്ടും വീണ്ടും വന്നു.
മായ കിടക്കയിലേക്ക് വീണു, ഒരു പാട് ആലോചിച്ചു. അവൾക്ക് തന്നെ കുറിച്ച് മതിപ്പ് തോന്നി. അവനോട് തൻ്റെ ഇഷ്ടം പറഞ്ഞിരുന്നെങ്കിൽ എന്തെല്ലാം സംഭവിച്ചേനെ? എന്തെല്ലാം പ്രശ്നങ്ങൾ വന്നേനെ? മായ നിൻ്റെ തീരുമാനം വളരെ ശരിയായിരുന്നു. അവൾ അവളെ തന്നെ പുകഴ്ത്തുമായിരുന്നു.
ഈ കഥയാണ് സുനന്ദയോട് പറഞ്ഞത്.
സുനന്ദയുടെ വാക്കുകളാണ് മായയെ ഉണർത്തിയത്. “നിന്നെപ്പോലൊരു ഫ്രണ്ട് എൻ്റെ ഭാഗ്യമാണ്. എൻ്റെ പ്രണയവും മനസ്സിൻ്റെ കോണിൽ സൂക്ഷിക്കാം. ഭാഗ്യമുണ്ടെങ്കിൽ അല്ല വിധിയുണ്ടെങ്കിൽ ഞങ്ങൾ ഒരുമിക്കുമല്ലേ.”
“അതേടീ സുനന്ദേ, അതൊക്കെ നമ്മുടെ വീട്ടുകാർ തീരുമാനിക്കട്ടെ. നമുക്ക് നന്നായി പഠിക്കാം, സ്വപ്നങ്ങൾ കാണാം.”
മനസ്സിലെ ഭാരമെല്ലാം ഇറക്കി വെച്ച് സുനന്ദയും ഉറങ്ങി നല്ലൊരു പുലരിക്കായ് പ്രാർത്ഥിച്ചുകൊണ്ട്……..


5 Comments
നന്നായി എഴുതി👍❤️
Thank you 🙏
വായിച്ചു. നല്ല കഥ ♥️👌❤️
എഴുതിക്കൊണ്ടിരിക്കൂ
നന്ദി.തീർച്ചയായും എഴുതാം.
വായിച്ച് എല്ലാവരും അഭിപ്രായം പറയണേ