അടുത്ത ദിവസം ഡാനിയേലയെ കാണാനെത്തിയ റീത്ത സമ്മാനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു.
“ഇതെവിടുന്നാ ഗബ്രിയേലെ ഇതൊക്കെ, നിനക്കെവിടുന്നാണ് ഇത്രയും പണം. പത്ത് ദിവസം ഇറച്ചി വെട്ടിയാൽ ഇത്രയും പണമൊക്കെ കിട്ടുമോ?”
“റീത്ത നീ ഇതാരോടും പറയണ്ട. ഇതൊക്കെ എനിക്ക് വാങ്ങി തന്നത് ജാൻസി ചേച്ചിയാണ്. പതിയെ ജോലി ചെയ്ത് കടം വീട്ടിയാൽ മതിയെന്നവർ പറഞ്ഞു. പൗലോ മാപ്ലയും സൈമൺ ചേട്ടനും അറിയാതെയാണ് ഇതൊക്കെ വാങ്ങി തന്നത്. “
“ഞാൻ ഇതാരോടും പറയില്ല. എന്നാലും ജാൻസി ചേച്ചിക്കെന്താ നിന്നോടിത്ര സ്നേഹം. നിന്നെ ഇപ്പോഴല്ലേ പരിചയപ്പെടുന്നത്. “
“അതൊന്നും എനിക്കറിയില്ല. തയ്യൽ ക്ലാസ്സിൽ പോയിട്ട് എന്നും കട വഴിയാണ് ചേച്ചി മടങ്ങി പോകുന്നത്. ഞാനാദ്യം ചേച്ചിയെ കാണുമ്പോൾ എംബ്രോയിഡറി ചെയ്ത തൂവെള്ള സാരിയാണ് ചേച്ചി ഉടുത്തിരുന്നത്, ഞാൻ കരുതി ഇറച്ചി കടയിലേക്ക് ഒരു മാലാഖ കയറി വരുവാണെന്ന്. എന്നെ നോക്കി ചിരിച്ചപ്പോൾ എനിക്ക് സന്തോഷമായി. എന്ത് ഭംഗിയാണ് ആ ചിരിയ്ക്ക്. “
“അപ്പോൾ നിൻ്റെ പെരേര മാലാഖയോ?, ആ മാലാഖ നിന്നെ കളഞ്ഞോ. “
“ഞാൻ കടയിൽ വിഷമിച്ചു നിൽക്കുന്നത് കണ്ട് ജാൻസി ചേച്ചി രഹസ്യമായി എന്നോട് കാര്യം അന്വേഷിച്ചു. നീയല്ലേ പറഞ്ഞത് ഇതൊന്നും ആരോടും പറയണ്ടായെന്ന്. പിന്നെ ചേച്ചി നിർബന്ധിച്ചപ്പോൾ ഞാൻ ഡാനിയേലയുടെ കാര്യം പറഞ്ഞ് പോയി. “
“ഒരാഴ്ച കൊണ്ട് നിനക്ക് അവരോട് അത്ര അടുപ്പമായോ. ആ സൈമൺ കാര്യം അറിഞ്ഞോ. “
“ഇല്ല ചേച്ചി എല്ലാം രഹസ്യമാക്കി വച്ചു. ഇതെല്ലാം വാങ്ങി ഞങ്ങൾ പലചരക്ക് കടയിൽ ഒളിച്ചു വച്ചു. എന്നോട് ചേച്ചിക്ക് ഭയങ്കര ഇഷ്ടമാണ്. “
“ഇഷ്ടമൊക്കെ നല്ലതാണ്, അവരെ നീ കൊലയ്ക്ക് കൊടുക്കരുത്. പൗലോച്ചനും സൈമണും, രണ്ടിൻ്റേയും ചോര പുരണ്ട കരങ്ങളാണ്. പാവം ജാൻസി. സൈമൺ അവരുടെ സൗന്ദര്യം കണ്ട് കെട്ടി കൊണ്ട് വന്നതാണ്. “
റീത്ത വെള്ളകല്ലുകൾ പതിച്ച കുഞ്ഞികമ്മലുകൾ പുറത്തെടുത്ത് ഡാനിയേലയുടെ മുഖത്ത് ചേർത്ത് പിടിച്ചു.
“നല്ല ഭംഗിയുണ്ട്, പക്ഷേ ഇവളുടെ കാത് കുത്തിയിട്ടില്ലല്ലോ. “
“ഡാനിയേലയ്ക്ക് ഇവിടുത്തെ പെണ്ണുങ്ങളെ പോലെ കാത് കുത്തി കമ്മലിട്ട് നടക്കാൻ ആഗ്രഹമുണ്ട്. പക്ഷേ മാമായി സമ്മതിക്കില്ല. “
റീത്തയും ഗബ്രിയേലും പോയി കാട്ട് നാരകത്തിൻ്റെ മുള്ള് പറിച്ചു കൊണ്ടു വന്നു. അത് കൊണ്ട് റീത്ത ഡാനിയേലയുടെ കാതുകൾ കുത്തി. അവളെ ആദ്യമായി കമ്മലണിയിച്ചു.
“ഗബ്രിയേൽ നോക്കൂ, ഇപ്പോൾ ഡാനിയേലയെ കാണാനൊരു രാജകുമാരിയെ പോലെയില്ലേ. “
ആദ്യമായി കമ്മലണിഞ്ഞ്, പുതുപുത്തൻ ഉടുപ്പണിഞ്ഞ ഡാനിയേലയെ കണ്ടപ്പോൾ ഗബ്രിയേലിന് അഭിമാനം തോന്നി. താനൊരു വല്യേട്ടനായത് പോലെ ഗബ്രിയേലിന് തോന്നി.
മടങ്ങാൻ നേരം റീത്ത വീണ്ടും ഗബ്രിയേലിനോട് ജാൻസിയെക്കുറിച്ച് ചോദിച്ചു.
“എന്നാലും ഗബ്രിയേലെ, ജാൻസി ചേച്ചി നിന്നെ സഹായിച്ചത് എന്തിനാകും. ആദ്യമായി പരിചയപ്പെട്ട നിന്നോട് അവർക്ക് ഇത്ര അനുകമ്പ തോന്നാൻ കാരണമെന്താകും. “
“നീ അത് വിട്ടില്ലേ ഇത് വരെ. എന്താണൊരു അസൂയ, ഞാൻ ജോലി ചെയ്ത് അവരുടെ കടം വീട്ടും. “
ഏഴാം ദിവസം ഗബ്രിയേൽ ഡാനിയേലയുടെ ചടങ്ങുകൾ നടത്താൻ മാഗിയെ വിളിപ്പിച്ചു. മാഗിയും റീത്തയും ഡാനിയേലയെ മഞ്ഞൾ അരച്ച് തേച്ച്, പച്ച മരുന്നുകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിച്ചു പുതിയ പായയിൽ ഇരുത്തി. അരിയും തേങ്ങയും ശർക്കരയും നെയ്യും ചേർത്ത് ഉണ്ടാക്കിയ പായസം നൽകി. വെറ്റില നീരിൽ പച്ചമരുന്നുകൾ ചേർത്തരച്ച് കഴിക്കാൻ നൽകി. അങ്ങനെ ഡാനിയേലയുടെ തെരണ്ട് കല്യാണം നാടൻ രീതിയിൽ കഴിപ്പിച്ചു.
“ഗബ്രിയേൽ ഈ പായസവും കൊണ്ട് നീ എങ്ങോട്ടാണ്. “
റീത്ത ചോദിച്ചു.
“ഞാൻ ഇത് ജാൻസി ചേച്ചിക്ക് കൊടുത്തിട്ട് വരാം. അത് വരെ നീ ഇവളുടെ കൂടെയിരിക്ക് റീത്ത. “
പിറ്റേ ദിവസം, ഗബ്രിയേൽ എന്നത്തേയും പോലെ ഇറച്ചിക്കടയിൽ പോയി. ഡാനിയേല അലക്കിയ തുണികൾ വിരിച്ചു കൊണ്ട് മുറ്റത്ത് നിൽക്കുമ്പോൾ, ദൂരെ മലയിൽ നിന്നും കറുത്ത തുണിയിൽ പൊതിഞ്ഞ ഒരു രൂപം കൂനിപ്പിടിച്ച് നടന്ന് വരുന്നു.
ആ രൂപം കണ്ട് ഡാനിയേല പേടിച്ചു. അടുത്തെത്തിയപ്പോൾ അത് പുതച്ചിരുന്ന കറുത്ത കരിമ്പടം എടുത്ത് മാറ്റി.
“മാമായി. “
ഡാനിയേല സന്തോഷം കൊണ്ട് നിലവിളിച്ചു. അവൾ സ്നേഹത്തോടെ ഫ്രാൻസിസ്കയെ കെട്ടിപ്പിടിച്ചു. ഫ്രാൻസിസ്ക അവളോട് വളരെ ഗൗരവത്തോടെയാണ് സംസാരിച്ചത്. മാമായിയുടെ പെട്ടെന്നുള്ള മാറ്റം ഡാനിയേലയെ കരയിച്ചു.
“ഗബ്രിയേൽ എവിടെ പോയി?”
“അടിവാരത്തെ ഇറച്ചിക്കടയിൽ ജോലിക്ക് പോയി. “
“എന്തിന്?”
ഡാനിയേലക്ക് ദേഷ്യം വന്നു.
“ഞങ്ങൾ രണ്ട് പേരും പട്ടിണി കിടന്ന് മരിക്കാതിരിക്കാൻ….. വേറെ മാർഗ്ഗമില്ലായിരുന്നു. “
ഡാനിയേലയെ തള്ളിമാറ്റി മാമായി വീടിനകത്തേക്ക് കയറി.
ഡാനിയേലയുടെ കാലിൽ കെട്ടിയ താലിസ്മാൻ കണ്ട് ഫ്രാൻസിസ്കയ്ക്ക് ദേഷ്യം വന്നു.
“ഇതെവിടുന്നാ. “
“അറിയില്ല, ഗബ്രിയേൽ എൻ്റെ സുരക്ഷയ്ക്ക് എന്ന് പറഞ്ഞ് കെട്ടി തന്നതാണ്. “
“അവനൊരു പൊട്ടൻ തന്നെ, ഇതാരെങ്കിലും കാലിൽ കെട്ടുമോ. ഇതൊരു ശക്തി കൂടിയ താലിസ്മാൻ ആണ്, എൻ്റെ മുത്തശ്ശി പോർട്ടുഗലിൽ നിന്നും കൊണ്ട് വന്നതാണ്. എന്തായാലും അവനിത് നിനക്ക് തന്നതല്ലേ. “
ഫ്രാൻസിസ്ക ആ താലിസ്മാൻ അവളുടെ കാലിൽ നിന്നും ഊരി എന്തൊക്കെയോ മന്ത്രിച്ച് കൊണ്ട് അവളുടെ കഴുത്തിൽ കെട്ടി കൊടുത്തു
“ഇനി ഇത് നിൻ്റെ കഴുത്തിൽ കിടന്നോട്ടെ. “
മാമായി ഡാനിയേലയെ കെട്ടിപ്പിടിച്ചു ഉമ്മ നൽകി. തൻ്റെ പഴയ മാമായിയെ തിരികെ കിട്ടിയ സന്തോഷത്തിൽ ഡാനിയേല മാമായിയെ തുരുതുരെ ഉമ്മ വച്ചു.
ഡാനിയേല പത്തൊമ്പത് ദിവസങ്ങളിൽ നടന്ന വിശേഷങ്ങൾ മാമായിയോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞ് കൊടുത്തു.
“മ് മം. “
മാമായി എല്ലാം മൂളി കേട്ടു. ഡാനിയേലയുടെ മുടിയിൽ തഴുകി, അവളുടെ തുളച്ച കാതുകൾ ഫ്രാൻസിസ്കയേ സങ്കടപ്പെടുത്തി.
“ആരാണ് നിന്നോട് ഇങ്ങനെ ചെയ്തത്. നീയെന്തിനാണ് തീയത്തികളെ പോലെ കാത് തുളച്ച് കമ്മലിട്ടത്. നിൻ്റെ അപ്പൻ ഒരിക്കൽ നിൻ്റെ കാത് കുത്താൻ നോക്കിയതാ. ഞാൻ അന്ന് സമ്മതിച്ചില്ല. കണാരൻ്റെ ആഗ്രഹം മകൻ നടപ്പിലാക്കി കൊടുത്തല്ലേ. “
ഫ്രാൻസിസ്ക നെടുവീർപ്പിട്ടു.
“ഡാനിയേല നീ ഗബ്രിയേലിനെ പോലെയല്ല, ജനിച്ചപ്പോൾ എല്ലാ വിധ ലക്ഷണങ്ങളും തികഞ്ഞൊരു പെൺകുട്ടിയായിരുന്നു. നീ എൻ്റെ മുത്തശ്ശിയുടെ പിൻഗാമി ആകാൻ തികച്ചും യോഗ്യയായിരുന്നു. പക്ഷെ കാതുകളിലെ ഈ തുളകൾ.. അതൊരു നല്ല ലക്ഷണമല്ല. നീയൊരു ലക്ഷണമൊത്ത വിച്ച് ആകേണ്ടവൾ ആയിരുന്നു. “
ഡാനിയേല മാമായിയുടെ കയ്യിൽ പിടിച്ച് തഴുകി.
“ഞാൻ ആ ലക്ഷ്യത്തോടെയാണ് നിന്നെ വളർത്തി കൊണ്ട് വന്നത്. എൻ്റെ മുത്തശ്ശിയുടെ പിൻഗാമിയാക്കാൻ, കാലിൻ്റെ ബലക്കുറവ് മൂലം ഞാൻ തെരെഞ്ഞെടുക്കപ്പെട്ടില്ല. നീ സർവ്വ ലക്ഷണങ്ങളും തികഞ്ഞവളാണ്, നിന്നെ ഈ വീടിന് പുറത്തിറക്കാതെ, സ്കൂളിൽ വിടാതെ ഞാൻ തടഞ്ഞത് അതിന് വേണ്ടിയായിരുന്നു. ഇത് ചതിയാണ്, എന്നെ സ്വപ്നം കാണിച്ച് ഇവിടുന്ന് മാറ്റിയതാണ്. “
“ആര്. “
“നിൻ്റെ അപ്പൻ്റെ പെങ്ങൾ. നിന്നെ ഞാൻ അവർക്ക് വിട്ട് കൊടുക്കില്ല. നീയാണെൻ്റെ യഥാർത്ഥ ചോര. “
“അപ്പോൾ ഗബ്രിയേൽ. “
“ഗബ്രിയേൽ അതിന് പറ്റിയവനല്ല. ഞാനറിയാതെ അവളവന് മുലയൂട്ടി, അഞ്ച് വർഷം അവനെ അവർ വളർത്തി. ആൺമക്കളില്ലാത്ത അവളുടെ മകനാക്കി. ഇതറിഞ്ഞപ്പോൾ ഞാൻ അവനേയും കൊണ്ട് ഈ മലകയറി വന്നതാണ്. ഈ മല അവർക്ക് കയറാൻ പറ്റില്ല. ഞാൻ ബന്ധിച്ചിട്ടുണ്ട്. “
“അവരോ? ആരാണത്. “
“അതൊന്നും നീയറിയണ്ട ഡാനിയേല, അറിയും തോറും കൂടുതൽ
അറിയണമെന്ന് തോന്നും. അത് നിൻ്റെ ഈ പ്രായത്തിൽ വളരെ അപകടമാണ്. “
ഫ്രാൻസിസ്ക കട്ടിലിനടിയിൽ നിന്നും കറുത്തപ്പെട്ടി പൊക്കിയെടുത്തു.
“ഡാനിയേല, ഗബ്രിയേൽ എൻ്റെ പെട്ടി തുറന്നോ?”
“എനിക്ക് അറിയില്ല, ഞാൻ കണ്ടില്ല. “
“എൻ്റെ ബ്ലാക്ക് ഡാലിയ “
ചുവന്ന സാറ്റിനിൽ പൊതിഞ്ഞ പുസ്തകം അവർ നെഞ്ചോട് ചേർത്ത് പിടിച്ചു. ഫ്രാൻസിസ്കയുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ കവിളിലൂടെ പുസ്തകത്തിൽ വീണു.
അന്നത്തെ ദിവസം മുഴുവൻ ഫ്രാൻസിസ്ക കട്ടിലിൽ തന്നെ ചിലവിട്ടു. ഡാനിയേല പതിവ് പോലെ വീട്ടു പണികളിൽ ഏർപ്പെട്ടു. വിറകൊടിക്കലും ആഹാരമുണ്ടാക്കലും കഴിഞ്ഞ് അവൾ കോഴിക്കൂട്ടിനരികിൽ നിന്നപ്പോൾ, ഗബ്രിയേൽ മല കയറി വരുന്നു.
ഡാനിയേല ഗബ്രിയേലിൻ്റെ അടുത്തേക്ക് ഓടി ചെന്നു.
“ഗബ്രിയേൽ, മാമായി മടങ്ങി വന്നു. “
ഗബ്രിയേൽ മറുപടി ഒന്നും പറഞ്ഞില്ല. മാമായി, താൻ പെട്ടി തുറന്നത് കണ്ട് പിടിച്ച് കാണും. മാമായിയെ എങ്ങനെ പ്രതിരോധിക്കണം എന്ന ചിന്തകളുമായി അവൻ ഡാനിയേലയുടെ കയ്യിലേക്ക് ഒരു പൊതി കൊടുത്തു.
“മാമായി വല്ലതും കഴിച്ചോ. “
ഇല്ലായെന്നവൾ തലയാട്ടി.
“നല്ല പന്നിയിറച്ചിയാണ്. ജാൻസി ചേച്ചി കൊടുത്ത് വിട്ടതാണ്. മാമായി പോർട്ടുഗീസ് ബിഫാന കഴിച്ചിട്ട് കുറെ നാളായില്ലേ. “
“ഗബ്രിയേൽ, നിന്നോട് മാമായിക്ക് എന്തോ ഗൗരവമായി ചോദിക്കാനുണ്ട്. “
“ശരി നീ പൊയ്ക്കോ ഞാൻ ഇതാ കുളിച്ചു വരുന്നു. എൻ്റെ ദേഹം മുഴുവൻ ചോരയാണ്. “
ഗബ്രിയേൽ അപ്പനെ പോലെയാണ്, പുറത്ത് നിന്നും വന്നാൽ കുളിച്ചിട്ടേ വീടിനുള്ളിൽ കയറാറുള്ളൂ.
ഡാനിയേലയുടെ കണ്ണ് വെട്ടിച്ച് ഗബ്രിയേൽ വിറക് പുരയിൽ കയറി. അവിടെ ഒരു കവറിൽ ഒളിപ്പിച്ചു വച്ചിരുന്ന മാമായിയുടെ പുസ്തകത്തിൻ്റെ ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾ സുരക്ഷിതമാണോ എന്നവൻ പരിശോധിച്ചു. അവൻ ആ പേപ്പറുകൾ ഓടിച്ച് വായിച്ചു.
എല്ലാം പോർട്ടുഗീസ് ലിപിയിൽ ആണ്. അവനത് വായിക്കാൻ വശമില്ല. മാമായി ഒരിക്കലും അവനത് പഠിപ്പിച്ച് കൊടുത്തിട്ടില്ല. മാമായി പറയുന്നത് ഗബ്രിയേൽ കണാരൻ്റെ ചോരയാണെന്നാണ്. വെളുത്ത തീയൻ, കാവിലെ തിറകെട്ടാൻ പാകത്തിന് ഒരു വെളുത്ത തീയൻ. അവനത് വിറകിനടിയിൽ ഒളിപ്പിച്ചു.
ഗബ്രിയേൽ പഴയതൊന്നും മറന്നിട്ടില്ല. കണാരൻ്റെ ചാച്ചനായ വേലു തീയനാണ് കാവിൽ തിറകെട്ടിയാടാറുള്ളത്. വേലുവിനെ എല്ലാവർക്കും ഇഷ്ടമാണ്. പതിനാറ് കരയിൽ നിന്നും ആളുകൾ വരും വേലുവിൻ്റെ അനുഗ്രഹം തേടി.
വേലുവിൻ്റെ കാലശേഷം കണാരനാണ് അടുത്ത തിറ കെട്ടേണ്ടത്. ഫ്രാൻസിസ്കയെ വിവാഹം കഴിച്ചതോടെ കണാരൻ ആ സ്ഥാനം അനിയനായ മുരളിയ്ക്ക് കൊടുത്തു. മുരളി പനയിൽ നിന്നും വീണ് മരിച്ചപ്പോൾ കുടുംബത്തിൽ പ്രായപൂർത്തിയായ വേറെ ആണുങ്ങൾ ആരുമില്ലാതായി. വീണ്ടും കണാരൻ തിറ കെട്ടിയാടാൻ തുടങ്ങി. തീയൻ കണാരൻ ഒരു മാസത്തെ വ്രതമെടുത്താണ് സാധാരണ തെയ്യം കെട്ടാറുള്ളത്.
ഫ്രാൻസിസ്ക രണ്ടാമത് ഗർഭിണിയായ സമയം, പരിചരണത്തിന് ഒരു ആയ കൂടെയുണ്ട്. രണ്ട് വയസ്സുള്ള ഗബ്രിയേലാണെങ്കിൽ അപ്പനെ കാണാതെ നിൽക്കില്ല. അങ്ങനെ കണാരൻ ഫ്രാൻസിസ്കയോട് യാത്ര പറഞ്ഞ് കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി, കണാരൻ്റെ വലത് തോളിൽ തുണി സഞ്ചിയും ഇടത് തോളിൽ ഗബ്രിയേലും.
കാടും മേടും താണ്ടി കണാരൻ വീട്ടിൽ ചെന്നപ്പോൾ ഇരുട്ടി തുടങ്ങി. ഗബ്രിയേൽ തളർന്ന് ഉറങ്ങിയിരുന്നു. കുഞ്ഞിനെ ഇളയ പെങ്ങൾ മല്ലികയെ ഏൽപ്പിച്ചു, കണാരൻ കുളിക്കാൻ പോയി, മടങ്ങി വന്നപ്പോൾ മല്ലികയുടെ മൂന്ന് പെൺമക്കളോടൊപ്പം സന്തോഷത്തോടെ കളിക്കുന്നു, ഗബ്രിയേൽ.
രാത്രി ആയപ്പോൾ ഗബ്രിയേൽ മാമായിയെ അന്വേഷിച്ച് കരച്ചിലായി. കാടും മേടും കടന്ന് ഇന്നെങ്ങനെ കൊച്ചിനെ തള്ളയുടെ അടുത്ത് എത്തിക്കും. കണാരൻ തലയിൽ കൈ വച്ചു.
“ഞാനവനെ ഈ രാത്രിയിൽ തന്നെ തള്ളയെ കൊണ്ട് ഏൽപ്പിച്ചിട്ട് വരാം. “
“ഈ രാത്രിയിൽ നീ പോകണ്ട. നാളെ മുതൽ നിനക്ക് വ്രതം നിൽക്കേണ്ടതാണ്. ഇന്ന് പോയാൽ മടങ്ങി വരാൻ പറ്റില്ല.
“പിന്നെ എന്താ ചെയ്യുക. “
കണാരൻ തലയിൽ കൈ വച്ചു.
“ചേട്ടൻ വിഷമിക്കേണ്ട, ഇവൻ്റെ കാര്യം ഞാൻ നോക്കി കൊള്ളാം. ഇവൻ ഇവിടത്തെ കുട്ടിയാണ്. ഇവരോടൊപ്പം ഇവനിവിടെ വളരേണ്ട കുട്ടിയാണ്. “
മല്ലിക ഗബ്രിയേലിനെ എടുത്ത് തോളിൽ കിടത്തി.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -4 - By Nisha Pillai - കൂട്ടക്ഷരങ്ങൾ