ആദ്യമേ ഞാൻ നിങ്ങളോട് പറയട്ടെ, സീരിയസ് ആയി ഞാൻ പറയുന്ന കാര്യങ്ങൾ കേട്ട് ബ്ലാക്ക് കോമഡി എന്നൊക്കെ പറഞ്ഞ് അപമാനിക്കുന്നതെന്തിനാണ്? ഞാൻ കറുത്തിട്ടില്ല! ജീവിതത്തിൽ ടെൻഷൻ വരുമ്പോൾ ആരും എണ്ണയുടെ നിറം ആയിപ്പോകും. അഭിനയ ജീവിതത്തിൽ പലപ്പോഴും എനിക്ക് ശരീരത്തിൽ കരി പുരട്ടേണ്ടി വന്നിട്ടുണ്ട്. എൻ്റെ ആത്മാർത്ഥത നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പണ്ട് ഗാന്ധി നഗർ സിനിമയിൽ കള്ളനായ സുഹൃ ത്തിനെസഹായിക്കാൻ വേണ്ടി ശരീരത്തിൽ കരി പുരട്ടിയത് നിങ്ങൾക്കോർമ്മയില്ലേ? പിന്നെ മറ്റൊരു സിനിമയിൽ അമേരിക്കയിൽ വച്ച് നീഗ്രോ ആയി അഭിനയിക്കാൻ വേണ്ടി ലാലിന്റെ കൂടെ വീണ്ടും കരി തേച്ചു. (കൂടുതൽ കരി വേണ്ടി വരില്ല എന്ന് അവൻ പറഞ്ഞത് ഞാനും കേട്ടു.) പിന്നെ ഫ്രണ്ട്സിൽ ജനാർദ്ദനൻ കോപം നിമിത്തം വീണ്ടും എന്നെ കരിവീപ്പയിൽ ഇട്ട് ഉരുട്ടി എടുത്തു. നിങ്ങൾ പറയൂ! ഞാൻ എങ്ങനെകറുക്കാതി രിക്കും? തേൻമാവിൻ കൊമ്പത്ത് അഭിനയിക്കു മ്പോഴും എൻ്റെ മേൽ കരിപുരട്ടി പ്രിയൻ ഒരു വെടിക്ക് മൂന്ന് പക്ഷികളെ വീഴ്ത്തി.
സാമാന്യം ഉയരംഉള്ള വ്യക്തിയാണ് ഞാൻ. പക്ഷേ എന്നെ അപമാനിച്ചേ അടങ്ങു എന്നാ യാൽ? ഒരവാർഡ് നൈറ്റിൽ ഞാൻ പറഞ്ഞു, എന്നെ അപമാനിക്കാൻ വേണ്ടിയാണ് വെളുത്ത് ഉയരം കൂടിയ പെൺകുട്ടികൾ എൻ്റെ അകമ്പടി ആയി വന്നത് എന്ന്. എൻ്റെ ന്യായം മനസ്സിലാക്കു ന്നതിനു പകരം ആളുകൾ കൂവി ആർക്കുന്നതാണ് കണ്ടത്. പിന്നീടൊരിക്കൽ മലയാളം അറിയില്ല എന്ന് പറഞ്ഞ് ഇംപ്രഷൻ ഉണ്ടാക്കാൻ നോക്കി. അത് ഏറ്റില്ല. എന്റെ്റെ സ്വഭാവം നന്നായപ്പോൾ ഉടൻ തന്നെ എന്നെ എനിക്ക് സ്വാഭാവ അവാർഡ് ഏഷ്യാനെറ്റ് തന്നു.
ഞാനൊരു എഴുത്തുകാരൻ ആണ് എന്നാണ് എന്റെ വിശ്വാസം. നരിച്ചീറുകൾ എന്നൊരു കൃതി ഞാൻ എഴുതിയിട്ടുണ്ട്. ശരശയ്യാ.. എന്നവസാനിക്കുന്ന കവിതക്ക് ജ്ഞാനപീഠം ഉറപ്പിച്ചതാണ്. അഴകിയ രാവണൻ്റെ സെറ്റിൽ മാറിമാറി കാണിക്കേണ്ട സീനുകൾ ഞാൻ വിശദമാക്കിയത് മലയാളികൾ മനഃപാഠം ആക്കിയിരിക്കുന്നു.
എന്നിലെ പാട്ടുകാരനെ നിങ്ങൾ അംഗീകരി ക്കാത്തതിൽ ഞാൻ ശക്തമായി പ്രതിഷേധിക്കു ന്നു. മിമിക്രിക്കാർ മാത്രമാണ് “എന്റെ കുണുക്കിട്ട കോഴി കുളക്കോഴി” ഏറ്റു ചൊല്ലുന്നത്. റോസാപ്പൂ വുമായി “പവിഴമല്ലി പൂത്തുലഞ്ഞു നീലവാന്ന എന്ന്” ഹൃദയം തുളുമ്പി പാടിയത് നിങ്ങൾക്ക്ഓർമ്മയില്ല അല്ലേ? എന്നാൽ മനുഷ്യന് സ്വസ്ഥത നശിക്കാൻ പാട്ടു മതി. വീട്ടിൽ അനുജൻ പാടിയാലും മകൻ പാടിയാലും ഞാൻ പൊറുക്കില്ല. വടക്കുനോക്കിയന്ത്രത്തിൽ അനുജൻ; മകന്റെ അച്ഛ നിൽ സ്വന്തം മകൻ തന്നെ പാട്ടു പാടി എന്റെ സ്വൈരം കെടുത്തി. പാട്ടു പാടാനും ചെസ്സു കളിക്കാനും ഉള്ള സമയം ഏതാണെന്ന് അവർക്ക് നിങ്ങൾ പറഞ്ഞു കൊടുക്കണം. എന്നാൽ മകന്റെ സിനിമയിൽ അഭിനയിക്കും. അതിന് ബാലൻപിള്ള യുടെ റോൾ എടുക്കില്ല. വീട്ടിലായാലും നാട്ടിലായാലും ആരും തലയിൽ കയറി നിരങ്ങുന്നത് എനിക്കിഷ്ടമല്ല. സ്വന്തം വീട് മാനങ്കര മണ്ഡലത്തിലെ പാർട്ടി ഓഫീസ് ആയി പ്രഖ്യാപിച്ച് മുറ്റത്ത് കൊടി നാട്ടി സല്യൂട്ട് ചെയ്‌തിട്ടാണ് ഞാൻ അനുജനോടുള്ള രാഷ്ട്രീയ യുദ്ധത്തിന് കച്ചകെട്ടിയത്.
സ്കൂൾ അദ്ധ്യാപകൻ ആകാൻ കാശ് കൊടുത്തു. പക്ഷേ മുകേഷ് ആ ജോലി അടിച്ചെടുത്തു. മാനേജരുടെ മകളെ കെട്ടി പുതിയ മാനേജർ ആയി ഞാനവനോട് പക നീട്ടി. എന്നാൽ കിട്ടിയ ജോലിക്ക് പോകാതെ ആത്മീയതയും ആയി നടന്നതും ഞാൻ തന്നെ. സ്വസ്ഥത കിട്ടാൻ വക്കീൽ പണി ഞാൻ ചെയ്‌തു. പ്രത്യേകിച്ച് ശോഭനയുടെ പ്രശ്ന ങ്ങളിൽ.
പത്രപ്രവർത്തകൻ, വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവയായും ഞാൻ തിളങ്ങി യിട്ടുണ്ട്. പോളിടെക്നിക്കിൽ പഠിച്ച എന്റെ തലയിൽ ഡ്രൈവിംഗ് പഠിപ്പിക്കലിന്റെ പേരിൽ വെറും ഒരു പ്യൂൺ കുതിര കയറിയാൽ എനിക്ക് ഭ്രാന്ത് പിടി ക്കും. അബദ്ധം വരുമ്പോൾ എക്കിൾവരും. പേറ്റന്റ്റിന് ശ്രമിക്കുന്നുണ്ട്. ഒലക്ക പണ്ടേ ഒരു വീക്ക്‌നെസ്സ് ആണ്. പൂച്ചക്കൊരു മുക്കൂത്തിയിൽ ഭ്രാന്തനെന്നു കരുതി കുതിരവട്ടം പപ്പുവിന് ഉലക്ക കൊണ്ടൊരു കൊട്ടു കൊടുത്തപ്പോൾ അയാൾക്ക് ശരിക്കും വട്ടായി തെരുവിൽ ഇറങ്ങി.
രാത്രിയിൽ ആരോ വീട്ടിൽ വരുന്നത് ശ്രദ്ധിച്ച ഞാൻ അവനെ അടിക്കാൻ അടുത്ത ഹോട്ടൽ കൗണ്ടറിൽ പോയി ചോദിച്ചത് ഉലക്കയാണ്. സ്വന്തം വീട്ടിലെ അലമാരയിൽ കയറി ഒളിച്ച് തലക്കടി വാങ്ങിയതും ആ സിനിമയിൽ ആണ്.
ചിത്രം എന്ന സിനിമയിൽ കാണുന്നതൊന്നും സത്യമല്ല എന്ന് അമ്മാമ്മയോട് പറഞ്ഞ് തുടങ്ങുന്നതും “ഇത് ഉലക്കയല്ല” എന്ന് പറഞ്ഞു കൊണ്ടാണ്.
പോലീസായി പ്രവർത്തി ക്കുമ്പോൾ ചുരുങ്ങിയത് എസ്.ഐ. എങ്കിലും ആകണം. കോൺസ്റ്റബിൾ വിളി കേട്ടാൽ എനിക്ക് ചൊറിഞ്ഞുവരും. യൂണിഫോമിട്ടാൽ സീരിയസ് ആണ്. നമ്മുടെ കാര്യം നടക്കുന്നതു വരെ, അതുകഴിഞ്ഞാൽ ത്രില്ലുപോയി. നടക്കാവുകാരനെ നടക്കാവുന്ന ദൂരമേ ഉള്ളൂ എന്നു പറഞ്ഞും ചെലവൂരുകാരനെ ചെലവ് വരും എന്ന് പറഞ്ഞും ഞാൻ വിരട്ടിയിട്ടുണ്ട്. കോൺസ്റ്റബിൾ പണി, അത് സി.ഐ.ഡി. യിൽ ആയാലും ട്രാഫിക്കിൽ ആയാലും സസ്പെൻഷൻ വാങ്ങിച്ചിരി ക്കും. അവിവേകം കാർത്തിക പറഞ്ഞാലും ഞാൻ പൊറുക്കില്ല. സുഹൃത്തിനെ ആദ്യം സഹായിച്ചു എന്നും വരില്ല.
കാർത്തികയുടെ ചിരിയിൽ ഷൂട്ടിങ്ങ് വരെ തടസ്സപ്പെട്ടിട്ടുണ്ട്. ചിരി കഴിഞ്ഞ് മതി ഷൂട്ടിങ്ങ് എന്ന് എനിക്ക് പറയേണ്ടി വന്നു. അതേ സിനിമയിൽ, ഗൗരവത്തിൽ വീടൊഴിപ്പിക്കാൻ ജീപ്പിൽ നിന്നിറങ്ങുന്ന സീൻ ഉണ്ട്. നിങ്ങളും, അഭിനയിച്ച ലാലും ചിരിച്ച് ആ സീൻ കുളമാക്കി. ഒരുമിച്ച് സി. ഐ.ഡി. ആയി. എന്നാൽ ജീവിതത്തിൽ അവൻ മാത്രം ലഫ്റ്റന്റ് കേണൽ. സൂപ്പർ സ്റ്റാർ സരോജ് കുമാറിൽ കേണൽ പദവി എങ്ങിനെ ഒപ്പിക്കാം എന്ന് ഞാൻ കാണിച്ചുകൊടുത്തിട്ടുണ്ട്.
ഗൾഫിൽ പോകുക എന്നതൊരു സ്വപ്നം ആയിരുന്നു. കരകാണാ കടലലമേലെ ഞങ്ങൾ പോയി ഇറങ്ങിയത് മദ്രാസിൽ. ഗഫൂർക്കാ ദോസ്‌ത് ഞങ്ങളെ പറ്റിച്ചു. മാനത്തെ ചന്ദ്രികയും മണിമാളികയും സ്വപ്നം കണ്ടു. ഞാൻ അവസാനം അറബിക്കഥയിൽ ഇതൊക്കെ വെറും കിനാവ് മാത്രം ആണെന്നു മനസ്സിലാക്കി. നാട്ടിലേക്കാൾ ചതിയും വഞ്ചനയും അവിടെ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഗദ്ദാമയുടെ കാര്യത്തിൽ ഒരു സാമൂഹ്യ പ്രവർത്തകനായി നില കൊണ്ടു. ഫഹദിന്റെ കാര്യത്തിൽ പക്വത ആയ നാട്ടുകാരൻ എന്ന നിലക്ക് ഉപദേശിക്കാനെങ്കിലും സാധിച്ചു.
അമേരിക്കയിൽ പോകാൻ വേണ്ടി കവിളിൽ തല്ലു വാങ്ങിച്ചതും മീൻ അവിയൽ ഉണ്ടാക്കിയതും ഒന്നും ഞാൻ മറന്നിട്ടില്ല. ഷൂട്ടിങ്ങ് കഴിഞ്ഞ് ലാലിന്റെ പാസ്പോർട്ട് ഷൂസിനുള്ളിൽ ഒളിപ്പിച്ച് ഞാൻ പകരം വീട്ടി. പിന്നെ അവൻ എന്റെ മൂന്നാം ബീവിയെ അടിച്ച് മാറ്റാൻ നോക്കിയല്ലോ? മിഥുനത്തിൽ എല്ലാ കളിക്കും കൂട്ടുനിന്ന് അവസാനം ഞാൻ അവന്റെ പെങ്ങളെ അടിച്ചുമാറ്റിയതുകൊണ്ടായിരിക്കണം. സുഹൃദ്‌ബന്ധത്തിന്റെ ആഴം മമ്മൂട്ടി കഥ പറഞ്ഞപ്പോൾ വ്യക്തമായി. വരട്ടു രാഷ്ട്രീയ തത്വവാദം എനിക്ക് പണ്ടേ ഹരം ആണ്. കപട ആത്മീയതക്കാരെ കളിയാക്കിയില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല. ആപ്പിളിന് പകരം സ്വാമിമാർ ഗോതമ്പും പഞ്ചസാരയും ശൂന്യതയിൽ നിന്ന് സൃഷ്ടിക്കട്ടെ.
ജീവിതാനുഭവങ്ങൾ തന്നെ ആണ് പലതും എന്നെക്കൊണ്ട് പറയിപ്പിക്കുന്നത്. വിറ്റുപോയ പറമ്പു കിളക്കാൻ വരുന്നവരോട് അച്ഛനെ അടക്കിയ സ്ഥലം കിളക്കരുത് എന്ന് നിസ്സഹായനായി ആഗ്രഹം പറയുന്ന, സ്വന്തം ജീവിതത്തിൽ പറഞ്ഞ ശ്രീനിവാസനാണു ഞാൻ.
വടക്കുനോക്കിയന്ത്രത്തിന് അവാർഡ് കിട്ടിയത് പതിവ് ചട്ടവട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു എന്ന മുറവിളി ഞാൻ കേട്ടു. 1987 ൽ “ദൂരെ ദൂരെ കൂടുകൂട്ടാം” എന്ന സിനിമക്ക് ദേശീയ അവാർഡ് ലഭിച്ചു. 1999 ൽ “ചിന്താവിഷ്ടയായ ശ്യാമളക്കും” ദേശീയ അവാർഡ് ലഭിച്ചു. അടുത്ത ദേശീയ അവാർഡെന്ന നീലക്കുറിഞ്ഞി പൂത്താൽ നിങ്ങളെപ്പോലെ ഞാനും സന്തോഷിക്കും ഒരു നാൾ വരും എന്ന് പറയാൻ ഞാനില്ല. കഥകളും കഥാപാത്രങ്ങളും നിങ്ങൾക്ക് സമർപ്പിക്കുന്നു.
എനിക്ക് വിട നൽകുക…


5 Comments
മലയാള സിനിമയിലെ ഹാസ്യത്തിന്റെ രാജകുമാരൻ ശ്രീനിവാസന് ചേരുന്ന tribute.👏
🙏
മഹാനായ കലാകാരൻ 🙏🙏
മണിമുഴക്കം മുതലിങ്ങോട്ട് എത്രയോ സിനിമകളിലൂടെ ചിരിപ്പിച്ച ചിന്തിപ്പിച്ച ചിലപ്പോഴെങ്കിലും മനസ്സു നോവിപ്പിച്ച പ്രിയ കലാകാരാ കണ്ണീരോടെ വിട
🌹🙏🙏🌹
വായനാ സുഖം തരുന്ന നല്ലൊരു ബ്ലോഗ്.
മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ ഇതിലും നല്ലൊരു tribute ഇല്ല.
നല്ല വിട നൽകൽ കുറിപ്പ്. നല്ല വായന തന്നു . നന്ദി.❤️❤️